Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202403Sunday

ഹമാസിനെ ഭീകരവാദികൾ എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ തലസ്ഥാനത്തെ മഹല്ല് കമ്മിറ്റികളുടെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്നും തരൂരിനെ ഒഴിവാക്കി; തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്ന് കോൺഗ്രസിന് ആശങ്ക; തരൂരിനെ എഐസിസി പൂർണമായി തള്ളിയപ്പോൾ മുഖം രക്ഷിക്കാൻ സംസ്ഥാന കോൺഗ്രസും

ഹമാസിനെ ഭീകരവാദികൾ എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ തലസ്ഥാനത്തെ മഹല്ല് കമ്മിറ്റികളുടെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്നും തരൂരിനെ ഒഴിവാക്കി; തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്ന് കോൺഗ്രസിന് ആശങ്ക; തരൂരിനെ എഐസിസി പൂർണമായി തള്ളിയപ്പോൾ മുഖം രക്ഷിക്കാൻ സംസ്ഥാന കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ഹമാസ് ഭീകരവാദികൾ ആണോ പോരാളികൾ ആണോ? ഈ ചോദ്യത്തെ ചൊല്ലിയുള്ള തർക്കം മുറുകിയിരിക്കുന്നതിനിടെയാണ് കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സമ്മേളനം നടന്നത്. ഹമാസ്, പോരാളികൾ ആണെന്ന് മുസ്ലിംലീഗിന്റെ എക്കാലത്തെയും വലിയ നിലപാട്. ഈ സമ്മേളനത്തിന്റെ ഉദ്ഘാടകൻ കോൺഗ്രസ് വർക്കിങ്ങ് കമ്മറ്റി അംഗവും എംപിയുമായ ശശി തരുർ ആയിരുന്നു. എന്നാൽ ആയിരങ്ങൾ തിങ്ങി നിറഞ്ഞ സമ്മേളനത്തിൽ ഹമാസിനെ ഭീകരവാദികൾ എന്ന് എന്നാണ് ശശി തരുർ വിശേഷിപ്പിച്ചത്. ' ഇസ്രയേലിൽ ആക്രമണം നടത്തിയത് ഭീകരവാദികൾ ആണ്. രണ്ടുഭാഗത്തുനിന്നും ഭീകരവാദി ആക്രമണം ഉണ്ടായി. പക്ഷേ ഇസ്രയേലിന്റെ പ്രതികരണം അതിരുകടന്നു'- ശശി തരൂർ പറഞ്ഞു. ഇത് ഫലത്തിൽ മുസ്ലിം ലീഗിന് വലിയ അടിയായി മാറിയിരിക്കയാണ്. തരൂരിനെ പങ്കെടുപ്പിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം ലീഗ് അണികൾ പ്രതിഷേധം ഉയർത്തുന്നുണ്ട്. അതിനിടെ, കോൺഗ്രസിലും ഈ വിഷയം ആശയക്കുഴപ്പത്തിന് ഇടയാക്കി.

ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി വിജയമാണെന്നും ശശി തരൂർ തന്നെ വിവാദത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. തരൂർ പറഞ്ഞതിനേക്കാൾ കൂടുതലൊന്നും പറയാനില്ല. പൊരുതുന്ന ഫലസ്തീനൊപ്പമാണ് കോൺഗ്രസ് എന്നും. വർക്കിങ് കമ്മിറ്റി പ്രമേയത്തിന് വിരുദ്ധമായി തരൂർ ഒന്നും പറഞ്ഞിട്ടില്ല. ഇസ്രയേൽ നടത്തുന്നത് ക്രൂരമായ നടപടിയാണ്. ഹമാസ് നടത്തുന്നത് ഭീകര പ്രവർത്തനമാണെന്ന് ഒരിക്കലും കോൺഗ്രസ് പറഞ്ഞിട്ടില്ലെന്നും ശശി തരൂരിനെ ഒറ്റപ്പെടുത്താൻ ശ്രമിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ശശി തരൂർ പ്രസ്താവന തിരുത്തിയിട്ടുണ്ടെന്നായിരുന്നു തരൂരിന്റെ ഫലസ്തീൻ പരാമർശത്തോട് വിഡി സതീശന്റെ പ്രതികരണം. ഇനി വിവാദമാക്കേണ്ടതില്ല. കോൺഗ്രസ് നിലപാട് വർക്കിങ് കമ്മറ്റി വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്ര ഫലസ്തീനൊപ്പമാണ് കോൺഗ്രസെന്നും സതീശൻ കാസർകോഡ് പറഞ്ഞു.

അതേസമയം, ഹമാസ് വിരുദ്ധ പ്രസംഗത്തിൽ ശശി തരൂരിനെ തള്ളി എഐസിസി രംഗത്തെത്തി. ഫലസ്തീൻ വിഷയത്തിൽ ശശി തരൂർ പറഞ്ഞതിനോട് പൂർണ യോജിപ്പില്ലെന്നാണ് എഐസിസി വ്യക്തമാക്കുന്നത്. ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ കോൺഗ്രസിന് കേന്ദ്ര സർക്കാരിന്റെ അതേ നിലപാടല്ലെന്നും എഐസിസി വ്യക്തമാക്കി.

ശശി തരൂരിന്റെ പ്രസംഗം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ് പാർട്ടി. തലസ്ഥാനത്തെ മഹല്ല് കമ്മിറ്റികളുടെ കോർഡിനേഷൻ കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്നും തരൂരിനെ ഒഴിവാക്കിയത് എതിർപ്പിന്റെ തുടക്കമായി പാർട്ടി നിരീക്ഷിക്കുന്നു. വിഴിഞ്ഞം സമരകാലത്ത് തുറമുഖത്തിനായി വാദിച്ചതിൽ ലത്തീൻ സഭക്ക് തരൂരിനോടുള്ള അകൽച്ചയ്ക്കിടെയാണ് മഹല്ല് കമ്മിറ്റികളും കടുപ്പിക്കുന്നത്.

തരൂർ പറഞ്ഞത്

'ഗസ്സയിൽ നടക്കുന്നത് കടുത്ത മനുഷ്യാകാശ ലംഘനമാണ്. സിവിലിയന്മാർ മരിച്ചുവീഴുന്നത് എല്ലാ യുദ്ധ നിയമങ്ങളുടെയും ലംഘനമാണ്. മുസ്ലിംലീഗ് നടത്തുന്നതുകൊണ്ട് ഇത് ഒരു മുസ്ലിം പ്രശ്നമായി കാണരുത്.''- കോഴിക്കോട് കടപ്പുറത്ത് സംസാരിക്കവെ തരൂർ പറഞ്ഞു.

പശ്ചിമേഷ്യയിൽ നടക്കുന്നത് സഹോദരീ സഹോദരന്മാർ തമ്മിലുള്ള പോരാട്ടമാണെന്നും തരൂർ ചൂണ്ടിക്കാട്ടി. 'ഇസ്രയേലിന്റെ ആക്രമണം ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. അവിടെനിന്നുവരുന്ന മരണക്കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രയേലിൽ ആക്രമണം നടത്തി 1,400 പേരെ കൊന്നു. ഇരുന്നൂറോളം പേരെ ബന്ദികളാക്കി. അതിന്റെ മറുപടിയായി ഇസ്രയേൽ ഗസ്സയിൽ ബോംബിങ് നടത്തി 6000 പേരെ കൊന്നുകഴിഞ്ഞു'- തരൂർ പറഞ്ഞു.

യുദ്ധ നിയമങ്ങളുടെ ലംഘനങ്ങളാണ് ഗസ്സയിൽ കാണുന്നത്. ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യുതി എല്ലാം ഇസ്രയേൽ നിർത്തി. എന്നിട്ട് ഗസ്സയിൽ ആക്രമണം നടത്തുമെന്നും ഉടൻ അവിടം വിട്ടുപോകാനും ആവശ്യപ്പെടുന്നു. ഇന്ധനമില്ലാതെ വ്യക്തികൾ എങ്ങനെയാണ് ഗസ്സയിൽനിന്ന് പുറപ്പെടുക? 19 ദിവസത്തെ യുദ്ധത്തിൽ ഏതാണ്ട് 70 ലോറികൾ മാത്രമേ റഫ അതിർത്തിവഴി സഹായങ്ങളെത്തിച്ചുള്ളൂ. അതിന്റെ 20 ഇരട്ടിയിലേറെ ഓരോ ദിവസവും അവിടെ ആവശ്യമുണ്ട്. ആശുപത്രികൾക്ക് വെള്ളവും വെളിച്ചവും നൽകാതെ ബുദ്ധിമുട്ടിക്കുന്നു.- തരൂർ പറഞ്ഞു.

ഗസ്സയിലും ലബനനിലും വെസ്റ്റ് ബാങ്കിലുമെല്ലാം ഇസ്രയേൽ നിരവധി പേരെ കൊന്നൊടുക്കി. 'ഇരുമ്പിന്റെ വാൾ' എന്നാണ് ഇസ്രയേൽ ഈ ഓപ്പറേഷനു നൽകിയിരിക്കുന്ന പേര്. എത്ര കുഞ്ഞുങ്ങളുടെ രക്തത്തിൽ മുക്കിയ വാളാണിതെന്ന് തരൂർ ചോദിച്ചു.ഗാന്ധിയുടെ കാലം മുതൽ ഇന്ത്യ ഫലസ്തീനൊപ്പമാണ്. ഫലസ്തീൻ അറബികളുടെ ഭൂമിയാണ്. അവിടെ കൈയേറുന്ന ഇസ്രയേൽ നടപടി തെറ്റാണ്. നെഹ്‌റുവും ഇന്ധിരാഗാന്ധിയും എല്ലാം ആ നിലപാട് സ്വീകരിച്ചവരാണ്. യു.എന്നിൽ ജോലിചെയ്തിരുന്ന സമയത്ത് യാസർ അറഫാത്തിനെ പലതവണ കാണാൻ അവസരമുണ്ടായി. അപ്പോഴെല്ലാം അദ്ദേഹം ഇന്ധിരാഗാന്ധിയെ നന്ദിയോടെ സ്മരിച്ചുവെന്നും ശശി തരൂർ വ്യക്തമാക്കി.

എല്ലാവരെയും സ്വീകരിക്കുന്ന, എല്ലാവരും ഒരുമിച്ചു ജീവിക്കുന്നത് കാണാൻ ഇഷ്ടപ്പെടുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിൽ ജൂതരെ സ്‌നേഹത്തോടെയാണ് നാം സ്വീകരിച്ചത്. ലോകത്ത് അഭയാർഥികളായെത്തിയ ജൂതർക്കെതിരേ ഒരു തരത്തിലുള്ള വിവേചനവും കാണിക്കാത്ത ഒരേയൊരു നാട് കേരളം മാത്രമേയുള്ളൂവെന്നും തരൂർ പറഞ്ഞു. അതേസമയം, പരിപാടിയിൽ തരൂരിനെ തിരുത്തി എം കെ മുനീറും, എം പി അബ്ദുസമദ് സദാനിയും രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP