Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരളത്തിന്റെ സ്വപ്‌ന മുഖ്യമന്ത്രിയാണ് തരൂരെന്ന് ആശംസിച്ചപ്പോൾ ഇരുകൈയും കൊണ്ട് സ്വന്തം കണ്ണുകൾ തൊട്ടുതൊഴുത് തിരുവനന്തപുരം എംപി; കോട്ടയത്ത് നിന്ന് മത്സരിക്കാനും ക്ഷണം; അക്ഷരനഗരിയിൽ തരൂരിന് കിട്ടിയത് ഉജ്ജ്വല സ്വീകരണം; എല്ലാം പറയാതെ പറഞ്ഞ് തരൂരും

കേരളത്തിന്റെ സ്വപ്‌ന മുഖ്യമന്ത്രിയാണ് തരൂരെന്ന് ആശംസിച്ചപ്പോൾ ഇരുകൈയും കൊണ്ട് സ്വന്തം കണ്ണുകൾ തൊട്ടുതൊഴുത് തിരുവനന്തപുരം എംപി; കോട്ടയത്ത് നിന്ന് മത്സരിക്കാനും ക്ഷണം; അക്ഷരനഗരിയിൽ തരൂരിന് കിട്ടിയത് ഉജ്ജ്വല സ്വീകരണം; എല്ലാം പറയാതെ പറഞ്ഞ് തരൂരും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ശശി തരൂർ എംപിയെ ആർക്കാണ് പേടി? തരൂർ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകുമോ? സംസ്ഥാന നേതാക്കൾ ഇത് ചിരിച്ചുതള്ളാറാണ് പതിവെങ്കിലും, തിരുവനന്തപുരം എം പി ഇക്കാര്യത്തിൽ സീരിയസാണോ? ശരീര ഭാഷയും മറ്റും നോക്കുമ്പോൾ അങ്ങനെ വേണം കരുതാൻ. തന്നെ ആരും പേടിക്കേണ്ടെന്നും, തനിക്ക് ആരെയും പേടിയില്ലെന്നും ഒക്കെ പറയുന്നതിനിടെയും മനസ്സിലിരുപ്പ് എന്താവാം എന്നാണ് ചോദ്യം. കോട്ടയത്ത് തരൂരിന് കിട്ടിയ ഉജ്ജ്വല സ്വീകരണത്തിനിടെ വന്ന ചില അഭിപ്രായങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ട്.

കേരളത്തിന്റെ സ്വപ്ന മുഖ്യമന്ത്രിയാണ് തരൂരെന്ന് കെ.എം. ചാണ്ടി ഫൗണ്ടേഷൻ ചെയർമാനും എം.ജി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറുമായ ഡോ. സിറിയക് തോമസ്. പാലാ മുനിസിപ്പൽ ടൗൺഹാളിൽ കെ.എം. ചാണ്ടി ഫൗണ്ടേഷൻ അനുസ്മരണ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സ്വപ്ന മുഖ്യമന്ത്രിയെന്ന് ഡോ. സിറിയക് തോമസ് പരാമർശിച്ചപ്പോൾ ഡോ. ശശി തരൂർ ഇരുകൈയും കൊണ്ട് സ്വന്തം കണ്ണുകൾ തൊട്ടുതൊഴുതു. ഇനി വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ മത്സരിക്കാൻ ഡോ. തരൂരിനെ ക്ഷണിച്ച സിറിയക് തോമസ് അതിന് കഴിയില്ലെങ്കിൽ പാലായിലോ പൂഞ്ഞാറിലോ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാമെന്നും ചൂണ്ടിക്കാട്ടി. നിലവിലെ പാലാ എംഎ‍ൽഎ മാണി സി. കാപ്പനെ കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമാക്കാം.

പൂഞ്ഞാറിൽ നിന്ന് ജയിച്ച സ്ഥാനാർത്ഥികൾ കേരളത്തിന്റെ മുഖ്യമന്ത്രിവരെയായ ചരിത്രമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഡോ. സിറിയക് തോമസ് മറ്റേതെങ്കിലും മണ്ഡലത്തിൽ ശശി തരൂരിന് ബുദ്ധിമുട്ടായി തോന്നുന്നുണ്ടെങ്കിൽ പാലാക്കോ പൂഞ്ഞാറിനോ വരാമെന്നും തുടർന്നു. ഇതോടെ സദസ്സിൽ നിന്ന് നിലക്കാത്ത കൈയടി ഉയർന്നു. എന്നാൽ, സിറിയക് തോമസിന്റെ നല്ല വാക്കുകളെയൊക്കെ പൊട്ടിച്ചിരിയോടെ സ്വാഗതം ചെയ്ത ഡോ. തരൂർ തന്റെ പ്രഭാഷണത്തിൽ ഇതുസംബന്ധിച്ച് പ്രതികരിക്കുകയോ രാഷ്ട്രീയം പറയുകയോ ചെയ്തില്ല.

സംഘടനാ ചട്ടക്കൂട് മറികടന്നു താൻ പ്രവർത്തിച്ചിട്ടില്ലെന്ന് ശശി തരൂർ എംപി പറഞ്ഞു. പാർട്ടിയുടെ ഭാഗമല്ലേ യൂത്ത് കോൺഗ്രസ്? അവർ വിളിക്കുമ്പോൾ പോകാതിരിക്കുന്നത് എങ്ങനെയാണ്? താൽപര്യമുള്ളവർ വരട്ടെ. ഡിസിസി പ്രസിഡന്റുമാരോട് പറയാതെ എവിടെയും പോകാറില്ല. തന്റെ ഭാഗത്തുനിന്ന് അറിയിച്ചിട്ടുണ്ട്. അവർക്ക് അറിയിപ്പ് കിട്ടിയിട്ടുണ്ടാകണമെന്നും തരൂർ പറഞ്ഞു.

ഈരാറ്റുപേട്ടയിൽ നടന്ന പരിപാടിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പടെ ഒരു വിഭാഗം നേതാക്കൾ വിട്ടുനിന്നപ്പോൾ യു.ഡി.എഫിലെ ഘടകകക്ഷി നേതാക്കളുൾപ്പെടെ പങ്കെടുത്തു. നിരവധി പ്രവർത്തകരാണ് പാലായിലെയും ഈരാറ്റുപേട്ടയിലെയും പരിപാടിയിൽ പങ്കെടുത്തത്. ഡി.സി.സി നേതൃത്വത്തെ അറിയിക്കാതെ നടത്തിയ പരിപാടിയെന്ന വിമർശനമാണ് നേതാക്കളിൽ നിന്നുണ്ടായത്. കാഞ്ഞിരപ്പള്ളി ബിഷപ്പിനെ കണ്ടായിരുന്നു കോട്ടയം ജില്ലയിലെ പര്യടനം ആരംഭിച്ചത്. പിന്നീട് കെ.എം. ചാണ്ടി അനുസ്മരണ ചടങ്ങിലും സംബന്ധിച്ചു. പാലാ ബിഷപ്പിനെയും ബിഷപ്പ് ഹൗസിലെത്തി ശശി തരൂർ കണ്ടു. അറിയിക്കേണ്ടവരെ അറിയിച്ചാണ് താൻ പരിപാടിയിൽ പങ്കെടുക്കുന്നതെന്നായിരുന്നു തരൂരിന്റെ വിശദീകരണം. അതേസമയം ശശി തരൂരിനെതിരെയും യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റിനെതിരെയും അച്ചടക്കലംഘനത്തിന് പരാതി നൽകാനുള്ള നീക്കത്തിലാണ് ഒരു വിഭാഗം നേതാക്കൾ. കെപിസിസിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും ഇതിനുപിന്നിലുണ്ട്.

ശശി തരൂരിന്റെ പരിപാടിക്ക് പിന്തുണയുമായി പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്റ് മോഹൻ രാജുമെത്തി. പത്തനംതിട്ട ഡി.സി.സി എതിർപ്പ് അറിയിച്ചതിന് പിന്നാലെയായിരുന്നു മോഹൻരാജിന്റെ കൂടിക്കാഴ്ച. ആന്റോ ആന്റണി എംപിയും തരൂരുമായി വേദി പങ്കിട്ടു. നേതൃത്വത്തിലെ ചിലരുടെ അമർഷം പ്രവർത്തകരിൽ ആവേശം നൽകുന്നതായാണ് സ്വീകരണവേദിയിൽ ജനപങ്കാളിത്തം നൽകുന്ന സൂചനയെന്നാണ് തരൂർ അനുകൂലികളുടെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP