Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202429Thursday

സഹോദരിയുടെ മകന്റെ വിവാഹം പറഞ്ഞപ്പോൾ എങ്ങനേയും വരണമെന്ന് നിർബന്ധിച്ച കെപിസിസി അധ്യക്ഷൻ; കല്യാണ ചടങ്ങിന്റെ പ്രാധാന്യം അറിയാമെന്നും വന്നില്ലെങ്കിലും കുഴപ്പമില്ലെന്ന രണ്ടാം നയതന്ത്രം പാളി; കോൺഗ്രസിന്റെ ഫലസ്തീൻ റാലിയിൽ താരമാകാൻ തരൂർ എത്തും

സഹോദരിയുടെ മകന്റെ വിവാഹം പറഞ്ഞപ്പോൾ എങ്ങനേയും വരണമെന്ന് നിർബന്ധിച്ച കെപിസിസി അധ്യക്ഷൻ; കല്യാണ ചടങ്ങിന്റെ പ്രാധാന്യം അറിയാമെന്നും വന്നില്ലെങ്കിലും കുഴപ്പമില്ലെന്ന രണ്ടാം നയതന്ത്രം പാളി; കോൺഗ്രസിന്റെ ഫലസ്തീൻ റാലിയിൽ താരമാകാൻ തരൂർ എത്തും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കെപിസിസി കോഴിക്കോട് സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ നിന്നും ശശി തരൂർ എം പിയെ ഒഴിവാക്കാനുള്ള നീക്കം പൊളിഞ്ഞു. കെപിസിസി പ്രസിഡന്റും കോഴിക്കോട് എംപിയും തന്നെ നേരിട്ട് ക്ഷണിച്ചെന്ന് ശശി തരൂർ പറഞ്ഞു. റാലിയിൽ നിന്ന് വിട്ടുനിന്നാൽ കൂടുതൽ വിവാദങ്ങൾ ഉണ്ടായേക്കുമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. തരൂർ പരിപാടിയിൽ പങ്കെടുക്കുമെന്ന് മുറനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കെപിസിസി അധ്യക്ഷൻ നേരിട്ടു ക്ഷണിച്ച സാഹചര്യത്തിലാണ് ഇത്. ഇതിനിടെ ഉദ്ഘാടകന് പ്രാധാന്യം നഷ്ടമാകാതിരിക്കാൻ തരൂരിനെ എത്തിക്കാതിരിക്കാൻ ചില ശ്രമങ്ങൾ നടന്നിരുന്നു. ഇതിനായി വാർത്തകളുമെത്തി. എന്നാൽ ക്ഷണമുള്ള പരിപാടിയിൽ പങ്കെടുക്കാനാണ് തരൂരിന്റെ തീരുമാനം.

കെപിസിസിയിലെ ഒരു പ്രധാനി രണ്ടു ദിവസം മുമ്പ് തരൂരിനെ വിളിച്ചിരുന്നു. സഹോദരിയുടെ മകന്റെ വിവാഹം ആണെങ്കിൽ വന്നില്ലെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞു. എന്നാൽ കെപിസിസി അധ്യക്ഷൻ ആദ്യം വിളിച്ചപ്പോൾ തന്നെ തന്റെ അസൗകര്യം വിശദീകരിച്ചു. എന്നാൽ വരണമെന്ന് ആവശ്യപ്പെട്ടപ്പോൾ വൈകുന്നേരത്തെ പാലക്കാട്ടെ സൽക്കാരത്തിൽ പങ്കെടുക്കാതെ കോഴിക്കോട് എത്താമെന്ന് സമ്മതിച്ചു. അത് മാധ്യമങ്ങളേയും അറിയിച്ചു. അതുകൊണ്ട് ഇനി താനായിട്ട് വരാതിരിക്കില്ലെന്നായിരുന്നു തരൂർ അറിയിച്ചത്. കെപിസിസി ആവശ്യപ്പെട്ടാൽ യാത്ര വേണ്ടെന്ന് വയ്ക്കാമെന്നും പറഞ്ഞു. എന്നാൽ പൊതുസമൂഹത്തെ അതറിയിക്കുമെന്നും നിലപാട് എടുത്തു. ഇതോടെ തന്നെ തരൂർ എത്തുമെന്ന് ഏതാണ്ട് വ്യക്തമായിരുന്നു.

മുസ്ലിം ലീഗ് കോഴിക്കോട് നടത്തിയ പരിപാടിയിൽ ശശി തരൂരിന്റെ ഹമാസ് വിരുദ്ധ പരാമർശം ഏറെ ചർച്ചയായിരുന്നു. തരൂർ കോഴിക്കോട് നടക്കുന്ന റാലിയിൽ പങ്കെടുത്താൽ മുസ്ലിം ലീഗ് അണികൾക്കിടയിൽ ഭിന്നിപ്പുണ്ടാകുമോ എന്ന ആശങ്ക സംഘാടക സമിതി നേരത്തെ കെപിസിസി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ പങ്കെടുക്കാതെയിരുന്നാൽ കൂടുതൽ വിവാദമുണ്ടാകുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് തരൂർ പങ്കെടുക്കാൻ തീരുമാനിച്ചത്. ഇതിനൊപ്പമാണ് ഉദ്ഘാടകന് പ്രസക്തി പോകുമോ എന്ന ചിന്തയും ചിലർ മുമ്പോട്ട് വച്ചത്. ഇവരാണ് തരൂരിനെ കോഴിക്കോട് എത്തിക്കാതിരിക്കാൻ പ്രചരണം സജീവമാക്കിയത്. എന്തായാലും നാളെ നാലു മണിയോടെ കോഴിക്കോട് തരൂർ എത്തും.

നേരത്തെ ലീഗിന്റെ ഫലസ്തീൻ റാലിയിലെ പ്രസ്താവനയിൽ തരൂർ വിശദീകരണം നൽകുകയും കെപിസിസി നേതൃത്വം പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ അതുകൊണ്ടുമാത്രം പ്രശ്ന പരിഹാരമുണ്ടായില്ലെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ലീഗ് നേതാക്കൾക്ക് ഒപ്പം ശശി തരൂർ വേദി പങ്കിടുമ്പോൾ എതിർപ്പിനുള്ള സാധ്യതയുണ്ടെന്നാണ് സംഘാടക സമിതിയുടെ ആശങ്ക. ഇതെല്ലാം നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ കോൺഗ്രസ് റാലിയിൽ ഫലസ്തീൻ നിലപാട് കൂടുതൽ കടുപ്പിച്ച് വ്യക്തമാക്കും. യാസർ അരാഫത്തുമായുള്ള അടുപ്പവും വിശദീകരിക്കും.

നാളെ നടക്കുന്ന റാലിയിൽ അരലക്ഷത്തിലേറെ പേർ എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. ഫലസ്തീൻ നിലപാടിൽ സിപിഎം നിരന്തരം കോൺഗ്രസിനെതിരെ വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ മറുപടി എന്ന രീതിയിലാകും കോൺഗ്രസ് റാലി. മുസ്ലിം ലീഗിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂർ ഹമാസിനെതിരെ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. ഇതോടെ കോൺഗ്രസ് റാലിയിൽ അദ്ദേഹമുണ്ടാവുമോ എന്നത് ചർച്ചയായിരുന്നു. ഇത് തള്ളിക്കൊണ്ടാണ് തരൂർ പങ്കെടുക്കുമെന്ന് എം.കെ രാഘവൻ വ്യക്തമാക്കിയത്. ഇത് സഥിരീകരിക്കുകയും ചെയ്തു. അതിന് ശേഷമാണ് തരൂരിനെ എങ്ങനേയും പങ്കെടുപ്പിക്കാതിരിക്കാൻ ചിലർ നീക്കം തുടങ്ങിയത്. കോൺഗ്രസ് സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ വർക്കിങ് കമ്മിറ്റിയംഗമായ ശശി തരൂർ എം പിയെ പങ്കെടുപ്പിച്ചേക്കില്ലെന്ന് ആദ്യം റിപ്പോർട്ട് വന്നിരുന്നു. എന്നാൽ കെപിസിസി അധ്യക്ഷൻ സുധാകരനാണ് തരൂർ വരണമെന്ന് നിലപാട് എടുത്തത്.

റാലിയിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരനാണ് അദ്ധ്യക്ഷൻ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി തങ്ങൾ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് പ്രഭാഷകർ. പ്രവർത്തക സമിതിയംഗമെന്ന നിലയിൽ തരൂർ എത്തിയാലും പ്രഭാഷകരിൽ അവസാന ഊഴമായിരിക്കും തരൂരിന് ലഭിക്കുക എന്നും വാദമുണ്ട്. ഇതൊന്നും തൽകാലം തരൂർ കാര്യമായെടുക്കുന്നില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP