Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുഡിഎഫിനെ ഇനി നയിക്കേണ്ടത് തരൂർ തന്നെ; കോൺഗ്രസ് അണികൾ തിരുവനന്തപുരം എംപിക്ക് നൽകുന്ന സ്വീകരണം കണ്ടില്ലെന്ന് നടിക്കരുതെന്ന് കോൺഗ്രസ് ഹൈക്കമാണ്ടിനെ അറിയിക്കും; അധികാരത്തിൽ തിരിച്ചെത്താൻ ആഗോള പൗരനെ മുന്നിൽ നിർത്തണം; കോൺഗ്രസ് വിഭാഗിയതയിൽ ലീഗ് അതൃപ്തിയിൽ; കോൺഗ്രസിനെ 'യുണൈറ്റഡാക്കാൻ' ലീഗ് സജീവമാകും

യുഡിഎഫിനെ ഇനി നയിക്കേണ്ടത് തരൂർ തന്നെ; കോൺഗ്രസ് അണികൾ തിരുവനന്തപുരം എംപിക്ക് നൽകുന്ന സ്വീകരണം കണ്ടില്ലെന്ന് നടിക്കരുതെന്ന് കോൺഗ്രസ് ഹൈക്കമാണ്ടിനെ അറിയിക്കും; അധികാരത്തിൽ തിരിച്ചെത്താൻ ആഗോള പൗരനെ മുന്നിൽ നിർത്തണം; കോൺഗ്രസ് വിഭാഗിയതയിൽ ലീഗ് അതൃപ്തിയിൽ; കോൺഗ്രസിനെ 'യുണൈറ്റഡാക്കാൻ' ലീഗ് സജീവമാകും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം : ശശി തരൂരിനെ യുഡിഎഫിൽ എത്തിക്കാൻ കോൺഗ്രസ് ഹൈക്കമാണ്ടിൽ മുസ്ലിം ലീഗ് സമ്മർദ്ദം ചെലുത്തും. കേരളത്തിലെ പ്രതിപക്ഷ നിരയുടെ ചർച്ചകൾക്ക് ആവേശമാകാൻ ശശി തരൂരും വേണമെന്നാകും ആവശ്യപ്പെടുക. കോൺഗ്രസിലെ നിലവിലെ നേതാക്കളേക്കാൾ ജന പിന്തുണയും അംഗീകാരവും തരൂരിനുണ്ട്. അധികാരത്തിൽ തിരിച്ചെത്താൻ കോൺഗ്രസിന് തരൂരിന്റെ നേതൃത്വത്തിലൂടെ കഴിയുമെന്നാണ് ലീഗിന്റെ വിലയിരുത്തൽ. യുഡിഎഫിന് വീണ്ടും ഭരണം കിട്ടാനുള്ള മാർഗ്ഗം തരൂരാണെന്നാണ് ലീഗ് നിലപാട്. ശശി തരൂരുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലുണ്ടായ വിഭാഗീയതയിൽ മുസ്ലിം ലീഗിന് അതിശക്തമായ അതൃപ്തിയുണ്ട്. യുഡിഎഫിന് അധികാരത്തിൽ തിരിച്ചെത്താൻ തരൂരിനെ ഉയർത്തിക്കാട്ടേണ്ടതുണ്ടെന്ന വ്യക്തമായ സന്ദേശം ലീഗ് നൽകും. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ തരൂരിന് നൽകുന്ന സ്വീകരണവും കോൺഗ്രസ് ദേശീയ നേതൃത്വത്തെ ലീഗ് അറിയിക്കും.

പ്രശ്‌നങ്ങൾ യുഡിഎഫ് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നതായി മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. പ്രശ്‌നങ്ങൾ അലോസരപ്പെടുത്തുന്നതാണ്. മുസ്ലിംലീഗ് യോഗത്തിൽ കോൺഗ്രസിനുള്ളിലെ വിഭാഗീയത പ്രധാന വിഷയമായി. വിഷയത്തിൽ പ്രശ്‌നപരിഹാരം ഉടൻ വേണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.നിയമസഭയിൽ ഉന്നയിക്കേണ്ട ചില കാര്യങ്ങളിൽ മുസ്ലിം ലീഗിന് പാർട്ടിയുടേതായ അഭിപ്രായമുണ്ടെന്നും പികെ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. ലീഗിന്റെ അഭിപ്രായം യുഡിഎഫ് യോഗത്തിൽ അവതരിപ്പിക്കും. യുഡിഎഫിൽ അഭിപ്രായ സമന്വയം ഉണ്ടാക്കി വിഷയങ്ങൾ സഭയിൽ അവതരിപ്പിക്കുമെന്ന് പിഎംഎ സലാമും വിശദീകരിച്ചു. യുഡിഎഫ് യോഗത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് തരൂർ വരണമെന്നതാണ് ലീഗിന്റെ ആവശ്യം.

അതിനിടെ ഇടതു സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് ശശി തരൂരും കേരളത്തിലെ യുഡിഎഫിനെ നയിക്കാൻ താൻ തയ്യാറാണെന്ന് പറയുകയാണ്. വ്യവസായികൾക്ക് കേരളം സാത്താന്റെ നാടാണെന്ന് തരൂർ കുറ്റപ്പെടുത്തി. കടമെടുപ്പ് പരിധി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് ധനകാര്യ മന്തി കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കുന്നു. തൊഴിലില്ലായ്മ കേരളത്തിൽ കൂടി വരുകയാണ്. യുവജനങ്ങളിൽ 40 % പേർക്ക് ഇവിടെ ജോലിയില്ല. സർക്കാർ കിറ്റ് കൊടുക്കുന്നു, വോട്ട് വാങ്ങുകയാണെന്നും തരൂർ പറഞ്ഞു. വിഴിഞ്ഞത്തെ വികസന പ്രതിസന്ധി അടക്കം ചർച്ചയാകുമ്പോഴാണ് തരൂർ നിലപാട് വ്യക്തമാക്കി പിണറായി സർക്കാരിനെ കടന്നാക്രമിക്കുന്നത്. മുസ്ലിം ലീഗും കോൺഗ്രസിലെ നേതാക്കളും തന്നെ പിന്തുണയ്ക്കുന്നുണ്ടെന്ന വസ്തുത തിരിച്ചറിഞ്ഞാണ് തരൂരിന്റെ ഇടപെടൽ.

ലീഗിനെ പോലെ കെ മുരളീധരനും തരൂർ വരണമെന്ന അഭിപ്രായത്തിലാണ്. ശശി തരൂരിന്റെ കോട്ടയം സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച മുരളീധരൻ, ഇത്തരം കാര്യങ്ങളിൽ വിവാദം പാടില്ലെന്നും തരൂർ സന്ദർശനം അറിയിച്ചില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡണ്ട് പത്രക്കാരെ അറിയിച്ചത് തെറ്റാണെന്നും തുറന്നടിച്ചു. ശശി തരൂർ വേണ്ടപ്പെട്ടവരെ അറിയിച്ച ശേഷമാണ് പരിപാടിയിൽ പങ്കെടുക്കാൻ പോയത്. അറിയിച്ചില്ലെങ്കിൽ കൂടി ഡിസിസി പ്രസിഡന്റ് പരാതി പറയേണ്ടിയിരുന്നത് കെപിസിസിക്കായിരുന്നുവെന്നും മാധ്യമങ്ങൾക്ക് മുന്നിലായിരുന്നില്ലെന്നും മുരളീധരൻ വ്യക്തമാക്കി. ഇതിനും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മറുപടി നൽകുന്നു. ഏതായാലും കോൺഗ്രസിലെ എ ഗ്രപ്പ് തരൂരിനൊപ്പമാണ്.

എയും ഐയും ഇനി വേണ്ടെന്നും വേണ്ടത് യുണൈറ്റഡ് കോൺഗ്രസാണെന്നും പറഞ്ഞ് ഗ്രൂപ്പിന് അതീതമായ ചിന്ത കോൺഗ്രസിലുണ്ടാക്കാനും തരൂർ ശ്രമിക്കുന്നുണ്ട്. എ ഗ്രൂപ്പുകാരെല്ലാം തരൂരിന് പിന്നിൽ അണിനിരക്കുന്നത് കെസി വേണുഗോപാലിനേയും അമ്പരപ്പിക്കുന്നുണ്ട്. ശശി തരൂർ മലബാർ മേഖലയിൽ നടത്തിയ പര്യടനത്തിനുപിന്നാലെ തെക്കൻ കേരളത്തിലും യാത്ര നടത്തുകയാണ്. ഒപ്പം, നേതൃത്വവുമായുള്ള തർക്കവും തുടരുന്നു. ഇതിനിടെയാണ് നിയമസഭ തുടങ്ങുന്നത്.

ഗവർണർ വിഷയത്തിൽ മുസ്‌ലീം ലീഗും കോൺഗ്രസും ഏകാഭിപ്രായത്തിലെത്താത്തത് സഭയിൽ വെല്ലുവിളിയാകും. വിഴിഞ്ഞം, തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ചർച്ചയാകാനിരിക്കുന്ന സഭയാണിത്. ഗവർണറെ ചാൻലർ സ്ഥാനത്തുനിന്നും മാറ്റുന്നതിലുള്ള ബില്ലിനെ ലീഗ് അനുകൂലിച്ചേക്കും. ഇക്കാര്യത്തിൽ തീരുമാനത്തിലെത്താൻ കോൺഗ്രസിനു ഇതുവരെ കഴിഞ്ഞിട്ടില്ല. ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും മാറ്റി മുഖ്യമന്ത്രി സർവകലാശാലകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെ അനുകൂലിക്കില്ലെന്ന് കെ മുരളീധരൻ വ്യക്തമാക്കുന്നു. ഗവർണർ സർവകലാശാലകളിൽ കാവിവത്കരണ നീക്കം നടത്തുന്നതിനെയും അംഗീകരിക്കാനാകില്ലെന്നും മുരളീധരൻ പറഞ്ഞു. പ്രോട്ടോക്കോളനുസരിച്ച് ചാൻസലറുടെ കീഴിലാണ് വകുപ്പ് മന്ത്രിയായ പ്രോചാൻസലർ. പ്രോട്ടോക്കോളിൽ താഴെയായ വ്യക്തിയുടെ കീഴിൽ എങ്ങനെ പ്രോ ചാൻസലർക്ക് പ്രവർത്തിക്കാൻ കഴിയുമെന്ന ചോദ്യവും മുരളീധരൻ ഉന്നയിക്കുന്നു.

ഏത് ബിൽ പാസാക്കിയാലും ഗവർണർക്ക് ഒപ്പിടാതിരിക്കാം. എത്രകാലം വേണമെങ്കിലും കൈവശം വെക്കാം. അങ്ങനെയിരിക്കെ എന്തിനാണ് ഈ ബില്ലെന്ന് വ്യക്തമാകുന്നില്ല. വിഷയത്തിൽ യു.ഡി.എഫ് യോജിച്ച് ഒരു തീരുമാനമെടുക്കുമെന്നും മുരളീധരൻ പറയുന്നു. ചാൻസലറെ മാറ്റുന്ന ബില്ലിൽ യു.ഡി.എഫിന് ഒരു നിലപാടേ ഉണ്ടാവുകയുള്ളു. ലീഗിന് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ചർച്ചയിലൂടെ പരിഹരിക്കും. ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റി പിണറായിക്ക് ഇഷ്ടമുള്ളയാളെ നിയമിക്കാൻ അനുവദിക്കില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. വിഴിഞ്ഞം വിഷയത്തിൽ മന്ത്രിസഭക്ക് കൂട്ടുത്തരവദിത്വം നഷ്ടപ്പെട്ടുവെന്നും മുരളീധരൻ വിമർശിച്ചു. കേന്ദ്ര സേനയെ വിളിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. നിർമ്മാണം നടക്കുമ്പോൾ കേന്ദ്ര സേന വേണ്ടെന്നാണ് തന്റെ നിലപാടെന്നും മുരളീധരൻ പറയുന്നു.

ശശിതരൂർ ഉയത്തിയ പുതിയ വെല്ലുവിളി കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളെയാകെ മാറ്റിമറിക്കുന്നതിലേക്കാണ് നീങ്ങുന്നത്. ഇതുമനസിലാക്കി ഏറെ കരുതലോടെയാണ് ഒരു വിഭാഗം നേതാക്കൾപ്രതികരിക്കുന്നത്. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച തരൂരിനെ വിമർശിച്ച കെ. മുരളീധരനിപ്പോൾ തരൂരിനു അനുകൂലമാണ്. തരൂരിന്റെ കഴിവുകളെ കോൺഗ്രസ് ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി സ്ഥാന മോഹികളാണ് വിമർശനത്തിനുപിന്നിലെന്നുമാണ് മുരളീധരന്റെ നിലപാട്.

തരൂരിന്റെ പാലാ, ഈരാറ്റുപേട്ട പര്യടനത്തിന് പ്രവർത്തകരുടെ ആവേശം നിറഞ്ഞ വരവേൽപ് കിട്ടിയിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയ പ്രമുഖർ വിട്ടുനിന്നപ്പോൾ സാധാരണപ്രവർത്തകരും യുവാക്കളും ആവേശത്തോടെ പങ്കെടുത്തു. മുസ്ലിം ലീഗിന്റെ മുനിസിപ്പൽ ചെയർപേഴ്സണും കൗൺസിലർമാരും പ്രവർത്തകരുമെത്തിയിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ സമ്മേളനത്തിന് മുന്നോടിയായി കൊടിതോരണങ്ങളും ശശി തരൂരിന്റെ കട്ടൗട്ടുകളും നഗരത്തിൽ നിരന്നിരുന്നു.

എട്ടുമണിയോടെ തെക്കേക്കരയിൽനിന്ന് ശശി തരൂരിനെ ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ സമ്മേളനവേദിയിലേക്ക് ആനയിച്ചു. സെൻട്രൽ ജങ്ഷനിൽ മുസ്ലിം ലീഗ് പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു. ഇടയ്ക്കുപെയ്ത ചാറ്റൽ മഴ അവഗണിച്ചാണ് വൻ ജനാവലിയെത്തിയത്. ഐ ഗ്രൂപ്പുകാർ പൂർണമായും സമ്മേളനത്തിൽനിന്ന് വിട്ടുനിന്നു. തുറന്ന ജീപ്പിലാണ് തരൂരിനെ വേദിയിലേക്ക് സ്വീകരിച്ചത്. ആന്റോ ആന്റണി എംപി. ഒപ്പമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP