Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തരൂരിന്റെ യാത്രയെ കൈകാര്യം ചെയ്യാൻ ഹൈക്കമാണ്ട് വരില്ല; കോട്ടയത്തെ വിവാദത്തിൽ അച്ചടക്ക നടപടിയുടെ സാധ്യത തേടും; അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതിൽ ഉമ്മൻ ചാണ്ടിയും സുധാകരനും അതൃപ്തയിൽ; ഇരാറ്റുപേട്ടയിൽ തരൂരിനെ സ്വീകരിച്ച് ലീഗ് നൽകുന്നതും ഭാവി മുഖ്യമന്ത്രിയുടെ സാധ്യതകൾ; തെക്കൻ കേരളത്തിൽ 'തരൂരിസം' നിറയുമ്പോൾ

തരൂരിന്റെ യാത്രയെ കൈകാര്യം ചെയ്യാൻ ഹൈക്കമാണ്ട് വരില്ല; കോട്ടയത്തെ വിവാദത്തിൽ അച്ചടക്ക നടപടിയുടെ സാധ്യത തേടും; അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതിൽ ഉമ്മൻ ചാണ്ടിയും സുധാകരനും അതൃപ്തയിൽ; ഇരാറ്റുപേട്ടയിൽ തരൂരിനെ സ്വീകരിച്ച് ലീഗ് നൽകുന്നതും ഭാവി മുഖ്യമന്ത്രിയുടെ സാധ്യതകൾ; തെക്കൻ കേരളത്തിൽ 'തരൂരിസം' നിറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാർട്ടിയെ ഉത്തേജിപ്പിക്കാനുള്ള ശശി തരൂരിന്റെ യാത്ര തുടരും. ഇനി കൂടുതൽ ദിവസവും തരൂർ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ചെലവഴിക്കും. യൂത്ത് കോൺഗ്രസ് ക്ഷണിച്ചുവരുത്തി നടത്തിയ പരിപാടിയിൽ പങ്കെടുക്കുന്നത് എങ്ങനെ സംഘടനാവിരുദ്ധമാകുമെന്നു ശശി തരൂർ എംപിയുടെ ചോദ്യം പ്രധാനപ്പെട്ടതാണ്. അതിനിടെ ശശി തരൂരുമായി ബന്ധപ്പെട്ടു കേരളത്തിൽ ഉയർന്ന വിവാദത്തിൽ എഐസിസി നിലവിൽ ഇടപെടേണ്ടതില്ലെന്നും അഭിപ്രായ ഭിന്നത ഉണ്ടെങ്കിൽ കെപിസിസി നേതൃത്വം അതു പരിഹരിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. സംസ്ഥാനത്തെ കാര്യങ്ങൾ നോക്കാൻ പാർട്ടിക്ക് അധ്യക്ഷനും പ്രതിപക്ഷ നേതാവുമുണ്ട്. നേതാക്കൾ തമ്മിൽ നല്ല സൗഹൃദമുണ്ട്. എഐസിസി ഇടപെടേണ്ട ഗൗരവ സാഹചര്യം കേരളത്തിൽ ഇല്ല വേണുഗോപാൽ പറഞ്ഞു.

ചട്ടവിരുദ്ധമായി പ്രവർത്തിച്ചതു കൊണ്ടാണ് തരൂരിന്റെ പരിപാടിയിൽ പങ്കെടുക്കാത്തതെന്ന കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രസ്താവനയ്ക്ക് തലങ്ങൾ ഏറെയാണ്. തരൂരിനെതിരെ നടപടി എടുക്കാൻ അച്ചടക്ക സമിതിയിൽ സമ്മർദ്ദമുണ്ട്. എന്നാൽ അത് അത്രവേഗം സാധ്യമാകില്ല. ഉമ്മൻ ചാണ്ടിയും കെപിസിസി അധ്യക്ഷൻ കെ സുധാകരനും തരൂരിനൊപ്പമാണ്. എന്നാൽ കെസി വേണുഗോപാലിനെ പിന്തുണയ്ക്കുന്നവർ ഒറ്റക്കെട്ടും. മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടാണ് യാത്രയെന്നാണ് അവരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കെസി വേണുഗോപാലും കൂട്ടരും എതിർക്കുന്നത്.

തരൂരിന്റെ യാത്രയെ കൈകാര്യം ചെയ്യാൻ ഹൈക്കമാണ്ട് വരില്ലെന്നതാണ് വസ്തുത. എന്നാൽ കെപിസിസിയിൽ ഇതിന്റെ ചർച്ചകൾ സജീവമാക്കും. കോട്ടയത്തെ വിവാദത്തിൽ അച്ചടക്ക നടപടിയുടെ സാധ്യത തേടാനാണ് നീക്കം. ഒരു താക്കീതെങ്കിലും തരൂരിന് നൽകണമെന്നതാണ് കെസി വിഭാഗത്തിന്റെ ആഗ്രഹം. തരൂരിന്റെ പേരിൽ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതിൽ ഉമ്മൻ ചാണ്ടിയും സുധാകരനും അതൃപ്തയിലാണ്. രമേശ് ചെന്നിത്തല തൽകാലം അകലം തുടരുന്നു. ഇരാറ്റുപേട്ടയിൽ തരൂരിനെ സ്വീകരിച്ച് ലീഗ് നൽകുന്നതും ഭാവി മുഖ്യമന്ത്രിയുടെ സാധ്യതകളാണ്. തെക്കൻ കേരളത്തിൽ 'തരൂരിസം' നിറയുമ്പോൾ കോൺഗ്രസിലെ ഗ്രൂപ്പ് മാനേജർമാർ കരുതൽ എടുക്കുകയാണ്.

കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണനെ നേരിട്ടു കാണുമ്പോൾ അച്ചടക്ക ലംഘനത്തെ കുറിച്ച് ചോദിക്കുമെന്നും തരൂർ പറഞ്ഞു. 'വർഗീയ ഫാഷിസത്തിനെതിരെ ഇന്നിന്റെ കാവലാളാകുക' എന്ന പേരിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഈരാറ്റുപേട്ടയിൽ നടത്തിയ മഹാസമ്മേളനമാണ് വിവാദകേന്ദ്രമായത്. സന്ദർശനവിവരം കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിച്ചില്ലെന്നാരോപിച്ചു പ്രസിഡന്റ് നാട്ടകം സുരേഷ് പരിപാടികളിൽനിന്നു വിട്ടുനിന്നു. എന്നാൽ, സന്ദർശനം തന്റെ ഓഫിസ് ഡിസിസി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്നും ഇല്ലെന്ന് അദ്ദേഹം പറയുന്നതിന്റെ കാരണം പരിശോധിക്കേണ്ടതാണെന്നും തരൂർ വ്യക്തമാക്കി. കോട്ടയം ഡിസിസിയും തരൂരും രണ്ടു തട്ടിലായതോടെ അതിൽ കക്ഷി ചേരാനില്ലെന്നു പ്രഖ്യാപിച്ചാണു തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്മാറിയത്.

സമ്മേളനത്തിന്റെ പ്രചാരണാർഥം മൂന്നാഴ്ച മുൻപു യൂത്ത് കോൺഗ്രസ് ഇറക്കിയ പോസ്റ്ററിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ചിത്രം ഉൾപ്പെടുത്താത്തതും വിവാദമായിരുന്നു. പാലായിൽ കെ.എം.ചാണ്ടി അനുസ്മരണച്ചടങ്ങിനു തരൂർ എത്തും മുൻപ് നാട്ടകം സുരേഷ് കെ.എം.ചാണ്ടി ഫൗണ്ടേഷൻ ഭാരവാഹികളെക്കണ്ട് ആശംസ അറിയിച്ചു മടങ്ങിയതും ചർച്ചയായി. തനിക്ക് ആരെയും ഭയമില്ലെന്നും ആരും തന്നെ ഭയക്കേണ്ട കാര്യമില്ലെന്നും വ്യക്തമാക്കിയാണ് ശശി തരൂർ തെക്കൻ ജില്ലകളിലെ പര്യടനം തുടങ്ങിയത്. കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം നിസ്സഹകരണ സമീപനം തുടരുകയാണ്. എന്നാൽ കോൺഗ്രസിലെ എ ഗ്രൂപ്പും മുസ്ലിം ലീഗും തരൂരിന് പിന്തുണയുമായി ഉണ്ട്. ഇരാറ്റുപേട്ടയിൽ അടക്കം ലീഗുകാർ തരൂരിനെ സ്വീകരിച്ചിരുന്നു.

ഡൽഹിയിൽനിന്നു രാവിലെ തലസ്ഥാനത്തെത്തിയ തരൂരിനെ കാത്തിരുന്നത് ഈരാറ്റുപേട്ടയിലെ യൂത്ത് കോൺഗ്രസ് പരിപാടിയോട് കോട്ടയം ഡിസിസി ഇടഞ്ഞ വാർത്തയാണ്. അതിന്റെ പേരിൽ പരിപാടിയിൽനിന്നു പിന്മാറി യൂത്ത് കോൺഗ്രസുകാരെ നിരാശരാക്കില്ലെന്നു തരൂർ പ്രതികരിച്ചു. പരിപാടിയുടെ കാര്യം കോട്ടയം ഡിസിസിയെ അറിയിച്ചതാണെന്നും വിശദീകരിച്ചു. 14 വർഷമായി രാഷ്ട്രീയത്തിൽ സജീവമാണ്. അന്നു മുതൽ എവിടെ പരിപാടിക്കു പോയാലും തന്റെ ഓഫിസ് ബന്ധപ്പെട്ട ഡിസിസി പ്രസിഡന്റിനെ അറിയിക്കാറുണ്ട്. അതു സ്വാഭാവികമായി ചെയ്യുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പരിപാടികളിൽനിന്നു കോൺഗ്രസ് നേതാക്കൾ വിട്ടുനിൽക്കുന്നതു ഗൗരവത്തിൽ എടുക്കുന്നില്ലെന്ന നിലപാടാണ് തരൂർ എടുത്തത്. ഒരു പരിപാടിക്ക് വരാൻ കഴിയാത്തവർ അടുത്തതിനു വരുമായിരിക്കും. അല്ലെങ്കിൽ യുട്യൂബിൽ പ്രസംഗം കാണാൻ അവസരം ഉണ്ട്. തന്റെ പ്രസംഗ പരിപാടികൾ എന്തുകൊണ്ടാണു വിവാദത്തിൽ ആകുന്നത് എന്നറിയില്ല. വർഷങ്ങളായി കേരളത്തിൽ അങ്ങോളമിങ്ങോളം പരിപാടികളിൽ പങ്കെടുക്കാറുണ്ട്. പെട്ടെന്നു മനോഭാവത്തിൽ ഉണ്ടായ മാറ്റത്തെക്കുറിച്ച് അവരോടു തന്നെ ചോദിക്കണം. തനിക്ക് ഒന്നും ഒളിക്കാനില്ല. തുറന്ന പുസ്തകമാണ്. ഇതുവരെ താൻ പറഞ്ഞതിലും ചെയ്തതിലും എന്താണു വിവാദം എന്നു ചൂണ്ടിക്കാണിച്ചാൽ മനസ്സിലാക്കാനെങ്കിലും കഴിയുമെന്നും തരൂർ പറഞ്ഞു.

തനിക്ക് വിലക്ക് ഇല്ലെന്നു കെപിസിസി പ്രസിഡന്റ് വിശദീകരിച്ച ശേഷവും ചിലർ എതിർക്കുന്നതിലെ പ്രതിഷേധവും തരൂർ മറച്ചു വച്ചില്ല. 'സുധാകർജി പറയുന്നതു കേൾക്കാൻ ചിലർ തയാറല്ലായിരിക്കും' അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP