Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202219Friday

പനീർശെൽവവും പളനിസ്വാമിയും രണ്ടു വഴിക്ക്; ജയലളിതയുടെ മരണത്തോടെ എഐഎഡിഎംകെ തകർച്ചയിലേക്ക്; ശശികലയ്ക്കും പാർട്ടിയിൽ പിടിമുറുക്കാൻ ആവാത്ത അവസ്ഥ; മുഖ്യപ്രതിപക്ഷമായി ബിജെപിയെ മാറ്റാൻ ആൾക്കൂട്ടത്തെ ആകർഷിക്കുന്ന അണ്ണാമലൈയ്ക്കാകുമോ? തമിഴകത്ത് ഇനി സ്റ്റാലിൻ യുഗം ഉറപ്പിക്കാം

പനീർശെൽവവും പളനിസ്വാമിയും രണ്ടു വഴിക്ക്; ജയലളിതയുടെ മരണത്തോടെ എഐഎഡിഎംകെ തകർച്ചയിലേക്ക്; ശശികലയ്ക്കും പാർട്ടിയിൽ പിടിമുറുക്കാൻ ആവാത്ത അവസ്ഥ; മുഖ്യപ്രതിപക്ഷമായി ബിജെപിയെ മാറ്റാൻ ആൾക്കൂട്ടത്തെ ആകർഷിക്കുന്ന അണ്ണാമലൈയ്ക്കാകുമോ? തമിഴകത്ത് ഇനി സ്റ്റാലിൻ യുഗം ഉറപ്പിക്കാം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട്ടിൽ ഇനി എകെ സ്റ്റാലിന് തൽകാല ഭീഷണിയൊന്നുമില്ല. ഡിഎംകെയുടെ എതിരാളികളായ എഐഎഡിഎംകെ അടിച്ചു തീരുകയാണ്. ജയലളിതയുടെ മരണത്തോടെ ആ പാർട്ടി ചിന്നഭിന്നമായി. പലതവണ മാറ്റിയെഴുതിയ തിരക്കഥയ്‌ക്കൊടുവിൽ ചേർന്ന എ.ഐ.എ.ഡി.എം.കെ. ജനറൽ കൗൺസിൽ യോഗത്തിൽനിന്ന് പാർട്ടി കോ-ഓർഡിനേറ്റർ ഒ. പനീർശെൽവം ഇറങ്ങിപ്പോയി. ഇതോടെ പിളർപ്പ് അനിവാര്യതയായി. ആ പാർട്ടിക്ക് ഇനി തമിഴകത്ത് നേട്ടമുണ്ടാക്കാനാകില്ല. രജനികാന്തും കമൽഹാസനും രാഷ്ട്രീയ പരീക്ഷണത്തിന് ഇറങ്ങിയെങ്കിലും അതും പാളി. അതുകൊണ്ട് തന്നെ സ്റ്റാലിന്റെ രാഷ്ട്രീയ എതിരാളിയായി തലയെടുപ്പുള്ള ആരും തമിഴകത്തില്ല.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുടെ യോഗങ്ങളിൽ വലിയ ആൾക്കൂട്ടമാണ്. എന്നാൽ ദ്രാവിഡ രാഷ്ട്രീയം നിറയുന്ന തമിഴ്‌നാട്ടിൽ ബിജെപിയുടെ ഹിന്ദുത്വ അജണ്ടയ്ക്ക് സ്ഥാനമുണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പാണ് ഇനി തമിഴകത്തെ പ്രധാന തെരഞ്ഞെടുപ്പ്. അതിൽ മാത്രമേ സ്റ്റാലിന്റെ എതിരാളി ആരെന്നതിൽ വ്യക്തത വരൂ. ജനയകീയ മുഖവുമായാണ് സ്റ്റാലിന്റെ തമിഴ്‌നാട്ടിലെ ഭരണയാത്ര. അച്ഛൻ കരുണാനിധിക്ക് പോലും ഉണ്ടാകാനാകാത്ത ഭരണ പ്രതിച്ഛായ സ്റ്റാലിൻ ഉണ്ടാക്കി കഴിഞ്ഞു. അതുകൊണ്ട് അത്ഭുതം സംഭവിച്ചില്ലെങ്കിൽ തമിഴ്‌നാട്ടിലെ എതിരാളിയില്ലാ നേതാവായി സ്റ്റാലിൻ മാറും.

എഐഎഡിഎംകെയിൽ പ്രതിസന്ധി രൂക്ഷമാണ്. ഇരട്ട നേതൃത്വത്തിനുപകരം ഒറ്റ നേതൃത്വം തിരിച്ചുകൊണ്ടുവരുന്നതിന് ജൂലായ് 11-ന് ജനറൽ കൗൺസിൽ വീണ്ടും ചേരാൻ തീരുമാനിച്ചതോടെയായിരുന്നു പനീർശെൽവത്തിന്റെ ഇറങ്ങിപ്പോക്ക്. ഇതേസമയം ഒറ്റ നേതൃത്വമെന്ന വാദം മുൻനിർത്തി സഹ കോ-ഓർഡിനേറ്റർ എടപ്പാടി പളനിസ്വാമിയെ (ഇ.പി.എസ്.) ജനറൽ സെക്രട്ടറിയാക്കാൻ ശ്രമിക്കുന്ന എതിർപക്ഷം പിന്നോട്ടില്ലെന്ന് വ്യക്തമാക്കി. ജയലളിതയുടെ മരണത്തോടെ പാർട്ടിയിൽ തോഴിയായ ശശികല പിടിമുറുക്കിയിരുന്നു. എന്നാൽ ശശികല ജയിലിലായതോടെ അവർക്ക് പാർട്ടിയിൽ നിയന്ത്രണം പോയി. ഇതാണ് പ്രശ്‌നത്തിന് പുതിയ മാനം നൽകുന്നത്.

ജയലളിത ജീവിച്ചിരിക്കുമ്പോൾ പനീർശെൽവമാണ് പിൻഗാമിയെന്ന സൂചന നൽകി അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയിരുന്നു. എന്നാൽ ജയലളിതയുടെ മരണ ശേഷം ശശികല പിന്തുണച്ചത് പളനിസ്വാമിയെയാണ്. ഇതോടെയാണ് പ്രശ്‌നങ്ങൾ തലപൊക്കുന്നത്. പളനിസ്വാമിയുടെ ഭരണത്തിൽ എഐഎഡിഎംകെ തളരുകയായിരുന്നു. സ്റ്റാലിൻ അനായാസം ഭരണവും പിടിച്ചെടുത്തു.

എ.ഐ.എ.ഡി.എം.കെ.യുടെ പരമോന്നത സമിതിയായ ജനറൽ കൗൺസിലിൽ 2600-ൽപരം അംഗങ്ങളുണ്ട്. ഇതിൽ 2,100-ൽ കൂടുതൽ അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയതിനാൽ വ്യാഴാഴ്ച ചേരുന്ന യോഗത്തിൽ തന്നെ ഇ.പി.എസിനെ ജനറൽ സെക്രട്ടറിയാക്കാനായിരുന്നു നീക്കം. പക്ഷേ, മുൻനിശ്ചയിച്ച 23 പ്രമേയങ്ങളിൽ ഒഴികെ മറ്റൊരു വിഷയങ്ങളിലും തീരുമാനമെടുക്കാൻ പാടില്ലെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് യോഗ നടപടികൾ അടിമുടി മാറ്റുകയായിരുന്നു.

ഇറങ്ങിപ്പോയ ഒ.പി.എസിനുനേരെ കുപ്പിയേറുണ്ടായി. വാഹനത്തിന്റെ ടയർ പഞ്ചറാക്കുകയുംചെയ്തു. കോടതി ഉത്തരവിനെതിരായാണ് വീണ്ടും ജനറൽ കൗൺസിൽ ചേരാൻ തീരുമാനിച്ചതെന്നും ഇതിനെതിരേ നിയമപോരാട്ടം നടത്തുമെന്നും ഒ.പി.എസ്. പക്ഷം നേതാവ് ആർ. വൈദ്യലിംഗം പറഞ്ഞു. അടുത്ത ജനറൽ കൗൺസിലിൽ ഇ.പി.എസ്. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന മുതിർന്ന നേതാവ് കെ.പി. മുനുസാമി അവകാശപ്പെട്ടു.

പിളർപ്പിലേക്ക് നീങ്ങുന്ന സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ.യിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബിജെപി. ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും ദേശീയ ജനറൽസെക്രട്ടറി സി.ടി. രവിയും ഇരുപക്ഷവുമായി ചർച്ച നടത്തി. എന്നാൽ, രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പിന്തുണ അഭ്യർത്ഥിച്ചാണ് ഇരുനേതാക്കളെയും കണ്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. തമിഴ്‌നാട്ടിലെ സാഹചര്യം അനുകൂലമാക്കാൻ ബിജെപി അണിയറ നീക്കം സജീവമാക്കിയെന്നാണ് സൂചന. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP