Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202103Tuesday

തളിപ്പറമ്പിൽ പിജെ ഫാക്ടറിനെ മറികടക്കാൻ സിപിഎം എടുത്തത് വലിയ മുന്നൊരുക്കങ്ങൾ; ആന്തൂരിലെ സാജന്റെ ആത്മഹത്യാ പേടിയിൽ കള്ളവോട്ടും ബൂത്ത് പിടിക്കലും നടന്നെന്ന് കോൺഗ്രസ്; അടിയൊഴുക്കുകളെ അട്ടിമറിക്കാൻ നടന്നത് ബോധപൂർവ്വ ശ്രമമോ? എംവി ഗോവിന്ദനും കെ സുധാകരനും നേർക്കു നേർ എത്തുമ്പോൾ

തളിപ്പറമ്പിൽ പിജെ ഫാക്ടറിനെ മറികടക്കാൻ സിപിഎം എടുത്തത് വലിയ മുന്നൊരുക്കങ്ങൾ; ആന്തൂരിലെ സാജന്റെ ആത്മഹത്യാ പേടിയിൽ കള്ളവോട്ടും ബൂത്ത് പിടിക്കലും നടന്നെന്ന് കോൺഗ്രസ്; അടിയൊഴുക്കുകളെ അട്ടിമറിക്കാൻ നടന്നത് ബോധപൂർവ്വ ശ്രമമോ? എംവി ഗോവിന്ദനും കെ സുധാകരനും നേർക്കു നേർ എത്തുമ്പോൾ

അനീഷ് കുമാർ

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ അട്ടിമറിക്കുള്ള സാധ്യതകളെ കള്ളവോട്ടിലൂടെ സിപിഎം അടച്ചുവെന്ന ആരോപണമാണ് കോൺഗ്രസ് ഉയർത്തുന്നത്. തളിപ്പറമ്പിൽ വ്യാപകമായി കള്ളവോട്ടും ബൂത്തുപിടിത്തവും നടന്നുവെന്നും ഇവിടെ റീപോളിങ് വേണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. പി ജയരാജൻ ഫാക്ടർ തളിപ്പറമ്പിൽ പ്രവർത്തിക്കുമെന്ന ആശങ്ക സിപിഎമ്മിനുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം ചർച്ചകൾക്ക് പ്രസക്തി കൂടുന്നത്.

കണ്ണൂർ സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ്. ഇതിൽ തളിപ്പറമ്പ് കോട്ടയം. എതിരാളികൾ ഇല്ലാതെ ജയിക്കുന്ന ആന്തൂർ പോലുള്ള പാർട്ടി കോട്ടകളുള്ള സ്ഥലം. പാർട്ടി ഗ്രാമങ്ങളിലെ വോട്ട് ഇത്തവണ വലത്തേക്ക് മറിയുമോ എന്ന ഭയം സിപിഎമ്മിന് പോലുമുണ്ട്. കണ്ണൂർ സിപിഎമ്മിലെ വിഭാഗിതയതകൾ തളിപ്പറമ്പിനെ ശ്രദ്ധാകേന്ദ്രമാക്കുകയാണ്. വലിയ മാധ്യമ ശ്രദ്ധ ലഭിച്ചില്ലെങ്കിലും ഇത്തവണ തളിപ്പറമ്പയിൽ നടക്കുന്നത് പെരിഞ്ഞ പോരാട്ടമായിരുന്നു. ഇതു തന്നെയാണ് ഇപ്പോഴുള്ള വിവാദത്തിന് കാരണവും. സിപിഎമ്മിലെ ശക്തരായ നേതാക്കളിലൊരാളായ എംവി ഗോവിന്ദൻ മാസ്റ്ററാണ് എൽഡിഎഫ് സാരഥി. യു ഡിഎഫിനായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി അബ്ദുൾ റഷീദും എൻഡിഎ സാരഥിയായി എപി ഗംഗാദരനുമാണ് മത്സര രംഗത്തുണ്ടായിരുന്നത്്. എംവി ഗോവിന്ദൻ മാസ്റ്ററിന് സിപിഎമ്മിൽ അതിശക്തമായ എതിർ ചേരിയുണ്ട്.

കണ്ണൂരിൽ ഇത് പ്രകടവുമാണ്. ജെയിംസ് മാത്യുവിനെ മാറ്റിയാണ് എംവി ഗോവിന്ദൻ കോട്ട കാക്കാൻ മത്സരിച്ചത്. ആന്തൂരിൽ സാജന്റെ ആത്മഹത്യ ചർച്ചയായപ്പോൾ സിപിഎമ്മിലെ പ്രാദേശിക നേതാക്കൾ എംവി ഗോവിന്ദന് എതിരായിരുന്നു. അന്ന് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിന്റെ അടിയൊഴുക്കൾ തളിപ്പറമ്പിൽ ഇപ്പോഴുമുണ്ടെന്ന് സിപിഎമ്മിന് പോലും സംശയമുണ്ട്. അതുകൊണ്ട് തന്നെ ഏറെ കരുതൽ അവർ എടുക്കുകയും ചെയ്യുന്നു. ഇത് പരമാവധി പ്രയോജനപ്പെടുത്താനാണ് കോൺഗ്രസിന്റെ ശ്രമം. ലീഗും സജീവ പ്രചരണത്തിലാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം അനുസരിച്ച് എൽ.ഡി.എഫ് ന് 17000ത്തോളം വോട്ടിന്റെ ലീഡ് ആണ് ഉള്ളത്. പക്ഷെ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലെ 750 വോട്ടിന്റെ ലീഡാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. ഇതാണ് സിപിഎം പ്രകോപനത്തിനും ബൂത്ത് പിടിത്തത്തിനും കാരണമെന്നാണ് കോൺഗ്രസിന്റെ ആരോപണം.

ഇരട്ടവോട്ടിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ നിർദേശത്തിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി എം വിഗോവിന്ദൻ നടത്തിയ ആഹ്വാനം സിപിഎം പ്രവർത്തകർ ഏറ്റെടുത്തതാണു കള്ളവോട്ട് നടക്കാനിടയാക്കിയതെന്നു കെ.സുധാകരൻ എംപി ആരോപിച്ചു. വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ ആ വോട്ടുകൾ ചെയ്തിരിക്കുമെന്നായിരുന്നു, കള്ളവോട്ടിനുള്ള എം വിഗോവിന്ദന്റെ ആഹ്വാനം. റീ പോളിങ് എന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സുധാകരൻ പറഞ്ഞു. ഇതോടെ തളിപ്പറമ്പിലെ പോര് കോടതി കയറുകയാണ്.

തളിപ്പറമ്പിലും ധർമ്മടത്തും വ്യാപക കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് കെ.സുധാകരൻ പറയുന്നു. തളിപ്പറമ്പിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിലാണ്. പ്രിസൈഡിങ് ഓഫിസറുടെ പച്ചക്കൊടിയോടെയാണ് കള്ളവോട്ട് നടന്നത്. തളിപ്പറമ്പിൽ റീ പോളിങ് അനുവദിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാൻ ആലോചിക്കുന്നതായും കെ.സുധാകരൻ പറഞ്ഞു. മലപ്പട്ടം പഞ്ചായത്തിലെ എല്ലാ ബൂത്തും സിപിഎം പിടിച്ചെടുത്തു. പലയിടങ്ങളിലും യു.ഡി.എഫ് ബൂത്ത് ഏജന്റുമാരെ ബൂത്തിലിരിക്കാൻ സമ്മതിച്ചില്ല, തല്ലിയോടിച്ചു. ചെക്ക് പോസ്റ്റ് ഉണ്ടാക്കി സിപിഎം അല്ലാത്തവരെ വിരട്ടിയോടിച്ചു. എം.വി ഗോവിന്ദൻ കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന പ്രസ്താവനയും നടത്തിയെന്ന് സുധാകരൻ പറയുന്നു.

ഇതിനെതിരേ കേസെടുക്കണം. കുറ്റിയാട്ടൂർ വേശാലയിൽ ബൂത്ത് ഏജന്റിന്റെ ദേഹത്ത് മുളക് പൊടി വിതറി. ഇവിടെ ബൂത്ത് കയ്യേറ്റവും നടന്നു. കുറ്റ്യേരിയിൽ മുഴുവൻ ബൂത്തും പിടിച്ചെടുത്തു. സാമുദായിക ധ്രുവീകരണത്തിന് യു.ഡി.എഫ് ശ്രമിക്കുന്നു എന്ന് എം.വി ഗോവിന്ദൻ പറഞ്ഞത് മുൻകൂർ ജാമ്യമെടുക്കലാണ്. കേരളത്തിൽ യു.ഡിഎഫ് ഉറപ്പാണ്. പിണറായി വിജയന് ജയിൽ ഉറപ്പാണ്. ഈ തെരഞ്ഞെടുപ്പിൽ നടക്കാൻ പോകുന്ന രണ്ട് ഉറപ്പ് ഇതാവുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. എന്നാൽ കെപിസിസി വർക്കിങ് പ്രസിഡന്റ് സുധാകരൻ എംപി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ആസുത്രിതമായി ബോധപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ എംവി ഗോവിന്ദൻ ആരോപിച്ചു.

തളിപ്പറമ്പ് മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും സ്ഥാനാർത്ഥിയോടൊപ്പം സുധാകരൻ സഞ്ചരിച്ച് പ്രശ്‌നങ്ങൾ കുത്തിപ്പൊക്കാൻ ബോധപൂർവം ശ്രമിച്ചെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. പരിയാരം പഞ്ചായത്തിലെ ചെറിയൂരിൽ കോൺഗ്രസ് പ്രവർത്തകരാണ് സംഘർഷമുണ്ടാക്കിയത്. രമ്യമായി പരിഹരിച്ച പ്രശ്‌നം അവിടെ കൊണ്ട് തീർക്കാതെ വിവിധ മേഖലകളിൽ നിന്നെത്തിയ കോൺഗ്രസ് പ്രവർത്തകർ ബൂത്തിൽ കയറി അക്രമം ഉണ്ടാക്കുകയും പ്രിസൈഡിങ്ങ് ഓഫീസറേ കൈയേറ്റം ചെയ്യുകയും ചെയ്തു. ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രിസൈഡിങ്ങ് ഓഫീസറേ മാറ്റി പോളിങ് തുടരേണ്ട സാഹചര്യമാണ് ഉണ്ടായത്. പ്രശ്‌നങ്ങൾ ഉണ്ടാക്കി സമാധാനപരമായി നടക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ശ്രമം നടത്തിയെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു.

വർഗ്ഗീയ ധ്രുവീകരണം നടത്തി സാമുദായിക സംഘർഷം ഉണ്ടാക്കാനാണ് യുഡിഎഫ് ബോധപൂർവ്വം ശ്രമിച്ചതെന്നും അയ്യങ്കോലിൽ ഉണ്ടായ സംഘർഷം ആസുത്രിതമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലയിലെപ്രശ്‌നമില്ലാത്തിടത്തും പ്രശ്‌നമുണ്ടാക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. സമാധാനപരമായി നടക്കുന്ന തളിപറമ്പിലെ വോട്ടെടുപ്പ് പ്രശ്‌നങ്ങൾ ഉണ്ടാക്കി തകർക്കാനാണ് യുഡിഎഫ് ശ്രമമെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP