Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202229Sunday

ചരിത്രം പറഞ്ഞ് ഊറ്റം കൊള്ളുകയല്ല, ഭാവിയെ പടുത്തുയർത്തുകയാണ് വേണ്ടത്; 21-ാം നൂറ്റാണ്ടിലേക്ക് കേരളത്തെ കൊണ്ടുപോകാൻ കഴിയുക കോൺഗ്രസിന് മാത്രം; യുവാക്കളുമായി സംവദിച്ചും സന്ദേശങ്ങൾ നൽകിയും ശശി തരൂർ; യുഡിഎഫിന്റെ ജനകീയ പ്രകടന പത്രികക്കായി തരൂർ പണി തുട‌ങ്ങി; ആവേശത്തോടെ ഒപ്പം കൂടി യുവാക്കളും

ചരിത്രം പറഞ്ഞ് ഊറ്റം കൊള്ളുകയല്ല, ഭാവിയെ പടുത്തുയർത്തുകയാണ് വേണ്ടത്; 21-ാം നൂറ്റാണ്ടിലേക്ക് കേരളത്തെ കൊണ്ടുപോകാൻ കഴിയുക കോൺഗ്രസിന് മാത്രം; യുവാക്കളുമായി സംവദിച്ചും സന്ദേശങ്ങൾ നൽകിയും ശശി തരൂർ; യുഡിഎഫിന്റെ ജനകീയ പ്രകടന പത്രികക്കായി തരൂർ പണി തുട‌ങ്ങി; ആവേശത്തോടെ ഒപ്പം കൂടി യുവാക്കളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചരിത്രം പറഞ്ഞ് ഊറ്റം കൊള്ളുകയല്ല, ഭാവിയെ പടുത്തുയർത്തുകയാണ് വേണ്ടതെന്ന സന്ദേശം യുവാക്കളിലേക്ക് പ‌ടർത്തി കോൺ​ഗ്രസ് നേതാവ് ശശി തരൂർ. യുഡിഎഫിന്റെ ജനകീയ പ്രകടന പത്രിക തയ്യാറാക്കൻ യുവജനങ്ങളുമായി സംവദിക്കുന്ന തിരുവനന്തപുരം എംപിയുടെ ‘ടോക് ടു തരൂരിൽ താരമാകുന്നതും ശശി തരൂർ തന്നെയാണ്. ‘ലോകോത്തര കേരളം-യുവതയുടെ കാഴ്ചപ്പാടറിയാൻ’ എന്നപേരിലായിരുന്നു തിരുവനന്തപുരത്ത് തരൂർ ന‌ടത്തിയ കൂടിക്കാഴ്‌ച്ച. വിവിധ മേഖലകളിലെ യുവാക്കൾ പങ്കെടുത്ത പരിപാടിയിൽ തരൂർ നൽകിയ സന്ദേശം തന്നെ ഭാവിയെ പടുത്തുയർത്താൻ കോൺ​ഗ്രസിന് ശക്തി പകരണം എന്ന് തന്നെയായിരുന്നു.

നാളെ എന്താകണമെന്ന ചിന്തയാണ് ഇനി നമുക്കുവേണ്ടതെന്ന് ശശി തരൂർ പറഞ്ഞു. ചരിത്രം പറഞ്ഞുമാത്രം രാഷ്ട്രീയം കൊണ്ടുനടക്കുന്ന രീതി ഒഴിവാക്കണം. 14-ാം നൂറ്റാണ്ടിലെ ആശയവുമായാണ് ഒരുവിഭാഗത്തിന്റെ രാഷ്ട്രീയ പ്രവർത്തനം. 19-ാം നൂറ്റാണ്ടിലേക്കാണ് മറ്റൊരുവിഭാഗം നമ്മെ നയിക്കാൻ ശ്രമിക്കുന്നത്. 21-ാം നൂറ്റാണ്ടിലേക്ക് കേരളത്തെ കൊണ്ടുപോകാൻ കോൺഗ്രസിനേ കഴിയൂ. അതിനാണ് യുവാക്കളുടെ ആശയങ്ങൾ സ്വീകരിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ പതിവു പരിപാടികളിൽനിന്നു വ്യത്യസ്തമായി നേതാക്കളുടെ നീണ്ട പ്രസംഗങ്ങളോ വേദിയിലെ തിക്കും തിരക്കുമോ ഒന്നുമില്ലാതെ തികച്ചും പ്രഫഷനൽ രീതിയിലായിരുന്നു സംവാദം. ബെന്നി ബഹനാൻ എംപി, എം.കെ.മുനീർ എംഎൽഎ എന്നിവരായിരുന്നു തരൂരിനൊപ്പം വേദിയിൽ. രണ്ട് മണിക്കൂറാണു പരിപാടി നിശ്ചയിച്ചിരുന്നതെങ്കിലും ആശയം നൽകാനെത്തിയവരുടെ എണ്ണം കൂടിയതോടെ മൂന്ന് മണിക്കൂറോളം നീണ്ടു.

മാലിന്യസംസ്കരണം, കാലാവസ്ഥാ വ്യതിയാനം, കാർബൺ ന്യൂട്രൽ കേരളം, ഭരണത്തിലെ സ്ത്രീ പങ്കാളിത്തം, ലിംഗനീതി അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ പദ്ധതി തുടങ്ങി വിവിധ മേഖലകളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ യുവജനങ്ങൾ പങ്കിട്ടു. നിർദ്ദേശങ്ങളിൽ ശ്രദ്ധേയമായവ ഉൾപ്പെടുത്തി കരടു പ്രകടനപത്രിക തയാറാക്കി കെപിസിസിക്കു സമർപ്പിക്കും. മന്ത്രിസഭയിൽ സ്ത്രീകൾക്ക് 50% പങ്കാളിത്തം വേണമെന്ന നിർദ്ദേശമുയർന്നപ്പോൾ യുഡിഎഫിന്റെ വനിതാ സ്ഥാനാർത്ഥികളെ എംഎൽഎമാരാക്കുന്ന ചുമതല നിങ്ങളേൽക്കണമെന്നു തരൂർ ആവശ്യപ്പെട്ടു. ഉന്നതവിദ്യാഭ്യാസരംഗത്ത് ലോകോത്തര നിലവാരത്തിലെത്താൻ സമഗ്രമായ മാറ്റം വേണമെന്നും എല്ലാ സ്ഥാപനങ്ങൾക്കും ഏകീകരിച്ച അക്കാദമിക് കലണ്ടർ വേണമെന്നും നിർദ്ദേശമുയർന്നു.

പ്രകൃതിസൗഹൃദ നിർമ്മാണത്തിനു പ്രത്യേക നിയമം, പ്രകൃതിസൗഹൃദ സംരംഭകർക്ക് നികുതിയിളവ്, കാർബൺ ബജറ്റ്, കാലാവസ്ഥാ വ്യതിയാന ഗവേഷണ സ്ഥാപനം, എജ്യുക്കേഷൻ ടൂറിസം തുടങ്ങി ഒട്ടേറെ നിർദ്ദേശങ്ങൾ സംവാദത്തിൽ ഉയർന്നു. പ്രൈമറി ക്ലാസുകൾ മുതൽ കുട്ടികൾക്കു ജീവിതമൂല്യങ്ങളെക്കുറിച്ചും സഹവർത്തിത്വത്തെക്കുറിച്ചുമുള്ള ബോധവൽക്കരണം വേണമെന്ന നിർദ്ദേശവും കാൻസർ രോഗികൾക്ക് എല്ലാ ജില്ലകളിലും മൊബൈൽ കീമോതെറപ്പി യൂണിറ്റുകൾ തുടങ്ങണമെന്ന നിർദ്ദേശങ്ങളും സദസ്സ് കയ്യടികളോടെയാണ് അംഗീകരിച്ചത്.

എറണാകുളം, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലും അടുത്ത ദിവസങ്ങളിൽ സംവാദങ്ങൾ നടക്കും. 25ന് അകം കരട് പ്രകടനപത്രിക തയാറാക്കി യുഡിഎഫ് മണ്ഡലം കമ്മിറ്റികൾക്കു ചർച്ച ചെയ്യാനായി കൈമാറും. 30ന് അകം കെപിസിസിക്കു കൈമാറും. യുവാക്കളിലും സ്ത്രീകളിലും ശശി തരൂരിനുള്ള സ്വാധീനം മനസ്സിലാക്കിയാണ് പ്രകടന പത്രിക തയ്യാറാക്കാൻ കോൺ​ഗ്രസ് നേതൃത്വം തരൂരിനെ ചുമതല ഏൽപ്പിച്ചത്. ജനനം തൊട്ടേ ഒരു വിശ്വ പരൗരനാണ് ശശി തരൂർ എന്നാണ് അദ്ദേഹത്തെക്കുറിച്ച് പ്രചരിക്കുന്ന തമാശ. മാതാപിതാക്കൾ പാലക്കാട്ടുകാർ ആണെങ്കിലും അദ്ദേഹം ജനിച്ചത് ലണ്ടനിലാണ്. 1956 മാർച്ച് ഒമ്പതിന് പാലക്കാട് തരൂർ സ്വദേശികളായ ചന്ദ്രൻ തരൂരിന്റേയും ലില്ലി തരൂരിന്റേയും മകനായി ലണ്ടനിലാണ് ശശി തരൂർ ജനിച്ചത്. രണ്ടാംലോക മഹായുദ്ധത്തിനുശേഷം 1948ൽ യുകെയിലേക്ക് കുടിയേറിയതനായിരുന്നു തരൂരിന്റെ പിതാവ് ചന്ദ്രൻ തരൂർ. ഇന്ത്യൻ പത്രമായ സ്റ്റേറ്റ്മാന്റെ ലണ്ടൻ മാനേജറായിരുന്നു അദ്ദേഹം. തൊഴിൽ ആവശ്യാർഥം അദ്ദേഹം വരുത്തിയ നിരവധി പത്രങ്ങളുടെ വിശദമായ വായനയിലൂടെയാണ് തന്റെ
സാമൂഹിക വീക്ഷണം രൂപപ്പെട്ടതെന്ന ശശി തരൂർ പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്. പാലക്കാട് കൊലങ്കോട്ടെ എലവഞ്ചേരി മുണ്ടാരത്ത് തറവാടാണ് ശശി തരൂരിന്റെ അമ്മവീട്. ( തരൂർ സുനന്ദയെ വിവാഹം ചെയ്തത് എലവഞ്ചേരി മുണ്ടാരത്ത് തറവാട് മുറ്റത്തുവച്ചായിരുന്നു)

പക്ഷേ പാലക്കാടിന്റെ സ്വഛമായ അന്തരീക്ഷത്തിൽ ജീവിക്കാനുള്ള ഭാഗ്യം അധികമൊന്നും തനിക്ക് ഉണ്ടായിട്ടില്ല എന്ന് തരൂർ വിവിധ അഭിമുഖങ്ങളിൽ പറയുന്നുണ്ട്. അദ്ദേഹത്തിന് മൂന്നുവയസ്സുള്ളപ്പോൾ പിതാവ് ലണ്ടനിൽനിന്ന് തിരികെയെത്തി. പിന്നെ ബോംബെ, കൊൽക്കത്ത, ഡൽഹി തുടങ്ങി വിവിധ നഗരങ്ങളിലായി പിതാവിന്റെ ജോലിക്ക് ഒപ്പമായിരുന്നു ശശി തരൂരിന്റെ വിദ്യാഭ്യാസവും. മൂന്ന് സഹോരിമാരാണ് അദ്ദേഹത്തിന് ഉള്ളത്. തരൂരിന്റെ പിതൃസഹോദരൻ തരൂർ പരമേശ്വരൻ റീഡേഴ്‌സ് ഡൈജസ്റ്റ് സ്ഥാപക എഡിറ്ററാണ്.

1962ൽ കുടുംബം ലണ്ടനിൽ നിന്ന് ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തിയ ശേഷം തമിഴ്‌നാട്ടിൽ സേലത്തിന് സമീപം യേർക്കാട് മോണ്ട്‌ഫോർട്ട് ബ്രദേഴ്‌സ് സെന്റ് ഗബ്രിയേൽ സ്‌കൂളിലായിരുന്നു തരൂരിന്റെ വിദ്യാഭ്യാസം ആദ്യം. 1963ൽ കുടുംബം ബോംബെയിലേയ്ക്ക് മാറി. ബോംബെയിലെ കാംപ്യൻ സ്‌കൂളിൽ 1968 വരെ പഠിച്ചു. കൊൽക്കത്തയിലെ സെന്റ് സേവ്യേഴ്‌സ് കോളേജ്യേറ്റ് സ്‌കൂളിലായിരുന്നു ഹൈസ്‌കൂൾ വിദ്യാഭ്യാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP