Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വയനാട്ടിൽ താൻ നാമനിർദേശ പത്രിക സമർപ്പിക്കാൻ പോവുകയാണെന്ന മംഗളം വാർത്ത വ്യാജമെന്ന് ടി സിദ്ദിഖ്; രാഹുൽ ഗാന്ധിയുടെ വരവിനായി ഞങ്ങൾ കാത്തിരിക്കയാണ്; മനസറിയാത്ത കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്; മത്സരിക്കുന്നതിനു വേണ്ടി ജാമ്യം അനുവദിക്കണമെന്ന സത്യവാങ്മൂലം സിദ്ദിഖ് കോടതി മുൻപാകെ സമർപ്പിച്ചിട്ടുണ്ടെന്ന് മംഗളം; രാഹുൽ ഗാന്ധിക്കായി മാറിക്കൊടുത്തിട്ടും കോഴിക്കോട് ഡിസിസി അധ്യക്ഷൻ പുലിവാല് പിടിച്ചത് ഇങ്ങനെ

വയനാട്ടിൽ താൻ നാമനിർദേശ പത്രിക സമർപ്പിക്കാൻ പോവുകയാണെന്ന മംഗളം വാർത്ത വ്യാജമെന്ന് ടി സിദ്ദിഖ്; രാഹുൽ ഗാന്ധിയുടെ വരവിനായി ഞങ്ങൾ കാത്തിരിക്കയാണ്; മനസറിയാത്ത കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്; മത്സരിക്കുന്നതിനു വേണ്ടി ജാമ്യം അനുവദിക്കണമെന്ന സത്യവാങ്മൂലം സിദ്ദിഖ് കോടതി മുൻപാകെ സമർപ്പിച്ചിട്ടുണ്ടെന്ന് മംഗളം;  രാഹുൽ ഗാന്ധിക്കായി മാറിക്കൊടുത്തിട്ടും കോഴിക്കോട് ഡിസിസി അധ്യക്ഷൻ പുലിവാല് പിടിച്ചത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് താൻ പറഞ്ഞതായി മംഗളം പത്രത്തിൽ വന്ന വാർത്ത നിഷേധിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സീദ്ദീഖ്. വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ മത്സരിക്കണമെന്നും രാഹുലിന്റെ വരവിനായി പാർട്ടി ഒറ്റക്കെട്ടായി കാത്തിരിക്കയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുൽ വരുമെന്ന പൂർണ്ണ പ്രതീക്ഷയിലാണ് താൻ. നാമനിർദ്ദേശപത്രിക നൽകാൻ പോകുന്നുവെന്ന വാർത്ത തെറ്റിധാരണാജനകമാണ്. മനസറിയാത്ത കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പത്രത്തിൽ നിന്ന് ആരെങ്കിലും തന്നെ ബന്ധപ്പെടുകയോ ഇത്തരത്തിൽ താൻ പറയുകയോ ചെയ്തിട്ടില്ലെന്ന് സിദ്ദീഖ് വ്യക്തമാക്കി.പൊലീസിനെ ആക്രമിച്ചെന്ന കേസിൽ തിരുവനന്തപുരം രണ്ടാം അഡിഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതിയിൽനിന്ന് ചൊവ്വാഴ്ച ജാമ്യമെടുത്ത ശേഷമാണ് സിദ്ദിഖ് ഇങ്ങനെ വെളിപ്പെടുത്തിയെന്നാണ് വാർത്തയിൽ പറയുന്നത്. എന്നാൽ ജാമ്യമെടുത്തു എന്നത് ശരിയാണെന്നും വാർത്തയിൽ താൻ പറഞ്ഞതായി വന്നതൊന്നും ശരിയല്ലെന്നും സീദ്ദിഖ് പറയുന്നു. രാഹുൽ ഗാന്ധി വരുമെന്നുതന്നെയാണ് കരുതുന്നത്. വൈകാതെ തീരുമാനം വരും. പക്ഷേ ഇതുകൊണ്ട് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്ന് ഞാനടക്കമുള്ള ആരും മാറിനിന്നിട്ടില്ല. ബത്തേരിയിലെ യുഡിഎഫ്് കൺവെൻഷനിൽ ഇന്ന് പങ്കെടുക്കുന്നുമുണ്ട്.-സിദ്ദീഖ് വ്യക്തമാക്കി.

അതേസമയം 'രാഹുൽ വരില്ല; സിദ്ദീഖ് തന്നെ സ്ഥാനാർത്ഥി' എന്ന തങ്ങളുടെ വാർത്തക്കുള്ള സിദ്ദീഖിന്റെ പ്രതികരണം മംഗളം ഓൺലൈനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒപ്പം വാർത്തക്ക് അടിസ്ഥാനമായ ലേഖകന്റെ വിശദീകരണവും കൊടുത്തിട്ടുണ്ട്.- വയനാട് തനിക്ക് മത്സരിക്കുന്നതിനു വേണ്ടി ജാമ്യം അനുവദിക്കണമെന്ന് തിരുവനന്തപുരം അഡീഷണൽ അസിസ്റ്റന്റ് സെക്ഷൻസ് കോടതി മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സിദ്ദീഖ് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കക്ഷിക്ക് മത്സരിക്കുന്നതിനു വേണ്ടി ജാമ്യം അനുവദിക്കക്കണമെന്നും എന്നാൽ മാത്രമേ തന്റെ കക്ഷിക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കാനാവൂവെന്നും തുറന്ന കോടതി മുൻപാകെ സിദ്ദീഖിന്റെ അഭിഭാഷകൻ ക്ലാരൻസ് മിറാൻഡാ വാദിച്ചു. തുടർന്ന് തലസ്ഥാനത്ത് കന്റോന്മെന്റ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ച കേസിൽ ജാമ്യം അനുവദിക്കുകയായിരുന്നു.- ഇങ്ങനെയാണ് മംഗളത്തിന്റെ വിശദീകരണം.

പക്ഷേ നിഷേധം വന്നെങ്കിലും ഇത് സിദ്ദീഖ് പറഞ്ഞതാണെന്ന പ്രചാരണവുമായി ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ രംഗത്തുണ്ട്. ഇടഞ്ഞുനിൽക്കുന്ന ചില നേതാക്കളുടെ അണികൾ വാട്സാപ്പിലും ഫേസ്‌ബുക്കിലുമായി സിദ്ദീഖിനെതിരെ ശക്തമായ പ്രചാരണമാണ് നടത്തുന്നത്. ഇനി രാഹുൽ വന്നില്ലെങ്കിൽ പോലും വയനാട്ടിൽ സിദ്ദീഖിനെ സ്ഥാനാർത്ഥിയാക്കരുതെന്ന് അവർ വാദിക്കുന്നു. നേരത്തെ തന്നെ വയനാട്ടിൽ കണ്ണുവെച്ച സീറ്റുമോഹികളും കിട്ടിയ അവസരം എന്ന നിലയിൽ സിദ്ദീഖിനെതിരെ തിരിഞ്ഞിട്ടുണ്ട്.

അതേസമയം നാമനിർദ്ദേശപത്രികാ സമർപ്പണം തുടങ്ങാൻ ഒരുദിവസംമാത്രം ശേഷിക്കേ ഒറ്റക്കെട്ടായി പ്രചാരണ രംഗത്തിറങ്ങാൻ കഴിയാതെ വയനാട്ടിൽ യുഡിഎഫ് വലയുകയാണ്.രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ നാലുദിവസമായിട്ടും തീരുമാനം വരാത്തത് കോൺഗ്രസ് നേതാക്കളെ ചൊടിപ്പിട്ടുണ്ട്. വടകരയിലെയും ഔദ്യോഗിക പ്രഖ്യാപനവും വന്നിട്ടില്ല. അതിനിടെ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചു യിച്ചാൽ മണ്ഡലം നിലനിർത്തുമോയെന്ന് ഉറപ്പുനൽകാനാകില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞതും ചർച്ചയായി. അമേഠിയിലും വയനാട്ടിലും ജയിച്ചാൽ ഏതുസീറ്റ് രാജിവയ്ക്കുമെന്ന് രാഹുലാണ് തീരുമാനിക്കേണ്ടത് എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.

വയനാട്ടിൽ രാഹുൽ ഗാന്ധിയെ സ്വാഗതംചെയ്ത മുസ്ലിംലീഗ് നേതൃത്വവും പുലിവാല് പിടിച്ച മട്ടിലാണ്. കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ മുസ്ലിം പ്രാതിനിധ്യം കുറഞ്ഞെന്ന പരാതിയുമായി ഇ കെ സുന്നി വിഭാഗം പ്രതിഷേധം ഉയർത്തിയതാണ് ലീഗിൽ പ്രശ്നങ്ങൾക്ക് വഴിതെളിച്ചിരിക്കുന്നത്. സിദ്ദീഖിനെ മാറ്റിയാൽ മുസ്ലിം വിഭാഗത്തിന് സാമുദായികസന്തുലനം വേണമെന്ന് ഇകെ സുന്നി വിഭാഗം ആവശ്യമുന്നയിച്ചിട്ടുണ്ട്. വയനാട് സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ബുധനാഴ്ച അനുകൂലതീരുമാനം വന്നാലും ലീഗിലെ ആഭ്യന്തരകലഹം വർധിക്കും. ചുരുക്കിപ്പറഞ്ഞാൽ രാഹുൽ വന്നാലും ഇല്ലെങ്കിലും യുഡിഎഫിൽ തലവേദന ഒഴിയില്ലെന്ന് വ്യക്തം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP