Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

എന്റെ ഫോണിൽ, എന്നെയൊന്ന് നേരിട്ട് വിളിച്ചിരുന്നെങ്കിൽ, ഡീൻ... മാപ്പു പറച്ചിലിൽ തീരാത്ത സങ്കടങ്ങൾ നിരത്തി ടി എൻ പ്രതാപൻ; ഡീൻ കുര്യാക്കോസ് മാദ്ധ്യമങ്ങളോട് തെറ്റ് ഏറ്റുപറയാത്തതിലുള്ള നീരസവുമായി ഫേസ്‌ബുക്ക് പോസ്റ്റ്

എന്റെ ഫോണിൽ, എന്നെയൊന്ന് നേരിട്ട് വിളിച്ചിരുന്നെങ്കിൽ, ഡീൻ... മാപ്പു പറച്ചിലിൽ തീരാത്ത സങ്കടങ്ങൾ നിരത്തി ടി എൻ പ്രതാപൻ; ഡീൻ കുര്യാക്കോസ് മാദ്ധ്യമങ്ങളോട് തെറ്റ് ഏറ്റുപറയാത്തതിലുള്ള നീരസവുമായി ഫേസ്‌ബുക്ക് പോസ്റ്റ്

കെ സി റിയാസ്

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുമ്പേ കോൺഗ്രസിൽ വെടിമുഴക്കം. കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ എം എൽ എയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളിൽ തെറ്റായി പ്രചാരണം നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യക്കോസിനെ പരോക്ഷമായി വിമർശിച്ച് ടി എൻ പ്രതാപൻ രംഗത്ത്. യുവാക്കൾക്കു വേണ്ടി ഇത്തവണ മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ച ടി എൻ പ്രതാപനെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി ഡൽഹിയിലേക്കു വിളിപ്പിച്ച് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തന്റെ മുൻ നിലപാട് ആവർത്തിച്ച പ്രതാപൻ അവസാനം രാഹുലിന് വഴങ്ങി സ്ഥാനാർത്ഥി പട്ടികയിൽ ഇടം കണ്ടെത്തിയതോടെ, ഡീൻ കുര്യാക്കോസ് അതിനെ രൂക്ഷമായി വിമർശിച്ചിരുന്നു.

പ്രതാപൻ യുവാക്കളെ വഞ്ചിച്ചെന്നും അദ്ദേഹത്തിന്റെ ആദർശപ്രസംഗം വെറും പൊയ്മുഖമാണെന്നും ഡീൻ കുര്യാക്കോസ് തുറന്നടിച്ചു. പ്രതാപൻ എ ഐ സി സി നേതൃത്വത്തിന് കത്തയച്ചാണ് സീറ്റ് തപ്പെടുത്തിയതെന്നും ഡീൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഡീൻ കുര്യാക്കോസിന്റെ ആരോപണം ശ്രദ്ധയിൽപെട്ടപ്പോൾ താൻ ഇനി മത്സര രംഗത്തില്ലെന്നും നേതൃത്വത്തിന് മുന്നിൽ അത്തരമൊരു കത്തോ ആവശ്യമോ ഉന്നയിച്ചിട്ടില്ലെന്നും ടി എൻ പ്രതാപൻ ആവർത്തിച്ചു വ്യക്തമാക്കി. ഉടനെ മത്സര രംഗത്തുനിന്ന് പിന്മാറുന്ന കാര്യം രാഹുൽഗാന്ധിയെ വിളിച്ച് റിയിക്കുകയുണ്ടായി. തുടർന്ന് കോൺഗ്രസ് നേതൃത്വം തന്നെ പ്രതാപൻ പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനം സത്യമാണെന്നു വ്യക്തമാക്കുകയും ചെയ്തതോടെ ഡീൻ കുര്യാക്കോസിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞു.

യഥാർത്ഥത്തിൽ, സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ മുന്നോട്ടുവച്ച നിർദേശങ്ങളെ പ്രതാപൻ, പൂർണ്ണമായും പിന്തുണച്ചതിലുള്ള കലി പൂത്ത് എ ഗ്രൂപ്പിലെ ചിലർ ഒരുക്കിയ കെണിയിൽ ഡീൻ കുര്യാക്കോസ് വീണുപോകുകയാണുണ്ടായത്. തുടർന്നുള്ള അന്വേഷണത്തിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരിൽ പ്രമുഖനായ ബെന്നി ബെഹനാൻ എം എൽ എയാണ് ഡീൻ കുര്യാക്കോസിനെ സ്വാധീനിച്ചതെന്നും റിപ്പോർട്ടുകളുണ്ടായി. തുടർന്ന് രാഹുൽഗാന്ധി ഇടപെട്ട് ബെന്നിയെയും ഡീൻ കുര്യാക്കോസിനെയും സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തത് ഒരു മാസം മുമ്പത്തെ ചരിത്രം.

സംഭവം തെറ്റാണെന്നു ബോധ്യമായതോടെ ഡീൻ കുര്യാക്കോസ്, ടി എൻ പ്രതാപൻ എം എൽ എയെ രാത്രി വീട്ടിൽ പോയി നേരിൽക്കണ്ട് മാപ്പ് ചോദിക്കുകയുമുണ്ടായി. മാപ്പു നൽകിയ പ്രതാപൻ, താൻ മാദ്ധ്യമങ്ങളോട് അമിതാവേശത്തിൽ വിളിച്ചു കൂവിയ തെറ്റ് തിരുത്തണമെന്ന് ഡീൻ കുര്യാക്കോസിനോട് നിർദേശിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും അതിനു മുതിരാത്ത സാഹചര്യത്തിലാണ് പ്രതാപൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ തന്റെ നീരസം പ്രകടമാക്കിയിട്ടുള്ളത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ:

കഴിഞ്ഞ ഏപ്രിൽ 21. അന്ന് ഞാൻ വീട്ടിലെത്താൻ പതിവിലും ഒരു മണിക്കൂറോളം വൈകി. രാവിലെ ആരംഭിച്ച തിരക്കുപിടിച്ച യാത്രകളും, തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളും കഴിഞ്ഞ് പാർട്ടി തല അവലോകന യോഗങ്ങൾ അർദ്ധരാത്രി കഴിഞ്ഞും തുടർന്നു. മാളയിലെ എന്റെ എംഎ‍ൽഎ. ഓഫീസിൽ കൊടുങ്ങല്ലൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി.ധനപാലന്റെ തെരഞ്ഞെടുപ്പ് അവലോകന യോഗം കഴിഞ്ഞപ്പോൾ പുലർച്ചെ രണ്ടു മണി കഴിഞ്ഞു. മണിക്കൂറുകളായി എന്നെ കാത്തു നിന്ന മാദ്ധ്യമ പ്രവർത്തകരുടെ അഭിമുഖവും കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മണി പുലർച്ചെ മൂന്നര. തളിക്കുളത്തെ എന്റെ വീട്ടിലെക്കുള്ള ഇടവഴിയിൽ ആ നേരത്തും രണ്ടു പേർ കാറിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു.എന്റെ പുറകെ തെല്ലു മടിയോടെ അവർ വീട്ടിലേക്ക് കയറി വന്നു. ഒരാൾ യൂത്ത് കോൺഗ്രസ് നേതാവ് സുനീറായിരുന്നു. മറ്റേയാളെ ഞാൻ തീരെ പ്രതീക്ഷിച്ചില്ല. അത് സാക്ഷാൽ ഡീൻ കുര്യാക്കോസായിരുന്നു.

എന്റെ ഫോണിൽ, എന്നെയൊന്ന് നേരിട്ട് വിളിച്ചിരുന്നെങ്കിൽ, ഡീൻ... താങ്കൾക്ക് രാത്രി 11 മണി മുതൽ ഈ നേരം വരെ ഈ ഇരുൾ മൂടിയ ഇടവഴിയിൽ എന്നെ കാത്ത് കാറിലിരിക്കേണ്ടി വരില്ലായിരുന്നു. ഒരു നിമിഷം പോലും പാഴാക്കാനില്ലാത്ത അതി നിർണായകമായ തെരഞ്ഞെടുപ്പ് വേളയിൽ പ്രത്യേകിച്ച്... ഞാൻ മാളയിലെ എംഎ‍ൽഎ ഓഫീസിലേക്ക് വരാൻ പറഞ്ഞേനെ, അല്ലെങ്കിൽ ഡീനിനടുത്തേക്ക് ഞാൻ വരുമായിരുന്നല്ലോ...? അത്രയേറെ ആദരവുണ്ട് താങ്കൾ 'അലങ്കരിക്കുന്ന' ആ പദവിയോട്, എന്നെപ്പോലുള്ള സാധാരണക്കാരായ കോൺഗ്രസ്സുകാർക്ക്. കാരണം ഏ.കെ.ആന്റണിയും വി എം.സുധീരനും പോലുള്ള മഹാരഥന്മാർ യുവാക്കളുടെ ശബ്ദമെന്താണെന്ന് കാണിച്ചു കൊടുത്ത് മാറ്റുകൂട്ടിയ പദവിയാണത്.

ഡീൻ ഉറക്കച്ചടവോടെ ഏറെ സംസാരിച്ചു. 'ആവേശം കൊണ്ടും വികാരം കൊണ്ടും, എടുത്തു ചാടി നടത്തിയതാണ് ആ പ്രസ്താവന...തെറ്റുപറ്റിപ്പോയി......ക്ഷമിക്കണം....' അങ്ങനെ എന്തൊക്കെയോ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു., വീടിന്റെ തൊട്ടു കിഴക്കുള്ള തളിക്കുളങ്ങര ക്ഷേത്രത്തിൽ നിന്ന് സുപ്രഭാതം കേൾക്കുന്നവരെ.

ഞാനെന്റെ മനസു തുറന്നു: 'ജീവിതത്തിലിന്നേ വരെ എന്നോട് കടുത്ത ക്രൂരത കാട്ടിയവരോട് പോലും മനസിൽ പരിഭവം സൂക്ഷിക്കാനറിയാത്ത ദുർബലനാണു ഞാൻ. ഞാനൊരു ദൈവവിശ്വാസിയാണ്. മുകളിലുള്ളയാൾ എല്ലാം കാണുന്നുണ്ടെന്നു മാത്രം വിശ്വസിക്കാനാഗ്രഹിക്കുന്ന ഒരാൾ... ആ വിശ്വാസം തന്നെയാണ് ഉറക്കം തൂങ്ങുന്ന കണ്ണുകളുമായി ഡീൻ ഏറ്റു പറച്ചിലുകൾ തുടരുമ്പോഴും, നിറഞ്ഞ ഉന്മേഷത്തോടെ, പുഞ്ചിരിയോടെ മറുപടി പറയാൻ എനിക്ക് ഊർജമാകുന്നത്...

പിന്നെ ഡീൻ....ആവേശത്തിെന്റയും ക്ഷുഭിത യൗവ്വനത്തിന്റെയും കാര്യം...യുവത്വത്തിന്റെ എടുത്തുചാട്ടവും ചോരത്തിളപ്പും എനിക്കും ഏറെ ഇഷ്ടമാണ്. മറ്റാരേക്കാളുമേറെ ഞാൻ അത്തരക്കാരെ പ്രോത്സാഹിപ്പിക്കാറും, പിൻതുണക്കാറുമുണ്ട്. ഞങ്ങളുമെടുത്തിട്ടുണ്ട്, കഴിഞ്ഞ നാളുകളിലൊക്കെ ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ നിരവധി നിലപാടുകൾ...പക്ഷേ നിലപാടുകളെടുക്കുമ്പോൾ രണ്ടു കാര്യങ്ങൾ ഓർമിപ്പിക്കട്ടെ..
ഒന്ന്:ചാനൽ മൈക്കുകളുടെയും ക്യാമറ ഫ്‌ലാഷുകളുടെയും മുന്നിൽ നെഞ്ചുവിരിച്ചെടുക്കുന്ന നിലപാടുകൾ തെറ്റാണെന്ന് തിരിച്ചറിഞ്ഞാൽ അതേ മാദ്ധ്യമപ്പടയ്ക്കു തന്നെ മുന്നിൽച്ചെന്ന് തെറ്റുപറ്റിയെന്ന് വിളിച്ചു പറയാനുള്ള ആർജ്ജവമുണ്ടാകണം. അല്ലാതെ ആർക്കെതിരെ നിലപാടെടുത്തോ, അവർക്കടുത്ത് ചെന്ന് രഹസ്യമായി തെറ്റ് ഏറ്റുപറയുകയല്ല, വേണ്ടത്.

മറ്റൊന്ന്: സാധാരണക്കാരനെ ബാധിക്കുന്ന, നമ്മുടെ പരിസ്ഥിതിയെയും പ്രകൃതിയേയും... മണ്ണിനെയും മനുഷ്യനേയും ബാധിക്കുന്ന നാടിന്റെ ജീവൽപ്രശ്‌നങ്ങളിൽ യുവാക്കളുടെ ശബ്ദം കേൾക്കേണ്ട ഘട്ടങ്ങളിലൊന്നിലെങ്കിലും, പ്രതിരോധത്തിന്റെ ഒരു ചെറുവിരലെങ്കിലും അനക്കാൻ, എപ്പോഴെങ്കിലുമൊരിക്കൽ താങ്കൾ പറഞ്ഞ ആവേശവും എടുത്തു ചാട്ടവുമെല്ലാം ഉപയോഗിക്കണമെന്നു കൂടി ഓർമിപ്പിക്കട്ടെ. ഈ കൂടിക്കാഴ്ചയെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലെ നിറ സാന്നിദ്ധ്യമായ ഡീൻ അവിടെ എന്തെങ്കിലുമെഴുതുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു... തെരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞെങ്കിലും അതുണ്ടാകുമെന്ന് കരുതി...ഒന്നും കാണാതിരുന്നതിനാലാണ് ഇപ്പോൾ എനിക്കിത് കുറിക്കേണ്ടി വന്നത്.

തെരഞ്ഞെടുപ്പിന് മുൻപായി നിറഞ്ഞ സദസ്സിൽ ആടിയ ഈ കഥയ്ക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വരും മുമ്പേ തന്നെ തിരശീല വീഴട്ടെ എന്നു കരുതുന്നു. വൃഥാ നമുക്കാർക്കും ഇനിയും ഇതൊക്കെ ഓർത്തും ചർച്ച ചെയ്തും സമയം കളയാനില്ലല്ലോ.. ഇതു തുറന്നെഴുതുന്നതിന് മറ്റൊരു പ്രധാന കാരണം കൂടിയുണ്ട്. നമ്മുടെ സമൂഹത്തിന് യുവാക്കളിൽ ഏറെ പ്രതീക്ഷയുണ്ട്. അതിനാൽ തന്നെ നമ്മുടെ കൊച്ചനുജന്മാരും അനുജത്തിമാരും നല്ല മാതൃകകളാണ് കണ്ട് പഠിക്കേണ്ടത്. മറ്റൊന്ന്, എന്നോട് സ്‌നേഹമുള്ള ചിലർക്കെങ്കിലും ഡീനിനോട് മനസ്സിൽ പരിഭവം തോന്നിയിട്ടുണ്ടെങ്കിൽ, അവരിനിയും ആ പരിഭവം മനസ്സിൽ സൂക്ഷിക്കാതിരിക്കുകയും വേണം എന്നതിനാലുമാണ്.

ഡീൻ.... താങ്കളെ ആശ്ലേഷിച്ച് യാത്രയാക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കുകൾ മാത്രമാണ് എനിക്കു പറയാനുള്ളത്...താങ്കൾ ചെറുപ്പമാണ് ...വരും തലമുറകൾക്ക് ഒരു നല്ല മാതൃകയാകാൻ ഇനിയെങ്കിലും താങ്കൾക്ക് കഴിയട്ടെ...താങ്കളുടെ നല്ല രാഷ്ട്രീയ ഭാവിക്ക് ഈ ജ്യേഷ്ഠ സഹോദരന്റെ എല്ലാ ആശംസകളും പിൻതുണയുമുണ്ടാകുമെന്നു പറഞ്ഞാണ് ടി എൻ പ്രതാപൻ കുറിപ്പ് അവസാനിപ്പിച്ചിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP