Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ഥാനാർത്ഥിത്വ നിഷേധത്തിൽ പൊന്നാനിയിൽ പ്രതിഷേധം നടത്തിയവരെ തള്ളി ടി എം സിദ്ദീഖ്; എന്റെ കാര്യം തീരുമാനിക്കുന്നത് പാർട്ടി; പേരും ചിത്രവും ഉപയോഗിച്ച് പ്രതിഷേധിക്കുന്നത് പാർട്ടി വിരുദ്ധം; ഭരണം ഉറപ്പുള്ള രാഷ്ട്രീയ സാഹചര്യമെന്ന ആവേശത്തെ ചോർത്തിക്കളയരുതെന്നും സിദ്ദിഖ്; പൊന്നാനിയിൽ കൂട്ടരാജിയും തുടരുന്നു

സ്ഥാനാർത്ഥിത്വ നിഷേധത്തിൽ പൊന്നാനിയിൽ പ്രതിഷേധം നടത്തിയവരെ തള്ളി ടി എം സിദ്ദീഖ്; എന്റെ കാര്യം തീരുമാനിക്കുന്നത് പാർട്ടി; പേരും ചിത്രവും ഉപയോഗിച്ച് പ്രതിഷേധിക്കുന്നത് പാർട്ടി വിരുദ്ധം; ഭരണം ഉറപ്പുള്ള രാഷ്ട്രീയ സാഹചര്യമെന്ന ആവേശത്തെ ചോർത്തിക്കളയരുതെന്നും സിദ്ദിഖ്; പൊന്നാനിയിൽ കൂട്ടരാജിയും തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

പൊന്നാനി: പൊന്നാനിയിൽ തന്റെ പേരിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി പ്രതിഷേധം നടത്തുന്നവരെ തള്ളി മുൻ ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.എ.സിദ്ദീഖ്. തന്റെ പേരും, ചിത്രങ്ങളും ഉപയോഗിച്ച് ചിലർ പാർട്ടിക്കെതിരെ വിമർശനം ഉയർത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതെല്ലാം പാർട്ടി വിരുദ്ധമാണ്. പാർട്ടി തീരുമാനങ്ങൾക്കപ്പുറം തനിക്കൊന്നുമില്ലെന്നും ഫേസ്‌ബുക്കിലൂടെ സിദ്ദീഖ് വ്യക്തമാക്കി.

അതേസമയം എന്നാൽ ഇത്തരത്തിൽ ഉയർന്ന പ്രതിഷേധങ്ങളെ ടി.എം.സിദ്ദീഖ് ഫേസ്‌ബുക്കിലൂടെ തള്ളി പറഞ്ഞതിന് ശേഷമാണ് തിങ്കളാഴ്ച വൈകീട്ട് പ്രതിഷേധം തെരുവിലേക്കെത്തിയത് എന്നതും ശ്രദ്ധേയമാണ്. സിഐടിയു ദേശീയ സെക്രട്ടറി പി.നന്ദകുമാറിനെ മത്സരിപ്പിക്കാനുള്ള പാർട്ടി തീരുമാനത്തിനെതിരെ പൊന്നാനിയിൽ നടന്ന പ്രകടനത്തിൽ നൂറു കണക്കിന് ആളുകൾ പങ്കെടുത്തിരുന്നു.

അതേസമയമ ഇന്നലെ പരസ്യമായി സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയതിന് പിന്നാലെ സിപിഎമ്മിലെ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവച്ചു. നാല് ബ്രാഞ്ച് സെക്രട്ടറിമാർ കൂടി നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചുവെന്നാണ് സൂചന. സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ ടി.കെ.മഷൂദ്, നവസ് നാക്കോല, ജമാൽ എന്നിവരാണ് രാജിവച്ചത്. മറ്റു നാല് ബ്രാഞ്ച് സെക്രട്ടറിമാർ നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇന്നലെ നടന്ന പരസ്യപ്രതിഷേധത്തിനെതിരെ സിപിഎം നേതാക്കൾ പ്രതികരിച്ച രീതിയും അണികളെ പ്രകോപിതരാക്കിയിട്ടുണ്ട്.

പ്രശ്‌നപരിഹരാത്തിനായി സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി,മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടരമണിക്ക് നേതൃത്വം പ്രാദേശിക നേതാക്കളെ കാണുന്നുണ്ട്. പൊന്നാനിയിലെ തീരദേശ മേഖലയിലാണ് നിലവിൽ പ്രധാനമായും പ്രതിഷേധമുള്ളത്. പി.നന്ദകുമാറിന് വേണ്ടി പ്രചാരണത്തിന് തങ്ങളെ കിട്ടില്ലെന്നാണ് കീഴ്ഘടകങ്ങളിലെ പ്രവർത്തകരുടെ നിലപാട്.

സിപിഎമ്മിനെ സംബന്ധിച്ച് ഒരു കോട്ടയായി പറയാമെങ്കിലും പലപ്പോഴും യുഡിഎഫ് അപ്രതീക്ഷിത മുന്നേറ്റം നടത്തിയ മണ്ഡലം കൂടിയാണ് പൊന്നാനി. പ്രാദേശിക തലത്തിൽ താഴെത്തട്ടിൽ തന്നെ പലതരം പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇതൊന്നും ജില്ലാ നേതൃത്വം കൃത്യമായി പരിശോധിച്ചില്ല എന്നതാണ് സൂചന. സംസ്ഥാന നേതൃത്വത്തേയും ഇക്കാര്യം ജില്ലാ കമ്മിറ്റി കൃത്യമായി അറിയിച്ചില്ല അതിനാലാണ് അപ്രതീക്ഷിത പ്രതിഷേധം സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചത്. പരമ്പരാഗതമായി സിപിഎം അനുഭാവികളായ കുടുംബങ്ങളിൽ നിന്നുള്ളവരടക്കം സ്ഥാനാർത്ഥി പ്രശ്‌നത്തിൽ തിരിഞ്ഞത് സിപിഎമ്മിന് വെല്ലുവിളിയാണ്.

വളരെ കാലമായി സിപിഎമ്മിൽ പ്രവർത്തിക്കുന്ന പി.നന്ദകുമാർ നേരത്തെ തന്നെ നേതൃതലത്തിൽ സജീവമായി ഇടപെട്ടിരുന്നു വ്യക്തിയാണ്. തുഞ്ചൻ പറമ്പ് കേന്ദ്രീകരിച്ചിരുന്ന അദ്ദേഹം സാംസ്‌കാരികരംഗത്തും സജീവമാണ്. സിപിഎം നേതൃനിരയിലുള്ളവരുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ട്. ഇതെല്ലാമാണ് പൊന്നാനിയിൽ അദ്ദേഹത്തെ സ്ഥാനാർത്ഥിയായി നിശ്ചയിക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചത്. എന്നാൽ നന്ദകുമാർ സ്ഥാനാർത്ഥിയാവും എന്ന് വാർത്ത വന്ന ഘട്ടത്തിൽ തന്നെ ഈ നീക്കത്തിനെതിരെ താഴെത്തട്ടിൽ പ്രതിഷേധമുണ്ടായിരുന്നുവെന്നും പ്രാദേശീക നേതൃത്വം ഇക്കാര്യം ജില്ലാ സമിതിയെ അറിയിച്ചിരുന്നുവെന്നുമാണ് സൂചന. ഈ വികാരം അവഗണിച്ചും അവർ മുന്നോട്ട് പോകുകയായിരുന്നു. സംസ്ഥാന സമിതി നന്ദകുമാറിൻെ പേര് നിർദ്ദേശിക്കപ്പെട്ട ഘട്ടത്തിലും സിദ്ധീഖിന്റെ പേര് ജില്ലാ നേതൃത്വം മുന്നോട്ട് വച്ചില്ലെന്നാണ് സൂചന.

ടി.എം.സിദ്ദീഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെപൂർണ്ണ രൂപം

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പത്രങ്ങളിലും ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും പല വാർത്തകളും പ്രചരിക്കുന്നുണ്ട്. സിപിഐ.എമ്മിന്റെ സ്ഥാനാർത്ഥിപ്പട്ടിക പാർട്ടി സെക്രട്ടറിയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. ആ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്നതാണ് രാഷ്ട്രീയമായ കടമ.

സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിന് സിപിഐ.എമ്മിന് സംഘടനാപരമായ രീതിയുണ്ട്. അതുപ്രകാരമാണ് ഇതുവരെ തീരുമാനങ്ങൾ ഉണ്ടായത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. ആ സംഘടനാരീതി അംഗീകരിക്കാൻ എല്ലാ പാർട്ടി അംഗങ്ങളും ബാധ്യസ്ഥരുമാണ്. പത്രങ്ങളും ചാനലുകളും പ്രചരിപ്പിക്കുന്ന ഊഹാപോഹങ്ങൾ വിഴുങ്ങി അഭിപ്രായം പറയുകയോ നിലപാട് സ്വീകരിക്കുകയോ ചെയ്യേണ്ടവരല്ല അവർ.

പൊന്നാനിയിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് എന്റെ പേരും, ചിത്രങ്ങളും ഉപയോഗിച്ച് ചിലർ പാർട്ടിക്കെതിരെ വിമർശനം ഉയർത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതെല്ലാം പാർട്ടി വിരുദ്ധമാണ് ഇതുവരെ ഏത് ഉത്തവാദിത്തവും ഏറ്റെടുത്തിട്ടുള്ളത് പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട ഘടകങ്ങളുടെ തീരുമാനം അനുസരിച്ചാണ്. 'അരിവാൾ ചുറ്റിക നക്ഷത്രം' അടയാളത്തിൽ ആരു മത്സരിക്കുന്നതും പാർട്ടി തീരുമാനം അനുസരിച്ചാണ്.

മത്സരിക്കണമെന്ന് പാർട്ടി തീരുമാനിച്ചാൽ മത്സരിക്കും. മറ്റു ചുമതലകൾ നിശ്ചയിച്ചാൽ അത് അനുസരിക്കും. ഏതു പാർട്ടി അംഗത്തെയും പോലെ എനിക്കും ബാധകമാണ് ഈ തത്ത്വം. പാർട്ടിയിലെ എന്റെ ചുമതല തീരുമാനിക്കാൻ ഘടകങ്ങളുണ്ട്. അവിടെ തീരുമാനിക്കും.

അതുകൊണ്ട് എന്റെ പേരും ചിത്രവും പാർട്ടി വിരുദ്ധ പ്രചരണത്തിന് ഉപയോഗിക്കരുത്. അഭൂതപൂർവമായ ജനപിന്തുണയാണ് എൽ.ഡി.എഫ് സർക്കാരിനുള്ളത്. തുടർ ഭരണം ഉറപ്പുള്ള രാഷ്ട്രീയ സാഹചര്യം സംസ്ഥാനത്ത് നിലനിൽക്കുകയാണ്. ജനങ്ങളും പാർട്ടി സഖാക്കളും അതിന്റെ ആവേശത്തിലാണ്. ആ ആവേശത്തെ ചോർത്തികളയുന്ന ഒരു പ്രവർത്തനവും, പ്രതികരണവും പാർട്ടി അംഗങ്ങളുടെയോ, സഖാക്കളുടെയോ ഭാഗത്തു നിന്നുണ്ടാകരുത്.

ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രതികരണങ്ങളിൽ നിന്ന് പിന്മാറണമെന്ന് പാർട്ടി അനുഭാവികളോടും, ബന്ധുക്കളോടും പാർട്ടിയെയും മുന്നണിയെയും ഒരു പാർട്ടി പ്രവർത്തകൻ എന്ന പേരിൽ എന്നെയും സ്നേഹിക്കുന്ന സകല മനുഷ്യരോടും അഭ്യർത്ഥിക്കുന്നു...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP