Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയുടെ പേരിൽ ബിജെപി പ്രവർത്തകരെ വേട്ടയാടിയെന്ന് സുഷമ സ്വരാജ്; വിഷയത്തിൽ ബിജെപി സ്വീകരിച്ചത് ഭക്തർക്കൊപ്പമെന്ന അടിയുറച്ച നയം; കോൺഗ്രസിന് ഇപ്പോഴും വ്യക്തതയില്ലെന്നും കേന്ദ്രമന്ത്രി

ശബരിമലയുടെ പേരിൽ ബിജെപി പ്രവർത്തകരെ വേട്ടയാടിയെന്ന് സുഷമ സ്വരാജ്; വിഷയത്തിൽ ബിജെപി സ്വീകരിച്ചത് ഭക്തർക്കൊപ്പമെന്ന അടിയുറച്ച നയം; കോൺഗ്രസിന് ഇപ്പോഴും വ്യക്തതയില്ലെന്നും കേന്ദ്രമന്ത്രി

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: കേരളത്തിൽ വന്ന് ശബരിമലയുടെ പേരുപറയാതെ പോകാനാകില്ലെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുഷമ സ്വരാജ്. അയ്യപ്പന്റെ പേരുപറഞ്ഞതിന് തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത് അത്ഭുതകരമെന്നും സുഷമ സ്വരാജ് പറഞ്ഞു. ശബരിമല വിഷയത്തിൽ അയ്യപ്പഭക്തർക്കൊപ്പം അടിയുറച്ച നയമാണ് ബിജെപി സ്വീകരിച്ചത്.എന്നാൽ ഭക്തരുമായി ഏറ്റുമുട്ടൽ നയമാണ് പിണറായി സർക്കാർ സ്വീകരിച്ചത്.

ശബരിമല വിഷയത്തിൽ കോൺഗ്രസിനെയും സുഷമ സ്വരാജ് കടന്നാക്രമിച്ചു. ശബരിമലയിൽ എന്ത് നിലപാട് എടുക്കണമെന്ന കാര്യത്തിൽ കോൺഗ്രസിന് വ്യക്തതതയില്ല. അതുകൊണ്ടാണ് ഇക്കാര്യം കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ഇല്ലാതെ പോയത് എന്നും അവർ പറഞ്ഞു.

ഇഷ്ടദൈവത്തിന്റെ പേരുപറയാൻ പോലും കഴിയില്ലെ എന്നു ചോദിച്ച സുഷമ സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണയെയും വിമർശിച്ചു. ഇതിന്റെ പേരിൽ നോട്ടീസ് അയച്ച തെരഞ്ഞടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടങ്ങൾ മനസിലാകുന്നില്ലെന്നും സുഷമ പറഞ്ഞു. ഈ വിഷയത്തിൽ ബിജെപി പ്രവർത്തകർ തെരുവിലിറങ്ങി പോരാട്ടം നടത്തി.

ഇതിന്റെ പേരിൽ നമ്മുടെ പാർട്ടി നേതാക്കൾക്കെതിരെ നൂറിലധികം കേസുകളുണ്ടെന്നും പ്രവർത്തകർക്കെതിരെ ആയിരക്കണക്കിന് കേസുകളുണ്ടെന്നും അവരെ വേട്ടയാടിയെന്നും സുഷമസ്വരാജ് ആരോപിച്ചു. ദീർഘമായ പോരാട്ടത്തിന്റെ നാളുകളിലൂടെയാണ് നമ്മൾ കടന്നുപോയത്, ബിജെപി പ്രവർത്തകർ ഇത്തരത്തിലുള്ള അതിക്രമത്തിന് മുന്നിൽ തലകുനിച്ചില്ല എന്നും സുഷമ പറഞ്ഞു.

ശബരിമല വിഷയം ശക്തമായി തന്നെ പ്രചരണ വിഷയമാക്കുകയാണ് ബിജെപി. കേരളത്തിൽ മാത്രമല്ല ദക്ഷിണേന്ത്യയിലാകെ ബിജെപി നേതാക്കൾ ശബരിമല വിഷയവും അതിൽ സംഘപരിവാർ സ്വീകരിച്ച നിലപാടും സംസ്ഥാന സർക്കാരിന്റെ നയവും എടുത്തു പറയുന്നുണ്ട്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലും കർണാടകയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തെരഞ്ഞെടുപ്പ് റാലികളിൽ ഈ വിഷയങ്ങൾ ഉയർത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP