Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള വികസനം നേരിന്റെ പാതയിലാണെന്നതിന്റെ നേർസാക്ഷ്യമാണ് കീഴാറ്റൂർ! എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ കച്ചകെട്ടിയിറങ്ങിയ സകല വികസനവിരുദ്ധരും തോറ്റുമടങ്ങിയ മണ്ണ്! ഒടുവിൽ സുരേഷ് കീഴാറ്റൂരും സിപിഎമ്മിനേട് അടുത്തു; വയൽകിളികൾ കെ റെയിലിനൊപ്പം?

കേരള വികസനം നേരിന്റെ പാതയിലാണെന്നതിന്റെ നേർസാക്ഷ്യമാണ് കീഴാറ്റൂർ! എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ കച്ചകെട്ടിയിറങ്ങിയ സകല വികസനവിരുദ്ധരും തോറ്റുമടങ്ങിയ മണ്ണ്! ഒടുവിൽ സുരേഷ് കീഴാറ്റൂരും സിപിഎമ്മിനേട് അടുത്തു; വയൽകിളികൾ കെ റെയിലിനൊപ്പം?

മറുനാടൻ മലയാളി ബ്യൂറോ

തളിപ്പറമ്പ്: കീഴാറ്റൂർ സമരനായകൻ സുരേഷ് കീഴാറ്റൂർ വീണ്ടും സിപിഎമ്മുകാരനാകും. താമസിയാതെ തന്നെ സുരേഷ് കീഴാറ്റൂരിന് സിപിഎം അഗത്വം നൽകും. പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട സിപിഎം. സംഘാടകസമിതി യോഗത്തിൽ സുരേഷ് കീഴാറ്റൂർ പങ്കെടുത്തിരുന്നു. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് തളിപ്പറമ്പ് ഏരിയാതല സംഘാടകസമിതി രൂപവത്കരണ യോഗത്തിലാണ് കീഴാറ്റൂർ സമരനായകനെത്തിയത്. സിപിഎം. കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി യോഗം ഉദ്ഘാടനംചെയ്തു.

ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ അധ്യക്ഷതവഹിച്ചു. കരിവെള്ളൂർ മുരളി ചെയർമാനും കെ.സന്തോഷ് കൺവീനറുമായ കമ്മിറ്റിയിൽ സുരേഷ് കീഴാറ്റൂർ വൈസ് ചെയർമാന്മാരിൽ ഒരാളാണ്. സിപിഎമ്മുമായി ഇനി സഹകരിക്കുമെന്നതിന്റെ വ്യക്തമായ സൂചന കൂടിയാണ് ഇത്. ഈ മേഖലയിൽ സിപിഎമ്മിൽ വിള്ളലുണ്ടാക്കാൻ സിപിഐ ശ്രമിക്കുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് സുരേഷ് കീഴാറ്റൂരിനെ സിപിഎമ്മും അടുപ്പിക്കുന്നത്.

ദേശീയപാത ബൈപ്പാസ് റോഡിനായി കീഴാറ്റൂർ വയലിൽ മണ്ണിടുന്നതിനെതിേരയാണ് സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിൽ സമരം നയിച്ചത്. വയൽ നികത്തുന്നതിനെതിരേയുള്ള സമരത്തിന് തുടക്കത്തിൽ നേതൃത്വം വഹിച്ച സിപിഎം. പിന്നീട് വഴിമാറിയിരുന്നു. തുടർന്ന് വയൽ കിളികളെന്ന സംഘടന രൂപവത്കരിച്ചിരുന്നു.

1990 മുതൽ സിപിഎം. അംഗമായിരുന്നുവെന്ന് സുരേഷ് കീഴാറ്റൂർ പറഞ്ഞു. വയൽ നികത്തുന്നതിനെതിരേ സമരം നടത്തുമ്പോഴും വികസനത്തിന് എതിരായിരുന്നില്ല. കീഴാറ്റൂർ വയലിൽ ആറ് മീറ്ററോളം ഉയരത്തിൽ മണ്ണിട്ട് റോഡ് നിർമ്മിക്കുന്നതിൽ ഇപ്പോഴും ആശങ്കയുണ്ട്. അതേസമയം കെ-റെയിൽ പദ്ധതിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.

കീഴാറ്റൂരിലെ വികസനം ചർച്ചയാക്കി കെ റെയിൽ വിരുദ്ധരെ നേരിടാനാണ് സിപിഎം തീരുമാനം. ഇതിന് സുരേഷ് കീഴാറ്റൂരിനെ പോലുള്ളവരെ കൂടെ നിർത്തുന്നത് സഹായകമാകുമെന്നാണ് സിപിഎം വിലയിരുത്തുന്നത്. കേരള വികസനം നേരിന്റെ പാതയിലാണെന്നതിന്റെ നേർസാക്ഷ്യമാണ് കീഴാറ്റൂർ എന്ന തരത്തിൽ ദേശാഭിമാനിയിൽ കഴിഞ്ഞ ആഴ്ച ലേഖനം വന്നിരുന്നു. എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ കച്ചകെട്ടിയിറങ്ങിയ സകല വികസനവിരുദ്ധരും തോറ്റുമടങ്ങിയ മണ്ണ് എന്നായിരുന്നു ദേശാഭിമാനിയുടെ വിശേഷണം.

'നന്ദിഗ്രാം' സ്വപ്നം കണ്ടവർക്കുള്ള മറുപടിയാണ് ഈ ഗ്രാമം. ഇച്ഛാശക്തിയുള്ള സർക്കാരും നാടിന്റെ പുരോഗതി ആഗ്രഹിക്കുന്ന ജനങ്ങളും ഒന്നിച്ചാൽ അസാധ്യമായി ഒന്നുമില്ലെന്നത് കീഴാറ്റൂർ അനുഭവപാഠം. വയൽക്കിളികൾ എന്ന പേരിൽ തട്ടിക്കൂട്ടിയ സംഘത്തിൽ ചേക്കേറി യുഡിഎഫും ആർഎസ്എസ്സും ജമാഅത്തെ ഇസ്ലാമിയും ചുട്ടെരിച്ച വയലിൽ ഇപ്പോൾ ഉയർന്നുപറക്കുന്നത് വികസനത്തിന്റെ പതാക. ബിജെപി ബംഗാൾ സംസ്ഥാന പ്രസിഡന്റ് നന്ദിഗ്രാമിൽനിന്ന് കീഴാറ്റൂർവയലിൽ കൊണ്ടിട്ട മണ്ണ് വൃഥാവിലായി.

വയൽക്കിളികൾ തെങ്ങും കവുങ്ങും വാഴയും മാവും വെട്ടിയിട്ടിട്ടും നൂറുകണക്കിന് കരിക്കുകൾ വീടിനുനേരെ പറിച്ചെറിഞ്ഞിട്ടും ദേശീയപാതയ്ക്ക് സ്ഥലം വിട്ടുനൽകാൻ മുന്നിട്ടിറങ്ങിയ പൂക്കോട്ടി ബാലനും ഒറ്റക്കാശ് കിട്ടിയില്ലെങ്കിലും സ്ഥലം നൽകാൻ മനസ്സുകാട്ടിയ കരിക്കൻ യശോദയുമാണ് കീഴാറ്റൂരിന്റെ നായകർ. കീഴാറ്റൂർ വയലിൽ ഒരു സെന്റ് സ്ഥലംപോലുമില്ലാത്ത നമ്പ്രാടത്ത് ജാനകിയെയും 70 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം വാങ്ങിയ കുടുംബത്തിലെ അംഗമായ സുരേഷ് കീഴാറ്റൂരിനെയും വാഴ്‌ത്തിയവർ ബാലന്റെയും യശോദയുടെയും ത്യാഗം കണ്ടില്ല. ആറുവരി ദേശീയ പാതയുടെ കുപ്പം -- കുറ്റിക്കോൽ തളിപ്പറമ്പ് ബൈപ്പാസിന്റെ അടിത്തറ ബാലനെയും യശോദയെയും പോലുള്ളവരാണ്-ഇങ്ങനെയായിരുന്നു ദേശാഭിമാനിയിലെ ആ വാർത്ത. ഇതിന് പിന്നാലെ സുരേഷ് കീഴാറ്റൂരും സിപിഎമ്മുമായി അടുക്കുകയാണ്. ഇതിന്റെ സൂചനയാണ് പാർട്ടി പരിപാടിയിലെ സാന്നിധ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP