Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റിപ്പബ്ലിക് ദിനം കഴിഞ്ഞ് ബിജെപി പ്രവേശനം; പാർട്ടി പറഞ്ഞാൽ മത്സരിക്കും; ശ്രീപത്മനാഭന്റെ സ്വത്ത് ഉപയോഗിച്ച് വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കണമെന്നും സുരേഷ് ഗോപി

റിപ്പബ്ലിക് ദിനം കഴിഞ്ഞ് ബിജെപി പ്രവേശനം; പാർട്ടി പറഞ്ഞാൽ മത്സരിക്കും; ശ്രീപത്മനാഭന്റെ സ്വത്ത് ഉപയോഗിച്ച് വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കണമെന്നും സുരേഷ് ഗോപി

കൊച്ചി: റിപ്പബ്ലിക് ദിനം കഴിഞ്ഞ് ഏതുദിവസവും ബിജെപിയിൽ ചേരുമെന്ന് നടൻ സുരേഷ് ഗോപിയുടെ സ്ഥിരീകരണം. റിപ്പോർട്ടർ ടിവിയുടെ ക്ലോസ് എൻകൗണ്ടർ എന്ന പരിപാടിയിലാണ് ബിജെപിയിൽ ചേരുന്നെന്ന വാർത്ത സുരേഷ് ഗോപി സ്ഥിരീകരിച്ചത്. ചേരേണ്ട ദിവസം ഏതെന്നു മോദി തീരുമാനിക്കും. ബിജെപി പറഞ്ഞാൽ നിയമസഭയിലോ ലോക്‌സഭയിലോ മത്സരിക്കുമെന്നും നടൻ പറഞ്ഞു.

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് ഉപയോഗിക്കണമെന്നും സുരേഷ്‌ഗോപി പറഞ്ഞു. ശ്രീപത്മനാഭന്റെ സ്വത്ത് ഗ്യാരന്റിയാക്കി നിർത്തി പൊതുമേഖലാ ബാങ്കിൽ നിന്ന് വായ്പ എടുക്കണം. അങ്ങനെ വന്നാൽ തുറമുഖത്തിന് ശ്രീപത്മനാഭന്റെ പേര് നൽകണമെന്നും സുരേഷ് ഗോപി പറഞ്ഞു. 7500 കോടി വായ്പ എടുത്താൽ വിഴിഞ്ഞം ജനങ്ങളുടെ പദ്ധതിയാകും. നെടുമ്പാശേരി മോഡലിൽ വിഴിഞ്ഞം നടപ്പാക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ഹിന്ദുക്കൾ മുന്നിട്ടിറങ്ങണമെന്ന് പറഞ്ഞത് ഈ അർത്ഥത്തിലാണെന്നും സുരേഷ്‌ഗോപി ചാനലിൽ പറഞ്ഞു.

അതിനിടെ, സിനിമാ താരം സുരേഷ് ഗോപിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ പറഞ്ഞു. ഇക്കാര്യം സുരേഷ് ഗോപിയുമായി ചർച്ച ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോടു പറഞ്ഞു. തീരുമാനം ഉചിതമായ സമയത്ത് സുരേഷ് ഗോപി പറയുമെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ചാനൽ അഭിമുഖത്തിൽ ബിജെപിയിൽ ചേരുന്ന കാര്യം സുരേഷ് ഗോപി സ്ഥിരീകരിച്ചത്.

ബിജെപി സ്ഥാനാർത്ഥിയായി തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ സുരേഷ് ഗോപി മത്സരിക്കുമെന്ന വിവരം മറുനാടൻ മലയാളി റിപ്പോർട്ടു ചെയ്തിരുന്നു. മറുനാടൻ വാർത്തയ്ക്കു പിന്നാലെ ഇക്കാര്യം സ്ഥിരീകരിച്ച് മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാലും രംഗത്തെത്തിയിരുന്നു. സുനന്ദാ പുഷ്‌കർ കേസിൽ തരൂർ കുടുങ്ങുമെന്നും അതുകൊണ്ട് തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ ബിജെപി സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിരുന്നതായാണ് മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ടു ചെയ്തത്. ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി വെള്ളിത്തിരയിലെ ആക്ഷൻഹീറോ സുരേഷ് ഗോപിയെ മത്സരിപ്പിക്കാനാണ് നീക്കമെന്നും ആദ്യം റിപ്പോർട്ടു ചെയ്തത് മറുനാടൻ മലയാളിയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഒ രാജഗോപാൽ പതിനാലായിരത്തോളം വോട്ടിനാണ് തരൂരിനോട് തോറ്റത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ മണ്ഡലത്തിൽ ജയിക്കാമെന്ന പ്രതീക്ഷയിൽ തന്നെയാണ് ബിജെപി കേന്ദ്ര നേതൃത്വം. സുരേഷ് ഗോപിയുടെ ഗ്ലാമർ കൂടുതൽ നേട്ടമാകുമെന്നാണ് വിലയിരുത്തൽ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിൽ സുരേഷ് ഗോപിയെ മന്ത്രിയാക്കുമെന്നും പ്രചാരണമുണ്ട്. കേന്ദ്രമന്ത്രിയാക്കിയ ശേഷം സുരേഷ് ഗോപിയെ മത്സരിപ്പിക്കണമോ എന്നതിൽ ആശയക്കുഴപ്പമുണ്ട്. അതേ സമയം ജയിച്ചാൽ കേന്ദ്രമന്ത്രിയാക്കുമെന്ന മുദ്രാവാക്യമുയർത്തിയാൽ കൂടുതൽ വോട്ടുകൾ കിട്ടുമെന്ന നിരീക്ഷണവും ഉണ്ട്.

മോദി പ്രധാനമന്ത്രിയായ സാഹചര്യത്തിൽ തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പ് വന്നാൽ ജയിച്ചേ മതിയാകൂ എന്ന നിലപാടും അമിത് ഷാ കേരള ഘടകത്തിന് നൽകിയിട്ടുണ്ട്. ഇതിനായി അമിത് ഷാ നേരിട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സുരേഷ് ഗോപിയും പ്രധാനമന്ത്രി മോദിയുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. മോദിയുടെ രാഷ്ട്രീയ തീരുമാനങ്ങൾ അംഗീകരിക്കുമെന്ന് സുരേഷ് ഗോപിയും വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP