Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നേതാക്കൾ പരസ്യ പ്രസ്താവനയിൽ നിന്നും പിന്മാറണമെന്ന അഭ്യർത്ഥനയുമായി സുധീരൻ; നേതൃമാറ്റം ഒരിടത്തും ചർച്ചയായിട്ടില്ല; കേരളത്തിൽ കുറച്ച് പ്രയാസങ്ങൾ ഉണ്ടെന്ന് സോണിയയെയും രാഹുലിനെയും അറിയിച്ചെന്നും കെപിസിസി പ്രസിഡന്റ്

നേതാക്കൾ പരസ്യ പ്രസ്താവനയിൽ നിന്നും പിന്മാറണമെന്ന അഭ്യർത്ഥനയുമായി സുധീരൻ; നേതൃമാറ്റം ഒരിടത്തും ചർച്ചയായിട്ടില്ല; കേരളത്തിൽ കുറച്ച് പ്രയാസങ്ങൾ ഉണ്ടെന്ന് സോണിയയെയും രാഹുലിനെയും അറിയിച്ചെന്നും കെപിസിസി പ്രസിഡന്റ്

ന്യൂഡൽഹി: കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശനെതിരെ കൊടിക്കുന്നിൽ സുരേഷും കെ സി ജോസഫും ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഗ്രൂപ്പ്‌പോരു മുറുകി പരസ്പരം പരസ്യപ്രസ്താവനകളുമായി നേതാക്കൾ രംഗത്തെത്തിയ സാഹചര്യത്തിൽ അനുനയിപ്പിക്കാൻ സുധീരൻ രംഗത്തെത്തി. നേതാക്കൾ പരസ്യ പ്രസ്താവനയിൽ നിന്നും പിന്മാറണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. എല്ലാ നേതാക്കൾക്കും അഭിപ്രായങ്ങൾ പാർട്ടി വേദികളിൽ പറയാൻ അവസരം ഉണ്ടാക്കാറുണ്ട്. പാർട്ടി വേദികളിൽ പറയുന്നതാണ് ഉചിതം. പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന രീതിയിൽ പരസ്പരം വിമർശനപരമായ രീതിയിൽ അഭിപ്രായപ്രകടനം വരുന്നതു ശരിയല്ലെന്നും സുധീരൻ പറഞ്ഞു.കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെയും കണ്ടശേഷമാണ് സുധീരൻ മാദ്ധ്യമങ്ങളിലൂടെ നേതാക്കളോട് ഈ അഭ്യർത്ഥന നടത്തിയത്.

കേരളത്തിൽ കുറച്ച് പ്രയാസങ്ങൾ ഉണ്ടെന്ന് സോണിയയെയും രാഹുലിനെയും അറിയിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. നേതൃമാറ്റം എന്ന ആവശ്യം ഒരിടത്തും ചർച്ചയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചില മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ മാത്രമാണ് ഇത്. കേരളത്തിൽ വീണ്ടും ഗ്രൂപ്പ് രാഷ്ട്രീയം ശക്തമാകുമെന്ന് കരുതുന്നില്ലെന്നും സുധീരൻ പ്രത്യാശ പ്രകടിപ്പിച്ചു. നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം വിവാദ പരാമർശങ്ങൾ നിർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഇപ്പറഞ്ഞ കാര്യങ്ങൾ നേതാക്കൾ ഉൾക്കൊള്ളുമെന്നാണു പ്രതീക്ഷയെന്നും സുധീരൻ പറഞ്ഞു.

കേരളത്തിൽ സർക്കാരും പാർട്ടിയും തമ്മിൽ പ്രത്യക്ഷമായോ പരോക്ഷമായോ പ്രശ്‌നങ്ങളില്ലെന്ന് സുധീരൻ നേരത്തെ രാഹുലിനെയും സോണിയയെയും അറിയിച്ചിരുന്നു. അഴിമതി ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചിട്ടുള്ള വിഷയങ്ങൾ സ്വാഭാവിക സംഗതികളാണ്. ഉന്നയിക്കുന്ന പ്രശ്‌നങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ട് പരിഹരിക്കുക. പാർട്ടിക്കകത്തോ സർക്കാരിനകത്തോ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളില്ല. ചർച്ച ചെയ്ത് കൂട്ടായ തീരുമാനത്തിലെത്തുകയാണ് പാർട്ടിയുടെ രീതിയെന്നും സുധീരൻ നേരത്തെ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

26ന് കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധി യൂത്ത് കോൺഗ്രസ് റാലിയെ അഭിസംബോധന ചെയ്യും. 27ന് ചാവക്കാട് മത്സ്യ തൊഴിലാളികളുമായി ആശയവിനിമയം നടത്തും. തുടർന്ന് ആലുവ ഗസ്റ്റ് ഹൗസിൽ വച്ച് റബ്ബർ കർഷക പ്രതിനിധികളുമായും മറ്റ് സംഘടന പ്രതിനിധികളുമായും ചർച്ച നടത്തും . കേരളത്തിലെ രാഷ്ട്രീയ സ്ഥിതി ഉപാധ്യക്ഷന്റെ ശ്രദ്ധയിൽ കൊണ്ടുവരിക ഉത്തരവാദിത്തമാണ്. ഇതനുസരിച്ച് രാഹുൽ ഗാന്ധിയെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും സുധീരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP