Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലീഗിനുള്ള പുകഴ്‌ത്തലും നേതാക്കൾക്കുള്ള താക്കീതും പിടിച്ചില്ല; കുബുദ്ധികളുടെ അജണ്ടകളെ തൃപ്തിപ്പെടുത്തിയതിനെതിരെ പരസ്യ പ്രതികരണം; ഐക്യം ഉറപ്പാക്കാനുള്ള സുധീരന്റെ വാക്കുകൾ മലപ്പുറത്തെ കോൺഗ്രസുകാർക്ക് പിടിച്ചില്ല

ലീഗിനുള്ള പുകഴ്‌ത്തലും നേതാക്കൾക്കുള്ള താക്കീതും പിടിച്ചില്ല; കുബുദ്ധികളുടെ അജണ്ടകളെ തൃപ്തിപ്പെടുത്തിയതിനെതിരെ പരസ്യ പ്രതികരണം; ഐക്യം ഉറപ്പാക്കാനുള്ള സുധീരന്റെ വാക്കുകൾ മലപ്പുറത്തെ കോൺഗ്രസുകാർക്ക് പിടിച്ചില്ല

എംപി റാഫി

മലപ്പുറം: 'എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല' എന്ന അവസ്ഥയിലാണ് മലപ്പുറത്തെ കോൺഗ്രസുകാരിപ്പോൾ. കെപിസിസി പ്രസിഡന്റ് വി എം സുധീരൻ മലപ്പുറത്തെ മുന്നണി പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടവുകൾ പലതും പയറ്റിയെങ്കിലും ഫലമുണ്ടായില്ല. ജനരക്ഷാ യാത്രയുടെ മലപ്പുറം ജില്ലാ പര്യടനം അവസാനിച്ചതോടെ ജില്ലയിലെ യു.ഡി.എഫ് തട്ടകങ്ങളിൽ പ്രതീക്ഷ ഉണർത്തിയിരുന്നു.

എന്നാൽ ഈ പ്രതീക്ഷകളെല്ലാം പെട്ടെന്ന് അസ്തമിക്കുകയായിരുന്നു. യു.ഡി.എഫ് മുന്നണിയിൽ വലിയ പൊട്ടിത്തെറി ഉണ്ടാവുമെന്നാണ് മലപ്പുറത്തെ കോൺഗ്രസ് നേതാക്കളിൽ നിന്നു കിട്ടുന്ന വിവരം. ഉടഞ്ഞുപോയ മുന്നണി ബന്ധം പഴയപടി കൂട്ടിച്ചേർക്കാനായി വി എം സുധീരൻ ജില്ലയിലെ പര്യടന യാത്രകളിൽ ലീഗിനെ പുകഴ്‌ത്തിയും കോൺഗ്രസ് നേതാക്കളെ താക്കീത് ചെയ്തും പ്രസംഗിച്ചിരുന്നു. സുധീരന്റെ പ്രസംഗങ്ങൾക്ക് ഏറെ കയ്യടി ലഭിക്കുകയും ചെയ്തു. എന്നാൽ മലപ്പുറത്തെ കെപിസിസി നേതാക്കൾക്ക് ഇതു തീരെ ദഹിച്ചില്ല. ലീഗിനെ പുകഴ്‌ത്തി സംസാരിച്ചതും കോൺഗ്രസ് നേതാക്കളെ പേരുടുത്തു പരാമർശിച്ചുകൊണ്ട് താക്കീത് ചെയ്തതുമാണ് കോൺഗ്രസുകാരെ ചൊടിപ്പിച്ചിരിക്കുന്നത്.

ലീഗ്-കോൺഗ്രസ് പോര് ശക്തമായി നിലനിൽക്കുന്ന മലപ്പുറത്തെ സുധീരന്റെ യാത്ര ഏറെ പ്രതീക്ഷയോടെയായിരുന്നു സംസ്ഥാന യു.ഡി.എഫ് നനേതാക്കളും കണ്ടിരുന്നത്. എന്നാൽ യാത്ര അടുത്ത ജില്ലയിലേക്ക് പ്രവേശിച്ചതോടെ മലപ്പുറത്തെ കോൺഗ്രസിനുള്ളിൽ കലഹം പൊട്ടിപ്പുറപ്പെട്ടു. സാമ്പാർ മുന്നണിയോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന നേതാക്കളുടെ പേരെടുത്ത് പരാമർശിച്ചതും ജനമധ്യത്തിൽ വിചാരണ ചെയ്തതുമാണ് ഒരുവിഭാഗം കോൺഗ്രസുകാർ കലാപക്കൊടി ഉയർത്താൻ കാരണം. എന്നാൽ പാർട്ടിയുടെയും മുന്നണിയുടെയും ഗുണത്തിനു വേണ്ടിയാണ് സംസ്ഥാന അധ്യക്ഷൻ വി എം സുധീരൻ ഇത്തരത്തിലുള്ള വിചാരണകൾ നടത്തിയതെന്നാണ് മറു വിഭാഗത്തിന്റെ വാദം. സുധീരന്റെ കർക്കശ നടപടി കോൺഗ്രസിനു പുതുമുഖം നൽകുകയും പൊതു സമൂഹത്തിന്റെ സ്വീകാര്യത നേടുകയും ചെയ്തിരിക്കെയാണ് പ്രസിഡന്റിനെതിരെ പാർട്ടി അണികളിൽ തന്നെ മുറുമുറുപ്പ് ശക്തമായിരിക്കുന്നത്.

മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ തട്ടകമായ വേങ്ങര നിയോജക മണ്ഡലത്തിലെ സ്വീകരണ കേന്ദ്രമായ എ.ആർ നഗറിൽ നടന്ന സുധീരന്റെ പ്രസംഗമാണ് വിവാദമായത്. ലീഗ്-കോൺഗ്രസ് പോര് അതി ശക്തമായ മണ്ഡലമാണ് വേങ്ങര. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും ലീഗും കോൺഗ്രസും നേർക്കു നേർ മത്സരിച്ചു. ഇടതിനു വേണ്ടി സാമ്പാർ മുന്നണിയോടൊപ്പം ചേർന്ന് പ്രവർത്തിച്ചതിന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായിരുന്ന പിപി സഫീർ ബാബുവിനെതിരെ പുറത്താക്കൽ നടപടി കെപിസിസി നേരത്തെ എടുത്തിരുന്നു. സാമ്പാർ മുന്നണിക്കു വേണ്ടി ഒത്താശ ചെയ്യുന്ന ലീഗ് വിരോധം രക്തത്തിൽ കലർന്ന മറ്റൊരു നേതാവാണ് കെപിസിസി അംഗവും വേങ്ങര മണ്ഡലം യു.ഡി.എഫ് കൺവീനറുമായ പി.എ ചെറീത്.

ഇദ്ദേഹത്തിനെ സ്റ്റേജിലിരുത്തിയായിരുന്നു അതി രൂക്ഷമായി സുധീരൻ വിചാരണ നടത്തിയത്. സിപിഎമ്മുമായി ചേർന്ന് സാമ്പാർ മുന്നണിയുണ്ടാക്കി അധികാര സ്ഥാനങ്ങളിലിരിക്കുന്ന കോൺഗ്രസുകാർ അധികാരമുപേക്ഷിച്ച് കോൺഗ്രസിലേക്ക് തിരിച്ചു വരണമെന്നും അല്ലാത്തപക്ഷം നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി നേതാക്കളടക്കമുള്ളവർക്കെതിരെ നടപടിയെടുക്കുമന്നും സുധീരൻ പ്രസംഗത്തിൽ ചെറീതിനെ വിളിച്ചുകൊണ്ടു പറഞ്ഞിരുന്നു. പറയാനുള്ളത് മുഖത്ത് നോക്കി പറയുന്ന ശീലമാണ് എനിക്കുള്ളതെന്നും അതുകൊണ്ടാണ് ഈ അവസരത്തിൽ ജനങ്ങളുടെ മുന്നിൽ വച്ച് പറഞ്ഞതെന്നും സുധീരൻ വ്യക്തമാക്കിയിരുന്നു.

എന്നാൽ അടുത്ത ദിവസം സാമ്പാർ മുന്നണിയിലേക്ക് പോയ കോൺഗ്രസുകാരും മറ്റു ലീഗ് വിരുദ്ധരും ചേർന്ന് സുധീരനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ തുടങ്ങി. ഏറെ വൈകാതെ സുധീരനെതിരെ മണ്ഡലം യൂത്ത് കോൺഗ്രസിന്റെ പ്രസ്താവനയും എത്തി. ജനരക്ഷാ യാത്രയുടെ അജണ്ടയിലില്ലാത്ത ചില കുബുദ്ധികളുടെ അജണ്ടകളെ തൃപ്തിപ്പെടുത്താൻ വേണ്ടി വേങ്ങരയിലെ മുതിർന്ന കോൺഗ്രസുകാരായ പി.എ ചെറീതിനെയും, പിപി സഫീർ ബാബുവിനെയും പൊതു ജനമധ്യത്തിൽ അവഹേളിച്ച കെപിസിസ പ്രസിഡന്റിന്റെ നടപടിയിൽ പ്രതിഷേധമറിയിച്ചായിരുന്നു യൂത്തിന്റെ വാർത്താകുറിപ്പ്.

ഇതുകൊണ്ടും കോൺഗ്രസുകാർ അടങ്ങാൻ തയ്യാറായില്ല. വി എം സുധീരന്റെ കോലം കത്തിക്കണമെന്ന പിടി വാശിയിലായിരുന്നു ഇവർ. എന്നാൽ മുതിർന്ന നേതാക്കൾ ഇടപെട്ട് ഈ നടപടി തടയുകയായിരുന്നു. എറ്റവും ഒടുവിൽ വി എം സുധീനോടുള്ള പ്രതിഷേധ സൂചകമായി കെപിസിസി അംഗം പി.എ ചെറീത് നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനർ സ്ഥാനം രാജി വച്ചതായും വാർത്താകുറിപ്പിറക്കി. ഇതോടെ മുന്നണി ബന്ധം കൂട്ടിച്ചേർക്കാൻ വന്ന സുധീരന് സ്വന്തം അണികളിൽ നിന്നും കനത്ത പ്രഹരമേൽക്കേണ്ട അവസ്ഥയായി. അണികളെ പിടിച്ചു നിർത്തുന്നതിന്റെ ഭാഗമായും അധികാര സ്ഥാനങ്ങളിലെ ലീഗിന്റെ മേധാവിത്വവുമാണ് ലീഗ് വിരുദ്ധരായ കോൺഗ്രസുകാരെ മലപ്പുറത്തെ കെട്ടിപ്പടുത്തിരുന്നത്.

സുധീരന്റെ ഇടപെടൽ ലീഗിന് തെല്ലൊരു ആശ്വാസം പകർന്നെങ്കിലും വീണ്ടും പോരിനുള്ള സാഹചര്യം ഉടലെടുത്തിരിക്കുകയാണ്. വിട്ടു നിൽക്കുന്ന കോൺഗ്രസുകാർ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ലീഗിനെതിരെ പ്രവർത്തിക്കുമെന്നാണ് അറിയുന്നത്. മാത്രമല്ല നിയമസഭയിലേക്ക് ലീഗ് സ്ഥാനാർത്ഥിക്കെതിരെ കോൺഗ്രസുകാർ മറ്റൊരു സ്ഥാനാർത്ഥിയെ നിർത്താനും പദ്ധതിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP