Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കണ്ണൂർ കോർപ്പറേഷൻ മേയർസ്ഥാനം ആദ്യ ആറു മാസം കോൺഗ്രസ് കൈവശം വെക്കും; പിന്നീടുള്ള ആറ് മാസക്കാലം മുസ്ലിംലീഗും; വനിതാ സംവരണമായ മേയർ സ്ഥാനത്തേക്ക് ഊഴംവെച്ച് ഭരിക്കാൻ സുമാ ബാലകൃഷ്ണനും സി സീനത്തും; ഡെപ്യൂട്ടി മേയർ പി കെ രാഗേഷിനെ മറുകണ്ടം ചാടിച്ച് അവിശ്വാസം കൊണ്ടുവരാൻ നടപടി തുടങ്ങി യുഡിഎഫ്; ഇടയ്ക്ക് ഉടക്കുവെച്ച ലീഗിനെ അനുനയിപ്പിച്ചത് കെ സുധാകരൻ

കണ്ണൂർ കോർപ്പറേഷൻ മേയർസ്ഥാനം ആദ്യ ആറു മാസം കോൺഗ്രസ് കൈവശം വെക്കും; പിന്നീടുള്ള ആറ് മാസക്കാലം മുസ്ലിംലീഗും; വനിതാ സംവരണമായ മേയർ സ്ഥാനത്തേക്ക് ഊഴംവെച്ച് ഭരിക്കാൻ സുമാ ബാലകൃഷ്ണനും സി സീനത്തും; ഡെപ്യൂട്ടി മേയർ പി കെ രാഗേഷിനെ മറുകണ്ടം ചാടിച്ച് അവിശ്വാസം കൊണ്ടുവരാൻ നടപടി തുടങ്ങി യുഡിഎഫ്; ഇടയ്ക്ക് ഉടക്കുവെച്ച ലീഗിനെ അനുനയിപ്പിച്ചത് കെ സുധാകരൻ

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയർ ഇ.പി. ലതക്കെതിരെ അവിശ്വാസം കൊണ്ടുവരാനുള്ള നടപടി യു.ഡി.എഫ് ആരംഭിച്ചു. അടുത്താഴ്ച തന്നെ കൗൺസിലിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകും. വനിതാ സംവരണമായ മേയർ സ്ഥാനത്തേക്ക് കെപിസിസി. ജനറൽ സെക്രട്ടറി സുമാ ബാലകൃഷ്ണനാണ് ആദ്യത്തെ ഊഴം. ആദ്യത്തെ ആറ് മാസം കഴിഞ്ഞാൽ മുസ്ലിം ലീഗിന് മേയർ സ്ഥാനം കൈമാറണം. മുസ്ലിം ലീഗിലെ സി.സീനത്തിനാണ് പിന്നീടുള്ള ആറ് മാസക്കാലത്തെ മേയർ പദവി. ആദ്യത്തെ ആറ് മാസം മുസ്ലിം ലീഗിന് മേയർ പദവി വേണമെന്ന ആവശ്യം ലീഗിനകത്ത് ശക്തമാണെങ്കിലും ഭരണമാറ്റത്തിന് വേണ്ടി തൽക്കാലം വിട്ടുവീഴ്ച ചെയ്യണമെന്ന ആവശ്യം അംഗീകരിക്കപ്പെടുകയായിരുന്നു.

ഡപ്യൂട്ടി മേയർ പി.കെ. രാഗേഷുമായി കെ. സുധാകരൻ എം. പി.യുടെ നേതൃത്വത്തിലുള്ളവർ കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലാണ് കണ്ണൂർ കോർപ്പറേഷൻ തിരിച്ച് പിടിക്കാൻ ആത്യന്തികമായി തീരുമാനിച്ചത്. ചരിത്രത്തിലിന്നുവരെ കണ്ണൂർ നഗരസഭ ഭരിച്ചത് കോൺഗ്രസ്സും കോൺഗ്രസ്സ് നയിക്കുന്ന മുന്നണിയുമായിരുന്നു. എന്നാൽ മുനിസിപ്പാലിറ്റിയിൽ നിന്നും കോർപ്പറേഷൻ പദവി കൈവന്നപ്പോൾ കെ. സുധാകരനും പി.കെ. രാഗേഷും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് എൽ.ഡി.എഫിന് ഭരണത്തിലെത്താൻ കഴിഞ്ഞത്.

കോൺഗ്രസ് നിയന്ത്രണത്തിലുള്ള പള്ളിക്കുന്ന് സഹകരണ ബാങ്കിലെ തർക്കം, ഒരുകാലത്ത് ഒരേ ചേരിയിലായിരുന്ന പി.കെ രാഗേഷും കെ സുധാകരനും തമ്മിൽ തെറ്റാൻ കാരണമായി. ലീഗിനെതിരേ രാഗേഷ് വിഭാഗം ശക്തമായി നിലകൊണ്ടതോടെ കോൺഗ്രസ് രാഗേഷിനും അനുയായികൾക്കും സീറ്റ് നിഷേധിക്കുകയും ചെയ്തു. എന്നാൽ, ഏവരെയും ഞെട്ടിച്ച് വിമതനായി മത്സരിച്ച പി.കെ രാഗേഷ് വിജയിക്കുകയും യു.ഡി.എഫിനും എൽ.ഡി.എഫിനും തുല്യമായ സീറ്റുകൾ ലഭിക്കുകയുമായിരുന്നു. ഇതോടെ ഭരണം പിടിക്കാൻ രാഗേഷിന്റെ പിന്തുണ ആവശ്യമായി വന്നു.

എന്നാൽ, കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യാതിരുന്നതോടെ, മേയർ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പിന്തുണച്ച് പി.കെ രാഗേഷ് ഡെപ്യൂട്ടി മേയർ പദവിയിലെത്തി. ഒടുവിൽ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ സുധാകരൻ തന്നെ നേരിട്ട് പി.കെ രാഗേഷുമായി ചർച്ച നടത്തി തന്നെ പിന്തുണയ്ക്കുന്ന ഐക്യജനാധിപത്യ സംരക്ഷണ സമിതിയെ യു.ഡി.എഫിനൊപ്പം കൂട്ടി. ഇതോടെയാണ് മഞ്ഞുരുക്കം തുടങ്ങിയത്. എന്നാൽ, ഭരണമാറ്റമുണ്ടായാൽ മേയർ പദവി പങ്കിടണമെന്നും ആദ്യടേം ആർക്കു നൽകണമെന്നതും സംബന്ധിച്ച് ലീഗ്-കോൺഗ്രസ് പാർട്ടികൾ തമ്മിൽ ധാരണയാവാത്തതിനാൽ തീരുമാനം വൈകുകയായിരുന്നു. ഇതിനിടെയാണ് ജില്ലാ ലീഗ് നേതൃത്വം ചേർന്ന് അനുകൂല തീരുമാനത്തിലെത്തിയത്.

കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് വിമതനായ പി.കെ. രാഗേഷ് കെ. സുധാകരനെ വെല്ലുവിളിച്ചാണ് മത്സരത്തിനിറങ്ങിയത്. യു.ഡി.എഫിന്റെ മൊത്തം എതിർപ്പിനെ അവഗണിച്ച് മത്സരിച്ച രാഗേഷ് പള്ളിക്കുന്ന് ഡിവിഷനിലെ പഞ്ഞിക്കാ വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അതോടെ യു.ഡി.എഫിനും എൽ.ഡി.എഫിനും 27 വീതം അംഗങ്ങളുള്ള കോർപ്പറേഷനിൽ രാഗേഷിന് ഡപ്യൂട്ടി മേയർ സ്ഥാനം നൽകി എൽ.ഡി.എഫ് അധികാരത്തിലെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP