Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടാൻ ശുപാർശ; തീരുമാനം കോവിഡ് വ്യാപനം കൂടി കണക്കിലെടുത്ത്; സ്വയം സാക്ഷ്യപ്പെടുത്തി കെട്ടിട നിർമ്മാണാനുമതിക്കായി നിയമം ഭേദഗതി ചെയ്യാൻ ഓർഡിനൻസ്; സർക്കാർ ജീവനക്കാരുടെ പുതുക്കിയ ശമ്പളം ഏപ്രിൽ ഒന്നു മുതൽ: മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടാൻ ശുപാർശ; തീരുമാനം കോവിഡ് വ്യാപനം കൂടി കണക്കിലെടുത്ത്; സ്വയം സാക്ഷ്യപ്പെടുത്തി കെട്ടിട നിർമ്മാണാനുമതിക്കായി നിയമം ഭേദഗതി ചെയ്യാൻ ഓർഡിനൻസ്; സർക്കാർ ജീവനക്കാരുടെ പുതുക്കിയ ശമ്പളം ഏപ്രിൽ ഒന്നു മുതൽ: മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാൻ പി.എസ്.സിയോട് ശുപാർശ ചെയ്യാനാണ് തീരുമാനം. 2021 ഫെബ്രുവരി 3-നും 2021 ഓഗസ്റ്റ് 2-നും ഇടയ്ക്ക് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി 2021 ഓഗസ്റ്റ് 3 വരെ ദീർഘിപ്പിക്കാനാണ് ശുപാർശ.

കോവിഡ് വ്യാപനം കാരണം പി.എസ്.സി പരീക്ഷകൾ നടത്തുന്നതിലെ സമയക്രമത്തിൽ വ്യത്യാസം വന്നിട്ടുണ്ട്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് കൂടുതൽ സമയമെടുക്കുന്ന സ്ഥിതിയും വന്നു. സമീപകാലത്ത് സൃഷ്ടിച്ച തസ്തികകളിലേക്ക് പി.എസ്.സി വഴി നിയമനം നടത്തുന്നതിനുള്ള കാലതാമസം കൂടി പരിഗണിച്ചാണ് കാലാവധി നീട്ടുന്ന കാര്യം സർക്കാർ പരിശോധിച്ചത്.

സ്വയം സാക്ഷ്യപ്പെടുത്തി കെട്ടിടം നിർമ്മിക്കാം; നിയമം ഭേദഗതി ചെയ്യാൻ ഓർഡിനൻസ്

കെട്ടിടനിർമ്മാണ അനുമതി നൽകുന്നത് ത്വരിതപ്പെടുത്തുന്നതിന് പഞ്ചായത്ത്-മുനിസിപ്പൽ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കുവാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.

സ്ഥലം ഉടമയുടെയും പ്ലാൻ തയ്യാറാക്കി സമർപ്പിക്കാൻ അധികാരപ്പെട്ട എംപാനൽഡ് ലൈസൻസിയുടെയും (ആർക്കിടെക്ട്, എഞ്ചിനീയർ, ബിൽഡിങ് ഡിസൈനർ, സൂപ്പർവൈസർ അല്ലെങ്കിൽ ടൗൺ പ്ലാനർ) സാക്ഷ്യപത്രത്തിന്മേൽ നിർമ്മാണം ആരംഭിക്കാൻ കഴിയുന്ന വിധത്തിലാണ് നിയമ ഭേദഗതി വരുന്നത്. പ്ലാൻ ലഭിച്ചുകഴിഞ്ഞാൽ തദ്ദേശഭരണ സ്ഥാപന സെക്രട്ടറി അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കകം കൈപ്പറ്റ് സാക്ഷ്യപത്രം നൽകണം. ഈ രേഖ നിർമ്മാണ പെർമിറ്റായും കെട്ടിട നിർമ്മാണം ആരംഭിക്കുന്നതിനുള്ള അനുവാദമായും കണക്കാക്കുന്ന വ്യവസ്ഥകൾ കരട് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്വയം സാക്ഷ്യപ്പെടുത്തൽപത്രം നൽകുന്ന ഉടമയോ ലൈസൻസിയോ നൽകുന്ന വിവരങ്ങൾ തെറ്റാണെന്ന് പിന്നീട് കണ്ടെത്തിയാൽ പിഴ ചുമത്താനും ലൈസൻസിയുടെ ലൈസൻസ് റദ്ദാക്കാനും നിർദിഷ്ട നിയമത്തിൽ വ്യവസ്ഥയുണ്ട്.

100 ചതുരശ്രമീറ്റർ വരെ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് 2 ലക്ഷം രൂപ വീതവും 200 ചതുരശ്രമീറ്റർ വരെ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് 4 ലക്ഷം രൂപ വീതവും 300 ചതുരശ്രമീറ്റർ വരെ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് 6 ലക്ഷം രൂപ വീതവുമാണ് പിഴ.

കെട്ടിടത്തിന്റെ പ്ലാനും സൈറ്റ് പ്ലാനും നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും നിയമാനുസൃതമായ മറ്റ് വ്യവസ്ഥകൾക്കും അനുസൃതമാണെന്ന് കെട്ടിട ഉടമസ്ഥനും എംപാസൽഡ് ലൈസൻസിയും സംയുക്തമായാണ് സാക്ഷ്യപത്രം നൽകേണ്ടത്.

എ) 7 മീറ്ററിൽ കുറവ് ഉയരവും 2 നിലവരെയും 300 ചതുരശ്ര മീറ്ററിൽ കുറവ് വിസ്തൃതിയുമുള്ള വീടുകൾക്ക് നിർദിഷ്ട ഭേദഗതി ബാധകമായിരിക്കും.

ബി) 7 മീറ്ററിൽ കുറവ് ഉയരവും 2 നിലവരെയും 200 ചതുരശ്ര മീറ്ററിൽ കുറവ് വിസ്തൃതിയുമുള്ള ഹോസ്റ്റൽ, അനാഥാലയങ്ങൾ, ഡോർമിറ്ററി, വൃദ്ധ സദനം, സെമിനാരി, മതപരമായ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ എന്നിവയ്ക്കും ഇത് ബാധകമാണ്.

സി) 7 മീറ്ററിൽ കുറവ് ഉയരവും 2 നിലവരെയും 100 ചതുരശ്രമീറ്ററിൽ കുറവ് വിസ്തൃതിയുമുള്ള വാണിജ്യ കെട്ടിടങ്ങൾ, അപകട സാധ്യതയില്ലാത്ത വ്യവസായ കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണവും സ്വയം സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ആരംഭിക്കുവാൻ കഴിയും.

കെട്ടിട നിർമ്മാണങ്ങൾക്ക് തദ്ദേശ ഭരണസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ 30 ദിവസത്തിനകം തീരുമാനമെടുക്കണമെന്നത് 15 ദിവസമായി കുറച്ച് പഞ്ചായത്ത് -നഗര നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പുതുക്കിയ ശമ്പളം ഏപ്രിൽ ഒന്നു മുതൽ

പതിനൊന്നാം ശമ്പളകമ്മീഷൻ ശുപാർശ പ്രകാരമുള്ള പുതുക്കിയ ശമ്പളവും അലവൻസുകളും ഏപ്രിൽ ഒന്നു മുതൽ വിതരണം ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. പുതുക്കിയ ക്ഷാമബത്ത 2019 ജൂലായ് ഒന്നു മുതൽ പ്രാബല്യത്തോടെ നടപ്പാക്കും. കമ്മീഷൻ ശുപാർശ ചെയ്ത അലവൻസുകൾക്ക് 2021 മാർച്ച് ഒന്നുമുതൽ പ്രാബല്യമുണ്ടാകും.

ആരോഗ്യമേഖലയിൽ മാത്രം കമ്മീഷൻ പ്രത്യേകമായി ശുപാർശ ചെയ്ത സ്‌കെയിൽ അനുവദിക്കും. ഇതര മേഖലകളിൽ ശമ്പള കമ്മീഷൻ ശുപാർശ ചെയ്ത സ്‌കെയിലുകൾ, കാരിയർ അഡ്വാൻസ്മെന്റ് സ്‌കീം മുതലായവ സംബന്ധിച്ച് സെക്രട്ടറിതല സമിതിയുടെ പരിശോധനയ്ക്ക് ശേഷം വിശദമായ ഉത്തരവ് പുറപ്പെടുവിക്കും. ഈ വിഷയങ്ങൾ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകുന്നതിന് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കും ഈ സമിതിയുടെ കൺവീനർ.

പെൻഷൻ പുതുക്കുന്നത് സംബന്ധിച്ച തീരുമാനം ധനകാര്യവകുപ്പിന്റെ വിശദമായ റിപ്പോർട്ട് പരിഗണിച്ച ശേഷം എടുക്കും.

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി രൂപീകരിക്കാൻ ഓർഡിനൻസ്

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലും നഗര പ്രദേശങ്ങളിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും തൊഴിലെടുക്കുന്നവരുടെ ക്ഷേമത്തിന് ക്ഷേമനിധി രൂപീകരിക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു.

അറുപത് വയസ്സു പൂർത്തിയാക്കിയവരും അറുപത് വയസ്സുവരെ തുടർച്ചയായി അംശദായം അടച്ചവരുമായ തൊഴിലാളികൾക്ക് പെൻഷൻ നൽകുന്നതിനും അംഗം മരണപ്പെട്ടാൽ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നതിനും ബില്ലിൽ വ്യവസ്ഥയുണ്ട്. ക്ഷേമനിധിയിൽ അംഗമായി ചേരുന്ന ഓരോ തൊഴിലാളിയും പ്രതിമാസം 50 രൂപ അംശദായം അടയ്ക്കണം. തൊഴിലാളികളുടെ എണ്ണത്തിനും തൊഴിൽ ദിനത്തിനും അനുസരിച്ച് നിശ്ചിത തുക ഗ്രാന്റായോ അംശദായമായോ സർക്കാർ ക്ഷേമനിധിയിലേക്ക് നൽകും. 18 വയസ്സ് പൂർത്തിയായവർക്കും 55 വയസ്സ് തികയാത്തവർക്കും അംഗത്വമെടുക്കാം.

കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്ററിലെ ഭരണ സാങ്കേതിക വിഭാഗം ജീവനക്കാരുടെ പെൻഷൻ പ്രായം 55 ൽ നിന്ന് 56 ആയി ഉയർത്താൻ തീരുമാനിച്ചു.

ഒ.ബി.സി സംവരണം

സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ സമർപ്പിച്ച ശുപാർശ അംഗീകരിച്ച് ക്രിസ്ത്യൻ മതവിഭാഗത്തിൽ എസ്‌ഐ.യു.സി ഒഴികെയുള്ള നാടാർ സമുദായങ്ങൾക്ക് ഒ.ബി.സി സംവരണം നൽകാൻ തീരുമാനിച്ചു. നിലവിൽ നാടാർ സമുദായത്തിൽപ്പെട്ട ഹിന്ദു, എസ്‌ഐ.യു.സി-ക്രിസ്ത്യൻ വിഭാഗങ്ങൾക്കുള്ള സംവരണത്തെ ബാധിക്കാതെയാണ് ഇത് നടപ്പാക്കുക.

സംരക്ഷിത അദ്ധ്യാപകരെ പുനർവിന്യസിക്കും

നിലവിലുള്ള മുഴുവൻ സംരക്ഷിത അദ്ധ്യാപകരെയും എയ്ഡഡ് സ്‌കൂളുകളിൽ പുനർവിന്യസിച്ച് സംരക്ഷണം നൽകുന്നതിനുള്ള നിബന്ധനകൾ മന്ത്രിസഭായോഗം അംഗീകരിച്ചു. ഇതിന് അദ്ധ്യാപക ബാങ്ക് പുതുക്കുന്നതിനുള്ള സോഫ്റ്റ്‌വേർ 'കൈറ്റ'് വികസിപ്പിക്കും.

നിലവിലുള്ള മുഴുവൻ സംരക്ഷിത അദ്ധ്യാപകരെയും എയിഡഡ് സ്‌കൂളുകളിൽ നിയമിക്കുമെന്ന ഉറപ്പിന്മേൽ ഇതിനകം വ്യവസ്ഥാപിത തസ്തികകളിൽ നിയമിക്കപ്പെട്ട യോഗ്യതയുള്ള മുഴുവൻ അദ്ധ്യാപകരുടെയും നിയമനം ഇത് സംബന്ധിച്ച കോടതി കേസുകൾക്ക് വിധേയമായി ചട്ട വ്യവസ്ഥകളിൽ താൽക്കാലിക ഇളവ് നൽകി അംഗീകരിക്കും.

മുൻഗണനേതര കാർഡുകൾക്ക് കൂടുതൽ അരി

സംസ്ഥാനത്തെ മുൻഗണനേതര വിഭാഗം റേഷൻ കാർഡുകാർക്ക് 2021 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 10 കിലോഗ്രാം വീതം അരി കിലോഗ്രാമിന് 15 രൂപ നിരക്കിൽ വിതരണം ചെയ്യാൻ തീരുമാനിച്ചു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിർമ്മാണം സംബന്ധിച്ച ആർബിട്രേഷനു വേണ്ടി റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫിനെ കേരള സർക്കാരിനെ പ്രതിനിധാനം ചെയ്യുന്ന ആർബിട്രേറ്ററായി നിയമിക്കാൻ തീരുമാനിച്ചു.

കോഫി പാർക്കിന് സ്ഥലമെടുക്കുന്നു

വയനാട് ജില്ലയിൽ കാർബൺ ന്യൂട്രൽ കോഫി പാർക്ക് സ്ഥാപിക്കുന്നതിന് വാരിയാട് എസ്റ്റേറ്റിലെ (ചെമ്പ്രാ പീക്ക്) 102.6 ഏക്ര ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചു.

തസ്തികകൾ

മാഞ്ഞൂർ (കോട്ടയം) വളവുപച്ച / ചിതറ (കൊല്ലം റൂറൽ) പൊലീസ് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാക്കുന്നതിന് 36 തസ്തികകൾ വീതം (ആകെ 72) സൃഷ്ടിക്കാൻ തീരുമാനിച്ചു.

പത്തനംതിട്ട ജില്ലയിലെ അടൂർ അമ്മകണ്ടകര സാറ്റലൈറ്റ് ക്ഷീര പരിശീലന കേന്ദ്രം, ഡയറി എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് സെന്റർ ആയി ഉയർത്തുന്നതിന് 4 സ്ഥിരം തസ്തികകളും ദിവസവേതന അടിസ്ഥാനത്തിൽ 3 തസ്തികകളും സൃഷ്ടിക്കാൻ തീരുമാനിച്ചു.

കെ.എസ്.ഡി.പിയുടെ മാനേജിങ് ഡയറക്ടറായി എസ്. ശ്യാമളയെ നിയമിക്കാൻ തീരുമാനിച്ചു. കെല്ലിൽ ഡെപ്യൂട്ടി ജനറൽ മാനേജരായ അവർ ഇപ്പോൾ ഡെപ്യൂട്ടേഷനിൽ കെ.എസ്.ഡി.പി. എം.ഡിയായി സേവനമനുഷ്ഠിക്കുകയാണ്. 2021 ഏപ്രിൽ 30 മുതൽ രണ്ടു വർഷത്തേക്കാണ് നിയമനം.

ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ചു ലക്ഷം

108 ആംബുലൻസിന് തീ പിടിച്ച് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് നാശനഷ്ടമുണ്ടായ കുട്ടനാട് നേത്ര ഒപ്ടിക്കൽസ് ഉടമ ചാവേലിൽ വീട്ടിൽ മഞ്ചു മഞ്ചേഷിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ചു ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചു.

ആർബിട്രേഷൻ കോടതി

ഗവൺമെന്റ് കരാറുകളിൽ സർക്കാരുമായോ മറ്റേതെങ്കിലും കക്ഷിയുമായോ ഉള്ള തർക്കം പരിഹരിക്കുന്നതിന് ആർബിട്രേഷൻ കോടതിയായി ജില്ലാ കോടതി സ്ഥാപിക്കുന്നതിന് തീരുമാനിച്ചു.

ശമ്പളം പരിഷ്‌കരിക്കും

യൂണൈറ്റഡ് ഇലക്ട്രിക്കൽസ് ലിമിറ്റഡിലെ ഓഫീസർമാരുടെ ശമ്പളം പരിഷ്‌കരിക്കാൻ തീരുമാനിച്ചു. ഈ കമ്പനിയിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും ദീർഘകാല കരാർ 2011 ജനുവരി ഒന്നു മുതൽ പ്രാബല്യത്തോടെ നടപ്പാക്കാനും തീരുമാനിച്ചു.

കേരള സംസ്ഥാന വെയർഹൗസിങ് കോർപ്പറേഷനിലെ അംഗീകൃത തസ്തികകളിൽ ജോലി ചെയ്യുന്നവരുടെ ശമ്പളം പരിഷ്‌കരിക്കാൻ തീരുമാനിച്ചു.

ട്രാക്കോ കേബിൾ ലിമിറ്റഡിലെ തൊഴിലാളികളുടെ ദീർഘകാല കരാർ 2016 ഏപ്രിൽ 1 പ്രാബല്യത്തോടെ നടപ്പാക്കാൻ തീരുമാനിച്ചു.

കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡിലെ ഐഡി ആക്ടിനു പരിധിയിൽ വരുന്ന ജീവനക്കാരുടെ ദീർഘകാല കരാർ നടപ്പാക്കാൻ തീരുമാനിച്ചു.

സർക്കാർ ഐടി പാർക്കുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജോൺ എം. തോമസിനെ (കോട്ടയം) മൂന്നു വർഷത്തേക്ക് നിയമിക്കാൻ തീരുമാനിച്ചു.

ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിന് ലോവസ്റ്റ് ബിഡ്ഡറായ മേരിമാതാ ഇൻഫ്രാസ്ട്രക്ച്ചർ എന്ന കമ്പനിക്ക് 32.6 കോടി രൂപയ്ക്ക് കരാർ നൽകുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചു.

കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി തപൻ രായഗുരുവിനെ മൂന്നു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ തീരുമാനിച്ചു.

സ്ഥിരപ്പെടുത്തും

സി-ഡിറ്റിലെ താൽക്കാലിക തസ്തികകളിൽ പത്തു വർഷത്തിലധികമായി ജോലി ചെയ്യുന്ന 114 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചു.

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാനായി സുനിൽ ചാക്കോയെ (സിയാൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ) നിയമിക്കാൻ തീരുമാനിച്ചു.

കയർ മേഖലയിൽ പുനരുദ്ധാരണം

കയർമേഖലയിലെ സ്ഥാപനങ്ങളുടെ പുനരുദ്ധാരണം പഠിച്ച് ശുപാർശ സമർപ്പിക്കുന്നതിന് മുൻ കയർ സ്പെഷ്യൽ സെക്രട്ടറി എൻ. പത്മകുമാറിനെ ഒരു വർഷത്തേക്ക് നിയമിക്കാൻ തീരുമാനിച്ചു.

കുട്ടികളുടെ പാർക്കിന് ക്യാപ്റ്റൻ ലക്ഷ്മിയുടെ പേര്

കനകക്കുന്ന് കൊട്ടാരത്തിന് എതിർവശം വാട്ടർ അഥോറിറ്റിയുടെ സ്ഥലത്തുള്ള കുട്ടികളുടെ പാർക്കിന് സ്വാതന്ത്ര്യസമര സേനാനിയും ഐ.എൻ.എ വനിതാ റെജിമെന്റിന്റെ ക്യാപ്റ്റനുമായിരുന്ന ലക്ഷ്മിയുടെ പേര് നൽകാൻ തീരുമാനിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മദിനത്തോടെനുബന്ധിച്ചാണ് പാർക്കിന് ക്യാപ്റ്റൻ ലക്ഷ്മിയുടെ പേര് നൽകുന്നത്.

25 ഓർഡിനൻസുകൾ പുനർവിളംബരം ചെയ്യും

നിയമസഭാ സമ്മേളന കാലാവധി അവസാനിച്ചതിനാൽ നിലവിലുള്ള 25 ഓർഡിനൻസുകൾ പുനർവിളംബരം ചെയ്യാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. ഇതു കൂടാതെ ഒരു ഓർഡിനൻസ് ഭേദഗതികളോടെ പുനർവിളംബരം ചെയ്യും. രണ്ട് ഓർഡിനൻസുകൾ സംയോജിപ്പിച്ചുകൊണ്ട് നാലു ഓർഡിനൻസുകൾ പുനർവിളംബരം ചെയ്യാനും മന്ത്രിസഭ ശുപാർശ ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP