Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202105Friday

എംഎൽഎയും ആയില്ല; ആജീവനാന്ത വിലക്കും നീങ്ങിയില്ല; ബിജെപിയും മോദിയും കൈവിട്ടതോടെ കേരള ഘടകവും കൂട്ടിനില്ല; ബിസിസിഐയുടെ വിലക്ക് ഉടനൊന്നും മാറില്ല; ക്രിക്കറ്റിലും രാഷ്ട്രീയത്തിലും ശ്രീശാന്തിന്റെ ഭാവി തുലാസിൽ

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീ ശാന്തിനെ ബിജെപി കേന്ദ്ര ഘടകവും കേരള ഘടകവും കൈവിട്ടുവെന്ന ആക്ഷേപം ശക്തമാകുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടതോടെ ശ്രീശാന്തിനെ ബിജെപി കേന്ദ്രനേതൃത്വവും നരേന്ദ്ര മോദി സർക്കാരും കൈവിട്ടുവെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് ജയിക്കുകയോ, മികച്ച മത്സരം കാഴ്ചവയ്ക്കുകയോ ചെയ്താൽ ചില കാര്യങ്ങൾ ചെയ്തുതരാമെന്ന് ഉറപ്പാക്കിയിട്ടാണ് കേരളത്തിൽനിന്ന് ഉയർന്നുവന്ന ഇന്ത്യയുടെ താരം എസ് ശ്രീശാന്ത് ബിജെപി പാളയത്തിലേക്ക് ചുവടുവച്ചത്. അപ്രതീക്ഷിതമായി നേമം മണ്ഡലത്തിലൂടെ കേരളത്തിൽ അക്കൗണ്ട് തുറന്നുവെങ്കിലും ഇന്ത്യൻ യുവത്വത്തിന്റെ പ്രതീകമായി ബിജെപി കേരളത്തിൽ ഉയത്തിക്കാട്ടിയ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പരാജയം അദ്ദേഹത്തിന്റെ കായിക ഭാവിതന്നെ അവതാളത്തിലാക്കിയെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വമാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പേര് നിർദ്ദേശിച്ചത്. എന്നാൽ ഈ നിർദ്ദേശത്തോട് ആദ്യം ശ്രീശാന്ത് അനുഭാവം പ്രകടിപ്പിച്ചിരുന്നില്ല. പക്ഷേ, ഐപിഎൽ വാതുവയ്‌പ്പ് കേസിൽ ആരോപണവിധേയനായി ക്രിക്കറ്റ് ലോകത്തുനിന്ന് പുറത്താക്കപ്പെട്ട ശ്രീശാന്ത് ഒരു പിടിവള്ളിയായി ബിജെപിയുടെ ക്ഷണം സ്വീകരിക്കുകയായിരുന്നു. രാജ്യാന്തര ക്രിക്കറ്റിലേക്ക് തന്റെ കടന്നുവരവ്, അല്ലെങ്കിൽ ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കൽ എന്നിവയിൽ ഒന്ന് തരപ്പെടുത്താനുള്ള അവസരമായി ശ്രീശാന്ത് ബിജെപിയുടെ ക്ഷണത്തെ കരുതി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവർ ഇക്കാര്യം ഉറപ്പു നൽകുകയും ചെയ്തു. മുൻ മന്ത്രിയും ബാർ കോഴ കേസിൽ കുറ്റാരോപിതനുമായ കെ ബാബുവിനെതിരേ തൃപ്പൂണിത്തുറയിൽ മത്സരിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വം ശ്രീശാന്തിനോട് ആവശ്യപ്പെട്ടത്. എന്നാൽ ആർഎസ്എസ് എതിർത്തതോടെ ശ്രീശാന്ത് തിരുവനന്തപുരത്ത് എത്തി. പല പ്രമുഖരും നോട്ടമിട്ടിരുന്ന തിരുവനന്തപുരത്ത് ശ്രീശാന്തിനെ കെട്ടിയിറക്കിയത് കേന്ദ്ര നേതൃത്വമാണ്.

ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. ജി മാധവൻ നായരെയാണ് ബിജെപി സംസ്ഥാന നേതൃത്വം ഇവിടെ പരിഗണിച്ചിരുന്നത്. ബി.ഡി.ജെ.എസ് പിന്തുണയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതെല്ലാം അവഗണിച്ച് ദേശീയ ശ്രദ്ധ നേടുന്നതിനു വേണ്ടി ബിജെപി കേന്ദ്ര നേതൃത്വം ശ്രീശാന്തിനെ തലസ്ഥാനത്തേയ്ക്ക് പറഞ്ഞുവിടുകയായിരുന്നു. മുൻ മന്ത്രിയും കോൺഗ്രസിന്റെ ശക്തനായ നേതാവുമായ വി എസ് ശിവകുമാർ തന്നെ ഇവിടെ വിജയിച്ചു. മാണി വിഭാഗം കേരള കോൺഗ്രസിന്റെ ശക്തനായ വക്താവായിരിക്കെ, ഇടതുപക്ഷത്തേയ്ക്ക് കൂറുമാറി മത്സരിച്ച ആന്റണി രാജു രണ്ടാമതെത്തി. 34,764 വോട്ടുകൾ മാത്രമേ ശ്രീശാന്ത് നേടി. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ ബിജെപിക്ക് കിട്ടിയതിനേക്കാൾ നാലായിരം വോട്ട് കൂടുതലായിരുന്നു ഇത്.

തോറ്റാലും ജയിച്ചാലും ശ്രീശാന്തിന്റെ ആവശ്യം നടപ്പാകും എന്ന ഉറപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് ലഭിച്ചശേഷമാണ് അദ്ദേഹം മത്സരിക്കാൻ തയാറായത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസമായിട്ടും ക്രിക്കറ്റിൽ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്കുപോലും നീക്കാൻ കേന്ദ്രസർക്കാർ ഇടപെട്ടിട്ടില്ല. ഇതോടെ ബിജെപിയുടെ പരിപാടികളിൽനിന്ന് താരം വിട്ടുനിൽക്കുന്നതായാണ് സൂചന. ഐപിഎൽ വാതുവയ്‌പ്പ് കേസ്സിൽ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പക്ഷേ ക്രിക്കറ്റിൽ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കാൻ ബി.സി.സി.ഐ ഇതുവരെ തയാറായിട്ടില്ല.

മാത്രമല്ല, കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ശ്രീശാന്ത്, അങ്കിത് ചവാൻ, അജീത് ചണ്ഡീല എന്നിവർക്ക് ഏർപ്പെടുത്തിയ ആജീവനാന്തവിലക്ക് നീക്കാനാകില്ല എന്ന നിലപാടിലാണ് ബി.സി.സിഐ രാജ്യത്തിന്റെ ഭരണം മാറിയിട്ടും ഇന്ത്യ ക്രിക്കറ്റ് ബോർഡിനെ കൈപ്പിടിയിൽ ഒതുക്കാൻ ബിജെപി അധികം കളികൾ ഒന്നും കളിച്ചിട്ടില്ല. പഴയ യു.പി.എ സർക്കാരിനോടും കോൺഗ്രസിനോുടം കൂറ് പുലർത്തുന്നവർ തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തലപ്പത്ത് ഇപ്പോഴും തുടരുന്നത്.

ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്കെങ്കിലും മാറിക്കിട്ടിയാൽ മാത്രമേ രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനോടൊപ്പം പരിശീലകനോ, കമന്റേറ്ററോ ആയിട്ടെങ്കിലും പ്രവർത്തിക്കാൻ ശ്രീശാന്തിന് കഴിയൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP