Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഞാൻ ശശി തരൂരിന്റെ വലിയ ആരാധകനാണ്; ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹം എനിക്ക് വേണ്ടി സംസാരിച്ചിട്ടുമുണ്ട്; പക്ഷെ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ഞാൻ അദ്ദേഹത്തെ തോൽപ്പിക്കും; അതിൽ ഒരു സംശയവും വേണ്ട: വീണ്ടും രാഷ്ട്രീയം പറഞ്ഞ് ശ്രീശാന്ത്; 2024ൽ തിരുവനന്തപുരത്ത് ബിജെപിക്കായി മത്സരിക്കുക ക്രിക്കറ്റ് താരമോ?

ഞാൻ ശശി തരൂരിന്റെ വലിയ ആരാധകനാണ്; ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹം എനിക്ക് വേണ്ടി സംസാരിച്ചിട്ടുമുണ്ട്; പക്ഷെ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ഞാൻ അദ്ദേഹത്തെ തോൽപ്പിക്കും; അതിൽ ഒരു സംശയവും വേണ്ട: വീണ്ടും രാഷ്ട്രീയം പറഞ്ഞ് ശ്രീശാന്ത്; 2024ൽ തിരുവനന്തപുരത്ത് ബിജെപിക്കായി മത്സരിക്കുക ക്രിക്കറ്റ് താരമോ?

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ശശി തരൂരിനെ തോൽപ്പിക്കുമെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ബിജെപി സ്ഥാനാർത്ഥിയായി നിന്ന് തരൂരിനെ തോൽപ്പിക്കുമെന്നാണ് ഇന്ത്യൻ എക്സപ്രസിന് നൽകിയ അഭിമുഖത്തിൽ ശ്രീശാന്ത് പറഞ്ഞിരിക്കുന്നത്. 2016ലെ നിയസമഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് ശ്രീശാന്ത് ബിജെപി ടിക്കറ്റിൽ മത്സരിച്ചിരുന്നു. അതിന് ശേഷം രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. എന്നാൽ വീണ്ടും രാഷ്ട്രീയത്തിൽ എത്തുമെന്നതിന്റെ സൂചനയാണ് ശ്രീശാന്ത് പങ്കുവയ്ക്കുന്നത്.

ഞാൻ ശശി തരൂരിന്റെ വലിയ ആരാധകനാണ്. പക്ഷേ തെരഞ്ഞെടുപ്പിൽ ഞാൻ അദ്ദേഹത്തെ പരാജയപ്പെടുത്തും- ശ്രീ ശാന്ത് പറയുന്നു. 2016ലെ നിയസമഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വി എസ് ശിവകുമാറിനോടാണ് ശ്രീശാന്ത് തോറ്റത്. എൽഡിഎഫിന്റെ ആന്റണി രാജുവിനും പിന്നിലായി മൂന്നാമതെത്തിയ ശ്രീ ശാന്തിന് 34764വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചെന്നും പറഞ്ഞ് രംഗത്തെത്തിയ ശ്രീശാന്ത്, ശശി തരൂരിനെ സന്ദർശിച്ചിരുന്നു. ഇതിനെതിരെ ബിജെപിയിൽ വിമർശനമുയർന്നപ്പോൾ തിരുത്തലുമായി ശ്രീശാന്ത് രംഗത്തെത്തി. താനിപ്പോളും ബിജെപിയാണെന്നും പ്രതിസന്ധി ഘട്ടത്തിൽ തന്നെ സഹായിച്ച തരൂരിന് നന്ദി പറയുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ശ്രീശാന്തിന്റെ തിരുത്ത്.

ഐപിഎൽ ഒത്തുകളി വിവാദത്തിൽ ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെയാണ് ശ്രീശാന്ത് തരൂരിനെ സന്ദർശിച്ചത്. ഇത് ഏറെ വിവാദമായി. ഇതുൾപ്പെടെ പരാമർശിച്ചാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ശ്രീശാന്ത് പ്രഖ്യാപിക്കുന്നത്. 'ഞാൻ ശശി തരൂരിന്റെ വലിയ ആരാധകനാണ്. ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹം എനിക്ക് വേണ്ടി സംസാരിച്ചിട്ടുമുണ്ട്. പക്ഷെ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ഞാൻ അദ്ദേഹത്തെ തോൽപ്പിക്കും. അതിൽ ഒരു സംശയവും വേണ്ട.'-ശ്രീശാന്ത് പറഞ്ഞു. അതിനിടെ ശ്രീശാന്തിന്റെ പ്രസ്താവനയിൽ കേരളത്തിലെ ബിജെപി നേതാക്കൾ അത്ഭുതം പ്രകടിപ്പിക്കുന്നുണ്ട്.

2024ൽ താനാണ് സ്ഥാനാർത്ഥിയെന്ന് ശ്രീശാന്ത് എങ്ങനെ പറയുമെന്നാണ് നേതാക്കളുടെ ചോദ്യം. ബിജെപിയാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും അവർ പറയുന്നു. ബിജെപി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന പറഞ്ഞ സീറ്റാണ് തിരുവനന്തപുരം. എന്നാൽ കുമ്മനം രാജശേഖരൻ ഒരു ല്കഷത്തോളം വോട്ടിനാണ് തരൂരിനോട് തോറ്റത്. ഇതിന് ശേഷം തരൂർ നടത്തിയ മോദി സ്തുതികൾ ഏറെ ചർച്ചയാവുകയും ചെയ്തു. ബിജെപിയുമായി തരൂർ അടുക്കുന്നുവെന്ന് പോലും വിലയിരുത്തലെത്തി. ഇതെല്ലാം തരൂർ നിഷേധിച്ചു. ഈ രാഷ്ട്രീയ സഹാചര്യത്തിലാണ് ശ്രീശാന്തും പ്രസ്താവനയുമായി രംഗത്ത് വന്നത്.

തന്റെ വ്യക്തി ജീവതത്തെ കുറിച്ചും ശ്രീശാന്ത് ഇന്ത്യൻ എക്സ്‌പ്രസിനോട് സംസാരിക്കുന്നുണ്ട്. ഐപിഎല്ലിലെ ഒത്തുകളി കേസിൽ കുറ്റാരോപിതനായി ജയിലിൽ കഴിഞ്ഞിരുന്ന നാളുകൾ ദുസ്സഹമായിരുന്നെന്നും ശ്രീശാന്ത് അഭിമുഖത്തിൽ പറഞ്ഞു. താൻ ഒത്തുകളി നടത്തിയിട്ടില്ലെന്ന് ശ്രീശാന്ത് ആവർത്തിച്ചു. നൂറ് കോടി രൂപ ലഭിച്ചാൽ പോലും താൻ അതു ചെയ്യില്ലെന്നും ശ്രീശാന്ത് പറഞ്ഞു. ''ശാരീരികമായും മാനസികമായും വൈകാരികപരമായും തളർന്നുപോയ നാളുകളാണ് അത്. ജയിലിലായിരുന്ന നാളുകളിൽ പുലർച്ചെ രണ്ടരയ്ക്കൊക്കെ ഉറക്കത്തിൽനിന്ന് വിളിച്ചുണർത്തി പൊലീസ് ഉദ്യോഗസ്ഥർ എന്നെ ചോദ്യം ചെയ്യാറുണ്ട്. മാനസികമായി ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ട നാളുകളാണ് അത്,'' ശ്രീശാന്ത് പറഞ്ഞു.

മാനസിക സമ്മർദത്തിൽനിന്നു പുറത്തുകടക്കാൻ എന്നെ സഹായിച്ചത് സംഗീതമാണ്. പലപ്പോഴും മാനസികമായി തളർന്നു. സഹോദരി ഭർത്താവും ഗായകനുമായ മധു ബാലകൃഷ്ണനാണ് പാട്ടു കേൾക്കാൻ പറഞ്ഞത്. അതുവഴിയാണ് മാനസിക സമ്മർദത്തിൽനിന്നു പുറത്തുകടന്നതെന്നും ശ്രീശാന്ത് പറഞ്ഞു. ''ജയിലിനകത്ത് രാത്രി വെളിച്ചം അണയ്ക്കാറില്ല. അതിനാൽ ഉറങ്ങാൻ വലിയ ബുദ്ധിമുട്ടായിരുന്നു. പല രാത്രികളിലും നന്നായി ഉറങ്ങാൻ സാധിച്ചില്ല. മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങളായിരുന്നു അത്. പലപ്പോഴും ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചു. പിന്നീട് സ്വയം ആ ചിന്തയിൽനിന്നു പുറത്തുകടന്നു. ദൈവത്തെ പോലൊരു ശക്തിയാണ് അതിൽനിന്നു എന്നെ പിന്തിരിപ്പിച്ചത്. കഴിഞ്ഞ ആറു വർഷമായി ജീവിതത്തിൽ ഏറെ മാറ്റങ്ങൾ സംഭവിച്ചു,'' ശ്രീശാന്ത് പറഞ്ഞു.

എങ്ങനെയാണ് ഇതെല്ലാം സംഭവിച്ചതെന്നു ഞാൻ സ്വയം ചോദിക്കാറുണ്ട്. എന്തുകൊണ്ടു ഞാൻ ഇങ്ങനെയൊരു അവസ്ഥയിലേക്ക് എത്തി? അതിനുമാത്രം എന്തു തെറ്റാണ് ഞാൻ ചെയ്തത്? ഇത്തരം ചോദ്യങ്ങളെല്ലാം സ്വയം ചോദിക്കാറുണ്ട്. പൂർവ ജന്മത്തിൽ ചെയ്ത എന്തെങ്കിലും കാര്യമാകാം ഈ വേദനയ്ക്കൊക്കെ കാരണമെന്നു ചിന്തിക്കാറുണ്ടെന്നും ശ്രീശാന്ത് അഭിമുഖത്തിൽ പറഞ്ഞു. ''ജയിലിൽ വച്ച് ഒരു പാട്ട് എഴുതി സംഗീതം നൽകി. റോഷ്ണി എന്നാണ് പാട്ടിന്റെ പേര്. ഞാൻ രചിച്ച് ഈണം നൽകിയ പാട്ട് സഹോദരി ഭർത്താവും ഗായകനുമായ മധു ബാലകൃഷ്ണൻ ആലപിക്കും'' ശ്രീശാന്ത് പറഞ്ഞു. ''ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഏഴു വർഷമെടുത്തു. ഒത്തുകളി ആരോപണം നേരിട്ടവരും ഒത്തുകളിച്ചവരും ഇന്നും ക്രിക്കറ്റിലുണ്ട്. എനിക്ക് അവരുടെ പേരുകളെല്ലാം തെളിവു സഹിതം വെളിപ്പെടുത്താൻ സാധിക്കും. ഞാൻ നേരിട്ട മാനസിക സംഘർഷത്തിലൂടെ അവർക്കു കടന്നുപോകാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല'' ശ്രീശാന്ത് പറഞ്ഞു.

'ജീവിതത്തിൽ ഇപ്പോൾ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. എനിക്കിപ്പോൾ ജീവിതത്തെ കൃത്യമായി നിയന്ത്രിക്കാൻ സാധിക്കുന്നുണ്ട്. സംഗീതത്തിൽനിന്നും സിനിമയിൽനിന്നും രാഷ്ട്രീയത്തിൽനിന്നും നല്ലതു മാത്രമാണ് സംഭവിക്കുന്നത്. എല്ലാവരോടും നന്ദി മാത്രമാണ് എനിക്ക് പറയാനുള്ളത്. നാല് വയസുള്ള മകൾക്കും രണ്ടു വയസുള്ള മകനും അടുത്ത വർഷം ഞാൻ ക്രിക്കറ്റ് കളിക്കുന്നത് കാണാൻ ഭാഗ്യം ലഭിക്കും. ജീവിതത്തിൽ പരാജയപ്പെട്ടവരോട് ഒരൊറ്റ കാര്യമേ പറയാനുള്ളൂ. സ്വന്തം കഴിവിൽ യാതൊരു സംശയവും വേണ്ട. നരക ജീവിതത്തിൽനിന്നു ശ്രീശാന്തിന് തിരിച്ചുവരാൻ സാധിച്ചെങ്കിൽ നിങ്ങൾക്കും സാധിക്കും. ഞാൻ നിങ്ങൾക്കൊരു പ്രചോദനമായിരിക്കും'' ശ്രീശാന്ത് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP