Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

വെളുക്കാൻ തേച്ചത് പാണ്ടാകുമോ? മുഹമ്മദ് റിയാസും ഗൾഫാർ മുഹമ്മദലിയും തമ്മിലുള്ള ഉറ്റബന്ധം വിനയായത് വെള്ളാപ്പള്ളി നടേശന്; മുഖ്യമന്ത്രിയുടെ മരുമകൻ സമ്മർദ്ദം ചെലുത്തിയപ്പോൾ വിസി സ്ഥാനത്ത് നിന്നും വെട്ടിമാറ്റിയത് വെള്ളാപ്പള്ളിയുടെ ലിസ്റ്റിലുള്ളവർ; ബി.അശോകും ബിജു പ്രഭാകറും സുധീറും പുറത്ത്; വെള്ളാപ്പള്ളിയെ പിണക്കാതിരിക്കാൻ സുധീറിനെ പിവിസിയാക്കി ഒത്തുതീർപ്പും; ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല നിയമനങ്ങളിൽ സാമുദായിക രോഷം പതയുമ്പോൾ രാഷ്ട്രീയ തീരുമാനം പിഴച്ച ഭീതിയിൽ സിപിഎം

വെളുക്കാൻ തേച്ചത് പാണ്ടാകുമോ? മുഹമ്മദ് റിയാസും ഗൾഫാർ മുഹമ്മദലിയും തമ്മിലുള്ള  ഉറ്റബന്ധം വിനയായത് വെള്ളാപ്പള്ളി നടേശന്; മുഖ്യമന്ത്രിയുടെ മരുമകൻ സമ്മർദ്ദം ചെലുത്തിയപ്പോൾ  വിസി സ്ഥാനത്ത് നിന്നും വെട്ടിമാറ്റിയത് വെള്ളാപ്പള്ളിയുടെ ലിസ്റ്റിലുള്ളവർ; ബി.അശോകും ബിജു പ്രഭാകറും സുധീറും പുറത്ത്; വെള്ളാപ്പള്ളിയെ പിണക്കാതിരിക്കാൻ  സുധീറിനെ പിവിസിയാക്കി ഒത്തുതീർപ്പും;  ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല നിയമനങ്ങളിൽ സാമുദായിക രോഷം പതയുമ്പോൾ രാഷ്ട്രീയ തീരുമാനം പിഴച്ച ഭീതിയിൽ സിപിഎം

എം മനോജ് കുമാർ

തിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ശ്രീനാരായണ ഗുരുദേവന്റെ പേരിൽ ഓപ്പൺ സർവ്വകലാശാല തുടങ്ങിയ പിണറായി സർക്കാരിനു തുടക്കത്തിൽ തന്നെ പിഴയ്ക്കുന്നു. ഗുരുദേവന്റെ പേരിലുള്ള സർവ്വകലാശാലയിൽ വിസിയായി മുബാറക് പാഷയെ നിയമിച്ച പിണറായി സർക്കാർ തീരുമാനത്തിന്റെ പേരിൽ കടുത്ത എതിർപ്പാണ് സർക്കാരിനെതിരെ ഉയരുന്നത്. ഇടത് സർക്കാർ കരുതിയതിലും ശക്തമായ എതിർപ്പാണ് ശ്രീനാരായണീയരിൽ നിന്നും ഉയരുന്നത്. നിയമലംഘനത്തിന്റെ കാര്യത്തിൽ റെക്കോഡ് ഇട്ട പിണറായി സർക്കാർ ആ കീഴ വഴക്കം മുബാറക് പാഷയുടെ നിയമനത്തിലും തുടർന്നിട്ടുണ്ട്. പത്ത് വർഷം പ്രൊഫസർ പദവിയിൽ തുടരുന്ന വ്യക്തിക്ക് മാത്രമാണ് ഒരു സർവകലാശാലയിൽ വിസിയായി തുടരാൻ യുജിസി അനുമതി നൽകുന്നത്.

യുജിസിയുടെ ഈ നിയമവും പതിവുപോലെ പാഷയുടെ വരവിലും ഇടത് സർക്കാർ കാറ്റിൽപ്പറത്തിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ വിസി നിയമനവും ഇടത് സർക്കാരിനെതിരെയുള്ള ഘടകമായി മാറുമോ എന്ന ആശങ്ക ഇടത് വൃത്തങ്ങളിൽ ഈ നിയമനത്തിനു ശേഷം ശക്തമാണ്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പാഷയുടെ നിയമനത്തിൽ ശക്തമായ എതിർപ്പ് ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. വെള്ളാപ്പള്ളിയുടെ എതിർപ്പ് മാത്രമല്ല ശ്രീനാരായണീയരുടെ എതിർപ്പും പാഷയുടെ നിയമനത്തിൽ സർക്കാരിനും സിപിഎമ്മിനും മുന്നിലുണ്ട്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു ഈഴവ പിന്തുണ തേടി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സ്ഥാപിച്ച സർക്കാരിനു വിസി നിയമനത്തിലൂടെ ശക്തമായ ശക്തമായ രാഷ്ട്രീയ തിരിച്ചടി ലഭിക്കുമെന്നാണ് നിലവിലെ സൂചനകൾ.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നൽകിയ പേരുകൾ വെട്ടിയാണ് മുഖ്യമന്ത്രി വിസി പോസ്റ്റിൽ മുബാറക്ക് പാഷയെ നിയമിച്ചത്. വെള്ളാപ്പള്ളി മുഖ്യമന്ത്രിക്ക് നൽകിയ ലിസ്റ്റിൽ മൂന്നു പേരുടെ പേരുകളാണ് ഉണ്ടായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ബി.അശോക്, ബിജു പ്രഭാകർ തുടങ്ങിയ ഐഎഎസുകാരുടെയും സുധീറിന്റെയും പേര്. ഈ പേരുകൾ ഒന്നടങ്കം വെട്ടിയാണ് വിസി നിയമനത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മുബാറക്ക് പാഷയെ പരിഗണിച്ചത്. മുഖ്യമന്ത്രിയുടെ മരുമകനായ മുഹമ്മദ് റിയാസിന്റെ സമ്മർദ്ദം കാരണമാണ് മുബാറക്ക് പാഷയെ നിയമിച്ചത് എന്ന് സൂചനയുണ്ട്. മുഹമ്മദ് റിയാസും പ്രവാസി വ്യവസായി ഗൾഫാർ മുഹമ്മദലിയും തമ്മിൽ ഉറ്റബന്ധമാണ്. ഗൾഫാറിന്റെ ഗൾഫിലുള്ള കോളേജിൽ പ്രിൻസിപ്പൽ ആയിരുന്ന പാഷയെ ഈ പോസ്റ്റിലേക്ക് നിയമിക്കണം എന്ന് പറഞ്ഞു മുഹമ്മദ് റിയാസിൽ നിന്നുമാണ് സമ്മർദ്ദം വന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇതോടെയാണ് വെള്ളാപ്പള്ളിയുടെ ലിസ്റ്റിലുള്ള രണ്ടു ഐഎഎസുകാരുടെയും സുധീറിന്റെയും പേരുവെട്ടി മുബാറക്ക് പാഷ ഈ പോസ്റ്റിലേക്ക് എത്തുന്നത്.

മുബാറക്ക് പാഷ വന്ന വഴി:

മുൻപ് കോഴിക്കോട് ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ആയിരുന്നു മുബാറക്ക് പാഷ. മാനേജ്‌മെന്റുമായി ഉടക്കി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിസ്റ്റൻസ് എഡ്യുക്കേഷൻ ഡയരക്ടർ ആയി വന്നു. രണ്ടു മൂന്നു വർഷം അവിടെ തുടർന്നപ്പോൾ ലീവെടുത്ത് പാഷ പോയത് ഗൾഫാർ മുഹമ്മദലി ഗൾഫിൽ നടത്തുന്ന സ്വകാര്യ കോളെജിലേക്കാണ്. വർഷങ്ങൾ തന്നെ മുബാറക്ക് പാഷ ലീവിൽ തുടർന്നു. ലീവെടുത്ത് മുഹമ്മദലിയുടെ കോളേജ് നടത്തിപ്പായിരുന്നു ജോലി. തുടർച്ചയായ വർഷങ്ങൾ ലീവ് ആയപ്പോൾ പരാതി വന്നു. പാഷ ഉള്ളതിനാൽ പോസ്റ്റിൽ വേറെ ആളെ വയ്ക്കാൻ കഴിഞ്ഞില്ല. ആക്ഷേപം വന്നപ്പോൾ പിന്നീട് മുബാറക്ക് പാഷ രാജി വെച്ചു. ഗൾഫിൽ തന്നെ തുടർന്നു. പാഷ ഇപ്പോൾ ഒമാനിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ഹെഡ് ഓഫ് ഗവർണൻസ് ആൻഡ് സ്ട്രാറ്റജിക് പ്ലാനിങ് ആയി ജോലി ചെയ്യുന്നു എന്നാണ് സർക്കാർ പറയുന്നത്. ഈ പോസ്റ്റിൽ നിന്നാണു ശ്രീനാരായണ സർവ്വകലാശാല വിസി പോസ്റ്റിലേക്ക് പാഷ നിയമിതനാകുന്നത്. പാഷയെ വിസി സ്ഥാനത്തേക്ക് നിയമിച്ചപ്പോൾ വെള്ളാപ്പള്ളിയെ വെള്ളാപ്പള്ളിയെ പിണക്കാതിരിക്കാൻ വേണ്ടിയാണ് വിസി പോസ്റ്റിലുള്ള സുധീറിനെ പിവിസിയായി നിയമിച്ചത്.

സുധീർ എസ് എൻ കോളേജിൽ പ്രിൻസിപ്പാൾ ആയിരുന്നു. കേരള യൂണിവേഴ്‌സിറ്റിയിൽ അക്കാദമിക് സ്റ്റാഫ് കോളേജിന്റെ ഡയരക്ടർ ആയിരുന്നു. പക്ഷെ ഈ നിയമനവും യുജിസി നിയമ പ്രകാരം അസാധുവാണ്. അറുപതു വയസിൽ കൂടുതലുള്ളവരെ പ്രോ വൈസ് ചാൻസലറായി നിയമിക്കാൻ നിയമം അനുവദിക്കുന്നില്ല. സുധീറിന് അറുപത്തിയഞ്ചു വയസായിട്ടുണ്ട്. ഇന്ത്യയിൽ നിലവിലുള്ള എല്ലാ നിയമനങ്ങളും കാറ്റിൽപ്പറത്തി ഈ നാല് വർഷവും ഭരണം നടത്തിയ സർക്കാർ ഇതിനു ന്യായീകരണമായി പറയുന്നത് യുജിസിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഇതിൽ മാറ്റം വരുത്താം എന്നാണ്. യുജിസി നിയമപ്രകാരം വൈസ് ചാൻസലർ ആകാൻ ഒരു യോഗ്യതയുമില്ലാത്ത മുൻ ചീഫ് സെക്രട്ടറി ജയകുമാർ മലയാളം സർവകലാശാലയുടെ വിസിയായി മാറിയത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുധീറിന്റെ പിവിസി നിയമനം ന്യായീകരിക്കാൻ ശ്രമിക്കുന്നത്. മലയാളം സർവകലാശാലയിൽ ജയകുമാർ വിസിയായി തുടർന്നിരുന്ന പശ്ചാത്തലം പരിഗണിക്കുമ്പോൾ ഐഎഎസ് പദവിയിലുള്ള ബിജു പ്രഭാകറിനെയും ബി.അശോകിനെയും പിവിസിയായി പരിഗണിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയാണ് പിവിസി പോസ്റ്റിൽ നിന്നും ഇരുവരെയും ഒഴിവാക്കി നിർത്തിയത്.

ജലീലിന്റെ പെഴ്‌സണൽ സ്റ്റാഫ് പദവി രാജിവെച്ച് ദിലീപ് ഒരുങ്ങുന്നത് രജിസ്ട്രാർ ആകാൻ

രജിസ്ട്രാർ ആയി നിയമിക്കാൻ പോകുന്നത് മന്ത്രി കെ.ടി.ജലീലിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ഡോക്ടർ ദിലീപ് കുമാറിനെയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇതിനു മുന്നോടിയായി ദിലീപ് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പദവിയിൽ നിന്നും രാജിവെച്ചിട്ടുണ്ട്. ടി.കെ.എം.എഞ്ചിനീയറിങ് കോളേജിലെ അദ്ധ്യാപകനാണ് ദിലീപ്. ഡെപ്യൂട്ടെഷനിലാണ് ദിലീപ് പ്രൈവറ്റ് സെക്രട്ടറി പോസ്റ്റിൽ എത്തിയത്. രജിസ്ട്രാർ ആയിരിക്കാൻ വേണ്ടിയാണ് ഈ രാജി എന്നാണ് സൂചനകൾ. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ രജിസ്ട്രാർ ആക്കിയെന്നു അറിയാതിരിക്കാൻ വേണ്ടിയാണ് ഈ രാജി. ഇതിലുള്ള ആക്ഷേപം ഒഴിവാക്കാൻ വേണ്ടിയാണ് ഈ നീക്കം. രജിസ്ട്രാർ പദവിക്ക് ജീവനക്കാരെ നിയന്ത്രിച്ചുള്ള അനുഭവ പരിചയം വേണമെന്നുണ്ട്. ഇത് യുജിസി ചട്ടമാണ്. എന്നാൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന കുറഞ്ഞ കാലത്തുള്ള അനുഭവ പരിചയം മാത്രമാണ് ദിലീപിന് കൂട്ട്. കോളേജിലെ അദ്ധ്യാപകന് പ്രിൻസിപ്പാളിനെ പോലുള്ള അനുഭവ പരിചയം കാണില്ല. ബാക്കിയുള്ള പ്രധാന പോസ്റ്റ് പരീക്ഷാ കൺട്രോളറുടെ പോസ്റ്റും ഫിനാൻസ് ഓഫീസറുടെ പോസ്റ്റുമാണ്. എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി രണ്ടു പേർ ഈ പോസ്റ്റിലും കയറിക്കൂടുമെന്നാണ് നിലവിലെ സംസാരം.

പിണറായി സർക്കാർ അധികാരത്തിൽ നിന്നും ഇറങ്ങാൻ മാസങ്ങൾ മാത്രമേയുള്ളൂ. അക്കാദമിക് ഇയർ തീരാനും മാസങ്ങൾ മാത്രം. എന്തിനു ഇത്രയും തിരക്ക് പിടിച്ച് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല എന്ന് ചോദിച്ചാൽ രാഷ്ട്രീയ ലക്ഷ്യം എന്ന ഒരുത്തരം മാത്രമേയുള്ളൂ. അക്കാദമിക് കൗൺസിൽ, ബോർഡ് ഓഫ് സ്റ്റഡീസ്, ഫാക്കൽറ്റി, അദ്ധ്യാപകർ, നോട്ടു തയ്യാറാക്കൽ തുടങ്ങി എത്രയോ ജോലികൾ ഉള്ളതും കോടികൾ വകയിരുത്തുകയും ചെയ്യേണ്ട ഒന്നാണ് സർവകലാശാല എന്നത്. വളരെ ധൃതി പിടിച്ചുള്ള ഒരു രാഷ്ട്രീയ തീരുമാനം മാത്രമെന്നും സർവകലാശാലയിൽ സ്വന്തക്കാരെ തിരുകി കയറ്റാനുള്ള നീക്കം മാത്രമെന്നുമാണ് ഈ തീരുമാനത്തെ വിശേഷിപ്പിക്കുന്നത്. കുട്ടികളുടെ ഒഴുക്ക് വരുമ്പോൾ ഇങ്ങനെ കുട്ടികളെ ഈ സർവകലാശാല മാനേജ് ചെയ്യുക എന്നതും പ്രശ്‌നമാണ്. മറ്റു സർവകലാശാലകൾക്ക് അതിനുള്ള അടിത്തറയുണ്ട്. ശ്രീനാരായണ ഗുരു സർവകലാശാലയ്ക്ക് എല്ലാം ആദ്യം മുതൽ തുടങ്ങുകയും വേണം.

ഇടത് സിൻഡിക്കേറ്റ് ആയിരുന്നിട്ടു കൂടി കാലിക്കറ്റ് സർവകലാശാല സിൻഡിക്കെറ്റ് ഒരു പ്രമേയം പാസാക്കിയിട്ടുണ്ട്. പുതിയ സർവകലാശാലയുടെ പശ്ചാത്തലത്തിൽ ഈ വർഷം യൂണിവേഴ്‌സിറ്റിയിൽ നിന്ന് തന്നെ പ്രവേശനം നടത്താൻ അധികാരം നൽകണം എന്നാണ് പ്രമേയത്തിൽ ആവശ്യപ്പെട്ടത്. പക്ഷെ ശ്രീനാരായണ ഗുരു സർവകലാശാല ഓർഡിനൻസിൽ കേരള, കാലിക്കറ്റ്, കണ്ണൂർ, എംജി സർവകലാശാല എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സർവകലാശാലകൾക്ക് വരുന്ന അക്കാദമിക് ഇയറിൽ പ്രവേശനത്തിനു കഴിയില്ല. അല്ലെങ്കിൽ വേറെ ഒരു ഓർഡിനൻസ് കൊണ്ട് വരേണ്ടി വരും. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഇടത് സർക്കാർ ആരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ഇടത് സർക്കാരിനു രാഷ്ട്രീയ തിരിച്ചടി ആയി മാറുമ്പോൾ അക്കാദമിക രംഗത്തും ഗുരുതരമായ പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടുകൊണ്ടാണ് ആരംഭിക്കുന്നത് എന്നതിന്റെ സൂചനകൾ തന്നെയാണ് ലഭിക്കുന്നത്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP