Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണ്ണക്കടത്തിലെ പ്രതിപക്ഷ ചോദ്യങ്ങൾ ഭയന്ന് സഭ വിളിക്കാതെ ഓർഡിനൻസ് രാജിൽ തുടർന്നു; ഗവർണർ ഉടക്കിയതോടെ ഗതികെട്ട് വീണ്ടും ബില്ലുകളിൽ ചർച്ചകളുമായി സഭയിലേക്ക്; ഓർഡിനൻസ് പ്രതിസന്ധി മറികടക്കാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം പ്രതിപക്ഷത്തിന് വൻ അവസരമാകും; എകെജി സെന്റർ ആക്രമണവും സ്വപ്‌നയുടെ വെളിപ്പെടുത്തലും പിണറായിക്കെതിരായ വടിയാക്കാൻ യുഡിഎഫ്

സ്വർണ്ണക്കടത്തിലെ പ്രതിപക്ഷ ചോദ്യങ്ങൾ ഭയന്ന് സഭ വിളിക്കാതെ ഓർഡിനൻസ് രാജിൽ തുടർന്നു; ഗവർണർ ഉടക്കിയതോടെ ഗതികെട്ട് വീണ്ടും ബില്ലുകളിൽ ചർച്ചകളുമായി സഭയിലേക്ക്; ഓർഡിനൻസ് പ്രതിസന്ധി മറികടക്കാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം പ്രതിപക്ഷത്തിന് വൻ അവസരമാകും; എകെജി സെന്റർ ആക്രമണവും സ്വപ്‌നയുടെ വെളിപ്പെടുത്തലും പിണറായിക്കെതിരായ വടിയാക്കാൻ യുഡിഎഫ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയിട്ടും വിഷയങ്ങളിൽ തുറന്ന ചർച്ചകൾക്ക് മടിച്ചാണ് ഓർഡിൻസ് രാജുമായി ഇതുവരെ പിണറായി സർക്കാർ മുന്നോട്ടു പോയത്. എന്നാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പണി കൊടുത്തതോടെ പദ്ധതികളെല്ലാം പാളി. ഇനി വീണ്ടും ബില്ലുകൾ ചർച്ച ചെയ്തു പാസാക്കാൻ നിയമസഭാ സമ്മേളനം വിളിക്കേണ്ട അവസ്ഥയിലായി കാര്യങ്ങൾ.

കാലാവധി കഴിഞ്ഞ ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണർ തയാറാകാത്ത പ്രതിസന്ധി പ്രത്യേക നിയമസഭാ സമ്മേളനം എന്ന തീരുമാനത്തിലൂടെ സർക്കാർ മറികടന്നെങ്കിലും ഈ ഘട്ടത്തിലെ സഭാ സമ്മേളനം പ്രതിപക്ഷത്തിന് അവസരമാകുമെന്നതാണ് ഇപ്പോൾ പിണറായിക്ക് വിനയായിരിക്കുന്നത്. സ്വർണ്ണക്കടത്തും എകെജി സെന്റർ ആക്രമണവും അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിച്ചു രംഗത്തുവരും. കഴിഞ്ഞ സഭാ സമ്മേളനത്തിനുശേഷം സർക്കാരുമായി ബന്ധപ്പെട്ടുയർന്ന വിവിധ വിവാദ വിഷയങ്ങൾ സഭയ്ക്കുള്ളിൽ പ്രതിപക്ഷം ഉയർത്തും.

കഴിഞ്ഞ സഭാസമ്മേളനത്തിൽ ബഫർസോൺ വിഷയത്തിൽ സഭ ഒന്നായി പ്രമേയം പാസാക്കിയിരുന്നു. എന്നാൽ വിവാദത്തിന് ഇടവച്ച 2019ലെ ഉത്തരവ് പിൻവലിക്കാൻ സർക്കാർ ഇനിയും തയാറായിട്ടില്ലെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. എകെജി സെന്റർ സ്‌ഫോടനക്കേസിലെ പ്രതിയെ പിടിക്കാത്തതു കഴിഞ്ഞ സമ്മേളനത്തിൽ അടിയന്തര പ്രമേയമായി പ്രതിപക്ഷം ഉന്നയിക്കുകയും സഭ ചർച്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ പ്രതി ഇപ്പോഴും കാണാമറയത്താണ്. ആരാണു സ്‌ഫോടക വസ്തു എറിഞ്ഞതെന്നതിൽ പോലും തുമ്പില്ല. റോഡിലെ കുഴികളും അതേക്കുറിച്ചു സിനിമാ പരസ്യത്തിൽ പോലും സൂചിപ്പിക്കുമ്പോഴുള്ള സിപിഎമ്മിന്റെ അസഹിഷ്ണുതയും പ്രതിപക്ഷം ആയുധമാക്കും.

സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം, മാധ്യമപ്രവർത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ കലക്ടർ നിയമനവും മാറ്റവും, ഇതിന്റെ പേരിൽ സിപിഐ ഉയർത്തിയ പ്രതിഷേധം എന്നിവയെല്ലാം സഭാതലത്തിൽ വരും. ലോകായുക്ത നിയമഭേദഗതിയെ നഖശിഖാന്തം എതിർക്കുന്ന പ്രതിപക്ഷം, ഈ വിഷയത്തിൽ സിപിഐ സഭയിൽ സ്വീകരിക്കുന്ന നിലപാടും ഉറ്റുനോക്കുന്നുണ്ട്. മന്ത്രിമാരുടെ പ്രകടനത്തെക്കുറിച്ചു സിപിഎം സംസ്ഥാന നേതൃയോഗങ്ങളിലുയർന്ന വിമർശനം പ്രതിപക്ഷം സഭയിൽ ഏറ്റുപിടിച്ചേക്കാം.

മറുവശത്ത്, അസാധുവായ ഓർഡിനൻസുകൾ ബില്ലായി അവതരിപ്പിച്ചു പാസാക്കുകയെന്നതു തന്നെയാണു രാഷ്ട്രീയ വിഷയങ്ങളെക്കാൾ സർക്കാരിനു മുന്നിലുള്ള പ്രധാന അജൻഡ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സർക്കാരിനെ വേട്ടയാടുന്നുവെന്നു പ്രതിപക്ഷത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകും.

നിയമനിർമ്മാണത്തിനു വേണ്ടി വിളിച്ചുചേർത്ത പ്രത്യേക സഭാ സമ്മേളനമാണെങ്കിലും ആദ്യദിനമായ 22നു മൂന്നു മണിക്കൂർ മാത്രമേ സഭ ചേരുകയുള്ളൂ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചു വർഷം അനുസ്മരിച്ചുള്ള പ്രത്യേക യോഗമാണ് അന്നു നിശ്ചയിച്ചിരിക്കുന്നത്. സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കക്ഷി നേതാക്കൾ എന്നിവർ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ടു പ്രസംഗിക്കും. 23 മുതലാണു നിയമനിർമ്മാണ കാര്യങ്ങളിലേക്കു കടക്കുക. സെപ്റ്റംബർ 2ന് അവസാനിക്കുന്ന തരത്തിലാണ് പതിനഞ്ചാം നിയമസഭയുടെ ആറാം സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP