Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു അഴിമതി ആരോപണം പോലും ഉയരാത്ത സൗമിനി ജെയിനെ അപമാനിച്ച് ഇറക്കി വിടുന്നതിൽ എതിർപ്പുമായി കെ വി തോമസും വി എം സുധീരനും; മേയറെ മാറ്റുന്നതിൽ അതൃപ്തിയുമായി മുസ്ലംലീഗും; യുഡിഎഫിൽ ചർച്ച ചെയ്യാതെ മേയറെ മാറ്റിയാൽ പ്രതിഷേധിക്കുമെന്ന് ലീഗ് നേതാവും; അനവസരത്തിലുള്ള ഹൈബി ഈഡന്റെ ഫേസ്‌ബുക്ക് പോസ്റ്റും സൗമിനിക്ക് തുണയായേക്കും; കൊച്ചി മേയറെ മാറ്റരുതെന്ന അഭിപ്രായം കോൺഗ്രസിൽ ശക്തമാകുന്നു; തീരുമാന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി കൈക്കൊള്ളും

ഒരു അഴിമതി ആരോപണം പോലും ഉയരാത്ത സൗമിനി ജെയിനെ അപമാനിച്ച് ഇറക്കി വിടുന്നതിൽ എതിർപ്പുമായി കെ വി തോമസും വി എം സുധീരനും; മേയറെ മാറ്റുന്നതിൽ അതൃപ്തിയുമായി മുസ്ലംലീഗും; യുഡിഎഫിൽ ചർച്ച ചെയ്യാതെ മേയറെ മാറ്റിയാൽ പ്രതിഷേധിക്കുമെന്ന് ലീഗ് നേതാവും; അനവസരത്തിലുള്ള ഹൈബി ഈഡന്റെ ഫേസ്‌ബുക്ക് പോസ്റ്റും സൗമിനിക്ക് തുണയായേക്കും; കൊച്ചി മേയറെ മാറ്റരുതെന്ന അഭിപ്രായം കോൺഗ്രസിൽ ശക്തമാകുന്നു; തീരുമാന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി കൈക്കൊള്ളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊച്ചി മേയർ സൗമിനി ജെയിനെ മാറ്റണമെന്ന ആവശ്യവുമായി എറണാകുളത്തെ എ, ഐ ഗ്രൂപ്പുകൾ രംഗത്തുണ്ടെങ്കിലും സൗമിനിയെ അപമാനിച്ച് ഇറക്കി വിടുന്നതിൽ പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമായിരുന്നു. അഴിമതി ആരോപണം നേരിടാത്ത മിടുക്കിയായ മേയറായിരുന്നു സൗമിനി. അങ്ങനെയൊരാളെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് അപമാനിച്ച് ഇറക്കി വിടുന്നതിലാണ് ഒരു വിഭാഗം ആളുകൾ എതിർപ്പുയർത്തുന്നചത്. രണ്ടു ദിവസം മുമ്പ് കൊച്ചിയിൽ യോഗം ചേർന്ന ജില്ലയിലെ കോൺഗ്രസിലെ പ്രമുഖ നേതാക്കൾ സൗമിനിയെ മാറ്റണമെന്ന തീരുമാനത്തിലെത്തുകയും, ഇക്കാര്യം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതോടെ മേയർ സ്ഥാനത്തു നിന്നും സൗമിനി തെറിക്കുമെന്ന അഭ്യൂഹവും ശക്തമായി.

എന്നാൽ, ഇതിനിടെ കോൺഗ്രസ് കൗൺസിലർമാർ തന്നെ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഇതോടെ മുല്ലപ്പള്ളി സൗമിനി ജെയിനെ തിരുവനന്തപുരത്തേക്ക് എത്തിയിരുന്നു. മേയർമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനായിരുന്നു സൗമിനി തിരുവനന്തപുരത്ത് എത്തിയത്. തുടർന്ന് നടന്ന കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിലും മേയർ മാറ്റം ചർച്ചാ വിഷയമായി. എറണാകുളത്ത് നിന്നുള്ള കോൺഗ്രസ് നേതാക്കളായ യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ, ഡൊമിനിക് പ്രസന്റേഷൻ, കെ ബാബു, ഹൈബി ഈഡൻ തുടങ്ങിയവരെല്ലാം മേയർ മാറണമെന്ന നിലപാടിലാണ്. ഇക്കാര്യം ഇവർ കെപിസിസി അധ്യക്ഷനെ അറിയിക്കുകയും ചെയ്തു.

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ബെന്നി ബഹനാൻ, രമേശ് ചെന്നിത്തല, വിഡി സതീശൻ എന്നിവർ സൗമിനിയെ മാറ്റണമെന്ന നിലപാട് ആവർത്തിച്ചു. എന്നാൽ മുതിർന്ന നേതാക്കളായ വി എം സുധീരൻ, പ്രൊഫ. കെ വി തോമസ്, പി ജെ കുര്യൻ, എം എം ഹസ്സൻ എന്നിവർ മേയർ മാറ്റത്തെ എതിർത്ത് രംഗത്തു വന്നു. രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പങ്കെടുക്കാതിരുന്ന മുതിർന്ന നേതാക്കളായ പിസി ചാക്കോയും കെ സി വേണുഗോപാലും മേയർ സൗമിനിയെ മാറ്റുന്നതിലുള്ള എതിർപ്പ് നേരത്തെ തന്നെ കെപിസിസി അധ്യക്ഷനെ അറിയിച്ചിരുന്നു.

കെപിസിസി നേതൃത്വം വിഷയത്തിൽ രണ്ടുതട്ടിലായതോടെ മേയർമാറ്റ കാര്യത്തിൽ തീരുമാനമെടുക്കാൻ രാഷ്ട്രീയകാര്യ സമിതി യോഗം പാർട്ടി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ചുമതലപ്പെടുത്തുകയായിരുന്നു. തിരക്കിട്ട് മേയറെ മാറ്റുന്നതിനോട് വ്യക്തിപരമായി മുല്ലപ്പള്ളിയും അനുകൂലിക്കുന്നില്ല. ഇതോടെ മേയർമാറ്റത്തിൽ ഉടൻ തീരുമാനം ഉണ്ടാകില്ലെന്നാണ് സൂചന. മാത്രമല്ല വെള്ളക്കെട്ട് അടക്കമുള്ള വിഷയങ്ങളിൽ മേയർ മാത്രമാണ് ഉത്തരവാദിയെന്ന് മുദ്രകുത്തി, സൗമിനിയെ അപമാനിച്ച് പുറത്താക്കുന്നത് ശരിയല്ലെന്നുമാണ് മുല്ലപ്പള്ളിയുടെ നിലപാട്.

ഈ വാദത്തിന് മറുപടിയായി മേയർമാറ്റം വേണമെന്ന നിലപാടുകാർ വ്യക്തമാക്കുന്നത് മേയർ അടക്കം എല്ലാരംഗത്തും അഴിച്ചുപണി നടത്തണമെന്നാണ്. മേയർ, ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ എന്നീ പദവികളിലെല്ലാം പുതിയവരെ തെരഞ്ഞെടുക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. എന്നാൽ കോർപ്പറേഷനിൽ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരിക്കുന്നത്. മേയർ സൗമിനിയെ മാറ്റുന്നതിനെ എതിർത്ത് 10 യുഡിഎഫ് കൗൺസിലർമാർ കെപിസിസിയെ സമീപിച്ചിട്ടുമുണ്ട്. മുസ്ലിം ലീഗ് അംഗം ഹാരിസും, രണ്ട് വനിതാ കൗൺസിലർമാരും സൗമിനിയെ മാറ്റുന്നതിനോട് വിയോജിച്ചിട്ടുണ്ട്. സൗമിനിയെ മാറ്റിയാൽ രാജിവെക്കുമെന്നാണ് വനിതാ കൗൺസിലർമാർ പരസ്യമായി വ്യക്തമാക്കിയിട്ടുള്ളത്. ഇതും തിരക്കിട്ടുള്ള നീക്കത്തിൽ നിന്നും കെപിസിസിയെ പിന്തിരിപ്പിക്കുന്നുണ്ട്.

അതേസമയം കൊച്ചി കോർപറേഷൻ മേയറെ മാറ്റുന്നതിൽ അതൃപ്തി അറിയിച്ച് മുസ്ലിം ലീഗും രംഗത്തുവന്നു. മേയറെ മാറ്റുന്ന കാര്യം യു.ഡി.എഫിൽ ഇതുവരെ ചർച്ചയായിട്ടില്ലെന്നും ചർച്ച ചെയ്യാതെ മാറ്റുന്ന സ്ഥിതിയുണ്ടായാൽ മുസ്ലിം ലീഗ് പ്രതിഷേധിക്കുമെന്നും മുസ്ലിം ലീഗ് അംഗവും മുസ്ലിം ലീഗ് കൗൺസിലറുമായ പി.എം ഹാരിസ് വ്യക്തമാക്കി. മേയറെ മാറ്റുന്ന കാര്യം ഔദ്യോഗികമായി ഇതുവരെയും ലീഗിനെ അറിയിച്ചിട്ടില്ലെന്നും ഹാരിസ് പറഞ്ഞു. സാധാരണ ഇത്തരം പ്രശ്നങ്ങൾ യു.ഡി.എഫിൽ ചർച്ചയാവാറുള്ളതാണെന്നും പ്രശ്നങ്ങൾ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഹാരിസ് പറഞ്ഞു. സൗമിനി ജെയിന്റെ ഭരണം നല്ലരീതിയിലാണ് പോകുന്നതെന്നും മഴ കാരണമാണ് വെള്ളക്കെട്ട് ഉണ്ടായതെന്നും ഹാരിസ് പറഞ്ഞു. വെള്ളക്കെട്ടിൽ മേയറെ കുറ്റം പറയുന്നതിൽ കഴമ്പില്ലെന്നും ഹാരിസ് വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പിൽ എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതിൽ കൊച്ചി മേയർ സ്ഥാനത്തു നിന്ന് സൗമിനി ജെയിനിനെ മാറ്റില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തേ വ്യക്തമാക്കിയിരുന്നു. എറണാകുളം മണ്ഡലത്തിൽ കോൺഗ്രസിന്റെ മോശം പ്രകടനത്തിൽ മേയറെ മാത്രം പഴിചാരി രക്ഷപ്പെടേണ്ടതില്ല എന്നും മേയറെ മാത്രമായി ബലിമൃഗമാക്കാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. എന്നാൽ മേയർക്കെതിരെയുള്ള നീക്കം ശക്തമായ സാഹചര്യത്തിലാണ് സൗമിനി ജെയിനിനെ കെപിസിസി നേതൃത്വം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. പാർട്ടി പറഞ്ഞാൽ രാജിവെക്കാൻ തയ്യാറാണെന്ന് മേയറും വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP