Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അംഗത്വവിതരണത്തിന്റെ ഒന്നാം ഘട്ടം അവസാനിക്കുമ്പോൾ മെമ്പർഷിപ്പിൽ 40 ശതമാനത്തിന്റെ വർദ്ധനവുമായി ബിജെപി; കോഴിക്കോട്ട് നാളെ നടക്കുക ന്യൂനപക്ഷ നവാഗത സമ്മേളനം; പാർട്ടിയിൽ എത്തിയ പ്രമുഖരിൽ സംവിധായകൻ സോമൻ അമ്പാട്ടും ഉമേഷ് ചള്ളിയിൽ എക്‌സ് എംഎൽഎയും; അധികാരം പിടിക്കാൻ ബിജെപി കേരളത്തിന്റെ മണ്ണും മനസ്സും ഒരുക്കുന്നതിങ്ങനെ

അംഗത്വവിതരണത്തിന്റെ ഒന്നാം ഘട്ടം അവസാനിക്കുമ്പോൾ മെമ്പർഷിപ്പിൽ 40 ശതമാനത്തിന്റെ വർദ്ധനവുമായി ബിജെപി; കോഴിക്കോട്ട് നാളെ നടക്കുക ന്യൂനപക്ഷ നവാഗത സമ്മേളനം; പാർട്ടിയിൽ എത്തിയ പ്രമുഖരിൽ സംവിധായകൻ സോമൻ അമ്പാട്ടും ഉമേഷ് ചള്ളിയിൽ എക്‌സ് എംഎൽഎയും; അധികാരം പിടിക്കാൻ ബിജെപി കേരളത്തിന്റെ മണ്ണും മനസ്സും ഒരുക്കുന്നതിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അംഗത്വവിതരണത്തിന്റെ ഒന്നാം ഘട്ടം അവസാനിച്ചപ്പോൾ കേരളത്തിൽ ബിജെപിയുടെ മെമ്പർഷിപ്പിലുണ്ടായത് 40 ശതമാനം വർദ്ധനവ്. അംഗത്വവിതരണ കാമ്പയിനോട് ജനങ്ങളുടെ പ്രതികരണം മികച്ചതായിരുന്നു എന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള പറഞ്ഞു. ബിജെപിയുടെ അംഗത്വവിതരണ ക്യാംപെയ്‌നിന്റെ ഒന്നാം ഘട്ടം വൻ വിജയമെന്നാണ് സംസ്ഥാനപ്രസിഡന്റ് അവകാശപ്പെട്ടത്.

നാളെ കോഴിക്കോട്ട് ന്യൂനപക്ഷ നവാഗത സമ്മേളനം നടക്കുമെന്ന് ശ്രീധരൻ പിള്ള അറിയിച്ചു. കാലിക്കറ്റ് സർവകലാശാലയിലെ മുൻ വൈസ് ചാൻസലർ അബ്ദുൽ സലാം നാളെ അംഗത്വമെടുക്കും. അബ്ദു റഹ്മാൻ ബാഫഖി തങ്ങളുടെ കൊച്ചുമകൻ സെയ്ദ് താഹ ബാഫഖി തങ്ങൾ, മുൻ മേയർ യു ടി രാജൻ എന്നിവരും നാളെ ബിജെപിയിൽ ചേരുമെന്നും ശ്രീധരൻ പിള്ള അറിയിച്ചു.

സിനിമാ സംവിധായകൻ സോമൻ അമ്പാട്ടും, മുൻ കൊടുങ്ങല്ലൂർ എംഎൽഎയും ജെഎസ്എസ് നേതാവുമായിരുന്ന ഉമേഷ് ചള്ളിയിലും ബിജെപിയിൽ ചേർന്നതായും ശ്രീധരൻ പിള്ള അറിയിച്ചു. തിരക്കഥാകൃത്തും നിർമ്മാതാവുമായ സോമൻ അമ്പാട്ട്, ആയിരം അഭിലാഷങ്ങൾ, എന്നും മാറോടണയ്ക്കാൻ, ഒപ്പം ഒപ്പത്തിനൊപ്പം, അഗ്‌നിമുഹൂർത്തം എന്നതടക്കമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 2001-ൽ യുഡിഎഫിനൊപ്പം ജെഎസ്എസ് സ്ഥാനാർത്ഥിയായി വിജയിച്ച എംഎൽഎയാണ് ഉമേഷ് ചള്ളിയിൽ. അന്ന് ശ്രീനാരായണഗുരുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞയെടുത്തത് വിവാദമാവുകയും ഇതിന്റെ പേരിൽ കോടതി നടപടികളുണ്ടാവുകയും ചെയ്തിരുന്നു.

ജൂലൈ ആറിനായിരുന്നു ബിജെപിയുടെ അംഗത്വ വിതരണ ക്യാംപയിൻ ആരംഭിച്ചത്. സ്വന്തം മണ്ഡലമായ വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കാമ്പയിൻ ഉദ്ഘാടനം ചെയ്തത്. സംസ്ഥാനതല ഉദ്ഘാടനം കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ തിരുവനന്തപുരത്ത് നിർവഹിച്ചു. കേരളത്തിലെ ബിജെപി അംഗങ്ങളുടെ എണ്ണം 30 ലക്ഷമാക്കാനാണ് പാർട്ടി ലക്ഷ്യമിട്ടത്. ഓൺലൈൻ വഴിയും മൊബൈൽ മിസ്ഡ് കോളിലൂടെയും അപേക്ഷാഫോറത്തിലൂടെയുമാണ് അംഗത്വം ലഭിക്കുക. കേരളത്തിൽ നിലവിൽ 15 ലക്ഷം അംഗങ്ങളാണ് ബിജെപിക്കുള്ളത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ വലിയ മുന്നേറ്റമുണ്ടാക്കി ഭരണം നിലനിർത്താൻ കഴിഞ്ഞെങ്കിലും കേരളത്തിൽ ഒരു സീറ്റ് പോലും പാർട്ടിക്ക് നേടാനായില്ല. ശബരിമല വിഷയം ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതിന്റെ ഗുണം പാർട്ടിക്ക് കിട്ടിയില്ല. അതുകൊണ്ടുതന്നെ എല്ലായിടത്തും എത്തുക, എല്ലാവരിലേക്കും എത്തുക എന്ന ലക്ഷ്യവുമായാണ് ബിജെപിയുടെ അംഗത്വ വിതരണ ക്യാംപയിൻ നടന്നത്.

സംസ്ഥാന ഘടകങ്ങൾ പാർട്ടി അംഗത്വം പെരുപ്പിച്ചു കാണിക്കുന്നതു തടയാൻ ബിജെപി ദേശീയ നേതൃത്വം രീതി കൊണ്ട് വന്നു. അംഗത്വം എടുക്കുന്നവരുടെ 'ഓൺ സ്‌പോട്ട് വേരിഫിക്കേഷൻ' നടപ്പിലാക്കിയിരുന്നു. അംഗത്വം എടുക്കുന്നവർ അതിനായി സർക്കാർ അംഗീകരിക്കുന്ന ഐ.ഡി പ്രൂഫും അഡ്രസ്സ് പ്രൂഫും നൽകണം. അത് വോട്ടർ ഐ.ഡി കാർഡോ ആധാർ കാർഡോ ആകാം. അംഗത്വം എടുക്കുന്ന എല്ലാവരെയും വീട്ടിൽപ്പോയി കണ്ട് ഉറപ്പുവരുത്തുകയും ചെയ്യും. സംസ്ഥാന ഉപാധ്യക്ഷൻ കെ പി ശ്രീശന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിക്കാണ് അംഗത്വ ക്യാംപയിനിന്റെ ചുമതലയുണ്ടായിരുന്നത്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, എന്നിങ്ങനെ പൊതു ഇടങ്ങളിൽ അംഗത്വ ക്യാംപയിനുള്ള കേന്ദ്രങ്ങളും ഒരുക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP