Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

സെക്രട്ടറിയേറ്റിന് പോകും മുമ്പ് ഒപ്പു വച്ചത് കോവിഡ് ഫയൽ; ഭർത്താവിനോട് മനസ്സിലെ വേദന പറഞ്ഞത് ചെറു ചിരിയിൽ; വിളിച്ചവരേട് വിശദീകരിച്ചത് മാറ്റത്തിന്റെ പ്രത്യയ ശാസ്ത്രം; പേഴ്‌സണൽ സ്റ്റാഫിനെ കണ്ടതും അച്ചടക്കത്തിന്റെ സ്‌നേഹ ലാളനയിൽ; നിളയിൽ നിന്നുള്ള പടിയിറക്കം ശൈലജ ഉൾക്കൊള്ളുമ്പോൾ

സെക്രട്ടറിയേറ്റിന് പോകും മുമ്പ് ഒപ്പു വച്ചത് കോവിഡ് ഫയൽ; ഭർത്താവിനോട് മനസ്സിലെ വേദന പറഞ്ഞത് ചെറു ചിരിയിൽ; വിളിച്ചവരേട് വിശദീകരിച്ചത് മാറ്റത്തിന്റെ പ്രത്യയ ശാസ്ത്രം; പേഴ്‌സണൽ സ്റ്റാഫിനെ കണ്ടതും അച്ചടക്കത്തിന്റെ സ്‌നേഹ ലാളനയിൽ; നിളയിൽ നിന്നുള്ള പടിയിറക്കം ശൈലജ ഉൾക്കൊള്ളുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാൻ മന്ത്രിപദത്തിലെ അവസാന നിമിഷം വരെ ചെലവിട്ട ടീച്ചറമ്മ. ഒന്നും സംഭവിക്കില്ലെന്നും വീണ്ടും ആരോഗ്യം കിട്ടുമെന്നും ശൈലജ ടീച്ചർ കരുതി. എന്നാൽ എത്തിയത് ഇടിത്തീ പോലെ ആ തീരുമാനമായിരുന്നു. പാർട്ടിയാണ് തന്നെ മന്ത്രിയാക്കിയത്. അതുകൊണ്ട് പൊതുജനം കാണെ കരയുക പോലും അസാധ്യം. കണ്ണീര് മനസ്സിൽ ഒളിപ്പിച്ചായിരുന്നു ആ പടിയിറക്കം. വെല്ലുവിളി നിറഞ്ഞ സീറ്റിൽ മത്സരിപ്പിച്ച് തോൽപ്പിക്കാൻ ശ്രമിച്ചവർക്ക് മടന്നൂരിലെ റിക്കോർഡ് ജയത്തോടെ മറുപടി നൽകിയ ശൈലജ കൂടുതൽ ആത്മവിശ്വാസത്തിലായിരുന്നു. ഈ മനക്കരുത്തിനെയാണ് സിപിഎം തകർത്തത്. അങ്ങനെ അവർ മന്ത്രിപദമൊഴിഞ്ഞു. ഇനി പ്രവർത്തനം മട്ടന്നൂർ കേന്ദ്രീകരിച്ച്. അപ്പോഴും കണ്ണൂരിലെ ആ ലോബി തനിക്ക് പിന്നെ ഉണ്ടാകുമെന്ന് ശൈലജ ടീച്ചറിന് അറിയാം.

സെക്രട്ടേറിയറ്റ് യോഗത്തിനു പിന്നാലെ സംസ്ഥാന സമിതിയും കഴിഞ്ഞു 12.45നാണു ശൈലജ പുറത്തേക്കു വരുന്നത്. തന്റെ സ്റ്റാഫിനോട് പറഞ്ഞു, 'ഞാൻ മന്ത്രിസ്ഥാനത്തേക്കില്ല. പാർട്ടി നയമാണ്. അത് എല്ലാവരും അംഗീകരിച്ചു.' അപ്പോഴേക്കും ചാനലുകളിലൂടെ ഞെട്ടിക്കുന്ന തീരുമാനം ജനങ്ങളിലേക്ക് എത്തിയിരുന്നു. അങ്ങനെ ആരോഗ്യമന്ത്രിയായി താനിനി ഇല്ലെന്ന് ശൈലജ ജനങ്ങളോട് പറഞ്ഞു. പാർട്ടിയെ വെല്ലുവിളിക്കാനുള്ള കരുത്ത് തനിക്കില്ലെന്ന് ശൈലജയ്ക്ക് അറിയാം. അതുകൊണ്ട് തന്നെ കണ്ണൂരിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ശൈലജ നിശബ്ദയായി ഇനി രാഷ്ട്രീയ പ്രവർത്തനം നടത്തും. പുതിയ മന്ത്രി എത്തുന്നതു വരെ നിളയിൽ തന്നെ തുടരും. അതിന് ശേഷം ഔദ്യോഗിക വസതിയിൽ നിന്ന് എംഎൽഎ ഹോസ്റ്റലിലേക്കും.

വീണ്ടും മന്ത്രിയാകുമെന്ന് ശൈലജ ഉറച്ചു വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന് ശേഷവും ആത്മവിശ്വാസത്തോടെ കോവിഡ് പ്രതിരോധത്തിന് നേതൃത്വം നൽകി. ഇന്നലെയും പതിവു പോലൊരു ദിവസമായി മാത്രം കണ്ടു. പതിവുപോലെ ചൊവ്വാഴ്ച പുലർച്ചെ എണീറ്റ കെ.കെ.ശൈലജ കോവിഡ് കാര്യങ്ങളുടെ തിരക്കിലായിരുന്നു എട്ടു വരെ. അവസാനത്തെ ഫയൽ ഒപ്പിടാൻ വേണ്ടി എടുത്തപ്പോഴേ പഴ്‌സണൽ അസിസ്റ്റന്റ് കെ.പ്രമോദിനോടു പറഞ്ഞു, ''ഈ ടേമിലെ അവസാനത്തെ ഔദ്യോഗിക ഒപ്പുവയ്ക്കലാണല്ലേ?'' തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിന്റെ മിനുട്‌സായിരുന്നു അത്.

അങ്ങനെ മന്ത്രിയെന്ന നിലയിലെ അവസാന ഒപ്പും കോവിഡ് ഫയലിലായി. അതിന് ശേഷം പത്രവായന. കോവിഡ് പ്രതിസന്ധിയായിരുന്നു പത്രതാളുകളിലെ പ്രധാന വാർത്ത. അതിന് ശേഷം കോവിഡ് കേസുകൾ ഉയർന്നു നിൽക്കുന്ന ജില്ലകളിലെ ഡിഎംഒമാരെ വിളിച്ചു പ്രവർത്തനങ്ങളെക്കുറിച്ച് ആരാഞ്ഞു. കന്റോൺമെന്റ് വളപ്പിൽ ഔദ്യോഗിക വസതിയായ നിളയിൽ നിന്ന് 9.15ന് ഇറങ്ങി, എ.കെ.ജി.സെന്ററിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാൻ. പിണറായി കാബിനറ്റിൽ താനുണ്ടാകുമെന്ന വിശ്വാസം തകർത്ത യോഗമാി പിന്നീട് അത് മാറി.

മന്ത്രിമാരെ ഔദ്യോഗികമായി തീരുമാനിക്കുന്ന ദിവസമായ ചൊവ്വാഴ്ച ശൈലജയ്ക്ക് ആശംസാപ്രവാഹമായിരുന്നു. വിളിച്ചവർക്കും സന്ദേശം അയച്ചവർക്കും ശൈലജ മന്ത്രിയായി തുടരുമെന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നില്ല. എന്നാൽ ഉച്ചയ്ക്ക് ഒരു മണിയോടെ വന്ന കോളുകളുടെ സ്വഭാവം മാറി. വേദനയായിരുന്നു പലരും പങ്കുവച്ചത്. അവരോടെല്ലാം പാർട്ടി നയമാണെന്നു ശൈലജ ആവർത്തിച്ചുകൊണ്ടിരുന്നു. അങ്ങനെ പാർട്ടിയെ ആരോടും തള്ളി പറയാതെ ശൈലജ പടിയിറക്കത്തിന്റെ യാഥാർത്ഥ്യം അവരും ഉൾക്കൊണ്ടു. ചാനലുകൾ ശൈലജയെ ഫോളോ ചെയ്തു. ഒരു എതിർ സ്വരം കിട്ടാൻ. എന്നാൽ പാർട്ടിക്ക് വിരുദ്ധമായി ഒന്നും ശൈലജ പറഞ്ഞില്ല.

തിരികെ നിളയിൽ എത്തിയപ്പോൾ ഭർത്താവും മട്ടന്നൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാനുമായ കെ.ഭാസ്‌കരൻ ടിവി കാണുകയായിരുന്നു. അദ്ദേഹം എണീറ്റ് അടുത്തു വന്നപ്പോൾ ശൈലജ ചിരിച്ചു. ഗൾഫിൽ ജോലി ചെയ്യുന്ന മകൻ ശോഭിത്തും കണ്ണൂർ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ലസിത്തും അമ്മയെ ഫോണിൽ വിളിച്ചാണു വാർത്തകൾ സ്ഥിരീകരിച്ചത്. വൈകാതെ ശൈലജയും ഭാസ്‌കരനും ഭക്ഷണം കഴിക്കാനിരുന്നു. അപ്പോഴും വിളികൾ ഫോണിലേക്ക് വന്നുകൊണ്ടേയിരുന്നു. മാറ്റം നല്ലതാണെന്ന് ഓർമിപ്പിച്ചുകൊണ്ടാണു സംഭാഷണങ്ങൾ അവസാനിപ്പിച്ചത്.

വൈകിട്ട് പാർലമെന്ററി പാർട്ടി യോഗം കഴിഞ്ഞു ശൈലജ മടങ്ങിയെത്തിയപ്പോൾ മന്ത്രിയുടെ ഓഫിസ് ജീവനക്കാരെല്ലാം നിളയിൽ എത്തിയിരുന്നു. അവരോടു സംസാരിച്ചശേഷം മികച്ച പ്രവർത്തനത്തിന് എല്ലാവരെയും അഭിനന്ദിച്ചാണു മടക്കിയയച്ചത്. പാർട്ടി അച്ചടക്കം ലംഘിക്കുന്നതൊന്നും ആരോടും ശൈലജ ടീച്ചർ പറഞ്ഞില്ല. 24ന് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തശേഷം ശൈലജ നിളയിൽ നിന്നിറങ്ങും. അതോടെ സിപിഎമ്മിന്റെ ചീഫ് വിപ്പായി ടീച്ചർ മാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP