Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലബാർ പര്യടത്തിന് ശേഷം തരൂരിന്റെ തെക്കൻ കേരള പര്യടനത്തിന് തുടക്കം; കോട്ടയത്ത് യൂത്ത് കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കും; പതിവുപോലെ ഉടക്കുമായി കോൺഗ്രസ് നേതാക്കൾ; തിരുവഞ്ചൂരും ഡിസിസി പ്രസിഡന്റും തരൂർ ഉദ്ഘാടകനാകുന്ന പരിപാടിയിൽ പങ്കെടുക്കില്ല; കാഞ്ഞിരപ്പള്ളി, പാലാ ബിഷപ്പുമാരുമായി കൂടിക്കാഴ്‌ച്ച നടത്തുന്ന തരൂർ നാളെ പന്തളം കൊട്ടാരത്തിലുമെത്തും

മലബാർ പര്യടത്തിന് ശേഷം തരൂരിന്റെ തെക്കൻ കേരള പര്യടനത്തിന് തുടക്കം; കോട്ടയത്ത് യൂത്ത് കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കും; പതിവുപോലെ ഉടക്കുമായി കോൺഗ്രസ് നേതാക്കൾ; തിരുവഞ്ചൂരും ഡിസിസി പ്രസിഡന്റും തരൂർ ഉദ്ഘാടകനാകുന്ന പരിപാടിയിൽ പങ്കെടുക്കില്ല; കാഞ്ഞിരപ്പള്ളി, പാലാ ബിഷപ്പുമാരുമായി കൂടിക്കാഴ്‌ച്ച നടത്തുന്ന തരൂർ നാളെ പന്തളം കൊട്ടാരത്തിലുമെത്തും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിജയകരമായ മലബാർ പര്യടനത്തിന് ശേഷം ശശി തരൂരിന്റെ തെക്കൻ പര്യടനത്തിന് ഇന്ന് തുടക്കമാകും. മലബാർ പര്യടനം കോൺഗ്രസിൽ വൻ വിവാദം ഉയർത്തിയതിനാൽ അതിൽനിന്നു പാഠം ഉൾക്കൊണ്ടുള്ള സമീപനം ഇത്തവണ പാർട്ടിയും തരൂരും സ്വീകരിക്കാനാണ് എല്ലാ സാധ്യതയും. ഈ യാത്രയിൽ ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചകൾക്കു നൽകുന്ന പ്രാധാന്യം ശ്രദ്ധേയമാണ്.

അതേസമയം തരൂരിനോട് എതിർപ്പു പ്രകടിപ്പിക്കുന്ന കോൺഗ്രസ് നേതാക്കൾ ഇപ്പോഴും ഉടക്കുമായി രംഗത്തുണ്ട്. കോട്ടയത്ത് യൂത്ത് കോൺഗ്രസ് പരിപാടിയിൽ തരൂർ ഉദ്ഘാടകനാണ് എന്ന കാരണത്താൽ ഡിസിസി അധ്യക്ഷനും തിരുവഞ്ചൂർ രാധാകൃഷ്ണനും വിട്ടു നിൽക്കും. വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടിയാണ് തിരുവഞ്ചൂർ വിട്ടുനിൽക്കുന്നത്. അതേസമയം ഇതും തരൂരിനോടുള്ള എതിർപ്പു കൊണ്ടാണെന്ന് വ്യക്തമാണ്. പാർട്ടി സംവിധാനങ്ങളെ അറിയിച്ചു കൊണ്ടാണ് തരൂർ ഇക്കുറി തെക്കൻ പര്യടനം നടത്തുക.

ഇന്ന് പാലായിൽ കെ.എം.ചാണ്ടി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുന്ന തരൂർ പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെ കാണും. വൈകിട്ട് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് പരിപാടിയിലും പങ്കെടുക്കും. നാളെ പന്തളം കൊട്ടാരത്തിലും ക്ഷേത്രത്തിലും എത്തുന്ന തരൂർ വൈകിട്ട് മറൈൻ ഡ്രൈവിൽ ക്രിസ്ത്യൻ സർവീസ് സൊസൈറ്റിയുടെ രജതജൂബിലി ആഘോഷത്തിൽ അതിഥിയാണ്. മറ്റന്നാൾ രാവിലെ കർദിനാൾ മാർ ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ചയും പര്യടന പരിപാടിയിൽ ഉണ്ട്.

അതിനിടെ ഇന്നു രാവിലെ തിരുവനന്തപുരത്ത് എത്തുന്ന തരൂർ വെള്ളയമ്പലം ബിഷപ് ഹൗസിൽ എത്തി ചർച്ചയ്ക്കു ശ്രമിക്കുന്നുണ്ട്. വിഴിഞ്ഞം സമരത്തിന്റെ പശ്ചാത്തലത്തിൽ ഈ കൂടിക്കാഴ്ചയ്ക്കു പ്രാധാന്യമുണ്ട്. പര്യടന പരിപാടിയിൽ കോൺഗ്രസ് നേതാക്കളുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കാനാണ് തരൂരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. മലബാർ പര്യടനം ഏകോപിപ്പിച്ച എം.കെ.രാഘവൻ എംപി ഈ യാത്രയുടെ ഭാഗമാകാൻ ഇടയില്ല. ഗ്രൂപ്പ് ഉണ്ടാക്കാനുള്ള നീക്കമാണ് തരൂരും കൂട്ടരും നടത്തുന്നത് എന്ന ആക്ഷേപം കോൺഗ്രസിലെ പ്രബല വിഭാഗം ഉയർത്തുന്നതിനാൽ അതു കണക്കിലെടുത്താകും നീക്കം.

എ ഗ്രൂപ്പിലെ ഒരു വിഭാഗം തരൂരിനെ അനുകൂലിക്കുന്നുണ്ടെങ്കിലും പരസ്യമായി പരിപാടിയിലേക്ക് എത്തിയേക്കില്ല. ഈ പരിപാടികൾക്ക് പുറമേ അടുത്തമാസം എൻഎസ് എസിന്റെ മന്നം ജയന്തിയിലും ചങ്ങനാശേരി രൂപത യുവദീപ്തിയുടെ പരിപാടിക്കും തരൂരിനെ ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാനനേതൃത്വത്തിൽ ജനങ്ങളുടെ വിശ്വാസം ആർജിക്കാൻ കഴിയുന്ന നേതാവ് വേണമെന്ന പ്രചാരണമാണ് അദ്ദേഹത്തോടൊപ്പമുള്ളവർ നടത്തുന്നത്. പ്രതിപക്ഷപ്രവർത്തനം പോരെന്നാണ് അവരുടെ പക്ഷം. അച്ചടക്കനടപടിക്കെണിയിൽ വീഴാതിരിക്കാൻ സൂക്ഷിച്ചാണ് തരൂരിന്റെയും നീക്കം. കോൺഗ്രസ് നയങ്ങൾക്കെതിരേ അദ്ദേഹമൊന്നും സംസാരിക്കുന്നില്ല. സംഘപരിവാറിനെതിരായ നിലപാടുകളിലൂന്നിയാണ് പ്രസംഗം.

ഇതേസമയം, മുതിർന്നനേതാക്കളുടെ നിലപാട് അദ്ദഹത്തിന് തീർത്തും എതിരാണ്. പാർട്ടിയോട് ആലോചിക്കാതെ സംസ്ഥാനപര്യടനം നടത്തുന്നതും മുന്നണിയുടെ ആകെ നേതാവാകാൻ നോക്കുന്നതും വിഭാഗീയതയല്ലാതെ മറ്റെന്താണെന്നാണ് അവരുടെ ചോദ്യം. തരൂരിന്റെ വരവിനെ എ ഗ്രൂപ്പ് ആദ്യം എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്തിരുന്നില്ല. ഔദ്യോഗിക നേതൃപദവികളിൽ എ ഗ്രൂപ്പ് ഇല്ലാത്തതിനാൽ തത്കാലം നിസ്സംഗതയാണ് നല്ലതെന്ന ചിന്തയിലായിരുന്നു അവർ. എന്നാൽ, എ ഗ്രൂപ്പിന്റെ തട്ടകമായ കോട്ടയത്ത് യൂത്ത് കോൺഗ്രസ് തരൂരിനായി പരിപാടി സംഘടിപ്പിച്ചത്. ഉമ്മൻ ചാണ്ടിയുടെ മനസും തരൂരിനൊപ്പമാണ്.

അതേസമയം തുടക്കത്തിലുണ്ടാകുന്ന ചലനങ്ങൾക്കപ്പുറം തരൂരിന് എത്രദൂരം സഞ്ചരിക്കാനാകുമെന്ന ചോദ്യം ഉയരുന്നുണ്ട്. പ്രത്യേകിച്ചും സംഘടനാപരമായ പിന്തുണയില്ലാതെ. സംസ്ഥാന വിഷയങ്ങളിൽ അദ്ദേഹത്തിന് എത്രത്തോളം സജീവമാകാനാകും? പ്രക്ഷോഭങ്ങളിലും പ്രതിപക്ഷപ്രവർത്തനങ്ങളിലും അദ്ദേഹത്തിന് പങ്കുചേരാനാകുമോ? വിശ്വപൗരനായി നിൽക്കുന്ന തരൂരിന് അടിത്തട്ടിലെ പ്രവർത്തനത്തിന് എത്രത്തോളം സമയം കിട്ടും? ഇത്തരം ചോദ്യങ്ങൾ ഒട്ടേറെയാണ്. എന്നാൽ, കോൺഗ്രസ് നേതൃനിരയിലേക്ക് ഉയർന്നുവരാൻ ഇതിനൊന്നിനും ഉത്തരം കണ്ടെത്തേണ്ടതില്ലെന്നാണ് പാർട്ടിയിലെ കീഴ്‌വഴക്കങ്ങൾ പറഞ്ഞുതരുന്നത്.

അതേസമയം ഇന്നലെ കോഴിക്കോട്ട് തരൂരിന് പരിപാടി ഉണ്ടായിരുന്നു. കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് രാഷ്ട്രീയനേതൃത്വം ഉത്തരവാദിത്വബോധം കാണിക്കണമെന്ന് ശശി തരൂർ എംപി. അഭിപ്രായപ്പെട്ടു. ഒരു ലക്ഷം കോടി രൂപ വിദേശത്തുനിന്നുള്ള മലയാളികൾ ഇങ്ങോട്ടയക്കുന്നതുകൊണ്ടാണ് കേരളം ജീവിക്കുന്നതെന്നാണ് സംസ്ഥാന ആസൂത്രണബോർഡിന്റെ കണക്ക്. ആ വരവുനിലച്ചാൽ കേരളവികസനം അതോടെ തീരും. തൊഴിലില്ലായ്മനിരക്ക് ഇന്ത്യയുടേതിനെക്കാൾ മൂന്നിരട്ടിയാണ് കേരളത്തിൽ. ഗൾഫ് രാജ്യങ്ങളിലേക്കു പോകുന്നതിനുമുമ്പ് മലയാളികൾ തൊഴിൽതേടി മറ്റു സംസ്ഥാനങ്ങളിലേക്കാണ് പോയിരുന്നത്. അത് ഇന്ന് നടക്കില്ല. ഗൾഫിന്റെ വാതിലടഞ്ഞാൽ വികസനം നിലയ്ക്കുമെന്ന സ്ഥിതി ഇപ്പോഴത്തെ സർക്കാർ ഗൗരവത്തിലെടുക്കുന്നില്ല. ഈ സ്ഥിതിക്ക് കേരളത്തിൽത്തന്നെ പരിഹാരം കാണണം.

കേരളത്തിനു പുറത്ത് എവിടെയും അധ്വാനശേഷിയും പ്രൊഫഷണൽ മികവും കാണിക്കുന്ന മലയാളികൾക്ക് ഇവിടെ എന്താണ് സംഭവിക്കുന്നത്? രാഷ്ട്രീയമാണ് ഇതിനുകാരണമെന്നാണ് ഇതേക്കുറിച്ച് പഠിച്ചവർ പറയുന്നത്. എന്നാൽ, മലയാളികൾ ഇവിടെ വിജയമാതൃക സൃഷ്ടിച്ചതിന്റെ കഥകളുമുണ്ട്. കപ്പൽ രൂപകല്പനാ വിദഗ്ധനായ ആന്റണി പ്രിൻസ് കൊച്ചി കപ്പൽശാലയിൽനിന്ന് ലോകോത്തരമായ കപ്പൽ പുറത്തിറക്കിയത് ഇത്തരത്തിലൊന്നാണ്. നാട്ടുകാരെ വിശ്വസിച്ചാൽ നല്ല ഫലമുണ്ടാകുമെന്നതിന്റെ ഉദാഹരണമാണിത്. അതിന് രാഷ്ട്രീയനേതൃത്വം ഉത്തരവാദിത്വബോധം കാണിക്കണം -ശശി തരൂർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP