Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

'കെ കെ ശൈലജ അർഹിച്ച അംഗീകാരം തന്നെ, കേരളത്തിലെ ജനങ്ങളാണ് എല്ലാത്തിലും ഉപരി ഈ പോരാട്ടത്തിലെ നായകർ'; ആരോഗ്യ മന്ത്രി ശൈലജ ടീച്ചറെ റോക്ക് സ്റ്റാർ ആക്കി പ്രശംസിച്ചുള്ള ഗാർഡിയൻ അഭിമുഖം ഷെയർ ചെയ്ത് ശശി തരൂർ; കോവിഡ് കാലത്തെ പോസിറ്റീവ് രാഷ്ട്രീയക്കളി തുടർന്ന് ശശി തരൂർ എംപി; ഇതാണ് വെറും രാഷ്ട്രീയക്കാരനും സ്റ്റേറ്റസ്മാനും തമ്മിലുള്ള വ്യത്യാസം എന്നു പറഞ്ഞു കൈയടിച്ചു സോഷ്യൽ മീഡിയ; തരൂരിന്റെ ജെന്റിൽമാൻ രാഷ്ട്രീയക്കളി ദഹിക്കാതെ കോൺഗ്രസിനുള്ളിലും അമർഷം

'കെ കെ ശൈലജ അർഹിച്ച അംഗീകാരം തന്നെ, കേരളത്തിലെ ജനങ്ങളാണ് എല്ലാത്തിലും ഉപരി ഈ പോരാട്ടത്തിലെ നായകർ'; ആരോഗ്യ മന്ത്രി ശൈലജ ടീച്ചറെ റോക്ക് സ്റ്റാർ ആക്കി പ്രശംസിച്ചുള്ള ഗാർഡിയൻ അഭിമുഖം ഷെയർ ചെയ്ത് ശശി തരൂർ; കോവിഡ് കാലത്തെ പോസിറ്റീവ് രാഷ്ട്രീയക്കളി തുടർന്ന് ശശി തരൂർ എംപി; ഇതാണ് വെറും രാഷ്ട്രീയക്കാരനും സ്റ്റേറ്റസ്മാനും തമ്മിലുള്ള വ്യത്യാസം എന്നു പറഞ്ഞു കൈയടിച്ചു സോഷ്യൽ മീഡിയ; തരൂരിന്റെ ജെന്റിൽമാൻ രാഷ്ട്രീയക്കളി ദഹിക്കാതെ കോൺഗ്രസിനുള്ളിലും അമർഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് കാലത്ത ഏറ്റവും മികച്ച വിധത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയ വ്യക്തി ആരെന്ന് ചോദിച്ചാൽ കേരളത്തിൽ ചൂണ്ടിക്കാട്ടാൻ നിരവധിപേരുകളുണ്ട്. ഇതിൽ ഏറ്റവും പ്രധാനമായി ചൂണ്ടിക്കാട്ടുന്നത് കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ കുറിച്ചാണ്. ലോക മാധ്യമങ്ങളിൽ പോലും ശൈലജ ടീച്ചർ താരമാകുമ്പോൾ ടീച്ചറോളം തന്നെ കൈയടി നേടുന്ന മറ്റൊരാളുണ്ട്, കോൺഗ്രസ് നേതാവ് ശശി തരൂരാണ് ഈ വ്യക്തി. കോവിഡ് കാലത്ത് ഒരു എം പി എങ്ങനെ പ്രവർത്തിക്കണം എന്ന് തെളിയുക്കുയായിരുന്നു ശശി തരൂർ. പ്രതിപക്ഷം എന്നത് ഭരണപക്ഷത്തെ വിമർശിക്കാനുള്ളവരുടെ ആൾക്കൂട്ടമായി മാത്രം മാറുന്നിടത്താണ് തരൂർ തന്റെ പോസിറ്റീവ് രാഷ്ട്രീയക്കളി തുടരുന്നത്.

ആരോഗ്യമന്ത്രി കെകെ ശൈലജയെ പ്രശംസിച്ച് ബ്രിട്ടിഷ് ദിനപത്രമായ ദി ഗാർഡിയനിൽ വന്ന ലേഖനം ഷെയർ ചെയ്തു കൊണ്ടാണ് തരൂർ വീണ്ടും രംഗത്തുവന്നത്. ഇത് മുമ്പ് കേരളത്തിന്റെ ആരോഗ്യ നേട്ടത്തെ കുറിച്ചു വിദേശ പത്രങ്ങളിൽ അനുകൂലിച്ചു ലേഖനം പോലും തരൂർ എഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിന്റെ പശ്ചാത്തലത്തിൽ കെകെ ശൈലജയുമായുള്ള അഭിമുഖം ഉൾപ്പെടുത്തി ദീർഘമായ ലേഖനം തരൂർ ഷെയർ ചെയ്തത്. ബ്രിട്ടീഷ് പത്രമായ ഗാർഡിയൻ പ്രസിദ്ധീകരിച്ച ലേഖനം ടീച്ചറെ പുകഴ്‌ത്തികൊണ്ടുള്ളതായിരുന്നു. ആരോഗ്യമന്ത്രി അത് അർഹിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് തരൂറിന്റെ ട്വീറ്റ്.

ദി കൊറോണ സ്ലെയർ, ഹൗ കേരളാസ് റോക്ക് സ്റ്റാർ ഹെൽത്ത് മിനിസ്റ്റർ ഹെൽപ്ഡ് സേവ് ഇറ്റ് ഫ്രം കോവിഡ് എന്ന ലേഖനമാണ് തരൂർ സാമൂഹ്യ മാധ്യമത്തിൽ ഷെയർ ചെയ്തത്. സ്്പാനിഷ് ഫൽവിനെക്കുറിച്ചു പുസ്തകെഴുതിയ ലോറ സ്പിന്നിയാണ് ശൈലജ ടീച്ചറെക്കുറിച്ച് ഗാർഡിയനിൽ എഴുതിയിരിക്കുന്നത്. കെകെ ശൈലജ അർഹിച്ച അംഗീകാരം തന്നെയാണ് ഇതെന്ന കുറിപ്പോടെയാണ് തരൂർ ലേഖനം ഷെയർ ചെയ്തത്. കേരളത്തിലെ ജനങ്ങളാണ് എല്ലാത്തിലും ഉപരി ഈ പോരാട്ടത്തിലെ നായകരെന്നും തരൂർ കുറിച്ചിട്ടുണ്ട്.

അതേസമയം ശശി തരൂരിന്റെ നടപടിയിൽ പാർട്ടിക്കുള്ളിൽ അമർഷവും പുകയുന്നുണ്ട്. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ സർക്കാരിനെതിരെ നിരന്തര വിമർശനം ഉന്നയിക്കുന്നതിനിടെയാണ് തരൂർ ശൈലജ ടീച്ചറെ പുകഴ്‌ത്തി രംഗത്തുവന്നത്. കോവിഡ് പ്രതിരോധ നടപടികളുടെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം നിരന്തര വിമർശനം ഉന്നയിക്കുന്നതിനിടെ തരൂരിന്റെ നടപടി രാഷ്ട്രീയ ജാഗ്രതയില്ലായമയാണെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. വാളയാറിൽ സമരം നടത്തിയ കോൺഗ്രസ് എംപിമാരും എംഎൽഎമാരും ക്വാറന്റൈനിൽ പോവണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചത് ഇന്നലെയാണ്. രാഷ്ട്രീയ പ്രേരിതമായി ആരോഗ്യവകുപ്പു നടപടിയെടുക്കുമ്പോൾ തരൂർ പ്രസംശിച്ചു രംഗത്തുവന്നത് കോൺഗ്രസ് നിലപാടിനെ ദുർബലപ്പെടുത്തുമെന്നും അവർ കുറ്റപ്പെടുത്തുന്നു.

തരൂരിന്റെ നടപടിയിലുള്ള അതൃപ്തി ഏതാനും കോൺഗ്രസ് നേതാക്കൾ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുന്ന നടപടികളിൽനിന്നു പിൻവാങ്ങണമെന്ന് തരൂരിനോട് നിർദ്ദേശിക്കണമെന്നാണ് അവരുടെ ആവശ്യം. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് പ്രതിപക്ഷം തന്നെ സർക്കാരിനെ പ്രശംസിച്ചു രംഗത്തുവരുന്നത് ആത്മഹത്യാപരമാണെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഇതൊന്നും തൽക്കാലം മൈൻഡ് ചെയ്യാൻ തരൂർ തയ്യാറല്ല. തന്റെ പോസിറ്റീവ് പൊളിറ്റിക്ട്‌സുമായി മുന്നോട്ടു തന്നെയാണ് തരൂർ നീങ്ങുന്നത്.

ശശി തരൂരിന് സോഷ്യൽ മീഡിയയിൽ അടക്കം വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതാണ് വെറും രാഷ്ട്രീയക്കാരനും സ്റ്റേറ്റസ്മാനും തമ്മിലുള്ള വ്യത്യാസം എന്നു പറഞ്ഞു കൊണ്ടാണ് സോഷ്യൽ മീഡിയ കൈയടിക്കുന്നത്. കൊറോണയുടെ ആദ്യഘട്ടത്തിൽ പ്രതിപക്ഷം എല്ലാം മറന്നുസർക്കാരുമായി സഹകരിച്ചു. അങ്ങനെ പോകെ പോകെ ഇങ്ങനെ പോയാൽ തങ്ങളും സർക്കാരായി മാറുമോ എന്നൊരു സംശയം തോന്നിയതോടെയാണ് കോൺഗ്രസുകാർ വിമർശനവുമായി എത്തിയത്. പഴുതുള്ളിടത്തെല്ലാം വെടിവച്ചെങ്കിലും ഒന്നും കാര്യമായി ഏഴിയില്ല. ഏറ്റവും ഒടുവിൽ അതിർത്തിയിൽ നിന്ന് നാട്ടിലേക്ക് കടക്കാൻ പാസില്ലാതെ വിഷമിക്കുന്ന സഹോദരങ്ങളുടെ പ്രശ്നം ഏറ്റുപിടിച്ച് ഇടതുസർക്കാരിനെ വെടിവച്ചു.

എന്നാൽ, ഈ കൂട്ടത്തിലൊന്നും താനില്ലെന്ന് വ്യക്തമാക്കുകയാണ് തരൂർ. അദ്ദേഹം വിശ്വപൗരനാണ്. യുഎന്നിലെ പഴയ അണ്ടർ സെക്രട്ടറി. അങ്ങനെ വാടാ പോടാ രാഷ്ട്രീയം പറയാനൊന്നും അദ്ദേഹത്തെ കിട്ടില്ല. ഏതായാലും കോവിഡ് നിയന്ത്രണത്തിൽ കേരളം മുൻപന്തിയിൽ എത്തിയത് എങ്ങനെ എന്ന് വിശദീകരിച്ച് അദ്ദേഹം 'പ്രോജക്റ്റ് സിൻഡിക്കേറ്റി'ൽ എഴുതിയ ലേഖനം കണ്ട് ചെന്നിത്തലയും മുല്ലപ്പള്ളിയും ഒക്കെ കണ്ണുതള്ളുകയിരുന്നു ചെയ്തിരുന്നു. വുഹാനിൽ നിന്ന് കേരളത്തിലേക്ക് വന്ന മെഡിക്കൽ വിദ്യാർത്ഥിക്ക് ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചതും രാജ്യത്തിന്റെ മറ്റു സ്ഥലങ്ങളിൽ കണ്ട പോലെ മനുഷ്യർക്ക് ദുരിതമുണ്ടാക്കാതെ വൈറസിനെ ഫ്ളാറ്റാക്കിയതുമാണ് തരൂർ വിസ്തരിക്കുന്നത്. കേസുകളുടെ എണ്ണക്കുറവിലും, മരണനിരക്കിലെ കുറവും, രോഗമുക്തിയിലെ വേഗതയും എല്ലാം അദ്ദേഹം ലേഖനത്തിൽ എടുത്തു പറഞ്ഞിരുന്നു.

നേരേ ചൊവ്വേ കാര്യങ്ങളെ കണ്ടതാണ് കേരളത്തിന്റെ വിജയ ഫോർമുലയെന്ന് തരൂർ പറയുന്നു. രോഗം നേരത്തെ അറിയുന്നതിനുള്ള മുൻഗണന, വിപുലമായ പരിശോധന, സമ്പർക്ക പട്ടിക തയ്യാറാക്കൽ, രോഗികൾക്ക് 28 ദിവസം ക്വാറന്റൈൻ( രാജ്യത്തിന്റെ മറ്റിടങ്ങളിൽ 14 നാൾ മാത്രം) എല്ലാമാണ് വിജയ പാത തെളിച്ചത്. ജനുവരി 18 ന് ആദ്യ കോവിഡ് അലേർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ, എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ സ്‌ക്രീനിങ്, ഉടനടി ആശുപത്രി വാസമോ ക്വാറന്റൈനോ ഏർപ്പെടുത്തി. ഫെബ്രുവരി നാലിന് സംസ്ഥാനതല ദുരന്തമായി പ്രഖ്യാപിച്ചു. സ്‌കൂളുകൾ അടച്ചു, കൂട്ടായ്മകൾ വിലക്കി, മാർച്ച് ആദ്യം ലോക് ഡ ൗണും. കേന്ദ്രസർക്കാർ ആഴ്ചകൾക്ക് ശേഷം ഇതേ വഴിയിൽ എത്തുമ്പോഴേക്കും കേരളം 30,000 ആരോഗ്യ പ്രവർത്തകരെ നിയോഗിക്കുകയും, പതിനായിരങ്ങളെ ക്വാറന്റൈനിലാക്കുകയും ചെയ്തു.

പിന്നീട് കേരളത്തിന്റെ ആരോഗ്യ മേഖലയുടെ കരുത്തും, തദ്ദേശസ്ഥാപനങ്ങളുടെ ശാക്തീകരണവും, ഉയർന്ന സാക്ഷരതാ നിരക്കും, ശക്തമായ ക്ഷേമസംവിധാനവും, സ്ത്രീ ശാക്തീകരണവും, ഉയർന്ന പൗരബോധവും ഒക്കെ തരൂർ വിശദീകരിക്കുന്നു. ഏതായാലും കേരള മോഡലിന്റെ പിതൃതൃത്വം കമ്യൂണിസ്റ്റ് സർക്കാരിന് മാത്രമായി ചാർത്തിക്കൊടുക്കാനൊന്നും തരൂർ തയ്യാറല്ല. കമ്യൂണിസ്റ്റ്-കോൺഗ്രസ് മുന്നണികൾ നേതൃത്വം നൽകിയ സർക്കാരുകളുടെ ഉയർന്ന ജനാധിപത്യ ബോധവും സംഭാവനകളും എടുത്തു പറയുന്നു. സ്ഥാപനങ്ങളിലും തിരഞ്ഞെടുത്ത ജനപ്രതിനിധികളിലും ഉള്ള ഉയർന്ന തോതിലുള്ള വിശ്വാസം വിദേശ നിരീക്ഷകർ ചൂണ്ടിക്കാട്ടിയത് പോലെ ശക്തമായ സാമൂഹിക സംവിധാനത്തിന് ഇടംകൊടുത്തുവെന്ന് തരൂർ പറയുന്നു.

ഇക്കാരണം കൊണ്ടാണ് മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറച്ചുകൂടി മനുഷ്യത്വപരമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേരളത്തിന് കഴിഞ്ഞത്. അവശ്യസാധനങ്ങൾ കൊണ്ടുത്തരാൻ ആരുമില്ലെന്ന് ചിലർ പരാതിപ്പെട്ടപ്പോൾ പൊലീസ് അത് വേണ്ടിടത്ത് എത്തിച്ചുകൊടുത്തു. സ്‌കൂളുകൾ അടച്ചപ്പോൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് സ്‌കൂളുകളെ ആശ്രയിക്കുന്ന ദരിദ്രരായ മാതാപിതാക്കൾക്ക് വീട്ടിൽ ഊണ് എത്തിച്ചുകൊടുത്തു. കേന്ദ്രസർക്കാർ ലോക് ഡൗൺ പ്രഖ്യാപിക്കും മുമ്പേ തന്നെ സമഗ്രമായ സാമ്പത്തികാശ്വാസ പാക്കേജ് കേരളം പ്രഖ്യാപിച്ചു.

രണ്ട്ദശലക്ഷം മാസ്‌കുകളും, 5000 ലിറ്റർ ഹാൻഡ് സാനിറ്റൈസറും ലോക് ഡൗണിന്റെ ആദ്യമാസത്തിൽ എത്തിച്ച കുടുംബശ്രീ, 1200 കമ്യൂണിറ്റി കിച്ചൻ, എല്ലാറ്റിനും തരൂരിന്റെ അഭിനന്ദനങ്ങൾ മാത്രം. ഒരിടത്തും പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെയോ, സർക്കാരിനെയോ തരൂർ പേരെടുത്ത് പറഞ്ഞ് പണി വാങ്ങിക്കാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ആശയവിനിമയത്തിന്റെ കാര്യത്തിലും കേരളത്തിന് തരൂർ ഒന്നാം റാങ്ക് കൊടുക്കുന്നു. അതായാത് ഇടതുസർക്കാരിന് തന്നെ. കേരളം എന്നാണ് പറയുന്നതെങ്കിലും ഭരിക്കുന്നത് ആരാണ്? പ്രതിസന്ധിയിൽ തളരാതെ കേരളം ഇത്രയും നേട്ടം കൈവരിച്ചിട്ടും കേന്ദ്രസർക്കാർ വേണ്ട പോലെ ഗൗനിക്കുന്നില്ലെന്ന പരാതിയോടെയാണ് തരൂർ ലേഖനം നിർത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP