Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202331Tuesday

പാവ ഡിസിസി പ്രസിഡന്റ്; പിജെ കുര്യന്റെ പിൻസീറ്റ് ഡ്രൈവിങ്ങ്; പത്തനംതിട്ടയിൽ അസംതൃപ്തരായ കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പ് വെടിഞ്ഞ് കൂട്ടത്തോടെ തരുർ ക്യാമ്പിലേക്ക്; ഡിസംബർ നാലിന് തരൂർ എത്തുന്നത് അടൂരിൽ; ഡിസിസിയിൽ ആധിപത്യം ഉറപ്പിച്ച് തിരുവനന്തപുരം എംപി

പാവ ഡിസിസി പ്രസിഡന്റ്; പിജെ കുര്യന്റെ പിൻസീറ്റ് ഡ്രൈവിങ്ങ്; പത്തനംതിട്ടയിൽ അസംതൃപ്തരായ കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പ് വെടിഞ്ഞ് കൂട്ടത്തോടെ തരുർ ക്യാമ്പിലേക്ക്; ഡിസംബർ നാലിന് തരൂർ എത്തുന്നത് അടൂരിൽ; ഡിസിസിയിൽ ആധിപത്യം ഉറപ്പിച്ച് തിരുവനന്തപുരം എംപി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലയിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അസ്വസ്ഥരാണ്. കാരണം ഇവിടെ പാർട്ടി നിശ്ചലമാണ്. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കാതെ പാർട്ടിക്ക് ഉണർവ് നൽകുന്ന പരിപാടിപകൾ സംഘടിപ്പിക്കാതെ മുതിർന്ന നേതാവ് പിജെ കുര്യൻ നീക്കുന്നത് അനുസരിച്ച് നീങ്ങുന്ന കരുക്കൾ മാത്രമാണ് ഡിസിസി പ്രസിഡന്റും കൂട്ടരും. പത്രത്തിൽ പടം വരാനും സോപ്പിടാനുമായി ഒരു പറ്റം മാത്രമാണ് പ്രസിഡന്റിന്റെ ചുറ്റിനും.

മനസു മടുത്ത മൂന്ന് മുൻ ഡിസിസി പ്രസിഡന്റുമാർ കെപിസിസി പ്രസിഡന്റിനെ നേരിൽ കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചത് രണ്ടാഴ്ച മുൻപാണ്. ഇപ്പോഴിതാ അസംതൃപ്തരുടെ മനസിൽ ലഡു പൊട്ടിച്ചു കൊണ്ട് ശശി തരൂർ ജില്ലയിലേക്കും എത്തുന്നു. പാർട്ടിയുടെ വളർച്ചാ മുരടിപ്പിൽ മനം നൊന്ത മുതിർന്ന നേതാക്കൾ അടക്കം തരൂരിന്റെ വരവ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. ഡിസംബർ നാലിന് അടൂർ ഗ്രീൻവാലിയിൽ നടക്കുന്ന പരിപാടിക്ക് വമ്പൻ ആൾക്കൂട്ടമാണ് പ്രതീക്ഷിക്കുന്നത്.

മലബാറിലെ പര്യടനത്തിന് ശേഷം തെക്കൻ ജില്ലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് പാർട്ടി പരിപാടിയുടെ ഭാഗമല്ലാതെ ശശി തരൂർ എത്തുന്നത്. കോൺഗ്രസിലെ എ വിഭാഗത്തിനും ഉമ്മൻ ചാണ്ടി പക്ഷത്തിനും മുൻതൂക്കമുള്ള ജില്ലയിൽ തരൂരിന്റെ വരവ് വൻ അട്ടിമറി സൃഷ്ടിക്കും.സാമൂഹിക പരിപാടി എന്നാണ് പേര്. പക്ഷേ, വ്യക്തമായ രാഷ്ട്രീയം ഉള്ളവർ തന്നെയാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

കാറ്റിനനുസരിച്ച് നീങ്ങുന്ന ചില നേതാക്കൾ അടുത്ത കാലത്ത് കെ.സി.വേണുഗോപാൽ, കെ. സുധാകരൻ, വി.ഡി.സതീശൻ പക്ഷത്തേക്ക് തിരിഞ്ഞ് സ്ഥാനങ്ങൾ കൈക്കലാക്കിയിരുന്നു. എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ശശി തരൂർ മത്സരിച്ചപ്പോൾ നാമനിർദ്ദേശ പത്രികയിൽ പിന്തുണച്ച് തന്റെ നിലപാട് പരസ്യമായി പ്രഖ്യാപിച്ചയാളാണ് ഡിസിസി മുൻ പ്രസിഡന്റ് പി.മോഹൻ രാജ്.

കോൺഗ്രസിൽ എ.കെ.ആന്റണിയുടെ അടുത്ത അനുയായി എന്നറിയപ്പെടുന്ന നേതാവ് കൂടിയാണ് മോഹൻരാജ്. ശശി തരൂരിനെ പോലെ യു.എന്നിൽ പ്രവർത്തിച്ചിട്ടുള്ള കെപിസിസിയുടെ പബ്ലിക് പോളിസി വിഭാഗം ചെയർമാൻ ജെ.എസ് അടൂർ എന്നറിയപ്പെടുന്ന ജോൺ സാമുവലിന്റെ നേതൃത്വത്തിലാണ് അടൂരിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ബോധിഗ്രാമിന് രാഷ്ട്രീയമില്ലെങ്കിലും പിന്നിലുള്ളവർ രാഷ്ട്രീയമുള്ളവരാണ് എന്നതാണ് ഇത് വ്യക്തമാക്കുന്നത്. ബോധിഗ്രാമിന്റെ സ്ഥാപക ദിന പ്രഭാഷണമാണ് തരൂരിന്റെ മുഖ്യ പരിപാടി. പറക്കോട് ഗ്രീൻവാലി ഓഡിറ്റോറിയത്തിൽ നാലിന് രാവിലെ 11 നാണ് യുവ ഇന്ത്യ, സാമൂഹിക സാമ്പത്തിക ശാക്തീകരണം എന്നവിഷയത്തിൽ ശശി തരൂർ പ്രഭാഷണം നടത്തുന്നത്. സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ, യുവജന ശാക്തീകരണം, അഖിലേന്ത്യാതല ശിൽപശാലകൾ തുടങ്ങിയവ അടുത്ത കാലത്തായി ബോധിഗ്രാമിൽ നടത്തിയിരുന്നു. അതെല്ലാം സംഘടിപ്പിച്ചെങ്കിലും ഇപ്പോഴത്തെ പരിപാടി ഇതിൽ നിന്നെല്ലാം വ്യത്യസ്തമാകും. നേരത്തേ യുവജന സഖ്യത്തിന്റെയടക്കം ചില പരിപാടികളിൽ ജില്ലയിൽ തരൂർ പങ്കെടുത്തിട്ടുണ്ട്.

സാമൂഹിക പരിപാടി ആയതിനാൽ ആർക്കും പങ്കെടുക്കാം. ജില്ലയിൽ ആരൊക്കെ തരൂരിനെ പിന്തുണക്കുന്നു എന്നറിയാൻ ഇത് സഹായിക്കും. നിലവിലെ ഡി.സി.സി നേതൃത്വത്തിന് എതിരെ അസ്വസ്ഥത പടരുന്ന സാഹചര്യം കൂടിയാണിത്.മുൻ പ്രസിഡന്റുമാരും മുതിർന്ന നേതാക്കളുമായ മുൻ എംഎ‍ൽഎ കെ. ശിവദാസൻ നായർ, പി. മോഹൻ രാജ്, ബാബു ജോർജ് തുടങ്ങിയവർ ഇക്കാര്യം നേരിട്ട് കെപിസിസി പ്രസിഡന്റിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു കാര്യമായ നടപടി ഉണ്ടായില്ല. അതിനാൽ തന്നെ ജില്ലയിൽ തരൂരിന് എന്തുമാത്രം പിന്തുണയുണ്ടെന്നു തിരിച്ചറിയാൻ ഈ സമ്മേളനത്തിലൂടെ കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP