Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202307Thursday

തരൂരിന്റെ എൻട്രി തടുക്കാൻ നേതാക്കൾക്ക് മുന്നിലെ തടസ്സം സാമുദായിക പിന്തുണയെന്ന അധികശക്തി; എല്ലാ സമുദായത്തിനും പ്രിയങ്കരനായ നേതാവിനെ എന്തിന് മാറ്റി നിർത്തണമെന്ന് ഒരു വിഭാഗം; സർവ്വ സമ്മത പരിവേഷമുള്ള തരൂരിനെ തൊടാൻ കഴിയില്ലെന്ന തിരിച്ചറിവിൽ നേതാക്കളും; ഇടക്കാലം കൊണ്ട് ചിതറിപ്പോയ എ ഗ്രൂപ്പ് കരുത്തു വീണ്ടെടുക്കാനുള്ള ശ്രമത്തിലും

തരൂരിന്റെ എൻട്രി തടുക്കാൻ നേതാക്കൾക്ക് മുന്നിലെ തടസ്സം സാമുദായിക പിന്തുണയെന്ന അധികശക്തി; എല്ലാ സമുദായത്തിനും പ്രിയങ്കരനായ നേതാവിനെ എന്തിന് മാറ്റി നിർത്തണമെന്ന് ഒരു വിഭാഗം; സർവ്വ സമ്മത പരിവേഷമുള്ള തരൂരിനെ തൊടാൻ കഴിയില്ലെന്ന തിരിച്ചറിവിൽ നേതാക്കളും; ഇടക്കാലം കൊണ്ട് ചിതറിപ്പോയ എ ഗ്രൂപ്പ് കരുത്തു വീണ്ടെടുക്കാനുള്ള ശ്രമത്തിലും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശശി തരൂരിന്റെ എൻട്രി തടയാൻ ആഗ്രഹിക്കുന്ന നേതാക്കൾ തീവ്രശ്രമം നടത്തിയിട്ടും അതിന് സാധിക്കാത്തത് തരൂരിന് പൊതു സമൂഹത്തിലും സാമുദായിക നേതാക്കൾക്കിടയിലും ലഭിക്കുന്ന സ്വീകാര്യതയിൽ. നിലനിൽ എല്ലാവരുടെയും പ്രിയങ്കരനെന്ന പരിവേഷമാണ് തരൂരിനുള്ളത്. എല്ലാ സമുദായത്തിനും സ്വീകാര്യൻ. ഇപ്പോൾ മറ്റ് നേതാക്കളൊന്നും ഇക്കാര്യത്തിൽ തരൂരിനെ കടത്തിവെട്ടില്ല. അതുകൊണ്ട് തന്നെ പൊതുപിന്തുണയുള്ള നേതാവിനെ എന്തിന് അകറ്റി നിർത്തണമെന്ന ചോദ്യമാണ് ഉയർന്നിരിക്കുന്നത്. തങ്ങളുടെ മുന്നിലെ ശത്രുപരിവേഷമാണ് ഇപ്പോൾ തന്നെ സതീശനും കെ സി വേണുഗോപാലുമെല്ലാം തരൂരിനെ കുറിച്ചു നൽകിയിരിക്കുന്നത്.

മലബാർ പര്യടനത്തിന് ശേഷം മറ്റു പരിപാടികളിലേക്കും തരൂർ കടത്തുമ്പോൾ അദ്ദേഹത്തിന്റെ സ്വീകാര്യത വർധിക്കുമെന്ന കാര്യം ഉറപ്പാണ. ഇപ്പോഴത്തെ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റി ശശി തരൂരിനെ പങ്കെടുപ്പിച്ച് ഡിസംബർ മൂന്നിന് ഈരാറ്റുപേട്ടയിൽ നടത്തുന്ന പരിപാടി പാർട്ടി വിലക്കാനിടയില്ല. വിട്ടുനിൽക്കാനും നിർദേശിച്ചേക്കില്ല. കോട്ടയം ജില്ലയിൽ തരൂർ പങ്കെടുക്കാൻപോകുന്ന ചില പരിപാടികൾ പ്രധാന നേതാക്കൾക്കുതന്നെ ഒഴിവാക്കാനാവാത്തവയാണ്. യു.ഡി.എഫിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തരൂരിനെ സ്വാഗതംചെയ്തുകഴിഞ്ഞു. മോൻസ് ജോസഫും മുന്നണി ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലും അതു പറഞ്ഞിട്ടുണ്ട്.

ഡിസംബർ മൂന്നിന് പാലായിൽ കെ.എം. ചാണ്ടി ഫൗണ്ടേഷൻ നടത്തുന്ന പരിപാടിയിൽ മുഖ്യപ്രഭാഷകൻ തരൂരാണ്. പാലാ ബിഷപ്പാണ് ഉദ്ഘാടകൻ. അന്ന് ബിഷപ്പ് ഹൗസും തരൂർ സന്ദർശിക്കും. കാഞ്ഞിരപ്പള്ളി രൂപതയിലെ ബിഷപ്പുമാരെ കാണാനുള്ള തരൂരിന്റെ താത്പര്യത്തിനും അനുകൂല മറുപടിയാണ്. കാർഷിക, ബഫർസോൺ വിഷയങ്ങളിലും ഒരു പ്രസംഗത്തിന്റെപേരിലും പാലാ ബിഷപ്പിനെതിരേ കേസെടുത്തതിലും ഇടതുസർക്കാരിനോട് സഭയ്ക്ക് അതൃപ്തിയുണ്ട്. ഇതിനുപുറമേയാണ് യു.ഡി.എഫ്. ശക്തമാകണമെന്ന താത്പര്യം. കേരള കോൺഗ്രസും (എം) തരൂരിന്റെ നീക്കം ശ്രദ്ധിക്കുന്നുണ്ട്. എന്നും ഇടതുമുന്നണിയിൽ തുടരേണ്ടവരാണെന്ന് കരുതരുതെന്ന് കത്തോലിക്കാസഭ മുന്നേതന്നെ ആ പാർട്ടി നേതാക്കളെ ഉപദേശിച്ചതാണ്.

തരൂരിന്റെ ഇപ്പോഴത്തെ നീക്കങ്ങളുടെ ഫൈനൽ ജനുവരി രണ്ടിന് പെരുന്നയിലാവും. എൻ.എസ്.എസിന്റെ മന്നം ജയന്തി സമ്മേളനത്തിൽ തരൂർ മുഖ്യാതിഥിയാകുമ്പോൾ അദ്ദേഹത്തെ എതിർക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് പ്രതിരോധശേഷി ഗണ്യമായി കുറയും. മന്നംജയന്തിക്ക് പ്രധാനരാഷ്ട്രീയ നേതാക്കളെല്ലാം എത്താറുണ്ട്. അവരെല്ലാം സദസ്സിലിരിക്കുകയും മുഖ്യാതിഥി മാത്രം എൻ.എസ്.എസ്. നേതാക്കൾക്കൊപ്പം വേദി പങ്കിടുകയും ചെയ്യുന്നതാണ് രീതി. തരൂർ പ്രസംഗിക്കുമ്പോൾ കേൾവിക്കാരായി മറ്റു നേതാക്കൾക്ക് താഴെ ഇരിക്കേണ്ടിവരും. തരൂർ പലർക്കും മുകളിൽ ഇരിപ്പിടം ഉറപ്പിക്കും. ഇത് കൃത്യമായ രാഷ്ട്രീയ സൂചനയുമാകും എന്ന് ഉറപ്പാണ്.

ഇപ്പോഴത്തെ നിലയിൽ തരൂരിന്റെ എൻട്രിയിൽ ഏറ്റവും ക്ഷീണം സതീശനാണ്. തരൂർ വിഷയത്തിൽ പ്രതികരിക്കുമ്പോൾ പ്രതിസന്ധി മുന്നിൽക്കാണുന്നയാളെപ്പോലെ സതീശൻ അസ്വസ്ഥനാകുന്നത് ശ്രദ്ധേയമാണ്. അത് സതീശനെ കൂടുതൽ ദുർബലനാക്കുന്നു. തിരഞ്ഞെടുപ്പിൽ സമുദായപിന്തുണ തേടിയശേഷം സതീശൻ മറിച്ചുപറഞ്ഞെന്ന രൂക്ഷമായ വിമർശനം ഒരാഴ്ചമുമ്പ് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഉന്നയിച്ചിരുന്നു. മുസ്ലിം ലീഗും റോമൻ കത്തോലിക്കാ സഭയും എൻ.എസ്.എസും ജോസഫ് വിഭാഗവും അംഗീകരിക്കുന്ന, കഴിവും നയതന്ത്രവുമുള്ള ഒരു നേതാവിനെ വിഭാഗീയതയെന്നു പറഞ്ഞ് മാറ്റിനിർത്താൻ കോൺഗ്രസിനും യു.ഡി.എഫിനുമാവില്ല. കോൺഗ്രസ് കേന്ദ്രനേതൃത്വവും അതിന് മടിക്കും.

അതിനിടെ ഇരുവരും തമ്മിലുള്ള ശരീര ഭാഷ പോലും മാറിയിട്ടുണ്ട്. ഇന്നലെ ലുലു ഗ്രൂപ്പിന്റെ ഹയാത്ത് റീജൻസിയുടെ ഉദ്ഘാടനച്ചടങ്ങിൽ കണ്ടുമുട്ടിയപ്പോൾ സൗഹൃദം പങ്കിടാതെ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തരൂരും. കഴിഞ്ഞദിവസങ്ങളിൽ പാർട്ടിയിലുണ്ടായ സംഭവവികാസങ്ങളെത്തുടർന്ന് ഇടഞ്ഞുനിൽക്കുന്ന ഇരുനേതാക്കൾക്കും അടുത്തടുത്തായിരുന്നു ഇരിപ്പിടം. ഇരുവരും പരസ്പരം മുഖംകൊടുക്കാതെയാണ് മുൻനിരയിൽ ഇരുന്നത്. എന്നാൽ, മുഖ്യമന്ത്രിയുൾപ്പെടെയുള്ള മറ്റുനേതാക്കളോട് കുശലം പറഞ്ഞു. ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞിറങ്ങിയപ്പോഴും ഇരുവരും തമ്മിൽ സംസാരിക്കാൻ ശ്രമിച്ചില്ല.

അതിനടെ മുന്നണി ഘടകകക്ഷികൾ ആശങ്ക വ്യക്തമാക്കുകയും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്നു കേരളത്തിലെത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ കോൺഗ്രസിൽ അന്തരീക്ഷം അൽപം മയപ്പെടുമെന്നാണ് പ്രതീക്ഷ. തരൂരിന്റെ പര്യടനത്തിനു മാധ്യമങ്ങൾ നൽകിയ അമിത പ്രാധാന്യമാണു വിവാദത്തിലേക്കു നയിച്ചതെന്ന് ആരോപിച്ച് ഒഴിയാനാണു പുറമേ നേതാക്കൾ ശ്രമിക്കുന്നത്. എന്നാൽ തരൂരിന്റെ പര്യടനം അത്ര നിഷ്‌കളങ്കമായിരുന്നെന്നു പാർട്ടിയിലെ പ്രബലവിഭാഗം വിശ്വസിക്കുന്നില്ല. എന്നാൽ പാർട്ടിയോ, പാർട്ടിയോട് അടുത്തു നിൽക്കുന്നവരോ നടത്തിയ പരിപാടികളിൽ തരൂർ പങ്കെടുത്തതു വിഭാഗീയ പ്രവർത്തനമായി കരുതാനുമാകില്ല.

തരൂരിന്റെ സന്ദർശനം പ്രത്യേക ഉദ്ദേശ്യത്തോടെ പര്യടന പരിപാടിയാക്കി മാറ്റിയതിനു പിന്നിലെ ആസൂത്രണത്തെയാണു വിഭാഗീയ പ്രവർത്തനമായി നേതൃത്വം കാണുന്നത്. കെ.മുരളീധരന്റെ 'മന്ത്രിക്കുപ്പായം' പരാമർശം ഇതിനു മറ്റൊരു മാനം നൽകുകയും ചെയ്തു. എന്തായാലും തൽക്കാലം വെടിനിർത്തൽ എന്ന സൂചനകളാണു ലഭിക്കുന്നത്. മുന്നണിയിലെ പ്രധാന കക്ഷിയായ കോൺഗ്രസിനെ ഇപ്പോൾ നയിക്കുന്നവരെക്കുറിച്ചു തങ്ങൾക്കു പരാതിയില്ലെന്നാണ് ആർഎസ്‌പി നേതാവ് എ.എ.അസീസ് പ്രതികരിച്ചത്. ഇപ്പോൾ ആരും മുഖ്യമന്ത്രിക്കുപ്പായം തയ്പിക്കേണ്ട, ആരും ഭയക്കുകയും വേണ്ടെന്നു ഷിബു ബേബിജോൺ പറഞ്ഞു. തരൂർ യുഡിഎഫിന്റെ എംപിയായിരിക്കുന്നിടത്തോളം അദ്ദേഹത്തെയും ചേർത്തു നിർത്തി മുന്നോട്ടു പോകുമെന്നു പറഞ്ഞ കേരള കോൺഗ്രസ് (ജോസഫ്) നേതാവ് മോൻസ് ജോസഫ്, വിവാദം വേണ്ടിയിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു.

പരസ്യപ്രസ്താവനാ വിലക്ക് ചില നേതാക്കൾ ലംഘിച്ചതിൽ കെ.സുധാകരന് അമർഷമുണ്ടെങ്കിലും നടപടിയെടുത്തു വിവാദം വളർത്തേണ്ടെന്നാണു തീരുമാനം. കോഴിക്കോട് ഡിസിസി ഓഫിസിന്റെ തറക്കല്ലിടൽ ചടങ്ങിനാണു താരിഖ് അൻവർ എത്തുന്നത്. നാളെ നടക്കുന്ന ചടങ്ങിൽ സുധാകരനും എം.കെ.രാഘവനും പങ്കെടുക്കുന്നുണ്ട്.

ഇതിനിടെയും പലതട്ടിലായി കിടക്കുന്ന എ ഗ്രൂപ്പിന്റെ ഏകോപനവും പാർട്ടിയിൽ നടക്കുന്നുണ്ട. തരൂരിന്റെ സന്ദർശനം ഉയർത്തിയ വിവാദങ്ങൾക്കിടെ കോഴിക്കോട് ജില്ലയിലെ കോൺഗ്രസിൽ എം.കെ.രാഘവന്റെ നേതൃത്വത്തിൽ പുതിയ ചേരി രൂപപ്പെടുന്നു. ടി.സിദ്ദിഖ് എ ഗ്രൂപ്പ് നേതൃത്വവുമായി അകന്നതോടെ പല തട്ടിലായ ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കളാണ് രാഘവന്റെ കീഴിൽ ഒരുമിക്കുന്നത്. നിലവിലെ ഡിസിസി നേതൃത്വത്തിനെതിരായ വികാരമുള്ളവരെയും ഈ കൂട്ടായ്മയിലേക്ക് കൊണ്ടു വരാനുള്ള ശ്രമം നടക്കുന്നു.

കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്ന് 8 കെപിസിസി അംഗങ്ങൾ ശശി തരൂരിന്റെ നാമനിർദേശ പത്രികയിൽ ഒപ്പിട്ടിരുന്നെങ്കിലും അത് സംഘടിതമായ നീക്കമായിരുന്നില്ല. എന്നാൽ ശശി തരൂരിന്റെ പരിപാടിക്ക് അപ്രഖ്യാപിത വിലക്കുവന്നതോടെ ഒപ്പമുള്ളവരെ മുന്നിൽ നിർത്തി കരുത്തു കാണിക്കാൻ രാഘവൻ നിർബന്ധിതനായി. എ ഗ്രൂപ്പിലെ കെ.സി. അബുവിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെയും എ ഗ്രൂപ്പിലെ യുവനേതാക്കളായ എൻഎസ്യു ജനറൽ സെക്രട്ടറി കെ.എം.അഭിജിത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിൽ എന്നിവരെയും ഒപ്പം നിർത്താൻ രാഘവനു കഴിഞ്ഞു. ശശി തരൂർ വിവാദത്തിൽ എ ഗ്രൂപ്പിന്റെ സംസ്ഥാന നേതൃത്വം പരസ്യമായ നിലപാട് എടുക്കാത്തതും ഈ നീക്കത്തിൽ സഹായകരമായി.

നേരത്തേ കെ.സി.അബുവിന്റെയും ടി.സിദ്ദിഖിന്റെയും നേതൃത്വത്തിൽ രണ്ടു തട്ടിലായിരുന്ന ജില്ലയിലെ എ ഗ്രൂപ്പ് ഇപ്പോൾ പല തട്ടിലാണ്. ഇവരെ ഏകോപിച്ചു പഴയ എ ഗ്രൂപ്പ് സജീവമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതേസമയം എ ഗ്രൂപ്പിൽ നിന്നുള്ള കെപിസിസി അംഗങ്ങളായ കെ.പി.ബാബു, കെ.ടി.ജയിംസ് എന്നിവർ നിലവിൽ ഈ നീക്കത്തിനൊപ്പമില്ല. ശശി തരൂർ മുഖ്യാതിഥിയായ സെമിനാറിന്റെ സംഘാടനത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തിൽ ഡിസിസി പ്രസിഡന്റിനെതിരെ പരാതി നൽകാനുള്ള നീക്കത്തിൽ എ ഗ്രൂപ്പിനുള്ളിൽ എതിർപ്പ്. എ ഗ്രൂപ്പിലെ കെ.സി.അബു വിഭാഗം നേതാക്കൾ സംഭവത്തിൽ ഡിസിസി പ്രസിഡന്റിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. എന്നാൽ പരാതി നൽകാൻ ഗ്രൂപ്പ് തീരുമാനിച്ചിട്ടില്ലെന്ന് ഈ ഗ്രപ്പിലെ ഒരു വിഭാഗം പറയുന്നു. വിഷയത്തിൽ ഡിസിസി പ്രസിഡന്റിനോട് എതിർപ്പില്ലെന്നാണ് ഇവരുടെ നിലപാട്. പുതിയ ഡിസിസി ഓഫിസിന്റെ തറക്കല്ലിടൽ ചടങ്ങിനെപ്പറ്റി ആലോചിക്കാൻ ഇന്നലെ ചേർന്ന ഡിസിസി യോഗത്തിൽ തരൂർ വിവാദം ചർച്ചയായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP