Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുഎന്നിൽ പ്രവർത്തിക്കുന്ന കാലം മുതൽ തരൂരുമായി അടുപ്പം; എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചപ്പോഴും പിന്തുണ അറിയിച്ചു ഒപ്പം നിന്നു; കെപിസിസി പബ്ലിക് പോളിസി വിഭാഗത്തിന്റെ അധ്യക്ഷൻ ജെ എസ് അടൂരിന്റെ സ്വതന്ത്ര സാമൂഹിക പ്രസ്ഥാനം ബോധിഗ്രാമിന്റെ ചടങ്ങിന് തരൂർ എത്തുന്നത് ഇത് ആറാം വട്ടം; പ്രഭാഷകനായി തരൂർ എത്തുമ്പോൾ കോൺഗ്രസിലും അലയൊലികൾ

യുഎന്നിൽ പ്രവർത്തിക്കുന്ന കാലം മുതൽ തരൂരുമായി അടുപ്പം; എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചപ്പോഴും പിന്തുണ അറിയിച്ചു ഒപ്പം നിന്നു; കെപിസിസി പബ്ലിക് പോളിസി വിഭാഗത്തിന്റെ അധ്യക്ഷൻ ജെ എസ് അടൂരിന്റെ സ്വതന്ത്ര സാമൂഹിക പ്രസ്ഥാനം ബോധിഗ്രാമിന്റെ ചടങ്ങിന് തരൂർ എത്തുന്നത് ഇത് ആറാം വട്ടം; പ്രഭാഷകനായി തരൂർ എത്തുമ്പോൾ കോൺഗ്രസിലും അലയൊലികൾ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശശി തരൂർ പങ്കെടുക്കുന്ന പരിപാടികളെല്ലാം ഹിറ്റാകുന്ന അവസ്ഥയാണ്. മലബാർ പര്യടനത്തിന് ശേഷം തെക്കൻ ജില്ലകളിലെ പരിപാടികളിൽ തരൂർ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം പത്തനംതിട്ടയിലെ ബോധിഗ്രാമിലും എത്തുന്ന്. ഡിസംബർ 4നാണ് തരൂർ പരിപാടിയിൽ പങ്കെടുക്കാൻ ജില്ലയിലെത്തുന്നത്. ജില്ലയിലെ കോൺഗ്രസിൽ തുടർചലനങ്ങൾക്കു തരൂരിന്റെ വരവ് കാരണമായേക്കും. സ്വതന്ത്ര സാമൂഹിക പ്രസ്ഥാനമായ ബോധിഗ്രാമിന്റെ ചടങ്ങിൽ ആറാം വട്ടമാണ് ശശി തരൂർ എംപി എത്തുന്നതെങ്കിലും ഈ വരവിൽ ലഭിക്കുന്ന പൊതുശ്രദ്ധ ഏറെയാണ്.

ബോധിഗ്രാമിലെ ചടങ്ങിന് രാഷ്ട്രീയ പ്രാധാന്യം കൽപിക്കാനുള്ള ശ്രമങ്ങളെ സംഘാടകർ തന്നെ പ്രതിരോധിച്ചിട്ടുണ്ട്. ബോധിഗ്രാമിന് കക്ഷി രാഷ്ട്രീയമില്ലെന്ന് ചടങ്ങിന്റെ പ്രധാന സംഘാടകനായ ജോൺ സാമുവൽ (ജെ.എസ്.അടൂർ) ഇന്നലെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. 6 മാസം മുൻപു തീരുമാനിച്ച പരിപാടിയാണെന്നും ബോധിഗ്രാമിന്റെ പ്രവർത്തനങ്ങളിൽ തന്റെ രാഷ്ട്രീയ ബോധ്യങ്ങളോ ചായ്വുകളോ ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോൺഗ്രസ് നേതൃത്വം ഈ പരിപാടിയെ സംശയത്തോടെയാണ് കാണുന്നത്. യുഎന്നിൽ വെച്ചുള്ള പരിചയമാണ് തരൂരും ജെ എസ് അടൂരും തമ്മിൽ. യു.എൻ.ഡി.പി. മുൻ ഡയറക്ടറായിരുന്നു അദ്ദേഹം. സാമൂഹിക സംരംഭകനും എഴുത്തുകാരനും ചിന്തകനുമായ ജെ.എസ്.അടൂർ നിലവിൽ കോൺഗ്രസിലും പ്രധാന റോൾ വഹിക്കുന്നയാളാണ്. കെപിസിസി പബ്ലിക് പോളിസി വിഭാഗത്തിന്റെ അധ്യക്ഷനാണ് അദ്ദേഹം. നയരൂപീകരത്തിൽ അടക്കം പങ്കാളിത്തമുള്ള വ്യക്തി. അങ്ങനെയുള്ള വ്യക്തി സംഘടിപ്പിക്കുന്ന പരിപാടിയിൽ തരൂർ എത്തുന്നത് മറ്റ് നേതാക്കൾ നിഷ്‌കളങ്കമായി കാണുന്നില്ല.

ബോധിഗ്രാം ശശി തരൂരിന്റെ പ്രഭാഷണത്തിനൊപ്പം വിദ്യാർത്ഥികൾക്ക് അദ്ദേഹവുമായി സംവദിക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്. പൊതുജനങ്ങൾക്കും ചടങ്ങിൽ പങ്കെടുക്കാം. അതേസമയം, തരൂർ പങ്കെടുക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ടു ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങളുയർന്നിട്ടുണ്ട്. എന്നാൽ പരസ്യ പ്രതികരണത്തിന് പലരും തയാറായിട്ടില്ല. പരിപാടിയിൽ തനിക്കു ക്ഷണമുണ്ടെന്നും പങ്കെടുക്കുമെന്നും മുൻ രാജ്യസഭാ അധ്യക്ഷൻ പി.ജെ.കുര്യൻ പറഞ്ഞു.

പരിപാടിക്കു രാഷ്ട്രീയമാനം നൽകേണ്ടതില്ല. ശശി തരൂർ മികച്ച പ്രഭാഷകനാണ്. അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കുന്നതിൽ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിക്കുന്നു. പ്രഭാഷണത്തിനുശേഷം നടക്കുന്ന വാർഷിക ചടങ്ങും യുവസംഗമം ആന്റോ ആന്റണി എംപിയാണ് ഉദ്ഘാടനം ചെയ്യുക. ചടങ്ങിൽ പങ്കെടുക്കുമെന്ന് ആന്റോ ആന്റണി അറിയിച്ചിട്ടുണ്ട്. ക്ഷണമുണ്ടെങ്കിലും പങ്കെടുക്കുന്ന കാര്യത്തെക്കുറിച്ച് അടുത്ത ദിവസം തീരുമാനിക്കുമെന്ന് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതൃത്വവും നിലപാട് വ്യക്തമാക്കിയിട്ടില്ല.

എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചപ്പോൾ ശശി തരൂരിനെ പരസ്യമായി പിന്തുണച്ച പി. മോഹൻരാജ് പരിപാടിയിൽ പങ്കെടുക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് അനുഭാവികളിൽനിന്നു മികച്ച പ്രതികരണമാണു പരിപാടിക്കു ലഭിക്കുന്നതെന്നു മോഹൻരാജ് പറഞ്ഞു. ഒട്ടേറെപ്പേർ പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ ജെഎസ് അടൂരും അദ്ദേഹത്തെ പിന്തുണച്ചിരുന്നു.

ഡിസംബർ നാലിന് അടൂരിലാണു ശശി തരൂരിന്റെ പ്രഭാഷണം. അന്ന് രാവിലെ 10 മണിയോടെ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തുന്ന ശശി തരൂർ തിരുവാഭരണ ദർശനം നടത്തും. അടൂരിൽ തരൂരുമായി സംവദിക്കാൻ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും അവസരമുണ്ട്. ഇതിനായുള്ള ഓൺലൈൻ റജിസ്‌ട്രേഷനിലും നല്ല പങ്കാളിത്തമുണ്ട്. സിപിഎം നേതാക്കളെയും പരിപാടിക്കു ക്ഷണിച്ചിട്ടുണ്ട്. ബോധിഗ്രാമിന്റെ പരിപാടികളിൽ മുൻപും സിപിഎം നേതാക്കൾ പങ്കെടുത്തിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ പാർട്ടി നേതൃത്വവുമായി ആലോചിച്ചാകും ഇവർ പങ്കെടുക്കുക.

വിവിധ കോളേജുകളിൽനിന്നായി അഞ്ഞൂറിലേറെ വിദ്യാർത്ഥികൾ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. വാർഷിക ചടങ്ങും യുവസംഗമവും ആന്റോ ആന്റണി എംപി.യാണ് ഉദ്ഘാടനം ചെയ്യുന്നത്. രാഷ്ടീയമില്ലാത്ത സ്വതന്ത്ര സാമൂഹിക പ്രസ്ഥാനമാണ് ബോധിഗ്രാം. വിദ്യാഭ്യാസപ്രവർത്തനങ്ങൾ, യുവാക്കളുടെ നേതൃത്വപരിശീലനം സ്തീശാക്തീകരണം തുടങ്ങിയ മേഖലകളിലണ് ബോധിഗ്രാം പ്രവർത്തിക്കുന്നതെന്നും ജെ.എസ്.അടൂർ പറഞ്ഞു. യു.എൻ.ഡി.പി.യുടെ ഭാഗമായി പ്രവർത്തിക്കുന്ന കാലംമുതൽ വളരെക്കാലമായി ശശി തരൂരുമായി അടുപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കുന്ന സമിതിയിലും ജെഎസ് അടൂരിന് പങ്കാളിത്തമുണ്ടായിരുന്നു. പരമ്പരാഗതമായി കോൺഗ്രസിലെ എ ഗ്രൂപ്പിന്റെ സ്വാധീനവലയത്തിലുള്ള ജില്ലയാണ് പത്തനംതിട്ട. പഴയ ഏകശിലാ ഘടനയില്ലെങ്കിലും എ വിഭാഗം ജില്ലയിൽ ശക്തമാണ്. പഴയ ഐ വിഭാഗം ജില്ലയിൽ നിലവിൽ പല തട്ടിലാണ്. ഈ സാഹചര്യത്തിൽ ചടങ്ങിൽ ഏതൊക്കെ പാർട്ടി നേതാക്കൾ പങ്കെടുക്കും എന്നത് കോൺഗ്രസിലെ ഉരുത്തിരിഞ്ഞ് വരുന്ന പുതിയ സമവാക്യങ്ങളിൽ ജില്ലയിൽ തരൂർ ഇഫക്ട് എന്ത് പ്രതിഫലനം സൃഷ്ടിക്കുമെന്നതിന്റെ ഏകദേശ സൂചന നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP