Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202330Monday

കെ സുധാകരന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ഡിസിസി പ്രസിഡന്റ് തരൂരിനൊപ്പം എത്തിയത് സുധാകരനും പിന്തുണക്കുന്നു എന്നതിന്റെ സൂചന; കളമറിഞ്ഞു മൗനത്തിലേക്ക് മാറി ചെന്നിത്തല; തരൂരിനെ വെട്ടാൻ വിഭാഗീയവാദം ഉയർത്തുന്ന കെ സി വേണുഗോപാലിനൊപ്പം സതീശൻ മാത്രം; അവഗണിക്കാനാകാത്ത സമുദായിക പിന്തുണയും; തരൂർ തരംഗം ശക്തിയാർജ്ജിച്ച മുൻപോട്ട്

കെ സുധാകരന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ഡിസിസി പ്രസിഡന്റ് തരൂരിനൊപ്പം എത്തിയത് സുധാകരനും പിന്തുണക്കുന്നു എന്നതിന്റെ സൂചന; കളമറിഞ്ഞു മൗനത്തിലേക്ക് മാറി ചെന്നിത്തല; തരൂരിനെ വെട്ടാൻ വിഭാഗീയവാദം ഉയർത്തുന്ന കെ സി വേണുഗോപാലിനൊപ്പം സതീശൻ മാത്രം; അവഗണിക്കാനാകാത്ത സമുദായിക പിന്തുണയും; തരൂർ തരംഗം ശക്തിയാർജ്ജിച്ച മുൻപോട്ട്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: രാഷ്ട്രീയത്തിൽ ആരോടും കടുത്ത വാക്കു പറയുന്ന പ്രകൃതക്കാരനല്ല ശശി തരൂർ എംപി. അദ്ദേഹം വിമർശനം ഉന്നയിക്കുമ്പോൾ കൂടി വാക്കുകൾ സൗമ്യമായിരിക്കും. അങ്ങനെയുള്ള തരൂരിനെ കടുത്ത വാക്കുകൾ കൊണ്ട് വിമർശിച്ചതാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വെട്ടിലാക്കിയിരിക്കുന്ന കാര്യം. കെ സി വേണുഗോപാൽ മാത്രം സതീശനൊപ്പം പൂർണമായും നിലകൊള്ളുമ്പോൾ പ്രവർത്തകരിൽ ആവേശം വിതറി കൊണ്ടാണ് തരൂരിന്റെ മുന്നേറ്റം. ഇന്നലെ മലബാർ പര്യടനം കഴിഞ്ഞ് തിരുവനന്തപുരത്ത് തിരിച്ചെത്തിയിട്ടുണ്ട് തരൂർ. ഇതോടെ ഒരു കാര്യം എല്ലാവർക്കും ബോധ്യമായിട്ടുണ്ട്. തരൂരിനെ അവഗണിക്കുക എളുപ്പമുള്ള കാര്യമല്ല എന്നതു തന്നെ. വ്യക്തിപരമായ താൽപ്പര്യം മാറ്റിവെച്ച് നേതാക്കൾ തരൂരിനെ പിന്തുണച്ചാൽ കേരളത്തിൽ അധികാരം പിടിക്കൽ എളുപ്പമാകും എന്നതും തന്നെയാണ് പൊതുവിലുള്ള വിലയിരുത്തൽ.

സംസ്ഥാനത്ത് വിഭാഗീയ പ്രവർത്തനമാണു തരൂർ നടത്തുന്നതെന്ന വാദം കൊണ്ട് അദ്ദേഹത്തെ നേരിടാൻ എളുപ്പം സാധിക്കില്ലെന്നും ബോധ്യമായി. തരൂർ പ്രവർത്തകർക്കിടിൽ തരംഗമായി മാറുമ്പോൾ തന്ത്രപരമായ മൗനത്തിലേക്കാണ് രമേശ് ചെന്നിത്തല നീങ്ങിയിരിക്കുന്നത്. എ ഗ്രൂപ്പും ഉമ്മൻ ചാണ്ടിയും അദ്ദേഹത്തെ പിന്തുക്കുകയും ചെയ്യുന്നു. കെ സുധാകരനും മനസ്സുകൊണ്ട് തരൂരിനെ പിന്തുണക്കുന്ന നിലപാടിലാണ്. ഇതോടെ കെ സി വേണുഗോപാലിനും സതീശനും മാത്രമാണ് തരൂർ എന്ന പ്രശ്‌നമുള്ളത്.

ഇന്നലെ വിഭാഗീയ ആരോപിച്ചിട്ടും തരൂരിനെ കണ്ണൂരിൽ വൻ വരവേൽപ്പായിരുന്നു ലഭിച്ചത്. കെ സുധാകരന്റ തട്ടകത്തിൽ ലഭിച്ച പിന്തുണ സുധാകരന്റെ മനസ്സാണെന്ന് വ്യക്തമായി. റിജിൽ മാക്കുറ്റി അടക്കം സജീവമായി കണ്ണൂരിലെ തരൂരിന്റെ പരിപാടികളിൽ സംബന്ധിച്ചു. പാർട്ടി പരിപാടികൾ ഉണ്ടായിരുന്നില്ലെങ്കിലും തരൂർ പങ്കെടുത്ത ചടങ്ങുകളിലെല്ലാം നേതാക്കളുടെയും പ്രവർത്തകരുടെയും സജീവ സാന്നിധ്യം പ്രകടമായി. തരൂരിന്റെ പരിപാടികളോട് എതിർപ്പു പ്രകടിപ്പിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ തട്ടകത്തിലേക്കു ശശി തരൂരിനെ വരവേൽക്കാൻ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് തന്നെ മുന്നിട്ടിറങ്ങി. സുധാകരൻ സ്ഥലത്തുണ്ടായിരുന്നില്ല.

ഡി.സി.സി നേതാക്കൾ തരൂരിനെ ഓഫീസിലേക്ക് സ്വീകരിച്ചാനയിച്ചു. കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന നെഹ്രു അനുസ്മരണത്തിൽ പങ്കെടുക്കുന്നതിനാണ് തരൂർ കണ്ണൂരിലെത്തിയത്. ഡി.സി.സി അധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിലാണ് ശശി തരൂരിനെ സ്വീകരിച്ചത്. തുടർന്ന് ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന നെഹ്രു അനുസ്മരണ സെമിനാർ ശശി തരൂർ ഉദ്ഘാടനം ചെയ്തു. വികസനത്തിന് ജനാധിപത്യസംവിധാനം ശക്തിപ്പെടണമെന്ന് ചിന്തിച്ച നേതാവായിരുന്നു ജവഹർലാൽ നെഹ്രുവെന്ന് തരൂർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

വിദേശകാര്യത്തിലും സയൻസ്, ടെക്നോളജിയുടെ കാര്യത്തിലായാലും രാജ്യത്തിന്റെ കുറിപ്പിലും നെഹ്രുവിന്റെ പങ്ക്വലുതായിരുന്നുവെന്ന് തരൂർ പറഞ്ഞു. എല്ലാമതങ്ങളെയും ബഹുമാനിച്ചിരുന്ന രാജ്യത്തിന്റെ സ്ഥിതി ഇന്ന് അപകടകരമാണെന്ന് തരൂർ ചൂണ്ടിക്കാട്ടി. മതേതരത്വം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലാണ്ജഹർലാൽ നെഹ്രുസ്മാരക ലൈബ്രറി സെമിനാർ നടത്തിയത്. ലൈബ്രറി വർക്കിങ് ചെയർമാൻ ടി. ഒ മോഹനൻ അധ്യക്ഷനായി. എം.കെ രാഘവൻ എംപി, മാർട്ടിൻ ജോർജ്, ലൈബ്രറി സെക്രട്ടറി രത്നകുമാർ, വി.പി കിഷോർ തുടങ്ങിയവർ സംസാരിച്ചു.

തരൂരിന്റെ മലബാർ സന്ദർശനത്തിനു ചുക്കാൻ പിടിക്കുന്ന കണ്ണൂർ ജില്ലക്കാരൻ കൂടിയായ എം.കെ.രാഘവൻ എംപിക്കൊപ്പം ഡിസിസി പ്രസിഡന്റും തരൂരിനെ പരിപാടികളിൽ അനുഗമിച്ചു. ഔദ്യോഗികമായി പാർട്ടി ക്ഷണിച്ചിരുന്നില്ലെങ്കിലും തരൂരിനെ കേൾക്കാൻ ഗ്രൂപ്പ് വ്യത്യാസമില്ലാതെ അതിശയിപ്പിക്കുന്ന തരത്തിൽ ആൾക്കൂട്ടമുണ്ടായി. രാവിലെ തലശ്ശേരി ബിഷപ്‌സ് ഹൗസിൽ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയ്‌ക്കൊപ്പമായിരുന്നു പ്രഭാത ഭക്ഷണം. തരൂരിന്റെ സന്ദർശനം കോൺഗ്രസിനു ഗുണം ചെയ്യുമെന്നു പിന്നീടു വ്യക്തമാക്കിയ മാർ ജോസഫ് പാംപ്ലാനി, കൂടിക്കാഴ്ചയിൽ രാഷ്ട്രീയം വിഷയമായില്ലെന്നും പ്രതികരിച്ചു.

താൻ കോൺഗ്രസിൽ വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന ആരോപണത്തിനെതിരെ തരൂർ തലശ്ശേരിയിൽ മാധ്യമങ്ങളോടു പ്രതികരിച്ചു. ആരോപണം വിഷമമുണ്ടാക്കുന്നതാണെന്നു പറഞ്ഞ അദ്ദേഹം രണ്ടു കോൺഗ്രസ് എംപിമാർ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ ആർക്കാണു വിഷമമെന്ന ചോദ്യവുമുയർത്തി. ഊതി വീർപ്പിച്ച ബലൂണെന്ന വി.ഡി.സതീശന്റെ പ്രതികരണത്തിനെതിരെ എം.കെ.രാഘവനും തലശ്ശേരിയിൽ പ്രതികരിച്ചു. കുത്തിയാൽ പൊട്ടുന്ന ബലൂണിനെയും സൂചിയെയും അതു കുത്താൻ ഉപയോഗിക്കുന്ന കൈകളെയും ഒരു പോലെ ബഹുമാനിക്കുന്നുവെന്നായിരുന്നു രാഘവന്റെ പ്രതികരണം. ഡിസിസി ഓഫിസിൽ തരൂരിനെ സ്വീകരിക്കാൻ ഗ്രൂപ്പിനതീതമായി നേതാക്കളെത്തി. അന്തരിച്ച മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ വീടും തരൂർ സന്ദർശിച്ചു. വൈകിട്ട് വിമാന മാർഗം തിരുവനന്തപുരത്തേക്കു തിരിച്ചു.

വിഭാഗീയ ആരോപണത്തിന്റെ മുനയൊടിച്ച വാക്കുകൾ

വിഭാഗീയതാ വാദം ഉയർത്തിയതിന് തിരിച്ചടിച്ചു കൊണ്ടായിരുന്നു ഇന്നലെ തരൂർ ചോദിച്ചത്. 'ഞാനും രാഘവനും കോൺഗ്രസ് പാർട്ടിക്ക് എതിരായി എന്തെങ്കിലും ചെയ്‌തോ? കേരളത്തിൽ എവിടെ പോയി പ്രസംഗിക്കാനും എനിക്കു പ്രയാസമില്ല. ഞങ്ങൾ 2 കോൺഗ്രസ് എംപിമാരാണ്. കോൺഗ്രസ് വേദികളിലും മറ്റു വേദികളിലും ചെല്ലുന്നു, പ്രമുഖ വ്യക്തികളെ കാണുന്നു, സംസാരിക്കുന്നു. ഇതിൽ എവിടെയാണു വിഭാഗീയത. പ്രതിപക്ഷ നേതാവുമായി കാര്യങ്ങൾ ചർച്ച ചെയ്യാൻ തയാറാണ്.' എന്ന് അദ്ദേഹം പറഞ്ഞു. 14 വർഷമായി രാഷ്ട്രീയത്തിൽ നിൽക്കുന്ന താൻ ഒരു ഗ്രൂപ്പ് യോഗത്തിലും പങ്കെടുത്തിട്ടില്ലെന്നും ഗ്രൂപ്പുണ്ടാക്കാൻ പോകുന്നില്ലെന്നും ശശി തരൂർ എംപി. 'ഊതിവീർപ്പിച്ച ബലൂണുകൾ സൂചി കൊണ്ടാൽ പൊട്ടിപ്പോകും' എന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ പ്രസ്താവന ശ്രദ്ധയിൽപെടുത്തിയപ്പോൾ, അദ്ദേഹത്തിന്റെ കയ്യിൽ സൂചി ഉണ്ടായിരുന്നോ എന്നു നോക്കൂ എന്നായിരുന്നു പ്രതികരണം.

അതേസമയം അടുത്ത തിരഞ്ഞെടുപ്പിൽ മത്സരം നിയമസഭയിലേക്കോ ലോക്‌സഭയിലേക്കോ എന്ന ചോദ്യത്തിന്, മത്സരകാര്യത്തിൽ തീരുമാനമെടുക്കേണ്ടതു പാർട്ടികൂടി ചേർന്നാണെന്നു ശശി തരൂർ എംപിയുടെ മറുപടി. ജനങ്ങളെ സേവിക്കണമെന്നാണ് ആഗ്രഹം. പാർട്ടി ചോദിച്ചാൽ അഭിപ്രായം പറയും. അഭിപ്രായം ചോദിച്ചില്ലെങ്കിൽ തന്റെ ചിന്ത ജനങ്ങളിലെത്തിക്കാൻ മറ്റു മാർഗമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം 'നേതൃത്വം ആവശ്യപ്പെട്ടാൽ പ്രതിപക്ഷ നേതാവുമായി ചർച്ച നടത്തുമെന്നായിരുന്നു എം കെ രാഘവന്റെ പ്രതികരണം. സമ്മർദത്തെത്തുടർന്നാണ് യൂത്ത് കോൺഗ്രസ് തരൂരിന്റെ കോഴിക്കോട് പരിപാടി ഒഴിവാക്കിയത്. ആരാണു സമ്മർദം ചെലുത്തിയതെന്ന് അന്വേഷിച്ചു കണ്ടുപിടിക്കട്ടെ. ഇതിനാണ് കോൺഗ്രസ് പ്രസിഡന്റിനും സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി അയച്ചത്. വിഭാഗീയമായ പ്രവർത്തനമില്ല. കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ളതാണ് ഞങ്ങളുടെ പ്രവർത്തനം.' എം.കെ. രാഘവൻ പറഞ്ഞു.

അതേസമയം ശശി തരൂരിന്റെ പര്യടനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രസ്താവന തള്ളി കെ.മുരളീധരൻ എംപിയും രംഗത്തെത്തിയിരുന്നു. ശശി തരൂരിന്റെ ഇതുവരെയുള്ള ഒരു പ്രവർത്തനവും വിഭാഗീയതയല്ല. ഒരാളെ വിലയിരുത്തുമ്പോൾ അത് തരം താഴ്‌ത്തലിലേക്ക് പോകരുത്. ബലൂൺ ചർച്ചയൊന്നും ഇവിടെ ആവശ്യമില്ല. ആളുകളെ വില കുറച്ച് കണ്ടാൽ കഴിഞ്ഞ ദിവസം മെസ്സിക്കു പറ്റിയ പോലെ സംഭവിക്കും.

അതിനിടെ മലബാർ പര്യടനത്തിനുശേഷം ശശി തരൂർ തലസ്ഥാനത്തു വിമാനമിറങ്ങുമ്പോൾ അതേ വിമാനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമുണ്ടായിരുന്നു. കൊല്ലൂർ യാത്ര കഴിഞ്ഞാണു സതീശൻ കണ്ണൂരിൽനിന്നു വിമാനം കയറിയത്. കണ്ണൂർ വിമാനത്താവളത്തിലെ ലോഞ്ചിൽ ഇരുവരും പരസ്പരം അഭിവാദ്യം ചെയ്തതല്ലാതെ സംഭാഷണത്തിനു മുതിർന്നില്ല. സതീശനുമായി ഒരു 'ഹലോ' പറഞ്ഞെന്നും സീറ്റുകൾ രണ്ടിടത്തായതിനാൽ സംസാരിക്കാൻ കഴിഞ്ഞില്ലെന്നും തരൂർ പറഞ്ഞു.

ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ മതനേതാക്കളെ അടക്കം കൈയിലെടുക്കാൻ ശശി തരൂരിന് സാധിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ തെക്കൻ പര്യടനത്തിലേക്കാണ് തരൂർ കടക്കുന്നത്. കോട്ടയത്ത് യൂത്ത് കോൺഗ്രസിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിനോടൊപ്പം പത്തനംതിട്ടയിലെ പരിപാടിയിലും പങ്കെടുക്കും. ബോധിഗ്രാമിന്റ് 12 മത് വാർഷിക ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് ഡിസംബർ നാലിന് അടൂരിൽ യങ് ഇന്ത്യ എംപവർമെന്റ് എന്ന പേരിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ മുഖ്യപ്രഭാഷകനായാണ് തരൂർ എത്തുന്നത്.

കോൺഗ്രസ് നയരൂപീകരണ സമിതിയുടെ സംസ്ഥാന അധ്യക്ഷൻ ജെ എസ് അടൂരാണ് പരിപാടിയുടെ സംഘാടകൻ.പൊതുപരിപാടിയായിട്ടാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ബോധിഗ്രാമിന്റെ ചെയർപേഴ്‌സനായ ജെഎസ് അടൂരാണ് പരിപാടിയുടെ വിവരം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. ജില്ലയിൽ തരൂരിനുള്ള പിന്തുണ മനസ്സിലാക്കാൻ ഈ സെമിനാർ വഴിവെയ്ക്കും. പരിപാടിയുടെ സംഘാടനത്തിൽ ജില്ലയിലെ തരൂർ അനുകൂല കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

കോൺഗ്രസ് രാഷ്ട്രീയത്തിലെ പുതിയ ചേരിതിരിവിൽ ശശി തരൂരിന് ഒപ്പമാണെന്ന് വ്യക്തമായ സൂചന നൽകുകയായിരുന്നു എ ഗ്രൂപ്പ് . ഉമ്മൻ ചാണ്ടിയുടെ തട്ടകമായ കോട്ടയത്ത് തരൂരിന് യൂത്ത് കോൺഗ്രസ് വേദി ഒരുക്കി കൊണ്ടാണ് ദിവസങ്ങളായി തുടരുന്ന സസ്പെൻസ് എ ഗ്രൂപ്പ് അവസാനിപ്പിച്ചത്. അടുത്ത മാസം മൂന്നിന് തരൂർ ഉദ്ഘാടനം ചെയ്യുന്ന കോട്ടയത്തെ യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിന്റെ ആദ്യ പ്രചാരണ ബോർഡിൽ നിന്ന് വിഡി സതീശന്റെ ചിത്രം ഒഴിവാക്കിയിരുന്നു. വിവാദമായതോടെ വീണ്ടും ഉൾപ്പെടുത്തുകയായിരുന്നു.

ശശി തരൂരിന് വേദി നൽകാനുള്ള യൂത്ത് കോൺഗ്രസ് കോട്ടയം കമ്മറ്റി തീരുമാനത്തെച്ചൊല്ലി കോൺഗ്രസിൽ പോര് ശക്തമാവുകയാണ്. പരിപാടിയെ കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. സാധാരണ ഗതിയിൽ ഇത്തരം പരിപാടികൾ ഡിസിസിയെ അറിയിക്കുന്നതായിരുന്നു പതിവ്. എന്നാൽ യൂത്ത് കോൺഗ്രസിന്റെ നടപടിയെ സംബന്ധിച്ച് ചിലർ പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP