Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷെസീന ജീവനൊടുക്കിയതിനു പിന്നാലെ യുവമോർച്ചാ നേതാവ് കെ.ടി ജയകൃഷ്ണന്മാസ്റ്ററുടെ അരുംകൊല വീണ്ടും ചർച്ചയാകുന്നു; യുഡിഎഫ് സർക്കാർ കത്തു നൽകിയിട്ടും സിബിഐ അന്വേഷണത്തിന് അനുമതി നൽകാത്ത കേന്ദ്രസർക്കാർ അവഗണിച്ചുവെന്ന് പാർട്ടിക്കുള്ളിൽ നിന്നും വിമർശനം; സിബി ഐ അന്വേഷണ ആവശ്യം ബിജെപിയെ വീണ്ടും തിരിഞ്ഞു കുത്തുന്നു

ഷെസീന ജീവനൊടുക്കിയതിനു പിന്നാലെ യുവമോർച്ചാ നേതാവ് കെ.ടി ജയകൃഷ്ണന്മാസ്റ്ററുടെ അരുംകൊല വീണ്ടും ചർച്ചയാകുന്നു; യുഡിഎഫ് സർക്കാർ കത്തു നൽകിയിട്ടും സിബിഐ അന്വേഷണത്തിന് അനുമതി നൽകാത്ത കേന്ദ്രസർക്കാർ അവഗണിച്ചുവെന്ന് പാർട്ടിക്കുള്ളിൽ നിന്നും വിമർശനം; സിബി ഐ അന്വേഷണ ആവശ്യം ബിജെപിയെ വീണ്ടും തിരിഞ്ഞു കുത്തുന്നു

അനീഷ് കുമാർ

കണ്ണൂർ: യുവമോർച്ച നേതാവ് കെ.ടി ജയകൃഷ്ണന്റെ അരും കൊല സി.ബി. ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ബിജെപി ഇപ്പോൾ രംഗത്തെത്തിയത് പാർട്ടിക്കുള്ളിലും പുറത്തും വിമർശനത്തിനിടയാക്കുന്നു. ബിജെപി ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസാണ് ഈക്കാര്യം ഉന്നയിച്ചു ഇന്നലെ വാർത്താ സമ്മേളനം നടത്തിയത്. എന്നാൽ ബിജെപിയുടെ ആവശ്യം അവരെത്തെന്നെ ഇപ്പോൾ തിരിഞ്ഞുകുത്തുന്ന സാഹചര്യമാണുള്ളത്. ടി.പി ചന്ദ്രശേഖരൻ കേസിലെ മുഖ്യപ്രതികളിലൊരാളായ ടി.കെ രജീഷിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ 2013-ൽ തന്നെ അന്നത്തെ യു.ഡി. എഫ് സർക്കാർ കേസ് സി.ബി. ഐ പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രസർക്കാരിന് കത്തുനൽകിയെങ്കിലും കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ഇതുവരെ ചെറുവിരൽ അനക്കിയിട്ടില്ലെന്ന വിമർശനമാണ് പാർട്ടിക്കുള്ളിലും പുറത്തും ഉയരുന്നത്.

തനിക്കും മറ്റു ചിലർക്കും കെ.ടി ജയകൃഷ്ണന്റെ വധത്തിലുള്ള പങ്കിനെ കുറിച്ചാണ് ടി.കെ രജീഷ് അന്ന് മൊഴി നൽകിയത്ണ ബിജെപിയുടെ യുവജനസംഘടനയായ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി ജയകൃഷ്ണൻ മാസ്റ്ററെ മൊകേരി യു.പി സ്‌കൂളിൽ ആറു ബി.ക്ളാസിൽ കയറി കുട്ടികളുടെ മുൻപിൽ വെച്ചു സി.പി. എം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ദേശീയതലത്തിൽ വരെ ബിജെപി ചർച്ചയാക്കിയിരുന്നു. ദേശീയ മാധ്യമങ്ങളിലും ഈ സംഭവം വലിയ പ്രാധാന്യം നേടിയിരുന്നു. എന്നാൽ സംഭവത്തിൽ സി.ബി. ഐ അന്വേഷിക്കണമെന്ന യു.ഡി. എഫ് സർക്കാരിന്റെ ആവശ്യത്തിൽ കേന്ദ്രസർക്കാർ അലംഭാവം കാണിക്കുകയായിരുന്നുവെന്നാണ് വിമർശനം.

ഇപ്പോൾ ബിജെപി സംസ്ഥാന നേതൃത്വം ഈയൊരാവശ്യവുമായി രംഗത്തുവന്നത് അണികൾക്കിടെയിൽ പോലും വിമർശനത്തിനിടയാക്കിയിരിക്കുകയാണ്. ബിജെപി കേന്ദ്ര നേതൃത്വത്തിന് ഈക്കാര്യത്തിൽ ആത്മാർത്ഥത തരിമ്പുപോലുമില്ലെന്നാണ് വിമർശനം. 1999-ഡിസംബർ ഒന്നിന് നടന്ന കൊലപാതകത്തിന്റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടി ഇനിയും കേന്ദ്രസർക്കാരിന് ഒഴിയാനാവില്ലെന്നു സംസ്ഥാനത്തെ ഒരു പ്രമുഖ ബിജെപി നേതാവ് ഈക്കാര്യത്തെ കുറിച്ചു ചോദിച്ചപ്പോൾ രോഷാകൂലനായാണ് പ്രതികരിച്ചത്. നക്സലൈറ്റ് വർഗീസിനെ വെടിവെച്ചുകൊന്ന കേസിൽ ഏറെ വർഷങ്ങൾക്കു ശേഷമാണ് സി.ബി. ഐ അന്വേഷണം നടന്നതും കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനിടെ വർഷങ്ങൾക്കു മുൻപ് നടന്ന ജയകൃഷ്ണൻ മാസ്റ്ററുടെ അതിക്രൂരമായ കൊലപാതകത്തിന് ദൃക്സാക്ഷിയായ അന്നത്തെ വിദ്യാർത്ഥിനിയായ കൂരാറ സ്വദേശിനിയായ ഷെസീന 23-വർഷങ്ങൾക്കു ശേഷം ആത്മഹത്യ ചെയ്തതാണ് വീണ്ടും ജയകൃഷ്ണൻ മാസ്റ്റർ വധം ചർച്ചയായി മാറിയത്. ആറുബി.ക്ളാസിൽ മുൻനിരയിൽ ഇരുന്നിരുന്ന ഷെസീനയുടെ ഉടുപ്പിലും പുസ്തകങ്ങളിലും ജയകൃഷ്ണന്മാസ്റ്ററെ വെട്ടിക്കൊല്ലുമ്പോൾ ചോര തെറിച്ചുവീണിരുന്നു. അതിനു ശേഷം ഷെസീനയുടെ മാനസിക നിലയുടെ താളം തെറ്റുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നു. നിലവിളികളുമായി അന്ന് വീട്ടിലേക്ക് ഓടിയ അവൾ അതിനു ശേഷം കുറെക്കാലം വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല.

പേടിപ്പെടുത്തുന്ന ഓർമകളിൽ നിന്നും വിമുക്തമാവാൻ തന്നെ കാലമേറെയെടുത്തു. പഠനം മുടങ്ങിയ ഷെസീനയെ പിന്നീട് മൊകേരി രാജീവ് ഗാന്ധി ഹയർസെക്കൻഡറി സ്‌കൂളിൽ ചേർത്തുവെങ്കിലും അവൾ സ്‌കൂളിലേക്ക് പോകാൻ താൽപര്യം പ്രകടിപ്പിച്ചില്ല. തുടർച്ചയായി അവളെ കൗൺസിലിങ് നടത്തി വീട്ടുകാർ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ശ്രമിച്ചതിനു ചെറുതായി ഫലം കണ്ടപ്പോൾ അവൾ എസ്. എസ്. എൽ.സി പ്രൈവറ്റായി പാസായി. ബിരുദത്തിനു ശേഷം കംപ്യൂട്ടർ പരിശീലനം നേടി. പിന്നീട് മൂന്നുവർഷമായി വില്ലേജ് ഓഫീസിൽ ഡാറ്റാ എൻട്രി ഓപറേറ്ററായി താൽക്കാലികമായി ജോലി ചെയ്തിരുന്നു. വീട്ടുകാർ വിവാഹത്തിന് നിർബന്ധിച്ചുവെങ്കിലും സമ്മതിച്ചില്ല.

ബലിദാന ദിനാചരണത്തിന്റെ ഭാഗമായി കെ.ടി ജയകൃഷ്ണന്മാസ്റ്ററുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ ഇടുന്നത് അവൾ എതിർത്തിയരുന്നു. തനിക്ക് മരിച്ചാൽ മതിയെന്നു അവൾ ഇടയ്ക്കിടെ പറയുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രീയപ്പെട്ട അദ്ധ്യാപകന്റെ കൊലപാതകത്തിന്റെ ഞെട്ടലിൽ നിന്നും ഷെസീന ഒരിക്കലും മുക്തയായിരുന്നില്ല. കൊലപാതകത്തിനു സാക്ഷിയായതിനു ശേഷം ഷെസീനയ്ക്കു വിഷാദ രോഗം ബാധിച്ചുവെന്നും 2021-ൽ ജീവനൊടുക്കാൻ ശ്രമിച്ചുവെന്നും ബന്ധുക്കൾ മൊഴിനൽകിയതായി പാനൂർ പൊലിസ് പറഞ്ഞു. ജീവിതം മടുത്തിട്ടാണ് ആത്മഹത്യ ചെയ്തതെന്നും മരണത്തിനു മറ്റാരും ഉത്തരവാദികളെല്ലെന്നുമാണ് ഷെസീനയുടെ മരണമൊഴിയിലുള്ളതെന്നും പാനൂർ പൊലിസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP