Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എ ഗ്രൂപ്പ് ദത്തെടുക്കുമെന്ന് കരുതി സുധീരനെ കടന്നാക്രമിച്ചു; വായിൽ തോന്നിയതൊക്കെ പറഞ്ഞപ്പോൾ രക്ഷിക്കാനും സഹായിക്കാനും ആരുമില്ല; കോൺഗ്രസിന്റെ ജംബോ ലിസ്റ്റിലും വാദിക്കാനാളില്ലാത്ത ഷാനിമോൾക്ക് ഇടമില്ല

എ ഗ്രൂപ്പ് ദത്തെടുക്കുമെന്ന് കരുതി സുധീരനെ കടന്നാക്രമിച്ചു; വായിൽ തോന്നിയതൊക്കെ പറഞ്ഞപ്പോൾ രക്ഷിക്കാനും സഹായിക്കാനും ആരുമില്ല; കോൺഗ്രസിന്റെ ജംബോ ലിസ്റ്റിലും വാദിക്കാനാളില്ലാത്ത ഷാനിമോൾക്ക് ഇടമില്ല

ആലപ്പുഴ : രാഹുൽ ഗാന്ധിയെ കാട്ടി വി എം സുധീരനെ വിരട്ടാമെന്ന് ഷാനിമോൾ ഉസ്മാൻ കരുതി. എ ഐ സി സി പദംവിട്ട് കേരളത്തിലെത്തിയതോടെ ഹൈക്കമാൻഡിന്റെ ബലത്തിൽ സുധീരനെതിരെ പരസ്യാക്ഷേപം നടത്തി. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഒപ്പമുണ്ടാകുമെന്ന് കരുതി വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു. ഇപ്പോൾ രക്ഷിക്കാനും സഹായിക്കാനും ഷാനിമോൾക്ക് ആരുമില്ലാതായി.

പിന്നാലെ എത്തിയ സഹവനിതകൾ തെരഞ്ഞെടുപ്പ് ഗോദായിൽ അങ്കം കുറിക്കുമ്പോൾ ഷാനിമോൾക്ക് കാഴ്ചക്കാരിയായി മാറാമെന്ന സൂചനയാണ് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളിൽനിന്നും അറിയാൻ കഴിഞ്ഞത്. സുധീരനെതിരെ പരസ്യവിമർശനം നടത്തിയതിന്റെ യോഗ്യതയാണ് ഗ്രൂപ്പുകൾ ഷാനിമോൾക്ക് നൽകിയത്. ഇതോടെ എ കോൺഗ്രസുകാർ ഷാനിമോളെ ദത്തെടുത്തു. ഒടുവിൽ സീറ്റ് നൽകാമെന്നേറ്റ് മോഹിപ്പിച്ചു. ഇപ്പോൾ ജംബോ ലിസ്റ്റുമായി മൂന്നു ഗ്രൂപ്പ് കളിക്കാർ ഹൈക്കമാൻഡിനെ കാണുമ്പോൾ പട്ടികയിലെവിടെയും ഷാനിമോളെ കണ്ടെത്താനില്ല.

ഉമ്മൻ ചാണ്ടിയാകട്ടെ ഒന്നുമറിയാത്ത ഭാവത്തിൽ പട്ടികയുമായി പടികയറാൻ ഒരുങ്ങുകയും ചെയ്തു. കളി സുധീരനോടോ, എങ്കിൽ ഷാനിമോൾക്ക് തെറ്റി. ഇതേ ഹൈക്കമാൻഡ് തന്നെയാണ് സുധീരനെയും ഗ്രൂപ്പുകൾക്ക് മീതെ കെട്ടിയിറക്കിയത്. സുധീരൻ എത്തിയതോടെ പൊതുശത്രുവെന്നപോലെ നേരിടാൻ ഗ്രൂപ്പുകൾ മറന്ന് ചാണ്ടിയും രമേശും ഒരുമിച്ചെങ്കിലും ഒന്നും നടന്നില്ല. മദ്യനിരോധനം അടക്കമുള്ള കാര്യങ്ങളിൽ സുധീരൻ വിജയിച്ചു കയറി.

പിന്നെയാണ് ഗ്രൂപ്പുകൾക്ക് വേണ്ടാത്ത ഷാനിമോൾ. രാഹുൽ ഗാന്ധിയുടെ സ്വന്തം ആളെന്ന നിലയിൽ ആലപ്പുഴയിൽ ഡി സിസി പ്രസിഡന്റ് എ എ ഷുക്കൂറിനെതിരെയും ഷാനിമോൾ പടയൊരുക്കിയിരുന്നു. പക്ഷെ സംയമനം പാലിച്ച ഷുക്കൂർ തെരഞ്ഞെടുപ്പ് എത്തിയതോടെ ജില്ലയിലെവിടെയും ഷാനിമോൾക്ക് സീറ്റ് നൽകില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അഥവാ നേതൃത്വം സീറ്റു നൽകിയാൽ തന്നെ ആലപ്പുഴയിൽ മൽസരിക്കാൻ അനുവദിക്കില്ലെന്ന് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ഷാനിമോളുടെ നില പരുങ്ങലിലായത്.

നേരത്തെ പെരുമ്പാവൂരിൽ മൽസരിച്ചു പരാജയപ്പെട്ട ഷാനിമോൾ അന്നു ബെന്നി ബഹ്നാൻ എം എൽഎയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. തന്നെ തോൽപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയത് ബെന്നിയാണെന്ന തരത്തിൽ പ്രസ്താവനകൾ ഇറക്കിയിരുന്നു. ഒരു പ്രവാശ്യം തോറ്റതോടെ പിറ്റേതവണ ജയിക്കുന്ന സീറ്റ് നൽകണമെന്ന ഷാനിമോളുടെ ആവശ്യം നേതൃത്വം നിരാകരിക്കുകയും ചെയ്തു. പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ് മൽസരിക്കാൻ പാർട്ടി അവസരം നൽകിയെങ്കിലും കണാരനെ ഭയന്ന് കിട്ടിയ അവസരം കളഞ്ഞുകുളിച്ചു. ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിന് ജയിച്ചിരുന്ന കണാരനെ വെള്ളംകുടിപ്പിച്ചശേഷം യുവകോൺഗ്രസ് നേതാവ് സിദ്ദിഖ് അയ്യായിരം വോട്ടുകൾക്ക് പരാജയപ്പെട്ടു.

വോട്ട് എണ്ണലിന്റെ ആദ്യാവസാനം വരെ മുന്നിലായിരുന്ന സിദ്ദിഖ് നിർഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ് പരാജയപ്പെട്ടത്. മികവ് തെളിയിച്ച് സിദ്ധീഖ് പാർട്ടിയിൽ അജയ്യനായി. ഷാനിമോൾ പിന്നിലാകുകയും ചെയ്തു. ഇനിയും ജയിക്കുന്ന സീ്റ്റിനായി ബലം പിടിച്ചാൽ ഉള്ളതും ഇല്ലാതാകുമെന്ന തിരിച്ചറിവ് ഷാനിമോളെ മറ്റൊരുതരത്തിൽ ചിന്തിപ്പിക്കുന്നുണ്ട്. എവിടെ കിട്ടിയാലും മൽസരിക്കുകയെന്നത്. പക്ഷെ ജയിക്കാതിരുന്നിട്ട് ഇത്രയും ശല്യം.

ഇനി ജയിച്ചാൽ ഇതിലും ശല്യമാകുമെന്ന് നേതൃത്വം മനസിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സീറ്റ് നൽകിയാലും ചാവേറിന്റെ റോളു മാത്രമെ ഷാനിമോൾക്ക് ഉണ്ടാകുകയുള്ളുവെന്നു തീർച്ച.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP