Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷാജഹാൻ വധത്തിൽ സിപിഐ നിലപാടിനൊപ്പം യെച്ചൂരിയും; കൊല നടത്തിയത് ആർഎസ്എസ് ആണെന്ന നിഗമനത്തിലേക്ക് എത്താൻ സമയമായില്ലെന്ന് പ്രതികരണം; പൊലീസ് അന്വേഷണം നടക്കട്ടെയെന്നും അഖിലേന്ത്യാ ജനറൽ സെക്രട്ടറി; യെച്ചൂരിയുടെ നിലപാടിൽ വെട്ടിലായി സിപിഎം സംസ്ഥാന നേതൃത്വം

ഷാജഹാൻ വധത്തിൽ സിപിഐ നിലപാടിനൊപ്പം യെച്ചൂരിയും; കൊല നടത്തിയത് ആർഎസ്എസ് ആണെന്ന നിഗമനത്തിലേക്ക് എത്താൻ സമയമായില്ലെന്ന് പ്രതികരണം; പൊലീസ് അന്വേഷണം നടക്കട്ടെയെന്നും അഖിലേന്ത്യാ ജനറൽ സെക്രട്ടറി; യെച്ചൂരിയുടെ നിലപാടിൽ വെട്ടിലായി സിപിഎം സംസ്ഥാന നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകത്തിൽ പാർട്ടി സംസ്ഥാന ഘടകത്തിന്റെ നിലപാട് ഏറ്റെടുക്കാതെ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പ്രതികരണം. ഷാജഹാനെ കൊലപ്പെടുത്തിയത് ആർഎസ്എസ് ആണെന്നായിരുന്നു സംസ്ഥാന നേതാക്കളുടെ നിലപാട്. എന്നാൽ ഇത്തരം നിഗമനങ്ങളിലേക്കെത്താൻ സമയമായിട്ടില്ലെന്നും പൊലീസ് അന്വേഷണം നടക്കട്ടെയെന്നും യച്ചൂരി പ്രതികരിച്ചു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇതേ നിലപാടാണ് സ്വീകരിച്ചത്. കൊലപാതകമുണ്ടായാൽ ഉടൻതന്നെ ആരോപണമുന്നയിക്കുന്നത് ശരിയല്ല. സമാധാനം തകർക്കാർ ആരെങ്കിലും ശ്രമിക്കുന്നുണ്ടോയെന്ന് പൊലീസ് കണ്ടുപിടിക്കട്ടെ. നിയമസഭയിലുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും കൊലപാതകങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും കാനം ചൂണ്ടിക്കാട്ടി.

അതേസമയം, മതരാഷ്ട്രവാദത്തെ എതിർക്കുന്നതിനാലാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്നും ഇതിനുപിന്നിൽ ആർഎസ്എസ് ആണെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആരോപിച്ചു. പാലക്കാട് കൊട്ടേക്കാട് സിപിഎം നേതാവ് ഷാജഹാനെ വധിച്ചവരെ തിരിച്ചറിഞ്ഞെന്ന് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് പറഞ്ഞു. എട്ടുപേരടങ്ങിയ സംഘമാണ് കൊല നടത്തിയത്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യും. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തിൽ ആർഎസ്എസ് തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കിയിരുന്നു. ക്രിമിനൽ പ്രവർത്തനം ചോദ്യം ചെയ്തതുകൊലപാതകത്തിന് പ്രേരണയായി എന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപിച്ചു. കൊലപാതകത്തിന് ശേഷം വ്യാജപ്രചാരണം അഴിച്ചുവിടുന്നതുകൊടും ക്രൂരതയാണെന്നും സിപിഎം കുറ്റപ്പെടുത്തി.

ഷാജഹാന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ അനുമോദിക്കാൻ വെച്ച ബോർഡ് ആർഎസ്എസ് എടുത്ത് മാറ്റി. പകരം ശ്രീകൃഷ്ണ ജയന്തി ബോർഡ് വെച്ചു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറയുന്നു. ഷാജഹാന്റെ കൊലപാതക കേസിലെ പ്രതികൾക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു.

അതേസമയം, ഷാജഹാന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണം ബിജെപി തള്ളുകയാണ്. കൊലപാതകവുമായി ബിജെപിക്ക് ബന്ധമില്ലെന്നും സിപിഎമ്മിലെ പ്രാദേശിക വിഭാഗീയത മറച്ച് വയ്ക്കാനാണ് ബിജെപിയെ മറയാക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാർ ആരോപിച്ചു. പ്രതികളുടെ സിപിഎം അനുകൂല സാമൂഹിക മാധ്യമ പോസ്റ്റുകൾ പങ്കുവച്ചാണ് സിപിഎം പ്രചാരണത്തിനെതിരെ ബിജെപി രംഗത്തെത്തിരിക്കുന്നത്. ഷാജഹാൻ കൊലപ്പെട്ടത് രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്‌ഐആറിനും സിപിഎം ആരോപണങ്ങൾക്കും പിന്നാലെയാണ് ബിജെപി മറുപടിയുമായി രംഗത്തെത്തിയത്.

ഇന്നലെ ഷാജഹാൻ കൊല്ലപ്പെട്ടതിന് പിന്നാലെ ആഎസ്എസാണ് കൊലപ്പെടുത്തിന് പിന്നിലെന്ന് സിപിഎം പ്രാദേശിക നേതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ, ആരെയും പഴി ചാരാൻ ഇല്ലെന്നായിരുന്നു എ കെ ബാലൻ അടക്കമുള്ള മുതിർന്ന നേതാക്കൾ ആദ്യം അറിയിച്ചത്. ഷാജഹാനെ ആർഎസ്എസുകാർ വെട്ടിക്കൊന്നു എന്ന് പറഞ്ഞ മലമ്പുഴ എംഎൽഎ എ പ്രഭാകരനും പ്രസ്താവന തിരുത്തി. എന്നാൽ, ഇന്നുച്ചയോടെ ഷാജഹാൻ കൊല്ലപ്പെട്ടതിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം പ്രഖ്യാപിച്ചു. ഈ വൈരുദ്ധ്യങ്ങളാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്.

മലമ്പുഴയ്ക്ക് അടുത്ത് മരുതറോഡ് പഞ്ചായത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഎം സംഘമെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ സിപിഎം പ്രവർത്തകൻ തന്നെ വെളിപ്പെടുത്തിയിരുന്നു. 'പാർട്ടി അംഗങ്ങളായ അനീഷ്, ശബരി എന്നിവരായിരുന്നു ഷാജഹാനെ വെട്ടിയത്. ഇവരും മറ്റു ആറു പേരും ചേർന്നാണ് ഷാജഹാനെ ആക്രമിച്ചത്. ഷാജഹാന്റെ കഴുത്തിനും കാലിനും ഇവർ വെട്ടി. അക്രമം തടയാൻ ശ്രമിച്ചപ്പോൾ തനിക്ക് നേരേയും വാൾ വീശി' അക്രമിസംഘം മടങ്ങിയതിന് തൊട്ടുപിന്നാലെ് ഷാജഹാനെ ആശുപത്രിയിൽ എത്തിച്ച സുരേഷ് പറഞ്ഞു.

സിപിഎം പ്രവർത്തകനാണ് സുരേഷ്. 'കൊലപാതക സംഘത്തിൽ തന്റെ മകനും ഉണ്ടായിരുന്നു. ഷാജഹാനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ തന്നെയും കൊല്ലാൻ തുടങ്ങി. അച്ഛനാണ് എന്ന് മകൻ വിളിച്ചു പറഞ്ഞപ്പോഴാണ് തന്നെ കൊല്ലാതെ വിട്ടതെന്നും സുരേഷിന്റെ വെളിപ്പെടുത്തൽ. ദേശാഭിമാനി വരുത്തുന്നതിനെച്ചൊല്ലി പാർട്ടിയും ഷാജഹാനുമായി തർക്കമുണ്ടായിരുന്നു ' സുരേഷ് വെളിപ്പെടുത്തി. എന്നാൽ പാർട്ടി പ്രവർത്തകൻ കൂടിയാായ സുരേഷ് ഇത് മാറ്റി പറയുന്നുവെന്നാണ് ലഭിക്കുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP