Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എത്ര മുസ്ലിം നാമധാരികളായ സഖാക്കളാണ് ദുരൂഹമായ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്നത്; ആരോപണം സിപിഎമ്മിലേക്ക് എത്തിച്ചേരുമ്പോൾ അന്വേഷണം സ്വിച്ച് ഇട്ടത് പോലെ അവസാനിപ്പിക്കുകയും ചെയ്യുന്നു; എന്തിനു കൊല്ലുന്നു സിപിഎമ്മെയെന്ന് ചോദിച്ചു രാഹുൽ മാങ്കൂട്ടത്തിൽ; ഷാജഹാന്റെ കൊലയാളികളുടെ സിപിഎം ബന്ധം ചർച്ചയാക്കി കോൺഗ്രസ്

എത്ര മുസ്ലിം നാമധാരികളായ സഖാക്കളാണ് ദുരൂഹമായ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്നത്; ആരോപണം സിപിഎമ്മിലേക്ക് എത്തിച്ചേരുമ്പോൾ അന്വേഷണം സ്വിച്ച് ഇട്ടത് പോലെ അവസാനിപ്പിക്കുകയും ചെയ്യുന്നു; എന്തിനു കൊല്ലുന്നു സിപിഎമ്മെയെന്ന് ചോദിച്ചു രാഹുൽ മാങ്കൂട്ടത്തിൽ; ഷാജഹാന്റെ കൊലയാളികളുടെ സിപിഎം ബന്ധം ചർച്ചയാക്കി കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാലക്കാട് മരുതുംറോഡിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ സിപിഎം ബന്ധം പുറത്തുവരുമ്പോൾ ഭരണപ്പാർട്ടിക്കെതിരെ ആരോപണം കടുപ്പിച്ചു കോൺഗ്രസ്. മുസ്ലിം നാമധാരികളായ സഖാക്കളെ സിപിഎം എന്തിന് കൊലക്ക് കൊടുക്കുന്നു എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് കോൺഗ്രസ് രംഗത്തുവന്നത്. കേസിൽ അറസ്റ്റിലായവർ സജീവ സിപിഎം പ്രവർത്തർ ആയിരുന്നുവെന്ന് വ്യക്തമാക്കുന്ന സോഷ്യൽ മീഡിയാ പോസ്റ്റുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തി്ൽ കൂടിയാണ് കോൺഗ്രസ് സിപിഎമ്മിനെതിരെ തിരിയുന്നത്.

മുസ്ലിം ഉന്മൂലനം തന്നെയാണോ നിങ്ങളുടെ രാഷ്ട്രീയം? എന്തിനു കൊല്ലുന്നു സിപിഎമ്മെ എന്നു ചോദിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് നോതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്‌ബുക്കിൽ പോസ്റ്റിൽ പറയുന്നത്. മുമ്പ് കൊല്ലപ്പെട്ട സിപിഎം മുസ്ലിം സഖാക്കളുടെ പേരുകൾ എടുത്തു പറഞ്ഞു കൊണ്ടാണ് ഈ വിഷയത്തിൽ രാഹുൽ സിപിഎംമ്മിനെ നേരിടുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലപ്പെട്ട ഷാജഹാൻ, വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട മിഥ്‌ലാജ്, ഹക്ക്, കായംകുളത്തുകൊല്ലപ്പെട്ട സിയാദ്, പട്ടാമ്പിയിൽ കൊല്ലപ്പെട്ട സെയ്താലി..... എത്ര മുസ്ലിം നാമധാരികളായ സഖാക്കളാണ് ദുരൂഹമായ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്നതെന്നാണ് രാഹുൽ ചോദിക്കുന്നത്.

ഈ കൊലപാതകങ്ങളുടെ എല്ലാം ഉത്തരവാദിത്തം ആദ്യം സിപിഎ ഇതര പാർട്ടികളിൽ ആരോപിക്കുമ്പോഴും അന്വേഷണവും ആരോപണവും സിപിഎമ്മിലേക്ക് എത്തുമ്പോൾ അന്വേഷണം സ്വിച്ചിട്ടപോലെ അവസാനിപ്പിക്കുകയും ചെയ്യുന്നതായി രാഹുൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഉന്നയിക്കുന്നു. സമാനമായ ചോദ്യവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രനും രംഗത്തുവന്നു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലപ്പെട്ട ഷാജഹാൻ, വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട മിഥ്‌ലാജ്, ഹക്ക്, കായംകുളത്തുകൊല്ലപ്പെട്ട സിയാദ്, പട്ടാമ്പിയിൽ കൊല്ലപ്പെട്ട സെയ്താലി..... എത്ര മുസ്ലിം നാമധാരികളായ സഖാക്കളാണ് ദുരൂഹമായ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്നത്. CPIM ഈ കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്വം ആദ്യം ഇതര പാർട്ടികളിൽ ആരോപിക്കുന്നുണ്ടെങ്കിലും, അന്വേഷണവും ആരോപണവും CPIM ലേക്ക് തന്നെയാണ് പിന്നീട് എത്തിച്ചേരുന്നത്. ആ ഘട്ടത്തിൽ തന്നെ അന്വേഷണം സ്വിച്ച് ഇട്ടത് പോലെ അവസാനിപ്പിക്കുകയും ചെയ്യുന്നു.

നിഗൂഢമായ ഈ കൊലപാതകങ്ങളുടെ ചുരുളഴിയേണ്ടതുണ്ട്. സ്വന്തം പാർട്ടിക്കാരെ , അതും മുസ്ലിം നാമധാരികളായ പാർട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നത് എന്ന് സംഘപരിവാർ സഹായം എല്ലാ കാലത്തും പറ്റുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി പറയണം.
നിങ്ങൾ നേരിട്ട് തന്നെ കൊലപ്പെടുത്തുന്ന ഞങ്ങളുടെ ശുഹൈബിനെയും, ഷുക്കൂറിനെയും, നിങ്ങൾ കൊന്ന ഫസലിനെയും ഒന്നും മറന്നിട്ടുമില്ല... മുസ്ലിം ഉന്മൂലനം തന്നെയാണോ നിങ്ങളുടെ രാഷ്ട്രീയം ? എന്തിനു കൊല്ലുന്നു സിപിഎമ്മെ?

മുസ്ലിം സഖാക്കൾക്ക് വീട്ടിൽ വളർത്തുന്ന പൂവൻ കോഴിയുടെ അവസ്ഥയെന്ന് വി പി സജീന്ദ്രൻ

ഷാജഹാൻ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനതിരെ വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രനും രംഗത്തെത്തി. സഖാക്കൾക്ക്, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലെ സഖാക്കൾക്ക് വീട്ടിൽ വളർത്തുന്ന പൂവൻ കോഴിയുടെ അവസ്ഥയാണെന്നും ആവശ്യം വന്നാൽ അവനെ തട്ടുമെന്നുമാണ് അദ്ദേഹം ഫേസ്‌ബുക്കിൽ എഴുതിയത്.

പാലക്കാട് കൊലപാതകം സംബന്ധിച്ച് സിപിഐ.എം വിചിത്രമായ വാദമാണ് ഉന്നയിക്കുന്നതെന്നും കൊലപാതകം സംബന്ധിച്ച് പ്രതികൾ ആരെന്നു സിപിഐ.എം വിധി എഴുതുകയാണെന്നും സജീന്ദ്രൻ എഴുതി. 'വീട്ടിൽ വളർത്തുന്ന പൂവൻ കോഴിയുടെ അവസ്ഥയാണ് കേരളത്തിലെ സാധാ സഖാക്കൾക്ക് പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലെ സഖാക്കൾക്ക്. വീട്ടിൽ ഒരു ആവശ്യം വന്നാൽ അവനെ തട്ടും. പാവത്തുങ്ങളോട് സഹതാപം മാത്രം. സഖാവിനെ വെട്ടാൻ പോയ ദിവസം പോലും കോടിയേരിക്ക് വേണ്ടി പോസ്റ്റ് ഇട്ടവൻ ബിജെപി ആണോ? ആണെന്നാണ് ഇപ്പോൾ സഖാക്കൾ വാദിച്ചുകൊണ്ടിരിക്കുന്നത്.

പാലക്കാട് കൊലപാതകം സംബന്ധിച്ച് സിപിഐ.എം വിചിത്രമായ മറ്റൊരു വാദം കൂടി മുന്നോട്ടുവെക്കുന്നുണ്ട്. 'ഒരുപക്ഷേ പാർട്ടി അനുഭാവി ആയിരിക്കാം, ഫേസ്‌ബുക്കിൽ പോസ്റ്റുകൾ കാണാം.. പക്ഷേ ഞങ്ങളുടെ പാർട്ടി മെമ്പർഷിപ്പില്ല സംഘടനാ ചുമതല ഇല്ല' പാർട്ടി മെമ്പർഷിപ്പും സംഘടന ചുമതലയും ഉള്ളവർ വെട്ടിയാൽ മാത്രമാണോ സിപിഐ.എം നടത്തിയ കൊലപാതകം ആവുകയുള്ളൂ? എത്ര വിചിത്രവും ബാലിശവുമാണ് ഇവർ മുന്നോട്ടുവെക്കുന്ന വാദങ്ങൾ? സാമാന്യ ബുദ്ധിക്ക് നിരക്കുന്ന കാര്യങ്ങൾ വേണം നിങ്ങൾ സംസാരിക്കാൻ.

സമീപകാലത്തായി വെഞ്ഞാറമൂട് കൊലപാതകം കോൺഗ്രസിന്റെ മേൽ കെട്ടിവെക്കാൻ ശ്രമിച്ചു. എ.കെ.ജി സെന്റർ പടക്കമേറ് കോൺഗ്രസിന്റെ മേൽ കെട്ടിവെച്ചു. പാലക്കാട് സിപിഐ.എം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിലും പ്രതികൾ ആരെന്ന് സിപിഎം വിധി എഴുതുന്നു. സിപിഐ.എം പറയുന്നത് അതേപടി ഏറ്റു പറയാൻ മനസില്ലെന്നു പ്രഖ്യാപിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരന് അഭിനന്ദനങ്ങൾ,' വി.പി. സജീന്ദ്രൻ പറഞ്ഞു.

കൊലപാതക ദിവസം വരെ സൈബറിടത്തിൽ നവീൻ ശ്രീനാഥ് സഖാവ്!

ഷാജഹാന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആർഎസ്എസിലും ബിജെപിയിലും കെട്ടിവെക്കാൻ സിപിഎം പരിശ്രമിക്കവേ കൊലയാളി സംഘത്തിലെ നവീൻ ശ്രീനാഥിന്റെ ഫേസ്‌ബുക്ക് പോസ്റ്റും ചർച്ചയാകുന്നുണ്ട്. കൊലപാതകം നടത്തിയ ദിവസം വരെ സൈബറിടത്തിലെ സജീവമായ സഖാവാണ് നവീൻ ശ്രീനാഥ്. പാലക്കാട് കുന്നംകാട് സി പി എം പ്രവർത്തകനായിരുന്ന ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്നാം പ്രതി നവീൻ ആണ് കൊലയ്ക്ക് ആവശ്യമായ ആയുധങ്ങൾ എത്തിച്ചത് എന്നാണ് മൊഴി. നവീനും അഞ്ചാം പ്രതി സിദ്ധാർത്ഥൻ എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്.

ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഒരാളെ പട്ടാമ്പിയിൽ നിന്നും, മറ്റെരാളെ പൊള്ളാച്ചിയിൽ നിന്നുമാണ് പിടികൂടിയത്. അതിനിടെയാണ് ഫെയ്സ് ബുക്ക് പോസ്റ്റും ചിത്രങ്ങളും ചർച്ചയാകുന്നത്. നവീന് സിപിഎമ്മുമായുള്ള അടുത്ത ബന്ധം വെളിവാക്കുന്നതാണ് ചിത്രങ്ങൾ. എന്നാൽ ഇപ്പോഴും പ്രതികൾ ആർ എസ് എസുകാരാണെന്ന് സിപിഎം പറയുന്നു.

നവീന്റെ ചിത്രങ്ങളിൽ കൂടെയുള്ളത് ആകാശ് തില്ലങ്കേരി ( ഷുഹൈബ് വധകേസ് പ്രതി), ഷാഫി ( ടിപി വധക്കേസ് പ്രതി ), ബിനീഷ് കോടിയേരി ( മയക്കുമരുന്ന് കേസ് പ്രതി), എജ്ജാതി കോമ്പോ? എന്ന സോഷ്യൽ മീഡിയോ പോസ്റ്റ് ചർച്ചയാണ്. ഇതിനൊപ്പം ഫോട്ടോയും. ഇതോടെ പ്രതികൾ സിപിഎം അനുഭാവികാളാണെന്ന ചർച്ച വീണ്ടും സജീവമാകുകയാണ്. എന്നാൽ ഇതേ കുറിച്ച് പൊലീസ് ഒന്നും പറയുന്നില്ല. മറ്റ് പല പ്രതികളുടേയും ഫെയ്സ് ബുക്കിലുള്ളതും സിപിഎം അനുകൂല പോസ്റ്റുകൾ മാത്രമാണ്.

ഷാജഹാൻ വധക്കേസിലെ പ്രതികളാരും ഒരു കാലത്തും സിപിഎം അംഗങ്ങളായിരുന്നില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞിരുന്നു. പ്രതികളുടെ സിപിഎം ബന്ധം ആരോപിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റുകൾ ഏറെ പഴയതാണ്. കഴിഞ്ഞ ഒരു വർഷമായി പ്രതികൾക്ക് സിപിഎമ്മുമായി ബന്ധമില്ല. ആർഎസ്എസിന്റെ പ്രധാനപ്പെട്ട നേതാക്കളുടെ സഹായം പ്രതികൾക്ക് ലഭിച്ചതായും സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചിരുന്നു.

എന്നാൽ ഷാജഹാൻ വധക്കേസിലെ പ്രതികൾ സിപിഎമ്മുകാർ തന്നെയെന്ന ആക്ഷേപവുമായി വി കെ ശ്രീകണ്ഠൻ എംപി രംഗത്ത് എത്തി. പ്രതികളുടെ പ്രൊഫൈൽ പരിശോധിച്ചാൽ അത് വ്യക്തമാകും.പാലക്കാട്ടെ ക്രമസമാധാനം പാടെ തകർന്ന അവസ്ഥയിലാണ്. കൊലപാതകത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ഷാജഹാന് വധഭീഷണിയുണ്ടായിരുന്നതായി കുടുംബവും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP