Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആർക്കും വേണ്ടാത്ത സീറ്റ് നൽകി; പോസ്റ്ററൊട്ടിച്ചത് കൂലിക്ക് ആളെ വച്ച്; കാലുവാരി തോൽപിച്ചു; പത്തനംതിട്ടയിൽ നേതൃത്വത്തിനെതിരേ പൊട്ടിത്തെറിച്ച് മുതിർന്ന കോൺഗ്രസ് അംഗം സുധാകുറുപ്പ് രാജിവച്ചു: ഇനി പ്രവർത്തനം സിപിഎമ്മിൽ

ആർക്കും വേണ്ടാത്ത സീറ്റ് നൽകി; പോസ്റ്ററൊട്ടിച്ചത് കൂലിക്ക് ആളെ വച്ച്; കാലുവാരി തോൽപിച്ചു; പത്തനംതിട്ടയിൽ നേതൃത്വത്തിനെതിരേ പൊട്ടിത്തെറിച്ച് മുതിർന്ന കോൺഗ്രസ് അംഗം സുധാകുറുപ്പ് രാജിവച്ചു: ഇനി പ്രവർത്തനം സിപിഎമ്മിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലാ, പ്രാദേശിക നേതൃത്വങ്ങൾക്കെതിരേ ആഞ്ഞടിച്ച് മുതിർന്ന നേതാവും ഡിസിസി ജനറൽ സെക്രട്ടറിയുമായ സുധാ കുറുപ്പ് രാജിവച്ചു. ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിൽ ദയനീയ പരാജയം ഏറ്റു വാങ്ങിയതിന് പിന്നാലെയാണ് സുധാ കുറുപ്പ് രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി സിപിഎമ്മിൽ ചേർന്നു പ്രവർത്തിക്കുമെന്നും അവർ അറിയിച്ചു.

സിപിഐയിലെ ശ്രീനാദേവി കുഞ്ഞമ്മയോട് നാലായിരം വോട്ടിനാണ് ഈ ഡിവിഷനിൽ നിന്ന് മുൻപ് ജില്ലാ പഞ്ചായത്തംഗമായിരുന്ന സുധാ കുറുപ്പ് പരാജയപ്പെട്ടത്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വിവരിച്ചായിരുന്നു രാജി പ്രഖ്യാപനം.

40 വർഷമായി കോൺഗ്രസിൽ പ്രവർത്തിക്കുന്നു. കാലുവാരിയാണ് ഇപ്പോൾ തോൽപ്പിച്ചിരിക്കുന്നത്. എതിർ സ്ഥാനാർത്ഥിക്ക് ഇത്രയധികം ഭൂരിപക്ഷം ലഭിച്ചതും ഇതു കൊണ്ടാണ്. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ മത്സരിക്കാനായിരുന്നു തനിക്ക് താൽപര്യം. പ്രവർത്തകരും അങ്ങനെ ആവശ്യപ്പെട്ടു. എന്നാൽ ചില നേതാക്കൾ നീതികേട് കാണിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് ഡിവഷനിൽ മത്സരിക്കുവാൻ പാർട്ടിക്കാരെ ആരെയും കിട്ടാതെ വന്നപ്പോൾ തന്റെ പേര് ഉയർന്നു വന്നു.

ഇതനുസരിച്ചാണ് രംഗത്തിറങ്ങിയത്. വോട്ട് ചോദിക്കാനും പ്രചാരണത്തിനുമൊന്നും ആരും ഒപ്പം വന്നില്ല. കൈക്കാശ് കൊടുത്ത് പോസ്റ്ററും നോട്ടീസും അടിച്ചു.അത് ഏറ്റുവാങ്ങാൻ പോലും നേതാക്കളോ പ്രവർത്തകരോ തയാറായില്ല. പോസ്റ്റുകൾ ഒട്ടിക്കാൻ ജില്ലാ ഡിവിഷൻ മുഴുവൻ കൂലിക്ക് ആളെ നിർത്തേണ്ടി വന്നു. സ്വീകരണ യോഗങ്ങളിൽ സ്ഥാനാർത്ഥികൾക്ക് ഒരു മിനിറ്റ് പോലും സംസാരിക്കാൻ അവസരം നല്കിയിരു ന്നില്ല.

മണ്ഡലം ബ്ലോക്ക്, ജില്ലാ നേതൃത്വങ്ങൾ ഒരിക്കൽ പോലും തെരഞ്ഞെടുപ്പ് രംഗത്ത് പിന്തുണച്ചില്ല. പാർലമെന്റ്-നിയമസഭാ തെരഞ്ഞെടുപ്പുകൾ നേതാക്കന്മാർക്ക് മത്സരിക്കാനുള്ളതായതിനാൽ എല്ലാ പ്രവർത്തകരും അതേറ്റെടുത്ത് വിജയിപ്പിക്കും. എന്നാൽ സാധാരണ പ്രവർത്തകർ രംഗത്തിറങ്ങുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ അവരെ സഹായിക്കാൻ ഒരു നേതാവും എത്താറില്ല. ഇതാണ് കോൺഗ്രസ് പ്രവർത്തകരുടെ അവസ്ഥ. കോൺഗ്രസിനെയും താനുൾപ്പെടെയുള്ള സ്ഥാനാർത്ഥികളെയും പരാജയപ്പെടുത്തിയത് വിവിധ തലങ്ങളിലെ നേതാക്കന്മാരാണെന്ന് അവർ കുറ്റപ്പെടുത്തി.

രണ്ടോ മൂന്നോ പേരടങ്ങുന്ന മാഫിയാ സംഘമായി നേതൃത്വം അധ:പതിച്ചു. അഭിപ്രായങ്ങൾ കേൾക്കാൻ അവർ തയാറാകുന്നില്ലെന്നും വനിതാ പ്രവർത്തകർ കടുത്ത അവഗണനയാണ് നേരിടുന്നതെന്നും പാർട്ടിയിൽ ജനാധിപത്യ മൂല്യങ്ങൾ പൂർണമായി നഷ്ടപ്പെട്ടുവെന്നും സുധാ കുറുപ്പ് പറഞ്ഞു. ഇവരുടെ രാജിയോടെ പള്ളി ക്കലിൽ കോൺഗ്രസ് കൂടുതൽ പ്രതിസ ന്ധിയിലാകും. ജില്ലയിലെ തന്നെ മുതിർന്ന വനിതാ നേതാവിന്റെ രാജി വരും ദിവസങ്ങളിൽ വലിയ പൊട്ടിത്തെറികൾക്കിടയാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP