Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രധാനമന്ത്രിയുടെ തലസ്ഥാനത്തെ വേദിയിൽ ഗുരുതര സുരക്ഷാ വീഴ്ച ; സെൻട്രൽ സ്റ്റേഡിയത്തിൽ പൊലീസുകാരന്റെ തോക്കിൽ നിന്നുവെടിപൊട്ടി; സംഭവം മോദി എത്താൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെ; വെടി പൊട്ടിയതുകൊല്ലം എആർ ക്യാമ്പിലെ പൊലീസുകാരന്റെ തോക്കിൽ നിന്ന്; പൊലീസുകാരനെ സ്ഥലത്ത് നിന്ന് മാറ്റി; തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രിയുടെ വേദിയിൽ സുരക്ഷാവീഴ്ചയുണ്ടാകുന്നത് ഇതുരണ്ടാം വട്ടം: മോദിയുടെ പ്രസംഗത്തിനിടെ സ്റ്റേജിന് താഴെ തീപിടിച്ചത് ഈ മാസം 14ന് അലിഗഡിൽ

പ്രധാനമന്ത്രിയുടെ തലസ്ഥാനത്തെ വേദിയിൽ ഗുരുതര സുരക്ഷാ വീഴ്ച ; സെൻട്രൽ സ്റ്റേഡിയത്തിൽ പൊലീസുകാരന്റെ തോക്കിൽ നിന്നുവെടിപൊട്ടി; സംഭവം മോദി എത്താൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെ; വെടി പൊട്ടിയതുകൊല്ലം എആർ ക്യാമ്പിലെ പൊലീസുകാരന്റെ തോക്കിൽ നിന്ന്; പൊലീസുകാരനെ സ്ഥലത്ത് നിന്ന് മാറ്റി; തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രിയുടെ വേദിയിൽ സുരക്ഷാവീഴ്ചയുണ്ടാകുന്നത് ഇതുരണ്ടാം വട്ടം: മോദിയുടെ പ്രസംഗത്തിനിടെ സ്റ്റേജിന് താഴെ തീപിടിച്ചത് ഈ മാസം 14ന് അലിഗഡിൽ

അരുൺ ജയകുമാർ

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ തിരുവനന്തപുരത്തെ വേദിയിൽ സുരക്ഷാവീഴ്ച. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പൊലീസുകാരന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി. അൽപസമയത്തിനകം പ്രധാനമന്ത്രി എത്താനിരിക്കെയാണ് സംഭവം. കൊല്ലം എആർ ക്യാമ്പിലെ പൊലീസുകാരന്റെ തോക്കിൽ നിന്നാണ് വെടി പൊട്ടിയത്. പൊലീസുകാരനെ സ്ഥലത്ത് നിന്ന് മാറ്റി.

കഴിഞ്ഞ 12ന് മോദി കോഴിക്കോട്ടെത്തി എൻഡിഎയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തിരുന്നു. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ പ്രവർത്തകരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥികളായ കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ, നേതാക്കളായ അഡ്വ. പി.എസ്. ശ്രീധരൻപിള്ള, പി.കെ. ക്യഷ്ണദാസ്, എം ടി. രമേശ്, പി.സി. തോമസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. പ്രത്യേക വിമാനത്തിൽ തലസ്ഥാനത്തെത്തുന്ന മോദി രാത്രി തിരിച്ചു പോകും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ സുരക്ഷാ വീഴ്ച വന്നതിന്റെ വലിയ ഞെട്ടലിൽ ആണ് സുരക്ഷ ഉദ്യോഗസ്ഥരും സംസ്ഥാന പൊലീസ് സേനയും എല്ലാം തന്നെ.  നരേന്ദ്ര മോദി എത്തുന്നതിന്റെ ആവേശത്തിൽ പ്രവർത്തകർ മുഴുകിയിരിക്കുന്നതിനിടയിലുണ്ടായ സംഭവം വലിയ ഞെട്ടലോടെയാണ് സുരക്ഷ സേനയും കാണുന്നത്. മോദി തിരുവനന്തപുരത്ത് എത്തുന്നതിന് മിനിറ്റുകൾക്ക് മുൻപാണ് സംഭവമുണ്ടായത്. മാധ്യമപ്രവർത്തകർക്ക് ഉൾപ്പടെ കർശന നിയന്ത്രണമാണ് പരിപാടിയിൽ ഏർപ്പെടുത്തിയിരുന്നത്. സാധാരണ ഗതിയിൽ പ്രധാനമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യുന്നതിന് വേണ്ടിയുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ച് അപേക്ഷിച്ചവർക്ക് പോലും റിപ്പോർട്ടിങ്ങിന് പാസ് അനുവദിച്ചില്ല. ഇത് ചെറിയ തോതിൽ വിവാദമാവുകയും ചെയ്തിരുന്നു.

എല്ലാ മാധ്യമസ്ഥാപനങ്ങളിൽ നിന്നും പരിപാടി റിപ്പോർട്ട് ചെയ്യാൻ നിയോഗിച്ചിരുന്ന വാർത്താ സംഘത്തിന്റെ റിപ്പോർട്ടർ ക്യാമറാമാൻ വാഹനത്തിന് വേണ്ട പാസ് എന്നിവയ്ക്ക് അപേക്ഷിക്കുന്നതിന് ഒപ്പം രണ്ട് ഫോട്ടോയും ഒരു തിരിച്ചറിയൽ കാർഡിന്റെ പകർപ്പും ഉൾപ്പടെ സമർപ്പിച്ചിരുന്നു. എന്നാൽ സർക്കാർ അക്രഡിറ്റേഷൻ ഉള്ളവരെ മാത്രമെ അകത്തേക്ക് പ്രവേശിപ്പിക്കു എന്ന് എസ്‌പിജി തീരുമാനിച്ചതോടെ ഇവരുടെ പാസുകൾക്ക് സീൽ ലഭിച്ചില്ല. തുടർന്ന് ഭൂരിഭാഗം പേർക്കും റിപ്പോർട്ട് ചെയ്യുന്നതിന് വേണ്ട പാസ് നൽകിയതുമില്ല. നേരത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നേരെ ലേസർ ലൈറ്റ് കണ്ടതോടെയാണ് വിവിഐപികൾക്കുള്ള സുരക്ഷ കർശനമാക്കിയത്. പ്രധാനമന്ത്രിക്ക് നേരെ തിരഞ്ഞെടുപ്പ് റാലിയിൽ അക്രമം ഉണ്ടായേക്കും എന്ന സൂചനയാണ് മാധ്യമങ്ങൾക്ക് ഉൾപ്പടെ നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നിൽ എന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

സുരക്ഷ വീഴ്ച സംഭവിക്കുകയും കൊല്ലം എആർ ക്യാമ്പിലെ പൊലീസുകാരന്റെ തോക്കിൽ നിന്ന് വെടിപൊട്ടുകയും ചെയ്തത് സ്ഥലത്ത് പരിഭ്രാന്തി പരത്തിയെങ്കിലും പ്രധാനമന്ത്രി എത്തുന്നതിന്റെ ആവേശത്തിൽ ആയിരുന്നു തലസ്ഥാന നഗരത്തിലെ ബിജെപി പ്രവർത്തകർ. വൈകുന്നേരം ആറര മണിക്കാണ് പരിപാടി എന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഉച്ചയോടെ തന്നെ തലസ്ഥാന നഗരത്തിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു ഒപ്പം തന്നെ ഗതാഗത നിയന്ത്രണം ഉൾപ്പടെ ഏർപ്പെടുത്തിയിരുന്നു. സെക്രട്ടേറിയേറ്റിൽ നിന്നും സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ഉള്ള വഴികളില് പോലും കർശന നിയന്ത്രണമുണ്ടായിരുന്നു. മെറ്റൽ ഡിറ്റക്റ്റർ ഘടിപ്പിച്ച വാതിലൂടെ മാത്രമാണ് ഓരോരുത്തരേയും കടത്തി വിട്ടത്. ബാഗ് പോലെയുള്ള ലഗേജ് ഒന്നും തന്നെ അകത്തേക്ക് കൊണ്ട് പോകാനും അനുമതി നേരത്തെ തന്നെ ഉണ്ടായിരുന്നില്ല.

നേരത്തെ ഈ മാസം 14 ന് യുപിയിലെ അലിഗഡിലെ തെരഞ്ഞെടുപ്പ് റാലിയിലും സുരക്ഷാ വീഴ്ച ഉണ്ടായിരുന്നു. റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെ സ്റ്റേജിന് താഴെ തീപിടിച്ചു. സ്റ്റേജിൽ എസിയിലേക്ക് വൈദ്യുതി എത്തിച്ച വയർ ചൂടുപിടിച്ച് കത്തിയതാണെന്നാണ് പ്രാഥമിക വിവരം.

സ്റ്റേജിൽ വൈദ്യുതോപകരണങ്ങൾ സജ്ജീകരിക്കുന്നതിന് കരാറെടുത്ത കരാറുകാരനടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ കേസും ചുമത്തി. തീപിടിച്ച ഉടൻ തന്നെ ഇത് കണ്ടെത്താൻ സാധിച്ചതിനെ തുടർന്ന് വേഗത്തിൽ തന്നെ അണച്ചു.
പ്രധാനമന്ത്രി മോദിയുടെ പ്രസംഗം തടസപ്പെട്ടില്ല. സുരക്ഷാ ജീവനക്കാരാണ് ആരും അറിയാതെ തന്നെ തീയണച്ചത്. എന്നാൽ മോദിയുടെ പ്രസംഗം തീർന്ന ഉടൻ തന്നെ കരാറുകാരനെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ തൊഴിലാളികളാണ് പിടിയിലായ മറ്റ് രണ്ട് പേർ എന്നാണ് വിവരം.
ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. എന്നാൽ അതീവ രഹസ്യമായി തന്നെ സുരക്ഷാ ജീവനക്കാരും ഉത്തർപ്രദേശ് പൊലീസും വീഴ്ച മറച്ചുവെക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP