Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

സണ്ണി കപിക്കാട് അടക്കമുള്ള സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയപാർട്ടി വരുന്നു; സി ആർ നീലകണ്ഠൻ, കെ. കെ കൊച്ച്, ഡോ. കെ കെ ശ്രീകുമാർ തുടങ്ങിയവർ പ്രഥമ കൺവെൻഷന്; ദളിത് - ആദിവാസി ജനതയുടെയും മറ്റ് അസംഘടിത ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങൾ ഇടതു-വലതുപാർട്ടികൾ പരിഗണിക്കുന്നില്ലെന്ന് വിമർശനം; പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ ഐക്യവും ലക്ഷ്യം; കേരളത്തിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടികൂടി പിറക്കുമ്പോൾ

സണ്ണി കപിക്കാട് അടക്കമുള്ള സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയപാർട്ടി വരുന്നു; സി ആർ നീലകണ്ഠൻ, കെ. കെ കൊച്ച്, ഡോ. കെ കെ ശ്രീകുമാർ തുടങ്ങിയവർ പ്രഥമ കൺവെൻഷന്; ദളിത് - ആദിവാസി ജനതയുടെയും മറ്റ് അസംഘടിത ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങൾ ഇടതു-വലതുപാർട്ടികൾ പരിഗണിക്കുന്നില്ലെന്ന് വിമർശനം; പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ ഐക്യവും ലക്ഷ്യം; കേരളത്തിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടികൂടി പിറക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നിരവധി രാഷ്ട്രീയ പാർട്ടികളുടെ ഉദയവും അസ്തമയവും കണ്ടവരാണ് കേരളീയർ. എന്നാൽ ചിന്തകരും ദലിത് ആക്റ്റീവിസ്റ്റുകളും പരിസ്ഥിതി പ്രവർത്തകരും ചേർന്ന് രൂപം കൊടുക്കുന്ന ഒരു പാർട്ടി കേരളത്തിൽ ആദ്യമായിരിക്കും. ദലിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാടിന്റെ നേതൃത്വത്തിലാണ് പുതിയ പാർട്ടിക്ക് രൂപം കൊടുക്കുന്നത്. ജൂൺ രണ്ടിന് എറണാകുളത്ത് ചേർന്ന കൺവെൻഷനിലാണ് പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കാൻ തീരുമാനിച്ചത്. സണ്ണി എം. കപിക്കാട് ജനറൽ കൺവീനറായ 50 അംഗ സംസ്ഥാന സംഘാടക സമിതി പ്രവർത്തനം ജില്ലാ തലങ്ങളിലേക്കും വ്യാപിപ്പിച്ചു. ജില്ലാ തലങ്ങളിലും സംഘാടക സമിതികളുടെ രൂപീകരണം ആരംഭിച്ചു.

2020 ജനുവരിയിൽ എറണാകുളത്ത് നടക്കുന്ന ജനാധിപത്യ രാഷ്ട്രീയ സമ്മേളനത്തിൽ പ്രസ്ഥാനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കും. വൈക്കത്ത് ഓഗസ്റ്റ് 24-ന് നടന്ന കോട്ടയം ജില്ലാ സംഘാടക സമിതി രൂപീകരണത്തിന്റെ തുടർച്ചയായി എറണാകുളത്ത് സെപ്റ്റംബർ എട്ടിന് കൺവെൻഷൻ നടക്കും. കൊച്ചിൻ ടൂറിസ്റ്റ് ഹോമിൽ ഉച്ചക്ക് രണ്ടിന് നടക്കുന്ന കൺവെൻഷൻ എഴുത്തുകാരനും ചിന്തകനുമായ കെ. കെ കൊച്ച് ഉദ്ഘാടനം ചെയ്യും. അഡ്വ. കെ. വി ഭദ്ര കുമാരി അധ്യക്ഷത വഹിക്കും. സണ്ണി എം. കപിക്കാട് ആമുഖ പ്രഭാഷണവും സമീപന രേഖ അവതരണവും നടത്തും. , ഫാ. അഗസ്റ്റിൻ വട്ടോളി, പി. പി രാജൻ (ശ്രീനാരായണ സേവ സമിതി), ഷാജി ജോർജ് (കെഎൽആർസിസി), ഡോ. കെ. ശ്രീകുമാർ, സി. ആർ നീലകണ്ഠൻഅംബിക, ടി ടി വിശ്വംഭരൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുക്കും.

ഇന്ത്യയെ ഹിന്ദുത്വ മത ഫാസിസ്റ്റ് രാഷ്ട്രമാക്കരുത്, ബഹുസ്വര, മതേതര, ജനാധിപത്യ, ഫെഡറൽ രാഷ്ട്രമായി നിലനിർത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് കൺവെൻഷൻ നടത്തുന്നത്. തൃശൂർ ജില്ലയിൽ സെപ്റ്റംബർ 22-നും മലപ്പുറത്ത് സെപ്റ്റംബർ 29-നും ഇടുക്കിയിൽ ഒക്ടോബർ ആദ്യവും കൺവെൻഷൻ നടക്കും. മറ്റ് ജില്ലകളിൽ ഒക്ടോബറിലും നവംബറിലുമായി ജില്ലാ കൺവെൻഷനുകൾ നടക്കും.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ വന്നതോടെ സമസ്ത മേഖലകളിലും ശക്തിപ്പെടുന്ന ഹിന്ദുത്വ രാഷ്ട്രീയം ജനാധിപത്യത്തിനും ഭരണഘടനക്കും കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് സംഘാടക സമിതി വിലയിരുത്തുന്നു.

മോദി സർക്കാർ നടപ്പാക്കി കൊണ്ടിരിക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികളുടെ ഒടുവിലത്തെ ഉദാഹരണങ്ങളാണ് അസമിൽ 19 ലക്ഷത്തിലേറെ ആളുകൾക്ക് പൗരത്വം നിഷേധിച്ചതും ആയിരക്കണക്കിന് പൗരന്മാരെയും തടവിലാക്കി ജമ്മു കശ്മീരിനെ വിഭജിച്ച് ഭരണഘടനയുടെ 370ാം വകുപ്പനുസരിച്ചുള്ള പ്രത്യേകാവകാശം റദ്ദാക്കുകയും ചെയ്ത നടപടികൾ. മറുവശത്ത് പശു സംരക്ഷണത്തിന്റെ പേരിൽ ദളിതരും മുസ്ലിങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുന്നു.

ആറ് പതിറ്റാണ്ടായി ഇടതും വലതും മുന്നണികൾ മാറി മാറി ഭരിക്കുന്ന കേരളത്തിൽ ദളിത് ആദിവാസി ജനതയുടെയും മൽസ്യത്തൊഴിലാളികളുടെയും തോട്ടം തൊഴിലാളികളുടെയും മറ്റ് അസംഘടിത ജനവിഭാഗങ്ങളുടെയും ജീവിതം ദുരിതത്തിലാണ്.ഇതിനെ നേരിടാൻ കോൺഗ്രസും ഇടതുപക്ഷവും അടക്കവുമുള്ള പാർട്ടികൾക്ക് കഴിയാത്ത സാഹചര്യത്തിലാണ് പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ തുടങ്ങിയത്. സാമ്പത്തിക നീതി, സാമൂഹിക നീതി, പാരിസ്ഥിതിക നീതി, ലിംഗ നീതി എന്നിവയിൽ കേന്ദ്രീകരിക്കുന്നതാകും പുതിയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം.

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നീ മൂല്യങ്ങളായിരിക്കും പുതിയ ജനാധിപത്യ രാഷ്ട്രീയത്തെ മുന്നോട്ട് നയിക്കുക. ആദിവാസികൾ, ദളിതർ, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങൾ, സ്ത്രീകൾ, കർഷകർ, തൊഴിലാളികൾ, തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യം സാധ്യമാക്കും. സമ്പദ്ഘടനയെയും സാമൂഹിക ക്രമത്തെയും പുനഃസംഘടിപ്പിക്കാൻ കഴിയുന്ന ഒരു നവ ജനാധിപത്യ രാഷ്ട്രീയം രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ജനറൽ കൺവീനർ സണ്ണി എം കപിക്കാട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP