Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മിസ്റ്റർ മുരളീധരൻ..ഞങ്ങൾ കുടെ നിന്ന് ചതിക്കില്ല; സോഷ്യലിസ്റ്റുകൾ അങ്ങനെയാണ്: വീരേന്ദ്രകുമാറിന്റെ പാർട്ടിക്കാരുടെ വോട്ട് തനിക്ക് കിട്ടുമെന്ന കെ മുരളീധരന്റെ വാക്കുകൾക്ക് സലീം മടവൂരിന്റെ ചുട്ട മറുപടി; സീറ്റ് കിട്ടാതെ വന്നപ്പോൾ വടകരയിൽ മത്സരിക്കുമെന്ന് ഭീഷണി മുഴക്കി ഒടുവിൽ പിൻവാങ്ങിയ ലോക് താന്ത്രിക് ജനതാദൾ യുവജനവിഭാഗം ദേശീയ പ്രസിഡന്റിന് കൈയടിക്കൊപ്പം പരിഹാസവും

മിസ്റ്റർ മുരളീധരൻ..ഞങ്ങൾ കുടെ നിന്ന് ചതിക്കില്ല; സോഷ്യലിസ്റ്റുകൾ അങ്ങനെയാണ്: വീരേന്ദ്രകുമാറിന്റെ പാർട്ടിക്കാരുടെ വോട്ട് തനിക്ക് കിട്ടുമെന്ന കെ മുരളീധരന്റെ വാക്കുകൾക്ക് സലീം മടവൂരിന്റെ ചുട്ട മറുപടി; സീറ്റ് കിട്ടാതെ വന്നപ്പോൾ വടകരയിൽ മത്സരിക്കുമെന്ന് ഭീഷണി മുഴക്കി ഒടുവിൽ പിൻവാങ്ങിയ ലോക് താന്ത്രിക് ജനതാദൾ യുവജനവിഭാഗം ദേശീയ പ്രസിഡന്റിന് കൈയടിക്കൊപ്പം പരിഹാസവും

കെ വി നിരഞ്ജൻ

 കോഴിക്കോട്: വടകരയിൽ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ച്, ഒടുവിൽ പി ജയരാജൻ അതുകൊണ്ടുപോയപ്പോൾ വടകരയിൽ സ്വന്തമായി മത്സരിക്കുമെന്ന് പറഞ്ഞ് രംഗത്ത് വരികയും തൊട്ടടുത്ത നിമിഷം തന്നെ അത് പിൻവലിച്ച് ജയരാജന് വേണ്ടി പ്രചാരണ രംഗത്ത് സജീവമാകുകയും ചെയ്ത ലോക് താന്ത്രിക് ജനതാദൾ നേതാവാണ് സലീം മടവൂർ. വീരേന്ദ്രകുമാർ പോയെങ്കിലും അണികളിൽ ഒരു വിഭാഗത്തിന്റെ വോട്ട് തനിക്ക് കിട്ടുമെന്ന് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ മുരളീധരൻ പറഞ്ഞതും ഇത്തരം അസംതൃപ്തർ ആ പാർട്ടിയിൽ ഏറെ ഉണ്ട് എന്നതുകൊണ്ട് തന്നെയാണ്. എന്നാൽ മുരളിയുടെ വാക്കുകളിലെ അപകടം തിരിച്ചറിഞ്ഞ സലീം മടവൂർ ഉടൻ തന്നെ മറുപടിയുമായി എത്തി.

മുരളീധരൻ ഞങ്ങൾ കൂടെ നിന്ന് ചതിക്കില്ലെന്ന് സലീം മടവൂർ പറയുന്നു. 'കെ.മുരളീധരൻ ഒരു കാര്യം മനസ്സിലാക്കണം. സോഷ്യലിസ്റ്റുകൾ ആരെയും കൂടെ നിന്ന് ചതിക്കില്ല. പത്ത് വർഷം യു.ഡി.എഫിനൊപ്പം പ്രവർത്തിച്ചപ്പോൾ ഞങ്ങൾ കാലുവാരിയതായി യു.ഡി.എഫിന്റെ ഒരു ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥി പോലും ആരോപണം ഉന്നയിച്ചിട്ടില്ല. പക്ഷേ ഞങ്ങളുടെ എത്രയോ പ്രവർത്തകരെ കാലുവാരി അപമാനിച്ചു. പേരാമ്പ്ര പഞ്ചായത്തിലെ ഒന്നാം വാർഡിൽ മത്സരിച്ച എന്റെ സുഹൃത്ത് എൻ എം അഷറഫ് അത്തരം ഒരു ഇരയാണ്. ഞങ്ങൾ ആരെയും കാലുവാരിയില്ല. പിന്നെയാരാണ് ജനതാദൾ പ്രവർത്തകർ താങ്കൾക്ക് വോട്ടു ചെയ്യുമെന്നു പറഞ്ഞു വിശ്വസിപ്പിച്ചത്? എന്ന് സലീം ചോദിച്ചു.

വീരേന്ദ്രകുമാറിന്റെ അടിയുറച്ച അനുയായിയാണ് സലീം മടവൂർ. ഇത്തവണ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സീറ്റ് ലോക് താന്ത്രിക് ജനതാദളിന് ലഭിക്കുമെന്നും സ്വാഭാവികമായും പാർട്ടിയുടെ യുവജനവിഭാഗത്തിന്റെ ദേശീയ പ്രസിഡന്റായ തനിക്ക് മത്സരിക്കാൻ നറുക്കുവീഴുമെന്നും ഇദ്ദേഹം ധരിച്ചുവെച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അപ്രതീക്ഷിത നീക്കങ്ങൾക്ക് മുമ്പിൽ സലീം മടവൂർ പകച്ചുപോയി. ഇടതു മുന്നണിയ്‌ക്കൊപ്പമെത്തിയ വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദളിന് മത്സരിക്കാൻ സീറ്റില്ല. എം പി വീരേന്ദ്രകുമാറും മകൻ ശ്രേയാംസ് കുമാറും സി പി എം നിലപാടിൽ മറുത്തൊന്നും പറയാതെ നിശബ്ദരായി. പ്രതിഷേധവുമായെത്തിയ മനയത്ത് ചന്ദ്രനും കൂട്ടരും ചില സി പി എം വാഗ്ദാനങ്ങളും വിശ്വസിച്ച് പ്രതിഷേധം അവസാനിപ്പിച്ചു. എന്നാൽ സലീം മടവൂരിന് പ്രതിഷേധം അടക്കാനായില്ല. ഇതേ തുടർന്നാണ് വടകരയിൽ വിമതനായി മത്സരിക്കുമെന്ന ഭീഷണിയുമായി സലീം നേരത്തെ രംഗത്ത് വന്നിരുന്നത്.

പ്രിയപ്പെട്ട നേതാവ് എം പി വീരേന്ദ്രകുമാറിനും മകനുമെതിരെ ഫേസ് ബുക്കിൽ സലീം മടവൂർ ആഞ്ഞടിക്കുകയും ചെയ്തു. സോഷ്യലിസ്റ്റുകളുടെ പിന്മുറക്കാരായ ജനതാദൾ പ്രസ്ഥാനങ്ങൾക്ക് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സീറ്റില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ഞാൻ ആവുന്നത്ര ശ്രമിച്ചു. പക്ഷെ സ്വാർത്ഥ താത്പര്യത്തിന് എം പി വീരേന്ദ്രകുമാറും മകനും പാർട്ടിക്ക് തോൽവി ഉറപ്പുള്ള സീറ്റിൽ പോലും മത്സരിക്കാനുള്ള അവസരം ഇല്ലാതാക്കിയത് എത്ര ശ്രമിച്ചിട്ടും ഉൾക്കൊള്ളാൻ കഴിയുന്നില്ല. എൽ ഡി എഫിൽ നിയമസഭാ സീറ്റ് കിട്ടുമെന്ന വാഗ്ദാനം എന്നെപ്പോലുള്ള പാർട്ടിയെ സ്‌നേഹിക്കുന്നവരെ മോഹിപ്പിക്കുന്നില്ല. ഇന്ന് പാർട്ടിക്ക് സീറ്റില്ലെന്ന പച്ചയായ യാഥാർത്ഥ്യമാണ് എന്റെ മുന്നിലുള്ളത്. യു ഡി എഫിൽ നിന്നും രാജ്യസഭാ സീറ്റ് കവർന്നെടുത്ത വീരേന്ദ്രകുമാർ ഇന്നും ആ സ്ഥാനത്ത് തുടരുന്നു. സ്വാഭാവികമായും ഒരു ലോക്‌സഭാ സീറ്റ് ലഭിച്ചാൽ മകന് മത്സരിക്കാൻ പറ്റില്ല. എങ്കിൽ പാർട്ടിക്ക് സീറ്റേ വേണ്ടെന്ന നിലപാടാണ് അദ്ദേഹം എടുത്തത്. ഇത് അംഗീകരിക്കാൻ കഴിയില്ല. എന്റെ നഷ്ടങ്ങളെക്കുറിച്ച് ഞാൻ തികത്തും ബോധവാനാണ്. എന്റെ സ്ഥാനമാനങ്ങൾ നഷ്ടമായേക്കാം.. അത് എന്നെ വേദനിപ്പിക്കുന്നില്ല. പക്ഷെ മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ സാധിക്കില്ലെന്നായിരുന്നു സലീം മടവൂരിന്റെ ആദ്യ പോസ്റ്റ്.

സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷമായിരുന്നു മുന്നോട്ടുള്ള കാര്യങ്ങൾ സലീം ഓർത്തത്. ഉടൻ തന്നെ രമേശ് ചെന്നിത്തലയെ ബന്ധപ്പെട്ട് തന്നെ പിന്തുണയ്ക്കാൻ അഭ്യർത്ഥിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ സംരക്ഷണം വേണമെന്നും തന്നെ പിന്തുണയ്ക്കണമെന്നുമായിരുന്നു സലീമിന്റെ അഭ്യർത്ഥന. എന്നാൽ വടകരയിൽ യു ഡി എഫിന് സ്ഥാനാർത്ഥിയുണ്ടാവുമെന്നും പിന്തുണയ്ക്കൽ സാധ്യമല്ലെന്നും ചെന്നിത്തല വ്യക്തമാക്കി. മറ്റ് കാര്യങ്ങളെല്ലാം തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ആലോചിക്കാമെന്നും ചെന്നിത്തല പറഞ്ഞതോടെ സലീമിന്റെ ആവേശം കെട്ടടങ്ങി.
തുടർന്ന് തന്റെ പോസ്റ്റും സ്ഥാനാർത്ഥിത്വവും പിൻവലിച്ച് സലീം രംഗത്തെത്തുകയായിരുന്നു. പാർട്ടിയുടെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനമെന്ന് അദ്ദഹം വ്യക്തമാക്കി. പാർട്ടിയുടെ നിലപാടുകൾക്കെതിരെ മത്സരിക്കുക എന്നത് ഒരു പ്രതിഷേധ മാർഗമായാണ് താൻ കരുതിയത്. എന്നാൽ നിരവധി പാർട്ടിപ്രവർത്തകരും സുഹൃത്തുക്കളും ലോക് താന്ത്രിക് ജനതാദൾ ദേശീയ നേതൃത്വവും അഭ്യർത്ഥിച്ചതിനെത്തുടർന്നാണ് മത്സരിക്കുക എന്ന തീരുമാനത്തിൽ നിന്നും താൻ പിന്മാറുന്നതെന്ന് സലീം മടവൂർ വ്യക്തമാക്കി. ഒരു തരത്തിലുള്ള സ്ഥാനമാനവും വിലപേശിയല്ല ഈ പിന്മാറ്റം. അടുത്ത രണ്ട് വർഷം എൽ ഡി എഫ് സർക്കാറിൽ നിന്നും ഒരു തരത്തിലുള്ള സ്ഥാനമാനവും താൻ സ്വീകരിക്കില്ല. എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിന് തന്റെ സഹപ്രവർത്തകരോടൊപ്പം താനും സജീവമായുണ്ടാകുമെന്നും സലീം വ്യക്തമാക്കി.

അരങ്ങിൽ ശ്രീധരൻ, പി വിശ്വംഭരൻ, കെ ചന്ദ്രശേഖരൻ, പി ആർ കുറുപ്പ് തുടങ്ങിയവർ പടുത്തുയർത്തിയ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുമ്പോൾ നിശബ്ദ കാഴ്ചക്കാരനായിരിക്കാൻ കഴിയില്ല. ഇവരിൽ പി വിശ്വംഭരനും ചന്ദ്രശേഖരനും വിവാഹം പോലും വേണ്ടെന്ന് വച്ചാണ് പ്രവർത്തിച്ചതെന്നെല്ലാം വീരവാദം മുഴക്കിയ സലീം പിന്നീട് വടകരയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി പി ജയരാജനൊപ്പം നിൽക്കുന്ന സെൽഫിയും പോസ്റ്റ് ചെയ്താണ് പിന്നീട് ഫേസ് ബുക്കിലെത്തിയത്. പി ജയരാജൻ വേറിട്ട രാഷ്ട്രീക്കാരനാണ്. ഹൃദയത്തെ കൂട്ടിയിണക്കാൻ അസാമാന്യ കഴിവുള്ള പച്ചയായ മനുഷ്യൻ. ആർഎസ്എസ് നിലപാടുകളുടെ പേരിൽ വേട്ടയാടപ്പെട്ട ജീവിക്കുന്ന രക്തസാക്ഷിയാണ് അദ്ദേഹമെന്നും സലീം ഫേസ് ബുക്കിൽ കുറിച്ചു. ഈ സലീം മടവൂരാണ് ഇപ്പോൾ കെ മുരളീധരനെതിരെ ശക്തമായി രംഗത്ത് വന്നിട്ടുള്ളത്.
മുരളീധരൻ, ഞങ്ങൾ കൂടെ നിന്ന് ചതിക്കില്ല.

2009 ൽ സീറ്റ് വാങ്ങാതെയാണ് ഞങ്ങൾ യു.ഡി.എഫിന് പിന്തുണ നൽകിയത്. എന്നാൽ 2014ൽ വടകര സീറ്റ് ചോദിച്ചപ്പോൾ മുല്ലപ്പള്ളി പറഞ്ഞത് ആർ എം പിയുടെ പിന്തുണ കൊണ്ടും തന്റെ വ്യക്തിപ്രഭാവവും കൊണ്ട് ജയിച്ചുവെന്നാണ്. ജനതാദളിന് താലത്തിൽ വെച്ചു കൊടുക്കാനുള്ളതല്ല വടകര സീറ്റെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തവണ ജനതാദൾ യു.ഡി.എഫിലുണ്ടായിരുന്നെങ്കിൽ കൊക്കിൽ ജീവനുണ്ടായിരുന്നെങ്കിൽ മുല്ലപ്പള്ളി മത്സരിക്കുമായിരുന്നു. വിജയപ്രതീക്ഷ തീരേ മങ്ങിയതുകൊണ്ടാണ് മുല്ലപ്പള്ളി തടിയെടുത്തത് .
താങ്കളെ യു.ഡി.എഫ് നേതാക്കൾ വിജയപ്രതീക്ഷ നൽകി വടകരയിലേക്ക് ക്ഷണിച്ചു കൊണ്ടുവന്നപ്പോൾ ജനതാദൾ വോട്ടുകളും ലഭിക്കുമെന്നു വിശ്വസിപ്പിച്ചു കാണും. ഞങ്ങൾക്ക് പലതരത്തിലുള്ള പ്രതിഷേധങ്ങൾ ഉണ്ടെന്നത് യാഥാർഥ്യമാണ്. അതിന് തിരഞ്ഞെടുപ്പിന് ശേഷം പരിഹാരം കാണും. പക്ഷേ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടക കക്ഷി എന്ന നിലയിൽ അവസാനത്തെ ലോക് താന്ത്രിക് ജനതാദൾ പ്രവർത്തകന്റെ വോട്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾക്കായിരിക്കും . ഞങ്ങൾ കൂടെ നിന്ന് കാലുവാരി പഠിച്ചിട്ടില്ല. കെ.കുഞ്ഞിരാമക്കുറുപ്പും അരങ്ങിൽ ശ്രീധരനും പി. ആർ കുറുപ്പുമാണ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ വടകരയിൽ വളർത്തുന്നതിൽ മുഖ്യപങ്കുവഹിച്ചത്. പട്ടം താണുപിള്ള വ്യക്തിഗതമായി നൽകിയ ഓർക്കാട്ടേരി ഹൈസ്‌കൂൾ സർക്കാർ സ്‌കൂളാക്കി മാറ്റിയ കുഞ്ഞിരാമക്കുറുപ്പിൽ നിന്നും രാഷ്ട്രീയം പഠിച്ചവരും അവരുടെ പിന്തുടർച്ചക്കാരും ആരെയും കൂടെ നിന്ന് വഞ്ചിക്കില്ല. പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരിക്കെ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഏക സെക്രട്ടറിയും പിന്നീട് എംപി യും കേന്ദ്ര മന്ത്രിയും ആയിട്ടും മരിക്കുമ്പോൾ ടെലഫോൺ ബില്ലിന്റെ ജപ്തി നോട്ടീസ് ബാക്കി വെച്ചു പോയ അരങ്ങിൽ ശ്രീധരനും അത് പഠിപ്പിച്ചിട്ടില്ല. അതു കൊണ്ട് എൽ.ഡി.എഫിൽ നിന്നു കൊണ്ട് എൽ.ജെ.ഡി പ്രവർത്തകർ താങ്കൾക്ക് വോട്ടു ചെയ്യുമെന്ന് ആരെങ്കിലും പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആ ധാരണ തിരുത്തണം. അത് ഞങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്നും സലീം വ്യക്തമാക്കുന്നു.

ഇതിന് പല പഞ്ചായത്തുകളിൽ ഉൾപ്പെടെ കാലുമാറിയ പാർട്ടിയുടെ ചരിത്രം പലരും സലീമിനെ ഓർമ്മിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മത്സരിക്കാനെത്തിയ സ്വന്തം നേതാവിനെ ചീത്തവിളിച്ചത് മറന്നുപോയോ എന്നും ചോദ്യമുണ്ട്. യു ഡി എഫ് പിന്തുണ കിട്ടാത്തതുകൊണ്ട് മാത്രമല്ലേ സലീം മത്സര രംഗത്ത് നിന്ന് പിന്മാറിയതെന്നും പലരും ചോദിക്കുന്നു. അരങ്ങിൽ ശ്രീധരനിൽ നിർത്തല്ലേ വീരനലിലേക്ക് എത്തു എങ്കിലേ ആ പട്ടിക പൂർത്തിയാവൂ എന്നും പലരും പറയുന്നു. എന്താണ് നിങ്ങളുടെ രാഷ്ട്രീയം. ഒരു മുന്നണിയിൽ സീറ്റു കിട്ടാതിരുന്നപ്പോൾ നേരെ എതിർ ചേരിയിലേക്ക് പോയതോ. എന്തൊക്കെയായിരുന്നു പറഞ്ഞത്. ചവിട്ടിപ്പുറത്താക്കി, അപമാനിച്ചു. മാന്യത ലഭിച്ചില്ല. അങ്ങിനെ പോകുന്നു. ഒരുളുപ്പുമില്ലാതെ അതുവരെ വിമർശിച്ച എതിർചേരിയിലേക്ക്. ഇവിടെ അംഗീകാരമുണ്ട്, മാന്യതയുണ്ട്. ബഹുമാനം കിട്ടുന്നു. എന്നൊക്കെയായി പിന്നെ.കോൺഗ്രസ് മുന്നണിയിൽ നിന്ന് കിട്ടാവുന്നതൊക്കെ വാങ്ങി. എൽ ഡി എഫിനെതിരെ യു ഡി എഫ് ജാഥ നടക്കുമ്പോൾ സലീം മടവൂർ അതിൽ ഭാഗമായി. അതേ സമയം തന്നെ എൽ ഡി എഫിൽ ചേരാൻ ചർച്ച നടത്തി. ഇപ്പോഴിതാ സി പി എമ്മിന്റെ കൂടെ. സി പി എം നേതാക്കളുടെ വീരസ്യം മുഴക്കുന്നുവെന്നെല്ലാം സലീമിന് പലരും മറുപടി നൽകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP