Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സക്കീർ ഹുസൈനെ സസ്പെൻഡ് ചെയ്ത നടപടിക്ക് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരം; ആറ് മാസത്തേക്കുള്ള സസ്‌പെൻഷൻ നടപടി അനധികൃത സ്വത്ത് സമ്പാദന കേസിൽ വീണ്ടും പരാതി ഉയർന്നതോടെ; അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളും നിർണായകമായി; പാർട്ടി നടപടി എടുക്കുന്നത് ഇത് രണ്ടാം തവണ; കണ്ണിൽ പൊടിയിടൽ നടപടിയെന്നും പ്രളയഫണ്ട് തട്ടിപ്പു കേസ് മുതിർന്ന നേതാക്കളിലേക്ക് എത്തിപ്പെടാതിരിക്കാനുള്ള തന്ത്രമെന്ന ആരോപണവും ശക്തം

സക്കീർ ഹുസൈനെ സസ്പെൻഡ് ചെയ്ത നടപടിക്ക് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരം; ആറ് മാസത്തേക്കുള്ള സസ്‌പെൻഷൻ നടപടി അനധികൃത സ്വത്ത് സമ്പാദന കേസിൽ വീണ്ടും പരാതി ഉയർന്നതോടെ; അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളും നിർണായകമായി; പാർട്ടി നടപടി എടുക്കുന്നത് ഇത് രണ്ടാം തവണ; കണ്ണിൽ പൊടിയിടൽ നടപടിയെന്നും പ്രളയഫണ്ട് തട്ടിപ്പു കേസ് മുതിർന്ന നേതാക്കളിലേക്ക് എത്തിപ്പെടാതിരിക്കാനുള്ള തന്ത്രമെന്ന ആരോപണവും ശക്തം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെ ആറുമാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അംഗീകരിച്ചു. അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ പാർട്ടി നടത്തിയ അന്വേഷണത്തെ തുടർന്നായിരുന്നു സക്കീർ ഹുസൈനെതിരെ നടപടി. ആദ്യഘട്ടത്തിൽ എറണാകുളം ജില്ലാ കമ്മിറ്റി ചേർന്ന് സക്കീർ ഹുസൈനെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഈ തീരുമാനം അംഗീകരിക്കാൻ സാധിക്കില്ലെന്നും കൂടുതൽ ശക്തമായ നടപടി വേണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിക്കുകയായിരുന്നു.

സക്കീർ ഹുസൈനെതിരെ വിശദമായ അന്വേഷണ കമ്മീഷൻ റിപ്പോർട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് ജില്ലാ കമ്മറ്റി സക്കീർ ഹുസൈനെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ഇതിന് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകാരം നൽകുകയുമായിരുന്നു. 2016 വ്യവസായിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ സക്കീർ ഹുസൈൻ അറസ്റ്റിലായതിനെ തുടർന്ന് ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. തട്ടിക്കൊണ്ടുപോകൽ സംഭവത്തിൽ എളമരംകരീം അധ്യക്ഷനായ പാർട്ടി കമ്മിഷൻ നടത്തിയ അന്വേഷണത്തിൽ സക്കീർഹുസൈന് ക്ലീൻചിറ്റ് നൽകി. ഇതേ തുടർന്ന് സക്കീർ ഹുസൈൻ ഏരിയ സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു.

ഇതിനു ശേഷമാണ് അനധികൃത സ്വത്തുസമ്പാദനകേസുമായി ബന്ധപ്പെട്ട് സക്കീർ ഹുസൈനെതിരെ വീണ്ടു പരാതി ഉയരുന്നതും പാർട്ടി വീണ്ടും അടുത്ത അന്വേഷണ കമ്മീഷനെ നിയോഗിക്കുന്നതും. ഒരുവർഷം മുമ്പായിരുന്നു പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ നടത്തിയ അന്വേഷണ റിപോർടിന്റെ അടിസ്ഥാനത്തിൽ കളമശേരി ഏരിയ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്നും ജില്ലാ കമ്മിറ്റിയിൽ നിന്നും നീക്കാൻ പാർട്ടി തീരുമാനിച്ചിരുന്നു.

എന്നാൽ കൂടുതൽ നടപടിവേണമെന്ന പാർട്ടിയിൽ ഉയർന്ന വികാരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രകമ്മിറ്റിയംഗങ്ങളായ എ വിജയരാഘവൻ,എം സി ജോസഫൈൻ, കെ രാധാകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിൽ ആറു മാസം പാർട്ടിയിൽ നിന്നും സസ്പെന്റു ചെയ്യാൻ തീരുമാനമെടുത്തത്.യോഗത്തിലേക്ക് സക്കീർ ഹുസൈനെ വിളിച്ചു വരുത്തിയിരുന്നു.ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റിൽ അവതരിപ്പിച്ച്  അംഗീകാരം നേടിയതിനു ശേഷം ജില്ലാ കമ്മിറ്റിയിൽ റിപോർടു ചെയ്യും.

അതേസമയം സക്കീർ ഹുസൈനെതിരെ തിരക്കിട്ട് നടപടിയെടുക്കാൻ കാരണം അന്വേഷണം ഉന്നത നേതാക്കളിലേക്ക് എത്താതിരിക്കാൻ എന്ന ആരോപണം ശക്തമാകുന്നു. അനധികൃത സ്വത്ത് സമ്പാദനം, പ്രളയഫണ്ട് തട്ടിപ്പ് കേസ് എന്നീ ആരോപണവും പൊലീസ് അന്വേഷണവും നേതാക്കളിലേക്ക് എത്താതിരിക്കാനുള്ള നീക്കമാണെന്നാണിതെന്നാണ് ആരോപണം. എറണാകുളം കലക്ട്രേറ്റ് കേന്ദ്രീകരിച്ച് സി പി എം നേതാക്കളും മറ്റും ചേർന്ന് ഒരു കോടിയിൽപരം രൂപ തട്ടിയ കേസിന്റെ അന്വേഷണം സക്കീറിൽ എത്തിയതോടെയാണ് നേതൃത്വം നടപടിയിലേക്ക് നീങ്ങിയത്.

കലക്ട്രേറ്റിലെ ഒരു സാധാ ഗുമസ്ഥൻ ഇത്രയം വലിയ തട്ടിപ്പ് നടത്തുമെന്ന് ആരും വിശ്വസിക്കില്ല. സി പി എം പ്രാദേശിക നേതാക്കൾക്കെതിരെ കേസ് എടുത്തിട്ടും അവർ പൊലീസിനുമുന്നിൽ കീഴടങ്ങുന്നത് കഴിഞ്ഞ ദിവസമാണ്. അയ്യനാട് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടരും ഭർത്താവും മറ്റു രണ്ടു നേതാക്കളുമാണ് കേസിൽ അകപ്പെട്ടിരിക്കുന്നത്. കേസ് കൂടുതൽ കണ്ണികളിലേക്ക് നീങ്ങുന്നതിന്റെ സൂചനകൾ ലഭിച്ചതോടെയാണ് സക്കീറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചതും ആറുമാസത്തേക്ക് പുറത്താക്കാൻ തീരുമാനിച്ചത്തും.

സക്കീർ കേവലം കളമശ്ശേരി ഏരിയാ സെക്രട്ടറി മാത്രമല്ല. ജില്ലാകമ്മിറ്റിയെ നിയന്ത്രിക്കുന്നയാളും, പാർട്ടിയുടെ ഫണ്ടിങ് സോഴ്സുമാണ്. റിയൽ എസ്റ്റേറ്റ് മാഫിയകളെ സഹായിക്കാനും, എതിരാളികളെ ഒതുക്കാനുമുള്ള കഴിവാണ് സക്കീർ ഹുസൈനെ ഈ നിലയിലേക്ക് വളർത്തിയത്. വൻകിട ഇടപാടുകളുടെ സെറ്റിൽമെന്റിലൂടെയും, വലിയ തർക്കങ്ങളിൽ ഇടപെടുന്നതുമായിരുന്നു സക്കീർ ഹുസൈന്റെ രീതി. ഇതോടെ കളമശ്ശേരി സി പി എം ഏരിയാ കമ്മിറ്റി മാഫിയാ സംഘങ്ങളുടെ ഇടമായി മാറുകയായിരുന്നു.

എറണാകുളം ജില്ലാ കമ്മിറ്റിയിൽ ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രദേശമാണ് കളമശ്ശേരി. കളമശ്ശേരി, തൃക്കാക്കര നഗരസഭകൾ ഈ ഏരിയാ കമ്മറ്റികളുടെ പരിധിയിലാണ്. കാക്കനാട്ടെ ജില്ലാ ഭരണ കേന്ദ്രവും, ടെക്നോപാർക്ക്, കളമശ്ശേരിയിലെ വിവിധ വ്യവസായ സ്ഥാപനങ്ങൾ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും ഈ ഏരിയാകമ്മിറ്റിയുടെ അധീനതയിലുള്ള പ്രദേശത്താണ്.

മൂന്നു വർഷം മുൻപ് വെണ്ണല സ്വദേശിയായ യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയി കേസിൽ സക്കീർ ഹുസൈൻ അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ സക്കീറിനെ പുറത്തിറക്കാൻ ഉന്നത നേതാക്കൾപോലും രംഗത്തെത്തിയിരുന്നു. പേരിൽ ഏറിയാ സെക്രട്ടറിയാണെങ്കിലും സംസ്ഥാന സെക്രട്ടറി അംഗത്തിനുള്ള അധികാരവും മറ്റും സക്കീറിന് പാർട്ടിയിൽ ഉണ്ടായിരുന്നു. കായിക ബലം കൊണ്ട് പാർട്ടിയെ കൈപ്പിടിയിലൊതുക്കിയതിനാലാവണം എൽ ഡി എഫ് അധികാരത്തിൽ വന്നപ്പോൾ ജില്ലാ സ്പോർട്സ് കൗൺസിൽ അധ്യക്ഷസ്ഥാനം സക്കീറിന് നൽകി ആദരിച്ചത്.

കേസിൽ ഉൾപ്പെട്ട സക്കീറിനെ പാർട്ടി ഓഫീസിൽ വച്ചാണ് കഴിഞ്ഞ തവണ പൊലീസ് അറസ്റ്റു ചെയ്തിരുന്നത്. ഒളിവിലായിരുന്ന സക്കീർ പാർട്ടി ഏരിയാ കമ്മിറ്റി ആസ്ഥാനത്തുവച്ച് അറസ്റ്റു ചെയ്യപ്പെട്ട സംഭവത്തിൽ പഴകാല പാർട്ടിപ്രവർത്തകർക്കിടയിൽ ഏറെ അഭിപ്രായ ഭിന്നതയുണ്ടാക്കിയിരുന്നു. എന്നാൽ സിപി എം സംസ്ഥാന കമ്മിറ്റി സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ വച്ചു. എറണാകുളം ജില്ലാ കമ്മിറ്റിയുടെ പരിപൂർണ പിന്തുണയുണ്ടായിരുന്നതിനാലാവണം എളമരം കരിം സക്കീറിന് ക്ലീൻ ചിറ്റ് നല്കി. പാർട്ടി പ്രവർത്തകുടെ കണ്ണിൽ പൊടിയിടാനാണ് അന്വേഷണമെന്ന പ്രഹസനം കൊണ്ട് സാധിച്ചത്. അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള പരാതിയിലാണ് സക്കീർ തല്ക്കാലം കാലിടറിയത്. എന്നാൽ വരാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടികൾക്ക് കാരണമാവുമെന്ന ഒറ്റക്കാരണത്താലാണ് സക്കീറിനെതിരെ നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP