Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആലപ്പുഴയിൽ സുധാകരൻ കരുത്ത് കാട്ടി; ചന്ദ്രബാബുവിനെ വെട്ടി സജിചെറിയാൻ സെക്രട്ടറി; വയനാട്ടിൽ സിപിഐ(എം) നേതൃത്വം മാറുന്നില്ല; സികെ ശശീന്ദ്രൻ സെക്രട്ടറിയായി തുടരും

ആലപ്പുഴയിൽ സുധാകരൻ കരുത്ത് കാട്ടി; ചന്ദ്രബാബുവിനെ വെട്ടി സജിചെറിയാൻ സെക്രട്ടറി; വയനാട്ടിൽ സിപിഐ(എം) നേതൃത്വം മാറുന്നില്ല; സികെ ശശീന്ദ്രൻ സെക്രട്ടറിയായി തുടരും

ആലപ്പുഴ: സിപിഎമ്മിൽ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പ്രതീക്ഷിച്ചത് സംഭവിച്ചു. ജില്ലാ പാർട്ടി നേതൃത്വം പൂർണ്ണമായും ജി സുധാകരൻ പിടിച്ചെടുത്തു. നിലവിലെ സെക്രട്ടറിയായ സിബി ചന്ദ്രബാബുവിനെ മാറ്റിയാണ് സുധാകരൻ ആലപ്പുഴ പിടിച്ചത്. ജില്ലാ സെക്രട്ടറിയായി വിശ്വസ്തനായ സജി ചെറിയാനെ എത്തിക്കുയും ചെയ്തു. ആലപ്പുഴയിൽ 43 അംഗ ജില്ലാകമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയിൽ അഞ്ചുപേർ പുതുമുഖങ്ങളാണ്. 43 അംഗ ജില്ലാ കമ്മിറ്റിയിൽ രണ്ടെണ്ണം ഒഴിച്ചിട്ടിട്ടുണ്ട്. എല്ലായിടത്തും സുധാകരന്റെ ആധിപത്യമാണ്.

എന്നാൽ വയനാട് ജില്ല സെക്രട്ടറിയെ മാറ്റാനുള്ള പിണറായി പക്ഷത്തിന്റെ നീക്കമൊന്നും ഫലിച്ചില്ല. വയനാട് ജില്ലാ സെക്രട്ടറിയായി സി കെ ശശീന്ദ്രനെ തെരഞ്ഞെടുത്തു. സി കെ ശശീന്ദ്രൻ മൂന്നാം തവണയാണ് ജില്ലാ സെക്രട്ടറിയാകുന്നത്. 39 സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. വയനാട്ടിൽ 25 അംഗ ജില്ലാ കമ്മിറ്റിയെയാണ് ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തത്. അഞ്ചു പുതുമുഖങ്ങളിൽ മൂന്നുപേർ ആദിവാസി വിഭാഗങ്ങളിൽ നിന്നാണ്. പത്ത് സംസ്ഥാന സമ്മേളന പ്രതിനിധികളെയും വയനാട്ടിൽ തെരഞ്ഞെടുത്തു.

ആലപ്പുഴയിലെ പാർട്ടിയിൽ എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുമെന്ന് സജി ചെറിയാൻ പ്രതികരിച്ചു. ജില്ലാ സെക്രട്ടറി സ്ഥാനം ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ തുടർച്ച മാത്രമെന്നും സജി ചെറിയാൻ പറഞ്ഞു. സുധാകരന്റെ വിശ്വസ്തനാണ് സജി ചെറിയാൻ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചന്ദ്രബാബു സ്ഥാനാർത്ഥിയായപ്പോൾ സജി ചെറിയാനായിരുന്നു താൽകാലിക ചുമതല. പി കൃഷ്ണപിള്ള സ്മാരകം തകർത്തതുമായി ബന്ധപ്പെട്ട വിഭാഗീയതയാണ് ചന്ദ്രബാബുവിന്റെ സ്ഥാന ചലനത്തിന് കാരണം. വി എസ് അച്യുതാനന്ദനും തോമസ് ഐസക്കും ചന്ദ്രബാബുവും ഒരുമിച്ചിട്ടും ആലപ്പുഴയിൽ സുധാകരന്റെ മുന്നേറ്റത്തെ തടയാനായില്ല. ഇതിന്റെ പ്രതിഫലനമാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കുള്ള സജി ചെറിയാന്റെ കടന്നുവരവ്.

ആലപ്പുഴ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സജി ചെറിയാൻ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവർത്തനം തുടങ്ങിയത്. നിയമബിരുദധാരിയാണ്. ചെങ്ങന്നൂർ കൊഴുവല്ലൻ തെങ്ങുംതറ കുടുംബാംഗമാണ്. 1980ൽ സിപിഐ എം അംഗമായ സജി ചെറിയാൻ 95 മുതൽ ജില്ലാ കമ്മിറ്റിയംഗമായും 2001 മുതൽ ജില്ലാ സെക്രട്ടറിയേറ്റംഗമായും പ്രവർത്തിക്കുന്നു. സിഐടിയു ജില്ലാ പ്രസിഡന്റും ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമാണ്. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, സിപിഐ എം ചെങ്ങന്നൂർ ഏരിയാസെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം, കേരള സർവകലാശാല സിൻഡിക്കറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

വയനാട്ടിൽ വി എസ് പക്ഷത്തോട് ആഭിമുഖ്യമുള്ളവർക്ക് നേരിയ മുൻതൂക്കമുണ്ട്. സികെ ശശീന്ദ്രനെതിരെ ഒറ്റപ്പെട്ട ആക്രമണങ്ങളും നടത്തി. എന്നാൽ ആദിവാസി പ്രശ്‌നങ്ങളിലെ ശശീന്ദ്രന്റെ ഇടപെടലുകൾ സംസ്ഥാന നേതൃത്വത്തിന് അറിയാം. അതുകൊണ്ട് തന്നെ ശശീന്ദ്രനെ പോലൊരാളെ മാറ്റുന്നത് ഗുണകരമാകില്ലെന്നും പിണറായി പക്ഷം വിലയിരുത്തി. എല്ലാത്തിനുമുപരി മത്സരം ഉണ്ടായാലും ശശീന്ദ്രൻ ജയിക്കുമെന്ന തിരിച്ചറിവും പിണറായി പക്ഷത്തെ ചിന്തിപ്പിച്ചു. ഈ സാഹച്യത്തിലാണ് വയനാട്ടിൽ സിപിഎമ്മിനെ നയിക്കാൻ ശശീന്ദ്രൻ തുടർച്ചയായ മൂന്നാം വട്ടവുമെത്തുന്നത്.

വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലൂടെ പൊതുരംഗത്തെത്തിയ സി കെ ശശീന്ദ്രൻ ആദിവാസി കർഷകതൊഴിലാളികളുടെ മുന്നണിപ്പോരാളിയാണ്. സിപിഐ എം പനമരം, മുട്ടിൽ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പരേതനായ സി പി കേശവൻനായരുടെയും പരേതയായ ജാനകിയമ്മയുടെയും മകനായി 1959ൽ പനമരം അരിഞ്ചേർമലയിലാണ് ശശീന്ദ്രൻ ജനിച്ചത്. ബത്തേരി സെന്റ് മേരീസ് കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പൻകോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എസ്എഫ്‌ഐയിലൂടെയാണ് ശശീന്ദ്രൻ പൊതുരംഗത്ത് സജീവമാകുന്നത്. വയനാട്ടിൽ എസ്എഫ്‌ഐയുടെ ജില്ലാസെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളിൽ ഏറെകാലം പ്രവർത്തിച്ചു. തുടർന്ന് ഡിവൈഎഫ്‌ഐയുടെയും ജില്ലാസെക്രട്ടറിയും പ്രസിഡന്റുമായി പ്രവർത്തിച്ചു. 1981ലാണ് സിപിഐ എം അംഗമായ ശശീന്ദ്രൻ 1988ലാണ് ജില്ലാകമ്മിറ്റിയംഗമാകുന്നത്. സിപിഐ എം കൽപ്പറ്റ, മാനന്തവാടി ഏരിയാ സെക്രട്ടറിയായും മുട്ടിൽ ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. വയനാട്ടിൽ പാർട്ടിയുടെ കരുത്ത് വർധിപ്പിച്ച ആദിവാസി ഭൂസമരങ്ങളുടെ നേതൃത്വത്തിൽ കെഎസ്‌കെടിയു നേതവായിരുന്ന എ കണാരനൊപ്പം സി കെ ശശീന്ദ്രനുമുണ്ടായിരുന്നു.

ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗങ്ങൾ: സി ബി ചന്ദ്രബാബു, ജി വേണുഗോപാൽ, ആർ നാസർ, കെ പ്രസാദ്, എം സുരേന്ദ്രൻ, ഡി ലക്ഷ്മണൻ, സജി ചെറിയാൻ, ബി വിനോദ്, എ എം ആരിഫ്, എൻ ആർ ബാബുരാജ്, എ എസ് സാബു, കെ വി ദേവദാസ്, വി ജി മോഹനൻ, കെ ഡി മഹീന്ദ്രൻ, കെ ആർ ഭഗീരഥൻ, പി പി ചിത്തരഞ്ജൻ, പി കെ സോമൻ, എച്ച് സലാം, എ ഓമനക്കുട്ടൻ, കെ കെ അശോകൻ, എം സത്യപാലൻ, ടി കെ ദേവകുമാർ, ബിരാജേന്ദ്രൻ, എം എ അലിയാർ, പി അരവിന്ദാക്ഷൻ, പി ഗാനകുമാർ, കെ എച്ച് ബാബുജാൻ, കെ രാഘവൻ, മുരളി തഴക്കര, ജി രാജമ്മ, വിശ്വംഭരപണിക്കർ, എം എച്ച് റഷീദ്, ജലജാചന്ദ്രൻ, മനു സി പുള്ളിക്കൽ, കോശി അലക്‌സ്, എ മഹേന്ദ്രൻ, എൻ സജീവൻ, പി കെ സാബു, ജി ഹരിശങ്കർ, വി എസ് മണി, കെ മധുസൂദനൻ.

വയനാട് ജില്ലാകമ്മിറ്റിയംഗങ്ങൾ: സി കെ ശശീന്ദ്രൻ, കെ വി മോഹനൻ, സി ഭാസ്‌കരൻ, എം വേലായുധൻ, എ എൻ പ്രഭാകരൻ, വി ഉഷാകുമാരി, പി ഗഗാറിൻ, എം സെയ്ദ്, വി പി ശങ്കരൻ നമ്പ്യാർ, എം ഡി സെബാസ്റ്റ്യൻ, എം മധു, കെ സി കുഞ്ഞിരാമൻ, പി കെ സുരേഷ്, പി വി സഹദേവൻ, പി എസ് ജനാർദ്ദനൻ, ടി ബി സുരേഷ്, വി വി ബേബി, കെ ശശാങ്കൻ, സി കെ സഹദേവൻ, പി കൃഷ്ണപ്രസാദ്, രുഗ്മിണി സുബ്രഹ്മണ്യൻ, സുരേഷ് താളൂർ, പി വാസുദേവൻ, കെ ഷമീർ, കെ റഫീഖ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP