Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിള്ളയുടെ പഞ്ചാബ് മോഡൽ പ്രസംഗം റിപ്പോർട്ട് ചെയ്താൽ രാജ്യദ്രോഹക്കേസാവുമെന്ന് പേടിച്ച് കേരളകൗമുദിയും മനോരമയും വാർത്ത പതുക്കി; സജി ചെറിയാന്റെ ഭരണഘടനാ അവഹേളന പ്രസംഗവും മൂന്നു ദിവസം മാധ്യമങ്ങളിൽ വന്നില്ല; മല്ലപ്പള്ളിയിലെ വിവാദത്തിന് തീ കൊളുത്തിയത് സോഷ്യൽ മീഡിയയിലെ വീഡിയോ

പിള്ളയുടെ പഞ്ചാബ് മോഡൽ പ്രസംഗം റിപ്പോർട്ട് ചെയ്താൽ രാജ്യദ്രോഹക്കേസാവുമെന്ന് പേടിച്ച് കേരളകൗമുദിയും മനോരമയും വാർത്ത പതുക്കി; സജി ചെറിയാന്റെ ഭരണഘടനാ അവഹേളന പ്രസംഗവും മൂന്നു ദിവസം മാധ്യമങ്ങളിൽ വന്നില്ല; മല്ലപ്പള്ളിയിലെ വിവാദത്തിന് തീ കൊളുത്തിയത് സോഷ്യൽ മീഡിയയിലെ വീഡിയോ

സായ് കിരൺ

കൊച്ചി: സോഷ്യൽ മീഡിയയുടെ ശക്തി കേരളം ഒരിക്കൽ കൂടി തിരിച്ചറിയുകയാണ്. പത്തനംതിട്ട മല്ലപ്പള്ളി ടൗണിൽ മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച് നടത്തിയ പ്രസംഗം നടത്തിയത് ഞായർ വൈകിട്ട് മൂന്നു മണിക്കാണ്. ഒരു മാധ്യമങ്ങളും പ്രസംഗം റിപ്പോർട്ട് ചെയ്തില്ല. ചൊവ്വാഴ്ച ഉച്ചയോടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രസംഗം പുറത്തുവന്നപ്പോഴാണ് ദൃശ്യമാധ്യമങ്ങൾ ഏറ്റെടുത്തത്. സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റി ഫേസ്‌ബുക്കിലിട്ട മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോയാണ് ഇത്രയേറെ കോലാഹലങ്ങൾക്ക് വഴിതുറന്നത്. ആരൊക്കെ പതുക്കിയാലും വാർത്തകൾ പുറത്തറിയിച്ച്, ചർച്ചയാക്കാൻ സാമൂഹ്യമാധ്യമങ്ങൾക്ക് കഴിയുമെന്ന് ഇതിലൂടെ ഒരുവട്ടം കൂടി തെളിയിക്കപ്പെട്ടു.

ആർ.ബാലകൃഷ്ണപിള്ള 1985ൽ വിവാദമായ പഞ്ചാബ് മോഡൽ പ്രസംഗം നടത്തിയപ്പോഴും മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. പിള്ളയുടേത് രാജ്യദ്രോഹ പ്രസംഗമാണെന്നും അത് റിപ്പോർട്ട് ചെയ്താൽ ലേഖകനും രാജ്യദ്രോഹക്കേസിൽ പ്രതിയാവുമെന്നായിരുന്നു കേരളകൗമുദിയുടെ നിലപാട്. മലയാള മനോരമയും ഇക്കാര്യം പേടിച്ച് പ്രസംഗം പൂഴ്‌ത്തി. രണ്ടു പത്രങ്ങളും പ്രസംഗ വാർത്ത കേസ് പേടിച്ച് റിപ്പോർട്ട് ചെയ്തില്ല. എന്നാൽ മാതൃഭൂമി മാത്രം ധൈര്യസമേതം പിള്ളയുടെ പ്രസംഗം ഒന്നാം പേജിൽ റിപ്പോർട്ട് ചെയ്തു. അക്കാലത്ത് വാർത്താ ചാനലുകളോ സാമൂഹ്യ മാധ്യമങ്ങളോ ഉണ്ടായിരുന്നില്ല.

യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ജി. കാർത്തികേയൻ പിള്ളയുടെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്നും പിള്ള രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട പൊതുതാല്പര്യ ഹർജി ഹൈക്കോടതിയിലെത്തി. തുടർന്ന് പിള്ളയ്ക്ക് മന്ത്‌റിപദം നഷ്ടമായി. 'കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് പോയി. ഭൂട്ടാസിംഗിന് പോലും കടന്നുചെല്ലാൻ വയ്യാത്ത പഞ്ചാബാണ്. കേരളത്തിന് അർഹമായത് കിട്ടണമെങ്കിൽ പഞ്ചാബിൽ സംഭവിക്കുന്നതെല്ലാം കേരളത്തിലും നടക്കണം. അതിന് ചോരയും നീരമുള്ള യുവാക്കൾ രംഗത്തിനിറങ്ങണം.' 1985ൽ എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന കേരളകോൺഗ്രസിന്റെ സമര പ്രഖ്യാപന സമ്മേളനത്തിൽ ആർ ബാലകൃഷ്ണ പിള്ള നടത്തിയ ഈ പ്രസംഗമാണ് പിന്നീട് പഞ്ചാബ് മോഡൽ പ്രസംഗമെന്ന പേരിൽ വിവാദമായത്. പ്രതിഷേധം കലാപാഹ്വാനത്തോളം എത്തിയതോടെ വിവാദം കത്തിപ്പടർന്നു. കെ. കരുണാകരൻ മന്ത്‌റിസഭയിലെ വൈദ്യുതമന്ത്‌റിയായിരുന്ന ബാലകൃഷ്ണ പിള്ളയ്ക്ക് മന്ത്‌റിസ്ഥാനം നഷ്ടമായി.

പാലക്കാട്ട് അനുവദിക്കാമെന്നേറ്റ കോച്ച് ഫാക്ടറി നാടകീയമായി പഞ്ചാബിലേക്കു കൊണ്ടുപോയതിന്റെ പശ്ചാത്തലത്തിലായിരുന്നു ബാലകൃഷ്ണപിള്ളയുടെ പ്രസംഗം. പഞ്ചാബിൽ വിഘടനവാദം കത്തിനിൽക്കുന്ന സമയമായിരുന്നു അത്. പഞ്ചാബുകാരെ പ്രീതിപ്പെടുത്താനായിട്ടാണ് രാജീവ് ഗാന്ധി ഇപ്രകാരം ചെയ്തതെന്ന് ബാലകൃഷ്ണ പിള്ള ഉറച്ചുവിശ്വസിച്ചു. പിള്ളയുടേത് രാജ്യദ്‌റോഹകുറ്റമാണെന്നും രാജീവ് ഗാന്ധി അതൃപ്തനാണെന്നും പറഞ്ഞുകൊണ്ടാണ് പിള്ളയെ മന്ത്‌റിസ്ഥാനത്തുനിന്ന് കരുണാകരൻ നീക്കുന്നത്. എന്നാൽ താൻ അങ്ങനെ ഒരു പരാമർശം നടത്തിയിട്ടില്ലെന്ന് പിള്ളയും വാദിച്ചു. പിള്ളയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണായക കാലഘട്ടമായിരുന്നു അത്. പിന്നീട് വർഷങ്ങൾക്ക് ശേഷം പഞ്ചാബ് മോഡൽ പ്രസംഗത്തിലെ പരാമർശം പിള്ള തുറന്നുസമ്മതിച്ചു. എന്നാൽ അന്നും തന്റെ പ്രസംഗം ശരിയായിരുന്നെന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്. താൻ ബലിയാടാവുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ പിന്നീട് പത്തനാപുരത്ത് മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ വിമർശിച്ച് പിള്ള നടത്തിയ പ്രസംഗവും വിവാദമായി.

റിട്ട. ജില്ലാ ലേബർ ഓഫീസറും സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയംഗവുമായ കെ.പി രാധാകൃഷ്ണൻ ഫേസ് ബുക്ക് പേജിൽ നടത്തിയിരുന്ന പ്രതിവാര രാഷ്ട്രീയ നിരീക്ഷണത്തിന്റെ നൂറാം എപ്പിസോഡിന്റെ അനുമോദനം ഉദ്ഘാടന ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയായിരുന്നു സംഘാടകർ. എംഎ‍ൽഎമാരായ മാത്യു ടി. തോമസ്, അഡ്വ.പ്രമോദ് നാരായൺ, സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ രാജു ഏബ്രഹാം, എ. പത്മകുമാർ, ആർ. സനൽകുമാർ തുടങ്ങിയവർ വേദിയിലിരിക്കെയാണ് ഭരണഘടനയെ അവഹേളിച്ച് മന്ത്രി പ്രസംഗിച്ചത്.

''മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും.രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട... ഞാൻ പറയുന്നത്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരൻ പറഞ്ഞതും തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാരൻ എഴുതിവച്ചു.അത് ഈ രാജ്യത്ത് എഴുപത്തഞ്ച് വർഷമായി നടപ്പാക്കുന്നതിന്റെ ഫലമായി, രാജ്യത്ത് ഏതൊരാൾ പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ, ഏറ്റവും മനോഹരമായ ഒരു ഭരണഘടന ഇന്ത്യ എഴുതിവച്ചിട്ടുണ്ട്. അതിൽ കുറച്ച് മുക്കും മൂലയിലുമൊക്കെ ഗുണങ്ങളിട്ടിട്ടുണ്ടെന്ന് വേണമെങ്കിൽ പറയാം. എന്നു വച്ചാൽ... മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം ഒക്കെ അതിന്റെ സൈഡിൽ എഴുതിയിട്ടുണ്ട്. പക്ഷേ, കൃത്യമായി കൊള്ളയടിക്കാൻ പറ്റുന്ന പുസ്തകം. തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാടാണ് ഇന്ത്യ. 1957ൽ ഇവിടെ അധികാരത്തിൽ വന്ന ആദ്യത്തെ ഗവൺമെന്റ് തീരുമാനിച്ച കാര്യം തൊഴിൽ നിയമം സംരക്ഷിക്കണം, നടപ്പാക്കണം. കൂലി ചോദിക്കാൻ പറ്റില്ലായിരുന്നു. കൂലി ചോദിച്ചാൽ പൊലീസുകാർ നടുവ് ചവിട്ടിയൊടിക്കുമായിരുന്നു. ചൂഷണത്തെ ഏറ്റവും കൂടുതൽ അംഗീകരിച്ചിട്ടുള്ള ഒരു ഭരണഘടനയാണ് ഇന്ത്യയിൽ. അതുകൊണ്ടാണ് അംബാനിയും അദാനിയും ശതകോടീശ്വരന്മാരും ഇന്ത്യയിൽ വളർന്നുവരുന്നത്.''- ഇതായിരുന്നു മന്ത്രിയുടെ വിവാദ പ്രസംഗം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP