Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അംബേദ്കറെ അപമാനിച്ച സജി ചെറിയാൻ രാജിവയ്ക്കുക; സഭ തുടങ്ങിയപ്പോഴേ പ്രതിപക്ഷ ബഹളം; ചോദ്യോത്തര വേള തടസ്സപ്പെടുത്തി മുദ്രാവാക്യം വിളി; ബഹളം കാട്ടാതെ മന്ത്രിയെ സംരക്ഷിച്ച് പതിവ് പോലെ സഭാ ടിവി; ഒന്നും മിണ്ടാതെ സ്പീക്കർ രാജേഷും; നിയമസഭ ഇന്ന് ചേർന്നത് എട്ട് മിനിറ്റ്; രാജി പ്രഖ്യാപിക്കാതെ മന്ത്രി സജി ചെറിയാൻ; ഭരണഘടനാ ലംഘനത്തിൽ നടപടി വൈകുമ്പോൾ

അംബേദ്കറെ അപമാനിച്ച സജി ചെറിയാൻ രാജിവയ്ക്കുക; സഭ തുടങ്ങിയപ്പോഴേ പ്രതിപക്ഷ ബഹളം; ചോദ്യോത്തര വേള തടസ്സപ്പെടുത്തി മുദ്രാവാക്യം വിളി; ബഹളം കാട്ടാതെ മന്ത്രിയെ സംരക്ഷിച്ച് പതിവ് പോലെ സഭാ ടിവി; ഒന്നും മിണ്ടാതെ സ്പീക്കർ രാജേഷും; നിയമസഭ ഇന്ന് ചേർന്നത് എട്ട് മിനിറ്റ്; രാജി പ്രഖ്യാപിക്കാതെ മന്ത്രി സജി ചെറിയാൻ; ഭരണഘടനാ ലംഘനത്തിൽ നടപടി വൈകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭയിലും മന്ത്രി സജി ചെറിയാൻ രാജി പ്രഖ്യാപിച്ചില്ല. ഇതോടെ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു. എട്ട് മിനിറ്റ് മാത്രമായിരുന്നു ഇന്ന് സഭ ചേർന്നത്. അതിനിടെ എല്ലാ നടപടിക്രമങ്ങളും പാലിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു. മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം നിയമസഭാ കവാടത്തിലും പ്രതിപക്ഷം നടത്തി. ഈ വിഷയത്തിൽ സ്പീക്കറും മൗനം പാലിച്ചു. സഭയ്ക്കുള്ളിലെ പ്രതിഷേധം സഭാ ടിവിയും കാണിച്ചില്ല. നിയമസഭയ്ക്കുള്ളിലെ അംബേദ്കർ പ്രതിമയ്ക്ക് മുമ്പിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഭരണഘടനയെ അപമാനിച്ച സജി ചെറിയാനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.

വിഷയത്തിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യോത്തര വേളയിൽ ബഹളത്തിന്റെ പേരിൽ സഭ റദ്ദാക്കിയതെന്ന് പ്രതിപക്ഷം ഉന്നയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് പറയാൻ മറുപടി ഇല്ലാത്തതു കൊണ്ടാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. രാജ്യത്തിന്റെ ഭരണഘടനയ്‌ക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശങ്ങളിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് പൊലീസ് മേധാവിക്കും പത്തനംതിട്ട എസ്‌പിക്കും ലഭിച്ച പരാതികൾ തിരുവല്ല ഡിവൈഎസ്‌പി ടി.രാജപ്പൻ റാവുത്തർക്ക് കൈമാറി.

പ്രസംഗം പരിശോധിച്ച് കേസെടുക്കുന്നതിൽ നിയമോപദേശം തേടും. കേസടുക്കുന്നത് സംബന്ധിച്ച തീരുമാനം പ്രസംഗത്തിന്റെ വിശദമായ പരിശോധനയ്ക്ക് ശേഷമെന്നു ഡിവൈഎസ്‌പി ടി.രാജപ്പൻ റാവുത്തർ പ്രതികരിച്ചു. ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേത് എന്നായിരുന്നു മന്ത്രിയുടെ വിവാദപ്രസംഗം. ഭരണഘടനയോടു കൂറു പുലർത്തുമെന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി അതേ ഭരണഘടനയെ തള്ളിപ്പറഞ്ഞതിനെക്കുറിച്ചു ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയനോടു വിശദീകരണം തേടിയിരുന്നു. ഭരണഘടനയെ അല്ല ഭരണകൂടത്തെയാണു താൻ വിമർശിച്ചതെന്നു മുഖ്യമന്ത്രിയോടു വ്യക്തിപരമായും പിന്നീടു നിയമസഭയിലും സജി ചെറിയാൻ വിശദീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

മന്ത്രിക്കെതിരെ നടപടി ഇല്ലെങ്കിൽ കോടതിയെ സമീപിക്കാനാണു പ്രതിപക്ഷ തീരുമാനം. ഭരണഘടനയെയും ഭരണഘടനാ ശിൽപികളെയും പരസ്യമായി അവഹേളിച്ചു സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി സംഘം ഗവർണർക്കു നിവേദനം നൽകി. യുഡിഎഫ്, ബിജെപി നേതാക്കളും പരാതി നൽകി. സിപിഎം സംസ്ഥാന നേതൃത്വം ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിവാദം ആളിപ്പടർന്ന ശേഷം പാർട്ടിയുടെ ഔദ്യോഗികതല ചർച്ചകൾ ഒന്നും നടന്നിട്ടില്ല. ഇന്നു രാവിലെ മന്ത്രി കൂടി പങ്കെടുക്കുന്ന അവെയ്ലബിൾ സെക്രട്ടേറിയറ്റ് ചേരും. വൈകിട്ട് മന്ത്രിസഭാ യോഗവുമുണ്ട്. പാർട്ടിയുടെയും സർക്കാരിന്റെയും തീരുമാനം ഈ യോഗങ്ങളോടെ വ്യക്തമാകും.

ഭരണഘടനയെക്കുറിച്ചുള്ള മന്ത്രി സജി ചെറിയാന്റെ പരാമർശം സിപിഎമ്മിന്റെ പാർട്ടിപരിപാടിക്കു വിരുദ്ധമാണ്. ഇതിനുപുറമെ, ഏപ്രിലിൽ കണ്ണൂരിൽ നടന്ന 23-ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തിലെ കാഴ്ചപ്പാടും തള്ളുന്നതാണ് ഭരണഘടന സംബന്ധിച്ച മന്ത്രിയുടെ വിമർശനം. സിപിഎം. പരിപാടിയിൽ 'സ്വാതന്ത്ര്യലബ്ധിയും അതിനുശേഷവും' എന്ന ഭാഗത്തെ 27-ാം ഖണ്ഡികയിലാണ് ഇന്ത്യൻ ഭരണഘടനയെ പ്രശംസിച്ചുള്ള പാർട്ടിയുടെ വിലയിരുത്തൽ. സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ബൂർഷ്വ-ഭൂപ്രഭു വ്യവസ്ഥയ്‌ക്കെതിരേയുള്ള നിശിതമായ കുറ്റപത്രമാണ് ഭരണഘടനയിലെ കാഴ്ചപ്പാടും ബൂർഷ്വാ ഭരണാധികാരികളുടെ പ്രയോഗവും തമ്മിലുള്ള സ്പഷ്ടമായ അന്തരമെന്നും പരിപാടി ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി സജി ചെറിയാനെ സംരക്ഷിക്കുകയാണ്.

'1950-ൽ അംഗീകരിക്കപ്പെട്ട ഇന്ത്യാ റിപ്പബ്ലിക്കിന്റെ ഭരണഘടന, ഭരണകൂടം പിന്തുടരേണ്ടതായ മാർഗനിർദേശക തത്ത്വങ്ങൾ ആവിഷ്‌കരിക്കുകയുണ്ടായി. താഴെപ്പറയുന്നവ അതിൽ ഉൾപ്പെടുന്നു. ഓരോ പൗരനും മതിയായ ഉപജീവനോപാധിയും തൊഴിലെടുക്കാനുള്ള അവകാശവും സമ്പത്തിന്റെ കേന്ദ്രീകരണത്തിന് ഇടയാക്കാത്ത സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസത്തിനുള്ള അവകാശവും കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭ്യമാക്കലും തൊഴിലാളികൾക്ക് ജീവിക്കാനാവശ്യമായ വേതനവും സ്ത്രീപുരുഷന്മാർക്ക് തുല്യജോലിക്ക് തുല്യവേതനവും; ഈ തത്ത്വങ്ങളൊന്നും പ്രയോഗത്തിൽ സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല.'- ഇതാണ് സിപിഎം പാർട്ടി പരിപാടിയിലെ വിലയിരുത്തൽ.

നമ്മുടെ മതേതര-ജനാധിപത്യ ഭരണഘടനയുടെ അടിസ്ഥാനശിലകളെ താഴ്‌ത്തിക്കെട്ടിയാണ് നരേന്ദ്ര മോദി സർക്കാരിന്റെ ഭരണമെന്നാണ് കണ്ണൂർ പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തിലെ സമീപനം. ഇന്ത്യൻ ഭരണഘടനാ റിപ്പബ്ലിക്കിന്റെ സ്വഭാവത്തെ മാറ്റാൻ നിരന്തരമായ പരിശ്രമത്തിലാണ് മോദി സർക്കാരെന്നും രാഷ്ട്രീയപ്രമേയം വിമർശിക്കുന്നു. പൗരത്വ നിയമഭേദഗതി, ജമ്മു-കശ്മീർ വിഭജനം, അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം തുടങ്ങിയവയൊക്കെ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കണമെന്ന് സിപിഎം. നിരന്തരം ആഹ്വാനം ചെയ്യുകയും പ്രക്ഷോഭങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നവേളയിലാണ് മന്ത്രി സജി ചെറിയാന്റെ വിവാദപ്രസംഗം. ഇത് സിപിഎം കേന്ദ്ര നേതൃത്വത്തേയും വെട്ടിലാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP