Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തൊടുന്നതും പറയുന്നതുമെല്ലാം പാളി പിണറായി സർക്കാർ; മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം സഭയിലെ ഖേദപ്രകടനത്തിൽ ഒതുക്കാൻ സിപിഎം; പുറത്താക്കിയില്ലെങ്കിൽ നിയമനടപടി എന്ന് പ്രതിപക്ഷം; ഭരണഘടനയെ അപമാനിച്ചെന്ന് തെളിഞ്ഞാൽ കാത്തിരിക്കുന്ന ശിക്ഷ ഇങ്ങനെ

തൊടുന്നതും പറയുന്നതുമെല്ലാം പാളി പിണറായി സർക്കാർ; മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം സഭയിലെ ഖേദപ്രകടനത്തിൽ ഒതുക്കാൻ സിപിഎം; പുറത്താക്കിയില്ലെങ്കിൽ നിയമനടപടി എന്ന് പ്രതിപക്ഷം; ഭരണഘടനയെ അപമാനിച്ചെന്ന് തെളിഞ്ഞാൽ കാത്തിരിക്കുന്ന ശിക്ഷ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം മന്ത്രി സജി ചെറിയാന്റെ രാജിക്കായി മുറവിളി കൂട്ടുകയാണ്. പ്രതിപക്ഷ നേതാവ് ഇക്കാര്യം ക്യത്യമായി വ്യക്തമാക്കി കഴിഞ്ഞു. ബിജെപി പരാതിയുമായി ഗവർണറെ കണ്ടു. സജി ചെറിയാനെ അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഗവർണർക്കും, സ്പീക്കർക്കും, പരാതി നൽകിയതിന് പുറമേ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ ഡിജിപിയോടും ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം, മന്ത്രി സജി ചെറിയാൻ രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം. വിവാദ പ്രസംഗത്തിൽ മന്ത്രി സഭയിൽ ഖേദപ്രകടനം നടത്തുകയും മന്ത്രിയുടെ പ്രസ്താവന വാർത്താക്കുറിപ്പായി പുറത്തിറങ്ങുകയും ചെയ്തതോടെ വിവാദങ്ങൾ ഒതുക്കാനാണ് സർക്കാരിന്റേയും സിപിഎമ്മിന്റേയും നീക്കം. എന്നാൽ, അത് അനുവദിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

മന്ത്രി ഭരണഘടനയെ അവഹേളിച്ചുവെന്ന് വ്യക്തമായാൽ ഗവർണർക്ക് മുഖ്യമന്ത്രിയോട് മന്ത്രിയുടെ രാജി ആവശ്യപ്പെടാൻ നിർദ്ദേശിക്കാനാകും. സജി ചെറിയാനെതിരെ ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ രാജ്ഭവൻ സർക്കാറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.

മന്ത്രി സജി ചെറിയാൻ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയോട് കൂറ് കാട്ടുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ എത്തിയ മന്ത്രി യാതൊരു അടിസ്ഥാനവും ഇല്ലാതെ ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറഞ്ഞു. അംബേദ്ക്കർ ഉൾപ്പെടെയുള്ള ഭരണഘടനാ ശിൽപികളെയും മന്ത്രി അപമാനിച്ചു. ജനാധിപത്യം, മതേതരത്വം എന്നീ വാക്കുകളെ പോലും അപമാനിച്ചുവെന്നും പ്രതിപക്ഷം വ്യക്തമാക്കുന്നു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാക്കുകൾ

ഭരണഘടനക്കെതിരെ പ്രസംഗിച്ച മന്ത്രി സജി ചെറിയാൻ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭരണഘടനയോട് കൂറ് കാട്ടുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ എത്തിയ മന്ത്രി യാതൊരു അടിസ്ഥാനവും ഇല്ലാതെ ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറഞ്ഞു. അംബേദ്ക്കർ ഉൾപ്പെടെയുള്ള ഭരണഘടനാ ശിൽപികളെയും മന്ത്രി അപമാനിച്ചു. ജനാധിപത്യം, മതേതരത്വം എന്നീ വാക്കുകളെ പോലും അപമാനിച്ചു. ജനാധിപത്യവും മതേതരത്വവും കുന്തവും കൊടച്ചക്രവുമാണെന്നാണ് മന്ത്രി പറഞ്ഞതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഭരണഘടന തൊഴിലാളികളെ ചൂഷണം ചെയ്യുകയാണെന്ന വിവരം മന്ത്രിക്ക് എവിടെ നിന്നാണ് കിട്ടിയത്? മന്ത്രി ഇന്ത്യൻ ഭരണഘടന വായിച്ച് നോക്കിയിട്ടുണ്ടോ? അതിന്റെ മഹത്വവും പവിത്രതയും എന്താണെന്ന് അറിയാമോ? ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ സജി ചെറിയാന് അവകാശമില്ല. ഉടൻ രാജിവെക്കണം. രാജിവെച്ചില്ലെങ്കിൽ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണം. പുറത്താക്കിയില്ലെങ്കിൽ യു.ഡി.എഫ് നിയമപരമായ വഴികൾ തേടുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

അടുത്തിടെയായി സർക്കാർ തൊടുന്നതും പറയുന്നതുമെല്ലാം പാളിപ്പോകുകയാണ്. സർക്കാരുമായി ബന്ധപ്പെട്ട എല്ലാവർക്കും വിഭ്രാന്തിയും വെപ്രാളവും ഭീതിയുമാണ്. വിഷയം മാറ്റാൻ വേണ്ടി ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നത്. എ.കെ.ജി സെന്ററിൽ ആക്രമണ കേസിൽ അന്വേഷണം ശരിയായ രീതിയിൽ പോയാൽ അത് സിപിഎമ്മിൽ ചെന്നെത്തും. അതുകൊണ്ടാണ് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നത്. പ്രതി ആരാണെന്ന് അന്വേഷണ സംഘത്തിനും നന്നായി അറിയാമെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ഒരാളുടെ ഇത്തരത്തിലുള്ള പ്രസ്താവന ഭരണഘടനയെ അപമാനിക്കുന്നതാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സത്യപ്രതിജ്ഞാ ലംഘനവും ക്രിമിനൽ കുറ്റവുമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് എന്നാണ് റിട്ട. ജസ്റ്റിസ് കെമാൽ പാഷ ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനയെ വിമർശിക്കാമെങ്കിലും ആക്ഷേപിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, മന്ത്രി രാജിവെക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് സിപിഎം. എന്നാൽ, മന്ത്രിയുടെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവുണ്ടായി. മന്ത്രി ഭരണഘടനക്കെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും നാക്കുപിഴ സംഭവിച്ചതാകാമെന്നുമാണ് സിപിഎം പൊളിറ്റ്ബ്യുറോ അംഗം എം.എ. ബേബി പറഞ്ഞത്.

അതിനിനിടെ, മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ബിജെപി പ്രതിനിധി സംഘം രാജ്ഭവനിലെത്തി ഗവർണറെ സന്ദർശിച്ച് ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരായ പരാതി കൈമാറി. സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജയരാജ് കൈമൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ഭരണഘടനയെ അപമാനിച്ചാൽ ശിക്ഷ

1971ലെ 'പ്രിവൻഷൻ ഓഫ് ഇൻസൽട് ടു നാഷണൽ ഓണർ' ആക്ട് അനുസരിച്ച് ഭരണഘടനയെ അപമാനിക്കുന്നത് മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. നിയമത്തിൽ പറയുന്നത് ഇങ്ങനെ: പൊതുസ്ഥലത്തോ പൊതുശ്രദ്ധയിൽ വരുന്ന മറ്റേതെങ്കിലും സ്ഥലത്തോ ആരെങ്കിലും ദേശീയ പതാകയെയോ ഇന്ത്യൻ ഭരണഘടനയെയോ കത്തിക്കുകയോ വികൃതമാക്കുകയോ നശിപ്പിക്കുകയോ ചവിട്ടുകയോ, അല്ലെങ്കിൽ വാക്കിലൂടെയോ, എഴുത്തിലൂടെയോ, പ്രവൃത്തിയിലൂടെയോ അനാദരവ് കാണിക്കുകയോ അവഹേളിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷിക്കപ്പെടും.

പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാൻ ഗവർണർ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രസംഗം പരിശോധിച്ചതിന് ശേഷം ഗൗരവതരമെങ്കിൽ ഗവർണർ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകും.

മന്ത്രിയുടെ വിശദീകരണം

മല്ലപ്പള്ളിയിൽ നടന്ന പരിപാടിയിൽ ഞാൻ ഭരണഘടനയെ വിമർശിച്ചു എന്ന രീതിയിൽ വരുന്ന വാർത്തകൾ വളച്ചൊടിക്കപ്പെട്ടതാണ്. നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവർത്തകനാണ് ഞാൻ. ഞാനുൾപ്പെടുന്ന പ്രസ്ഥാനം നമ്മുടെ ഭരണഘടനയെയും അതിൽ ഉയർത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയർത്തിപ്പിടിക്കുന്നവരുടെ മുൻപന്തിയിലാണ്.

നമ്മുടെ ഭരണഘടനയുടെ നിർദ്ദേശകതത്വങ്ങൾ സാമൂഹ്യനീതിയും സാമ്പത്തിക സുരക്ഷയും എല്ലാവർക്കും ഉറപ്പുവരുത്തണമെന്ന് നിഷ്‌ക്കർഷിക്കുന്നുണ്ട്. എന്നാൽ ഇവ നടപ്പിലാക്കിക്കിട്ടണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനുള്ള അവകാശം ഭരണഘടനയിൽ എഴുതി ചേർക്കപ്പെട്ടിട്ടില്ല. രാജ്യത്തെ ചൂഷണം ചെയ്യപ്പെടുന്ന ജനകോടികൾക്ക് നീതി ലഭിക്കണമെങ്കിൽ ഭരണഘടനയുടെ നിർദ്ദേശകതത്വങ്ങൾക്ക് കൂടുതൽ ശാക്തീകരണം അനിവാര്യമാണ്. അല്ലെങ്കിൽ വർദ്ധിച്ചു വരുന്ന അസമത്വങ്ങൾക്കെതിരെ പ്രതിരോധം തീർക്കുന്നതിൽ ഭരണഘടനയ്ക്ക് ശക്തിയുണ്ടാവില്ല എന്ന ആശങ്കയാണ് ഞാൻ എന്റേതായ വാക്കുകളിൽ പ്രകടിപ്പിച്ചത്. ഒരിക്കൽപ്പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങൾ പറയാനോ ഞാൻ ഉദ്ദേശിച്ചിട്ടേയില്ല.

സ്വതന്ത്ര ഭാരതത്തിൽ ഭരണകൂട സംവിധാനങ്ങൾ ഈ തത്വങ്ങൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതിന്റെ ഫലമായി സാമ്പത്തിക - സാമൂഹിക അസമത്വങ്ങൾ വളരെ വർദ്ധിക്കുകയാണുണ്ടായത്. നിർദ്ദേശകതത്വങ്ങൾക്ക് ഊടും പാവും നൽകുന്ന നിയമനിർമ്മാണം നടത്താൻ ശ്രമം നടത്തിയ ഇടതുപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകളെ ഭരണഘടനയുടെ വകുപ്പുകൾ തന്നെ ദുരുപയോഗം ചെയ്തുകൊണ്ട് അട്ടിമറിച്ച അനുഭവവും നമുക്കു മുന്നിലുണ്ട്.

ഭരണ ഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷത, ജനാധിപത്യം, ഫെഡറൽ ഘടന, എന്നീ തത്വങ്ങൾ കടുത്ത വെല്ലുവിളിയാണ് വർത്തമാനകാലത്ത് നേരിട്ടുകൊണ്ടിരിക്കുന്നത്.

തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് നിലവിലുണ്ടായിരുന്ന നിമയങ്ങളെല്ലാം റദ്ദാക്കിക്കൊണ്ട് ലേബർ കോഡുകൾ രാജ്യത്ത് അടിച്ചേൽപ്പിച്ചതുകൊടിയ ചൂഷണത്തിന് വഴിവെയ്ക്കും എന്നാണ് ഞാൻ ചൂണ്ടിക്കാണിച്ചത്. ഇതെല്ലാം രാജ്യത്ത് ഭരണത്തിനു നേതൃത്വം കൊടുക്കുന്ന ഭരണകൂട സംവിധാനങ്ങൾ സ്വീകരിക്കുന്ന നയങ്ങളുടെ ഫലമാണ്. ഈ നയങ്ങളാണ് ഭരണഘടനയുടെ അന്തഃസത്തയെയും മൂല്യങ്ങളെയും തകർക്കുന്നത് എന്നാണ് ഞാൻ ചൂണ്ടിക്കാട്ടിയത്.

ഭരണഘടന നിർമ്മാതാക്കളുടെ വീക്ഷണം സാർത്ഥകമാകാതെ പോയത് ഇതുവരെയുള്ള കേന്ദ്രസർക്കാരുകളുടെ രാഷ്ട്രീയ ജനവിരുദ്ധ രാഷ്ട്രീയ നയങ്ങളുടെ ഫലമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായിട്ടും നമ്മുടെ രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങൾക്ക് സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാണിക്കണമെന്ന ഒരു പൊതുപ്രവർത്തകന്റെ കടമ നിർവ്വഹിക്കുക മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ.

മേൽപ്പറഞ്ഞ കാര്യങ്ങൾ ശക്തിയായി അവതരിപ്പിച്ചപ്പോൾ അത് ഏതെങ്കിലും രീതിയിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും ഞാൻ ഉദ്ദേശിക്കാത്ത കാര്യങ്ങൾക്ക് പ്രചാരണം ലഭിക്കാൻ ഇടവന്നിട്ടുണ്ടെങ്കിൽ അതിൽ ഞാൻ അതിയായ ദുഃഖവും ഖേദവും പ്രകടിപ്പിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP