Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മല്ലപ്പള്ളി പ്രസംഗത്തിലെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടു; ഭരണഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കും വിധം സംസാരിച്ചിട്ടില്ല; ചൂഷിത ജനകോടികൾക്ക് നീതി ലഭിക്കാൻ ഭരണഘടന ശക്തിപ്പെടണം; ചില ആശങ്കകൾ സ്വന്തം ഭാഷയിൽ പറയുകയാണുണ്ടായത്; പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ

മല്ലപ്പള്ളി പ്രസംഗത്തിലെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടു; ഭരണഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കും വിധം സംസാരിച്ചിട്ടില്ല; ചൂഷിത ജനകോടികൾക്ക് നീതി ലഭിക്കാൻ ഭരണഘടന ശക്തിപ്പെടണം; ചില ആശങ്കകൾ സ്വന്തം ഭാഷയിൽ പറയുകയാണുണ്ടായത്; പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മല്ലപ്പള്ളിയിൽ നടന്ന പരിപാടിയിൽ ഞാൻ ഭരണഘടനയെ വിമർശിച്ചു എന്ന രീതിയിൽ വരുന്ന വാർത്തകൾ വളച്ചൊടിക്കപ്പെട്ടതാണെന്ന് മന്ത്രി സജി ചെറിയാൻ. നിയമസഭയിലാണ് മന്ത്രിയുടെ പ്രസ്താവന. രാജ്യത്തെ ചൂഷണം ചെയ്യപ്പെടുന്ന ജനകോടികൾക്ക് നീതി ലഭിക്കണമെങ്കിൽ ഭരണഘടനയുടെ നിർദ്ദേശകതത്വങ്ങൾക്ക് കൂടുതൽ ശാക്തീകരണം അനിവാര്യമാണ്. അല്ലെങ്കിൽ വർദ്ധിച്ചു വരുന്ന അസമത്വങ്ങൾക്കെതിരെ പ്രതിരോധം തീർക്കുന്നതിൽ ഭരണഘടനയ്ക്ക് ശക്തിയുണ്ടാവില്ല എന്ന ആശങ്കയാണ് ഞാൻ എന്റേതായ വാക്കുകളിൽ പ്രകടിപ്പിച്ചത്. ഒരിക്കൽപ്പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങൾ പറയാനോ താൻ ഉദ്ദേശിച്ചിട്ടേയില്ലെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, ഭരണഘടനാ വിരുദ്ധ പ്രസ്താവനയിൽ മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് നിയസഭയിൽ ആവശ്യപ്പെട്ടു. ഭരണഘടനയെയും ഭരണഘടനാ ശിൽപ്പികളേയും അവഹേളിച്ച മന്ത്രി സജി ചെറിയാന്റെ മറുപടി പ്രസംഗം പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു.

മന്ത്രിയുടെ പ്രസ്താവനയുടെ പൂർണരൂപം:

മല്ലപ്പള്ളിയിൽ നടന്ന പരിപാടിയിൽ ഞാൻ ഭരണഘടനയെ വിമർശിച്ചു എന്ന രീതിയിൽ വരുന്ന വാർത്തകൾ വളച്ചൊടിക്കപ്പെട്ടതാണ്. നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവർത്തകനാണ് ഞാൻ. ഞാനുൾപ്പെടുന്ന പ്രസ്ഥാനം നമ്മുടെ ഭരണഘടനയെയും അതിൽ ഉയർത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയർത്തിപ്പിടിക്കുന്നവരുടെ മുൻപന്തിയിലാണ്.

നമ്മുടെ ഭരണഘടനയുടെ നിർദ്ദേശകതത്വങ്ങൾ സാമൂഹ്യനീതിയും സാമ്പത്തിക സുരക്ഷയും എല്ലാവർക്കും ഉറപ്പുവരുത്തണമെന്ന് നിഷ്‌ക്കർഷിക്കുന്നുണ്ട്. എന്നാൽ ഇവ നടപ്പിലാക്കിക്കിട്ടണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനുള്ള അവകാശം ഭരണഘടനയിൽ എഴുതി ചേർക്കപ്പെട്ടിട്ടില്ല. രാജ്യത്തെ ചൂഷണം ചെയ്യപ്പെടുന്ന ജനകോടികൾക്ക് നീതി ലഭിക്കണമെങ്കിൽ ഭരണഘടനയുടെ നിർദ്ദേശകതത്വങ്ങൾക്ക് കൂടുതൽ ശാക്തീകരണം അനിവാര്യമാണ്. അല്ലെങ്കിൽ വർദ്ധിച്ചു വരുന്ന അസമത്വങ്ങൾക്കെതിരെ പ്രതിരോധം തീർക്കുന്നതിൽ ഭരണഘടനയ്ക്ക് ശക്തിയുണ്ടാവില്ല എന്ന ആശങ്കയാണ് ഞാൻ എന്റേതായ വാക്കുകളിൽ പ്രകടിപ്പിച്ചത്. ഒരിക്കൽപ്പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങൾ പറയാനോ ഞാൻ ഉദ്ദേശിച്ചിട്ടേയില്ല.

സ്വതന്ത്ര ഭാരതത്തിൽ ഭരണകൂട സംവിധാനങ്ങൾ ഈ തത്വങ്ങൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതിന്റെ ഫലമായി സാമ്പത്തിക - സാമൂഹിക അസമത്വങ്ങൾ വളരെ വർദ്ധിക്കുകയാണുണ്ടായത്. നിർദ്ദേശകതത്വങ്ങൾക്ക് ഊടും പാവും നൽകുന്ന നിയമനിർമ്മാണം നടത്താൻ ശ്രമം നടത്തിയ ഇടതുപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകളെ ഭരണഘടനയുടെ വകുപ്പുകൾ തന്നെ ദുരുപയോഗം ചെയ്തുകൊണ്ട് അട്ടിമറിച്ച അനുഭവവും നമുക്കു മുന്നിലുണ്ട്.

ഭരണ ഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷത, ജനാധിപത്യം, ഫെഡറൽ ഘടന, എന്നീ തത്വങ്ങൾ കടുത്ത വെല്ലുവിളിയാണ് വർത്തമാനകാലത്ത് നേരിട്ടുകൊണ്ടിരിക്കുന്നത്.

തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് നിലവിലുണ്ടായിരുന്ന നിമയങ്ങളെല്ലാം റദ്ദാക്കിക്കൊണ്ട് ലേബർ കോഡുകൾ രാജ്യത്ത് അടിച്ചേൽപ്പിച്ചതുകൊടിയ ചൂഷണത്തിന് വഴിവെയ്ക്കും എന്നാണ് ഞാൻ ചൂണ്ടിക്കാണിച്ചത്. ഇതെല്ലാം രാജ്യത്ത് ഭരണത്തിനു നേതൃത്വം കൊടുക്കുന്ന ഭരണകൂട സംവിധാനങ്ങൾ സ്വീകരിക്കുന്ന നയങ്ങളുടെ ഫലമാണ്. ഈ നയങ്ങളാണ് ഭരണഘടനയുടെ അന്തഃസത്തയെയും മൂല്യങ്ങളെയും തകർക്കുന്നത് എന്നാണ് ഞാൻ ചൂണ്ടിക്കാട്ടിയത്.

ഭരണഘടന നിർമ്മാതാക്കളുടെ വീക്ഷണം സാർത്ഥകമാകാതെ പോയത് ഇതുവരെയുള്ള കേന്ദ്രസർക്കാരുകളുടെ രാഷ്ട്രീയ ജനവിരുദ്ധ രാഷ്ട്രീയ നയങ്ങളുടെ ഫലമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായിട്ടും നമ്മുടെ രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങൾക്ക് സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാണിക്കണമെന്ന ഒരു പൊതുപ്രവർത്തകന്റെ കടമ നിർവ്വഹിക്കുക മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ.

മേൽപ്പറഞ്ഞ കാര്യങ്ങൾ ശക്തിയായി അവതരിപ്പിച്ചപ്പോൾ അത് ഏതെങ്കിലും രീതിയിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും ഞാൻ ഉദ്ദേശിക്കാത്ത കാര്യങ്ങൾക്ക് പ്രചാരണം ലഭിക്കാൻ ഇടവന്നിട്ടുണ്ടെങ്കിൽ അതിൽ ഞാൻ അതിയായ ദുഃഖവും ഖേദവും പ്രകടിപ്പിക്കുകയാണ്.

പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ നടന്ന പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവിൽ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് എന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് എഴുതിയ ഭരണഘടനയാണത്. സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഭരണഘടനയുടെ ഉദ്ദേശ്യം. മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മൾ എല്ലാവരും പറയും. എന്നാൽ അത് ജനങ്ങളെ കൊള്ളയടിക്കുന്നതാണ്.

തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യൻ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്നതാണ് ഭരണ ഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളർന്ന് വരാൻ കാരണം ഇന്ത്യൻ ഭരണഘടന അവർക്ക് നൽകുന്ന പരിരക്ഷയാണ്. അവർക്കെതിരെ എത്രപേർക്ക് സമരം ചെയ്യാൻ പറ്റും. കോടതിയും, പാർലമെന്റുമെല്ലാം മുതലാളിമാർക്കൊപ്പമാണ്. മുതലാളിമാർക്ക് അനുകൂലമായി മോദി സർക്കാരിനെ പോലുള്ളവർ തീരുമാനമെടുക്കുന്നതും പ്രവർത്തിക്കുന്നതും ഇന്ത്യൻ ഭരണഘന അവർക്കൊപ്പമാണ് എന്നതിന്റെ തെളിവാണെന്നും സജി ചെറിയാൻ ആരോപിച്ചു.

ന്യായമായ കൂലി ചോദിക്കാൻ പറ്റുന്നില്ല. കോടതിയിൽ പോയാൽ പോലും മുതലാളിമാർക്ക് അനുകൂലമായിട്ടായിരിക്കും തീരുമാനമുണ്ടാവുക. ഇന്ന് കയ്യൂക്കുള്ളവൻ കാര്യക്കാരനാവുന്നത് ഭരണകൂടം അവർക്ക് അനുകൂലമായതുകൊണ്ടാണ്. തൊഴിൽ നിയമങ്ങൾ ഇല്ലാതാവുന്നത് ഈ ഭരണഘടനാ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കുന്നതുകൊണ്ടാണ്. എട്ടുമണിക്കൂർ ജോലി എട്ടുമണിക്കൂർ വിശ്രമം എന്നതൊക്കെ ഇല്ലാതായി. തൊഴിലാളികൾക്ക് ഈ ഭരണഘടന സംരക്ഷണം നൽകുന്നുണ്ടോ. നാട്ടിലുണ്ടാകുന്ന ഏത് പ്രശ്നത്തിനും കാരണം തൊഴിലാളി സംഘടനകളാണ് എന്നാണ് കുറ്റപ്പെടുത്തുന്നത്. കൂലികിട്ടാത്ത കാര്യം ചോദ്യം ചെയ്ത് കോടതിയിൽ പോയാൽ ആദ്യം ചോദിക്കുന്നത് എന്തിനാണ് സമരം ചെയ്തത് എന്നാണ്. എന്നും സജി ചെറിയാൻ വിമർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP