Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സി എഫ് തോമസിനെ കളത്തിനു പുറത്താക്കാൻ സ്വന്തം തട്ടകത്തിൽ അനിയൻ രംഗത്ത്; മുനിസിപ്പൽ ചെയർമാൻ സ്ഥാനം തട്ടിത്തെറിപ്പിച്ചതു ചേട്ടനെന്ന് ആരോപിച്ചു പോരു തുടങ്ങി; സുരക്ഷിത സീറ്റും കൈവിട്ടു പോകുമെന്നു ഭയന്നു മാണി

സി എഫ് തോമസിനെ കളത്തിനു പുറത്താക്കാൻ സ്വന്തം തട്ടകത്തിൽ അനിയൻ രംഗത്ത്; മുനിസിപ്പൽ ചെയർമാൻ സ്ഥാനം തട്ടിത്തെറിപ്പിച്ചതു ചേട്ടനെന്ന് ആരോപിച്ചു പോരു തുടങ്ങി; സുരക്ഷിത സീറ്റും കൈവിട്ടു പോകുമെന്നു ഭയന്നു മാണി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ബാർകോഴ വിവാദവും ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ രാജിയുമെല്ലാം കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ വീണ്ടുമൊരു വിവാദത്തിന്റെ നടുവിൽ കേരള കോൺഗ്രസ്. പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണ് ഇത്തവണ കേരള കോൺഗ്രസിനെ പ്രതിസന്ധിയിൽ ആഴ്‌ത്തിയിരിക്കുന്നത്.

സ്വന്തം പാർട്ടിക്കുള്ളിലെന്നതിലുപരി സ്വന്തം വീട്ടിൽ നിന്നു തന്നെയുള്ള പ്രശ്‌നമാണ് ഇക്കുറി പാർട്ടിയെയാകെ ബാധിച്ചിരിക്കുന്നത്. ചങ്ങനാശേരിയിൽ എംഎൽഎയായ സി എഫ് തോമസും അനിയൻ സാജൻ ഫ്രാൻസിസും തമ്മിലുള്ള പോരാണ് മറനീക്കി പുറത്തുവരുന്നത്.

സി എഫ് തോമസിനെ കളത്തിനു പുറത്താക്കാൻ സ്വന്തം തട്ടകത്തിൽ അനിയൻ തന്നെ രംഗത്ത് എത്തിയതോടെ സുരക്ഷിത സീറ്റും കൈവിട്ടു പോകുമെന്ന ഭയത്തിലാണ് കേരള കോൺഗ്രസ് ചെയർമാൻ കെ എം മാണി. തന്റെ മുനിസിപ്പൽ ചെയർമാൻ സ്ഥാനം തട്ടിത്തെറിപ്പിച്ചതു സ്വന്തം ചേട്ടൻ തന്നെയാണ് എന്നാരോപിച്ചാണു സാജൻ ഫ്രാൻസിസ് രംഗത്തെത്തിയത്.

എന്തായാലും ചങ്ങനാശേരിയിൽ കേരള കോൺഗ്രസ് പാർട്ടിയിൽ പ്രശ്‌നങ്ങൾ പുകയുന്നുണ്ടെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. എംഎൽഎ സ്ഥാനത്തു 35 വർഷം പൂർത്തിയാകിയ സി എഫ് തോമസിന് ഇനി മത്സരിക്കാൻ തന്നെ കഴിയുമോ എന്ന തരത്തിലാണ് പ്രശ്‌നങ്ങൾ ഉടലെടുത്തിരിക്കുന്നത്. സ്വന്തം വീട്ടിൽ നിന്നു തന്നെ എതിർപ്പുയർന്ന പശ്ചാത്തലത്തിൽ ഇനി മത്സരിക്കുന്നത് ജയസാധ്യതയെത്തന്നെ ബാധിക്കുമെന്ന് പാർട്ടി നേതൃത്വത്തിനു തന്നെ ഉറപ്പായിട്ടുണ്ട്.

സ്ഥലം എംഎൽഎ ഇനി മത്സരിക്കണമോ വേണ്ടയോ എന്ന് സ്വന്തമായി ഒരു തീരുമാനം എടുക്കണമെന്ന തരത്തിലാണ് ചർച്ചകൾ ഉയരുന്നത്. സ്വന്തം സഹോദരൻ വിമത സ്വരവുമായി പരസ്യമായിത്തന്നെ രംഗത്ത് വന്നിരിക്കുന്ന അവസരത്തിൽ ഇത്രയും കാലം ചങ്ങനാശ്ശേരിയെ സേവിച്ച സി എഫ് തോമസ് ഇനി പൂർണ വിശ്രമം എടുക്കുന്നതു നല്ലതാണെന്നാണ് എതിർസ്വരം ഉയരുന്നത്.

പണ്ട് കെ ജെ ചാക്കോ രണ്ടു പ്രാവശ്യം നിന്നപ്പോൾ ഇനി മതി എന്ന് പറഞ്ഞു ബഹളം വച്ച സി എഫ് ഇപ്പോൾ ചങ്ങനാശ്ശേരി നിയോജക മണ്ഡലം ഉണ്ടായതിൽ പിന്നെ 35 വർഷം എംഎൽഎ ആയി ഇരുന്നുവെന്നും ഇനി അതു വേണ്ടെന്നുമുള്ള തരത്തിലാണു വാദങ്ങൾ.

കേരളകോൺഗ്രസ് -എം മുനിസിപ്പൽ പാർലമെന്ററി പാർട്ടി ലീഡറായി ലാലിച്ചൻ കുന്നിപ്പറമ്പിലിനെ തെരഞ്ഞെടുത്തെന്ന വാർത്ത ന്യായവും യുക്തവുമല്ലെന്നും ഇതുസംബന്ധിച്ച നിലപാട് പാർട്ടി നേതൃത്വം വ്യക്തമാക്കണമെന്നും മുനിസിപ്പൽ കൗൺസിലറായ സാജൻ ഫ്രാൻസിസ് പത്രസമ്മേളനം നടത്തി ആവശ്യപ്പെട്ടിരുന്നു. കേരള കോൺഗ്രസിൽ ഉയരുന്ന വിമതസ്വരമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണു വിലയിരുത്തൽ.

മൂന്നാം തവണ ചങ്ങനാശ്ശേരി മുനിസിപ്പൽ കൗൺസിൽ അംഗമായ വ്യക്തിയാണു സി എഫ് തോമസിന്റെ സഹോദരനായ സാജൻ ഫ്രാൻസിസ്. ഇക്കുറി മുനിസിപ്പൽ ചെയർമാൻ ആകുമെന്ന പ്രതീക്ഷയിലായിരുന്നു സാജൻ. എന്നാൽ, അതിനു വിലങ്ങു തടിയായി നിന്നതു സ്വന്തം സഹോദരനായ സി എഫ് തോമസ് ആണെന്ന സൂചനയും വാർത്താസമ്മേളനത്തിൽ സാജൻ നൽകി.

മുമ്പുതന്നെ ചേട്ടൻ തനിക്കെതിരെ കരുക്കൾ നീക്കിയിരുന്നുവെന്നാണു സാജന്റെ വാദം. 1993ൽ സാജനെ മുനിസിപ്പൽ ചെയർമാൻ സ്ഥാനത്തു നിന്ന് ഒഴിവാക്കാൻ കരുക്കൾ നീക്കിയതു സി എഫ് തോമസ് ആണെന്നു പരാതി ഉയർന്നിരുന്നു. നിയോജക മണ്ഡലം പാർട്ടി പ്രസിഡന്റ് ആകാനുള്ള തിരഞ്ഞെടുപ്പിലും തോൽപ്പിക്കാൻ ചേട്ടൻ ഇടപെട്ടതായാണു സാജന്റെ പരാതി. പിന്നീട് ചങ്ങനാശ്ശേരി അർബൻ കോഓപ്പറേറ്റീവ് ബാങ്ക് തിരഞ്ഞെടിപ്പിലും ചേട്ടൻ അനിയനെ കാലു വാരി. 2001 മുതൽ സി എഫ് മാറണമെന്ന് പറഞ്ഞു സാജൻ കലാപം ഉയർത്തുന്നുണ്ട്. 2001ലെ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് കേരള കോൺഗ്രസ് ഓഫീസ് പരിസരത്ത് ഇതിന്റെ പേരിൽ രണ്ടു ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടൽ വരെ ഉണ്ടായിരുന്നു. 2011ലും ഇത്തരത്തിൽ സി എഫ് തോമസ് തനിക്കെതിരെ തിരിഞ്ഞിരുന്നുവെന്നു സാജൻ പരാതി ഉയർത്തിയിരുന്നു. ഏറ്റവും ഒടുവിലായി ഇക്കുറി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും മുനിസിപ്പൽ ചെയർമാൻ സ്ഥാനത്തുനിന്നു തന്നെ മാറ്റിനിർത്തുന്നതു ചേട്ടന്റെ ഇടപെടലാണെന്ന സൂചനയാണു കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിലും സാജൻ പറഞ്ഞത്.

കേരളകോൺഗ്രസ് -എം മുനിസിപ്പൽ പാർലമെന്ററി പാർട്ടി ലീഡറായി ലാലിച്ചൻ കുന്നിപ്പറമ്പിലിനെ തെരഞ്ഞെടുത്തെന്ന വാർത്ത ന്യായവും യുക്തവുമല്ലെന്നും ഇതുസംബന്ധിച്ച നിലപാട് പാർട്ടി നേതൃത്വം വ്യക്തമാക്കണമെന്നുമാണു മുനിസിപ്പൽ കൗൺസിലർ സാജൻ ഫ്രാൻസിസ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടത്. കേരളകോൺഗ്രസ് -എം അംഗങ്ങളായി മുനിസിപ്പൽ കൗൺസിലിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏഴ് കൗൺസിലർമാരിൽ അഞ്ചുപേർ വനിതകളാണ്. ഇതിൽ രണ്ടുപേർ കോൺഗ്രസിന്റെ ഔദ്യോഗിക ഭാരവാഹികളുടെ ഭാര്യമാരും ഒരാൾ എസ്എൻഡിപി പ്രതിനിധിയുമാണ്. ഇവരിൽ നാലുപേർ തന്റെ പേര് പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനത്തേക്ക് നിർദ്ദേശിച്ചുകൊണ്ടു പാർട്ടി ചെയർമാൻ കെ.എം. മാണി എംഎൽഎക്ക് കത്ത് നൽകിയിരുന്നു. പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്.തോമസ് എംഎൽഎക്കും ഇതിന്റെ കോപ്പി കൈമാറിയിട്ടുണ്ടെന്നും സാജൻ പറഞ്ഞു.

45 വർഷമായി പാർട്ടിയിൽ പ്രവർത്തിക്കുന്ന താൻ വിവിധ മേഖലകളിൽ പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചുവെന്നും താൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്ന പലരും പാർട്ടിയിലെയും ഭരണ സംവിധാനങ്ങളിലെയും ഉയർന്ന സ്ഥാനങ്ങളിലെത്തിയിട്ടുണ്ടെന്നും സാജൻ പറഞ്ഞു. കഴിഞ്ഞ മൂന്നു തവണ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പ്രവർത്തകരും പൊതുസമൂഹവും ചിലസമുദായങ്ങളും തന്റെ പേര് നിർദ്ദേശിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ലെന്നും സാജൻ കൂട്ടിച്ചേർത്തു. മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്തേക്ക് തന്റെ പേര് പൊതുവായി നിർദ്ദേശിക്കപ്പെട്ടെങ്കിലും പാർട്ടി ഇക്കാര്യത്തിനായി ഒന്നും ചെയ്തില്ലെന്നും സാജൻ പരാതിപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP