Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമല സ്ത്രീപ്രവേശനം: എല്ലാം കുളമാക്കിയത് എൽഡിഎഫ് സർക്കാരോ? സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സമവായത്തിലൂടെ പരിഹാരമടക്കം പ്രായോഗിക നിർദ്ദേശങ്ങൾ; മണ്ഡല- മകരവിളക്ക് കാലം ഒഴികെയുള്ള കാലയളവിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാൻ കഴിയുമോയെന്ന് പരിഗണിക്കാമെന്നും നിർദ്ദേശം; കോടതി വിധി വന്നത് തെളിവും ആചാരവും ഇഴകീറി പരിശോധിച്ച ശേഷം; സംഘപരിവാർ പ്രചാരണത്തിനെതിരെ സൈബർ സഖാക്കൾ

ശബരിമല സ്ത്രീപ്രവേശനം: എല്ലാം കുളമാക്കിയത് എൽഡിഎഫ് സർക്കാരോ? സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ  സമവായത്തിലൂടെ പരിഹാരമടക്കം പ്രായോഗിക നിർദ്ദേശങ്ങൾ; മണ്ഡല- മകരവിളക്ക് കാലം ഒഴികെയുള്ള കാലയളവിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാൻ കഴിയുമോയെന്ന്  പരിഗണിക്കാമെന്നും നിർദ്ദേശം; കോടതി വിധി വന്നത് തെളിവും ആചാരവും ഇഴകീറി പരിശോധിച്ച ശേഷം; സംഘപരിവാർ പ്രചാരണത്തിനെതിരെ സൈബർ സഖാക്കൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനത്തിന് അനുമതി കിട്ടിയത് എൽഡിഎഫ് സർക്കാർ മൂൻ യുഡിഎഫ് സർക്കാറിന്റെ സത്യവാങ്മൂലം തിരുത്തിയത് മൂലമാണെന്ന പ്രചാരണത്തിനെതിരെ സിപിഎം സൈബർ  രംഗത്ത്. വി എസ് അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് സമർപ്പിച്ച സത്യവാങ്മൂലം തുടരണമെന്നാണ് പിണറായി സർക്കാറും ആവശ്യപ്പെട്ടതെന്നും എൽഡിഎഫ് സർക്കാർ നൽകിയത് സമവായത്തിലൂടെ പരിഹാരം കണ്ടെത്തണമെന്നത് ഉൾപ്പെടെയുള്ള പ്രായോഗിക നിർദ്ദേശങ്ങളടങ്ങിയ സത്യവാങ്മൂലമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഇതു മാത്രമല്ല ഇങ്ങനെ സത്യവാങ്ങ്മൂലം നൽകിയ ഭൂരിഭാഗം കേസുകളിലും സർക്കാർ തോൽക്കുകയാണ് ഉണ്ടായത്. ഒറ്റ സത്യവാങ്മൂലം കൊണ്ട് വിധിമാറില്ലെന്നും ഹൈക്കോടതി അഭിഭാഷകനായ അഡ്വ വിനോദ് ചേലേമ്പ്രയൊക്കെ ചൂണ്ടിക്കാട്ടുന്നു. ശബരിമല വിധി വന്നത് വിദഗ്ധരുടെ റിപ്പോർട്ടും തെളിവും ആചാരവും ഇഴകീറി പരിശോധിച്ച നൂറുകണക്കിന് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്. എല്ലാം കുളമാക്കിയത് എൻഡിഎഫ് സർക്കാറിന്റെ സത്യവാങ്മൂലമാണെന്ന പ്രചാരണം വ്യാജമാണെന്നും സിപിഎം സൈബർ സഖാക്കൾ പറയുന്നു. ഈ വിഷയത്തിൽ 13.11.2007 നാണ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ സംസ്ഥാന സർക്കാർ ആദ്യ സത്യവാങ്മൂലം നൽകിയത്. ഇതാണ് ഒറിജിനൽ അഫിഡവിറ്റ്. ഇതിൽ സ്ത്രീ എന്ന നിലയിലോ മറ്റേതെങ്കിലും രീതിയിലോ ഒരു തരത്തിലും ഉള്ള വിവേചനത്തിന് സംസ്ഥാന സർക്കാർ അനുകൂലമല്ല എന്ന് വളരെ കൃത്യമായി തന്നെ സർക്കാർ സത്യവാങ്മൂലം നൽകി.

5.2.2016 ഇന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ആണ് അടുത്ത സത്യവാങ്മൂലം നൽകുന്നത്. അതിൽ പറഞ്ഞത് നേരെ എതിർ നിലപാട് ആയിരുന്നു. കേരള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുൻ സത്യവാങ്മൂലത്തിൽ പിശകുകൾ ഉണ്ടെന്നും. ശബരിമലയിലെ നിലവിൽ ഉള്ള ഹൈക്കോടതി വിധി പ്രകാരം ആചാരം അനുസരിച്ച് പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായം ഉള്ള സ്ത്രീകള്ക്ക് പ്രവേശനം നൽകരുത് എന്നും ആയിരുന്നു സത്യവാങ്മൂലത്തിൽ.

7.11.2016 ന് സുപ്രീംകോടതി സർക്കാർ നിലപാട് അന്വേഷിച്ചു. കേരള സർക്കാരിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത അച്യുതാനന്ദൻ സർക്കാർ 13.11.2007 ഇന് നൽകിയ ആദ്യ സത്യവാങ്മൂലത്തിൽ തന്നെ ഉറച്ചു നിൽക്കുന്നു എന്നും, Kerala Hindu Places of Public Worship (Authorization of Entry) Rules, 1965 സെക്ഷൻ മൂന്നു അനുസരിച്ച് ഹിന്ദു വിശ്വാസികൾ ആയ ആരെയും അവരുടെ ജാതി പരമോ മറ്റു വിഭിന്നതകളാലോ ക്ഷേത്രത്തിൽ വരുന്നതിൽ നിന്നും തടയരുത് എന്നും നിയമം ഉണ്ട് എന്ന കാര്യം കൂടെ സൂചിപ്പിച്ചു.

സത്യവാങ്മൂലത്തിലെ മറ്റ് പ്രധാന നിർദ്ദേശങ്ങൾ

1) ഹിന്ദുമതത്തെക്കുറിച്ചും ആചാരാനുഷ്ഠാനങ്ങളെ കുറിച്ചും ആഴത്തിൽ അറിവുള്ള പണ്ഡിതന്മാരും സാമൂഹ്യപരിഷ്‌കർത്താക്കളും അംഗങ്ങളായ കമ്മിഷൻ രൂപീകരിച്ച് ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തേടാം.

2) കമ്മിഷൻ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എല്ലാവർക്കും സ്വീകാര്യമായ തീരുമാനത്തിൽ എത്തിച്ചേരാനുള്ള പ്രാപ്തി സുപ്രീംകോടതിക്കുണ്ട്.

3) സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിച്ചാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നാണ് ചിലരുടെ വാദം. (സർക്കാരിന് ഈ വാദത്തോട് യോജിപ്പില്ല). എന്നാൽ, സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനുള്ള എതിർപ്പിനുള്ള കാരണം ഈ വാദമാണെങ്കിൽ, അതിനു പരിഹാരമായി സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാനും ആരാധന നടത്താനും വ്യത്യസ്ത കാലയളവ് നിശ്ചയിക്കാൻ കഴിയുമോ എന്ന വിഷയം കോടതി പരിശോധിക്കണം.

4) മണ്ഡല, മകരവിളക്ക് കാലം ഒഴികെയുള്ള കാലയളവിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാൻ കഴിയുമോ എന്ന കാര്യവും പരിഗണിക്കാവുന്നതാണ്.

5) 41 ദിവസത്തെ വ്രതമെന്ന വ്യവസ്ഥയിൽ സ്ത്രീകൾക്കു വേണ്ടി ഇളവ് അനുവദിക്കാൻ കഴിയുമോ എന്ന വിഷയവും കോടതിക്ക് പരിശോധിക്കാം. സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്ന കാലയളവിൽ തന്ത്രി, പുരോഹിതർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടേതിനു പുറമെയുള്ള ജോലികൾക്ക് വേണമെങ്കിൽ സ്ത്രീകളെ ചുമതലപ്പെടുത്താവുന്നതാണ്.

6) തിരുവിതാംകൂർ അമ്മമഹാറാണി മഹാരാജാവിനും ദിവാനും ഒപ്പം 1939ൽ ശബരിമലയിൽ പ്രവേശിച്ചിരുന്നതായി രേഖയുണ്ട്. 18ാം പടി കയറാതെ ക്ഷേത്രത്തിന്റെ വടക്കേ കവാടത്തിലൂടെയാണ് ഇവർ ക്ഷേത്രത്തിൽ പ്രവേശിച്ചിരുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലെ സ്ത്രീകളും 18ാംപടി കയറാതെ വടക്കേ കവാടത്തിലൂടെ ക്ഷേത്രത്തിൽ പ്രവേശിച്ചിരുന്നതായി പറയപ്പെടുന്നു.

7) വിഷയത്തിൽ ഏതെങ്കിലും രീതിയിലുള്ള അനാവശ്യ വിവാദമുണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ഈ വിഷയത്തിൽ നിലവിൽ ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ട്. ആ ഉത്തരവ് പാലിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. സുപ്രീംകോടതി ആവശ്യപ്പെട്ടതു കൊണ്ട് മാത്രമാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിക്കുന്നത്. ഈ വിഷയത്തിൽ ഏതെങ്കിലും നിയമനിർമ്മാണം നടത്താൻ ഉദ്ദേശ്യമില്ല. പരമോന്നത കോടതിയുടെ വിധിക്കു വേണ്ടി കാത്തിരിക്കുകയാണ്. ആ വിധി അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകുന്നു.

സർക്കാരുകളോ, ഉദ്യോഗസ്ഥരോ, വ്യക്തികളോ നൽകുന്ന സത്യവാങ്മൂലം കോടതിക്കുള്ള കല്ലേപിളർക്കുന്ന കൽപ്പനയല്ലെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. അവരുടെ നിലപാടും അറിയാവുന്ന വസ്തുതകളും സത്യസന്ധമായി കോടതിക്ക് മുൻപിൽ ബോധിപ്പിക്കുന്നു എന്നെ സത്യവാങ്മൂലം കൊണ്ട് ഉദ്ദശിക്കുന്നുള്ളൂ. കോടതിക്ക് ഇതിനെ യുക്തം പോലെ സ്വീകരിക്കാം, തള്ളാം.അതാണ് ഇവിടെയും സംഭവിച്ചതെന്ന് പ്രമുഖ അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.

പിണറായി സർക്കാരിന്റെ സുപ്രീംകോടതി ട്രാക്ക് റിക്കോർഡ് നോക്കുകയാണ് എങ്കിൽ മിക്ക കേസുകളും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. എല്ലാ കേസിലും സർക്കാർ വിവിധ വസ്തുതകൾ ബോധിപ്പിക്കാൻ വേണ്ടി കൊട്ട കണക്കിന് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എന്നിട്ടും വിധി എതിരായി. അപ്പോൾ സത്യവാങ്മൂലം അല്ല വിധിയുടെ ഗതി നിർണ്ണയിച്ചത് എന്ന് വ്യക്തമാണ്.

സംസ്ഥാന നിയമസഭ പാസാക്കിയ മെഡിക്കൽ കോളേജ് റഗുലറൈസ് ചെയ്ത ബില്ലും, അതിനു മുമ്പ് അതെ വിഷയത്തിൽ ഇറക്കിയ ഓർഡിനൻസും സുപ്രീംകോടതി തള്ളിക്കളഞ്ഞു എന്ന് ഓർക്കണം. രണ്ടിനും ഒരു സത്യവാങ്മൂലത്തിന്റെ വിലയല്ല, ഒരു കല്പനയുടെ വിലയുണ്ട്. സർക്കാറിന്റെ ഈ സത്യവാങ്മൂലം മാത്രമല്ല, സ്ത്രീകൾക്ക് തത്തുല്യമായ പരിഗണന നൽകണം എന്ന ഡസൻ കണക്കിന് കോടതി ഉത്തരവുകൾ, വിവിധ ക്ഷേത്രങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിധികൾ, രാജു രാമചന്ദ്രൻ, കെ പരമേശ്വർ എന്നീ സുപ്രീംകോടതി അമിക്കസ് ക്യുറി ശബരിമലയെ കുറിച്ച് നൽകിയ റിപ്പോർട്ട്, ഹൈന്ദവ വേദങ്ങൾ, ഹൈന്ദവ ആചാരങ്ങൾ സംബന്ധിച്ച ഗ്രന്ഥങ്ങൾ മുതൽ മഹാരാഷ്ട്ര ഹൈക്കോടതി ശനീശ്വര ക്ഷേത്രത്തിൽ സ്ത്രീ പ്രവേശനം സംബന്ധിച്ച് നൽകിയ വിധിയും, അത് നടപ്പാക്കിയതും അടക്കം നൂറിലധികം വരുന്ന സമാനമായ, സ്ത്രീക്ക് തത്തുല്യ അവകാശം പ്രഖ്യാപിക്കുന്ന നിലപാടുകൾ വിധികൾ, കുറിപ്പുകൾ തെളിവുകൾ എന്നിവയുടെ ആധാരത്തിലാണ് വിധി വന്നത്. യുഡിഎഫ് സർക്കാറിന്റെ സത്യവാങ്മൂലമാണ്‌
എടുത്തെതെങ്കിലും വിധി തിരിച്ചാവാൻ നല്ല സാധ്യതയുണ്ടെന്നാണ് നിയമ വിദഗ്ദ്ധർ പറയുന്നത്. പക്ഷേ പ്രചാരണം നടക്കുന്നതാവട്ടെ പിണറായി സർക്കാർ ഇത് ചോദിച്ച്
വാങ്ങിയ വിധിയാണെന്നും. ഇതിനെയാണ് സിപിഎം സൈബർ വിങ് ഖണ്ഡിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP