Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202330Thursday

മുസ്ലിംലീഗിന് തീവ്രവാദ പാർട്ടികളുടെ നിലപാടില്ല; ലീഗിനെ ജനാധിപത്യ പാർട്ടിയായാണ് കാണുന്നത്; ജമാഅത്തെ ഇസ്ലാമിയുമായി പ്രത്യേകം ചർച്ച നടത്തിയിട്ടില്ല; തുറന്നചർച്ച അവരുടെ തീവ്ര നിലപാടുകളിൽ മാറ്റമുണ്ടായാൽ മാത്രം; ക്രൈസ്തവ സമൂഹത്തിന് ഞങ്ങളെ ഭയമില്ല; രാഷ്ട്രീയ നിലപാടുകൾ പറഞ്ഞ് ആർഎസ്എസ്

മുസ്ലിംലീഗിന് തീവ്രവാദ പാർട്ടികളുടെ നിലപാടില്ല; ലീഗിനെ ജനാധിപത്യ പാർട്ടിയായാണ് കാണുന്നത്; ജമാഅത്തെ ഇസ്ലാമിയുമായി പ്രത്യേകം ചർച്ച നടത്തിയിട്ടില്ല; തുറന്നചർച്ച അവരുടെ തീവ്ര നിലപാടുകളിൽ മാറ്റമുണ്ടായാൽ മാത്രം; ക്രൈസ്തവ സമൂഹത്തിന് ഞങ്ങളെ ഭയമില്ല; രാഷ്ട്രീയ നിലപാടുകൾ പറഞ്ഞ് ആർഎസ്എസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അടക്കം കൂടുതൽ കണ്ണുവെക്കുന്നുണ്ട്. ഒരു സീറ്റെങ്കിലും നേടാൻ കഴിയുമോ എന്ന ആലോചനയാണ് നടക്കുന്നത്. പതിവുപോലെ തൃശ്ശൂരും തിരുവനന്തപുരവുമാണ് ബിജെപി നോട്ടമിടുന്ന സീറ്റുകൾ. ഇതിനിടെ ഇപ്പോഴത്തെ ബിജെപി നേതൃത്വവുമായി ആർഎസ്എസ് അത്രയ്ക്ക സുഖത്തിലല്ല മുന്നോട്ടുപോകുന്നത്. ഇതിനിടെയും ദേശീയ തലത്തിൽ ആർഎസ്എസ് മുസ്ലിം നേതാക്കളുമായി അടക്കം ചർച്ചകൾ നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി കേരളത്തിലും കൂടുതൽ ചർച്ചകളിലേക്ക് ആർഎസ്എസ് കടക്കുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

കേരളത്തിലെ പ്രബല രാഷ്ട്രീയ കക്ഷികളിൽ ഒന്നായ മുസ്ലിം ലീഗിന് ആർഎസ്എസിന്റെ ഗുഡ് സർട്ടിഫിക്കറ്റുമായാണ് ആർഎസ്എസ് നേതാക്കൾ ഇന്ന് രംഗത്തുവന്നത്. മുസ്ലിം ലീഗിനെ ജനാധിപത്യ പാർട്ടിയായാണ് കാണുന്നതെന്ന് ആർഎസ്എസ് പ്രാന്ത കാര്യവാഹക് പി എൻ ഈശ്വരൻ കൊച്ചിയിൽ വ്യക്തമാക്കി. മുസ്ലിം ലീഗിന് വർഗീയ താൽപര്യങ്ങളുണ്ടെന്നും എന്നാൽ തീവ്രവാദ പാർട്ടികളുടെ നിലപാട് ലീഗിനില്ലെന്നും ആർഎസ്എസ് നേതാക്കൾ പറഞ്ഞു.

ജമാ അത്തെ ഇസ്ലാമിയുമായല്ല ഡൽഹിയിൽ ചർച്ച നടത്തിയത്. ചർച്ചയ്‌ക്കെത്തിയ മുസ്ലിം ബുദ്ധിജീവി സംഘത്തിൽ ജമാ അത്തേ ഇസ്ലാമി പ്രതിനിധിയും ഉണ്ടായിരുന്നു. ജമാ അത്തെ ഇസ്ലാമിയുമായി തുറന്ന ചർച്ച അവരുടെ തീവ്ര നിലപാടുകളിൽ മാറ്റമുണ്ടായാൽ മാത്രമേ നടത്തൂവെന്നും ആർഎസ്എസ് നേതാക്കൾ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ദേശവിരുദ്ധ നിലപാടുള്ളവരുമായി ചർച്ചയ്ക്ക് തയ്യാറല്ലെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വർഗ്ഗീയ നിലപാട് തുടർന്നാൽ ചർച്ചയ്ക്ക് തയ്യാറല്ല. ക്രൈസ്തവ സമൂഹത്തിന് ആർഎസ്എസിനെ ഭയമില്ലെന്നും രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സംഘചാലക് കെ.കെ. ബാലറാം, ആർഎസ്എസ് പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ, സഹ പ്രാന്തപ്രചാർ പ്രമുഖ് പി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2025ലെ വിജയദശമി മുതൽ ഒരു വർഷം ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങൾ നടക്കുമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശതാബ്ദി പരിപാടികൾക്ക് അടുത്ത വർഷത്തെ അഖിലഭാരതീയ പ്രതിനിധിസഭ രൂപം നൽകും. അതിന് മുന്നോടിയായി സംഘപ്രവർത്തനം സമൂഹത്തിലെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള കർമ പരിപാടികൾ തയാറാക്കും. രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ശാഖയും ആഴ്ചയിലുള്ള മിലനും ആരംഭിക്കാനാണ് ലക്ഷ്യം. നിലവിൽ രാജ്യത്ത് 42,613 സ്ഥാനുകളിലായി 68,631 ശാഖകളുണ്ട്. 2020നെ അപേക്ഷിച്ച് 3,700 സ്ഥാനുകളും 6,160 ശാഖകളും വർധിച്ചു. ആഴ്ചയിലൊരിക്കൽ ചേരുന്ന മിലൻ പ്രവർത്തനം 6,540 വർധിച്ച് 26,877 ആയി. മാസത്തിൽ ഒരിക്കൽ കൂടുന്ന സംഘമണ്ഡലികളും 1,680 കൂടി 10,412 ആയി. എല്ലാ മണ്ഡലങ്ങളിലും പ്രവർത്തനം എത്തുക എന്നതാണ് ശതാബ്ദിയിൽ മുന്നോട്ടുവച്ചിട്ടുള്ള ലക്ഷ്യം. ഒരു ലക്ഷം സ്ഥലങ്ങളിൽ ശാഖകളെത്തിക്കും.

മാർച്ച് 12 മുതൽ 14 വരെ ഹരിയാനയിലെ പാനിപ്പത്ത് സമാൽഖയിലെ സേവാസാധനാ ഗ്രാമവികാസ കേന്ദ്രത്തിൽ ചേർന്ന ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ, തനിമയിലൂന്നിയ രാഷ്ട്രപുനരുത്ഥാനത്തിന് തയ്യാറെടുക്കണം എന്ന സന്ദേശമാണ് നൽകിയത്. വിവിധക്ഷേത്ര സംഘടനകളിൽ നിന്ന് ഉൾപ്പെടെ 1,400 പ്രതിനിധികളാണ് പ്രതിനിധി സഭയിൽ പങ്കെടുത്തത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തോട് അനുബന്ധിച്ച് നടത്തിയ അമൃത മഹോത്സവ പരിപാടികൾ പ്രതിനിധി സഭ വിലയിരുത്തി.സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടെങ്കിലും ദേശീയജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും സ്വത്വത്തിന്റെ ആവിഷ്‌കാരം പൂർണമായിട്ടില്ല. ദേശവിരുദ്ധ ചിന്താഗതികളുടെ പ്രഭാവം ഇപ്പോഴും പ്രകടമാണ്. പൗരന്മാരുടെ കാഴ്ചപ്പാടിൽ ഇനിയും വലിയ മാറ്റം വരുത്തേണ്ടതുണ്ട്. കോളനിവൽക്കരണ മാനസികാവസ്ഥ പൂർണ്ണമായും മാറ്റണം. ആത്മീയവും സാംസ്കാരികവുമായ അസ്തിത്വം തിരിച്ചറിയുക എന്നത് പ്രധാനമാണ്. ആഗോള തലത്തിൽ ഭാരതം കൂടുതൽ ശ്രദ്ധ നേടുന്ന ഇക്കാലത്ത് നമ്മുടെ വികസനത്തിന്റെ ദിശ എന്തായിരിക്കണം എന്നതാണ് പ്രതിനിധി സഭയുടെ പ്രമേയം ചൂണ്ടിക്കാട്ടിയതെന്നും നേതാക്കൾ പറഞ്ഞു.

കേരളത്തിൽ ഇപ്പോൾ 5,359 സ്ഥലങ്ങളിൽ പ്രവർത്തനം നടക്കുന്നുണ്ട്. അടുത്ത വർഷത്തോടെ കേരളത്തിൽ എണ്ണായിരം സ്ഥലങ്ങളിൽ പ്രവർത്തനമെത്തണമെന്നതാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന് പ്രവർത്തകരെ തയ്യാറാക്കുന്നതിന് സംസ്ഥാനത്ത് 4 സ്ഥലങ്ങളിലായി പരിശീലനവർഗുകൾ സംഘടിപ്പിക്കും. വിദ്യാർത്ഥികൾ ,മുതിർന്ന പ്രവർത്തകർ എന്നിവർ ഇതിൽ പങ്കെടുക്കും. പരിസ്ഥിതി സംരക്ഷണം, ഗ്രാമവികാസം, കുടുംബ പ്രബോധനം തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ അനുഭവസമ്പന്നരായ പ്രവർത്തകരെ നിയോഗിച്ച് പ്രവർത്തനം ശക്തമാക്കും. ഗ്രാമങ്ങളുടെ സ്വാവലംബനം, സംരഭകത്വ പരിശീലനം, സ്വദേശി എന്നീ മേഖലകളിൽ സ്ഥായിയായ പ്രവർത്തനങ്ങൾ നടന്നുവരുന്നു. സമൂഹത്തിൽ വ്യാപിച്ച ലഹരി ഉപയോഗത്തിനെതിരായ ബോധവൽക്കരണത്തിനു കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകും. ദേശീയ വിചാരത്തിന് കൂടുതൽ പ്രചാരം ലഭിക്കാനുള്ള ആശയ പ്രചാരണത്തിന് വിവിധ സംഘടനകൾ നേതൃത്വം നൽകുമെന്നും നേതാക്കൾ വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP