Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മഹാപ്രളയത്തിന് കാരണം ഡാമുകൾ തുറന്നുവിട്ടതോ? വ്യത്യസ്താഭിപ്രായവുമായി കേന്ദ്ര ജലകമ്മീഷനും ഭൗമശാസ്ത്ര വകുപ്പും രംഗത്തെത്തിയതിനിടെ ഡാമുകൾ തുറന്നതിലെ അപാകത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി; മനുഷ്യനിർമ്മിത ദുരന്തമെന്ന ടി.ജി.മോഹൻദാസിന്റെ ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി കോടതി; മുന്നറിയിപ്പില്ലാത്ത പ്രവർത്തിയാണ് ദുരന്തത്തിന് കാരണമെന്ന പ്രചാരണം തള്ളി വീണ്ടും കെഎസ്ഇബി

മഹാപ്രളയത്തിന് കാരണം ഡാമുകൾ തുറന്നുവിട്ടതോ? വ്യത്യസ്താഭിപ്രായവുമായി കേന്ദ്ര ജലകമ്മീഷനും ഭൗമശാസ്ത്ര വകുപ്പും രംഗത്തെത്തിയതിനിടെ ഡാമുകൾ തുറന്നതിലെ അപാകത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി; മനുഷ്യനിർമ്മിത ദുരന്തമെന്ന ടി.ജി.മോഹൻദാസിന്റെ ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി കോടതി;  മുന്നറിയിപ്പില്ലാത്ത പ്രവർത്തിയാണ് ദുരന്തത്തിന് കാരണമെന്ന പ്രചാരണം തള്ളി വീണ്ടും കെഎസ്ഇബി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലെ മഹാപ്രളയത്തിന് കാരണമെന്തെന്ന കാര്യത്തിൽ തർക്കം വീണ്ടും മുറുകുകയാണ്. പ്രളയത്തിന് കാരണം ഡാമുകൾ തുറന്നതല്ല, അപ്രതീക്ഷിതമായി പെയ്ത അതിശക്തമായ മഴയാണെന്ന് കേന്ദ്ര ജല കമ്മീഷൻ വ്യക്തമാക്കുമ്പോൾ, മറിച്ചുള്ള അഭിപ്രായമാണ് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനുള്ളത്. കനത്ത മഴ മാത്രമല്ല ഡാമുകൾ തുറന്നുവിട്ടതും പ്രളയത്തിന് കാരണമായിട്ടുണ്ടെന്ന് മന്ത്രാലയ സെക്രട്ടറി എം.രാജീവൻ പരഞ്ഞു. സർക്കാരിന് റെഡ് അലർട്ട് നൽകിയിരുന്നതാണെന്നും കാലാവസ്ഥാ പ്രവചനം കേരളം കൂടുതൽ ഗൗരവമായി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ, മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നതിലുള്ള അപാകത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി എത്തി. പ്രളയക്കെടുതി മുനുഷ്യനിർമ്മിതമാണെന്ന് ആരോപിച്ചുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി.

കേരളത്തിൽ നടന്നത് പ്രകൃത്യാലുള്ള ദുരന്തമല്ലെന്നും മനുഷ്യനിർമ്മിതമായ ദുരന്തമെന്നും ആരോപിച്ച് അഡ്വ.ടി.ജി മോഹൻദാസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി സംസ്ഥാന സർക്കാരിൽ നിന്ന് വിശദീകരണം തേടിയത്. ദുരന്തത്തിന് ഉത്തരവാദികളായവരുടെ കയ്യിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാനത്ത് 2007 ൽ രൂപീകരിച്ച ദുരന്തനിവാരണ അഥോറിറ്റിയിൽ വിദഗ്ദ്ധർ ഇല്ല എന്നത് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. വിദഗ്ദ്ധരുടെ അഭിപ്രായം ആരായാതെയാണ് ഡാമുകൾ തുറന്നുവിട്ടത്. പൊതു ജനങ്ങൾക്ക് ദോഷം വരാതെ കാര്യങ്ങൽ നിയന്ത്രിക്കുന്നതിൽ ഡാം സേഫ്റ്റി അഥോറിറ്റിക്കും വീഴ്ചപറ്റി.

സർക്കാർ സംവിധാനങ്ങൾ കൃത്യനിർവ്വഹണം നടത്തുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ടു. വളരെ ലാഘവത്തോടെയാണ് വിഷയം കൈകാര്യം ചെയ്തത്. വേണ്ടത്ര തയ്യാറെടുപ്പുകൾ ഇല്ലാതെയാണ് ജാഗ്രതാനിർദ്ദേശം നൽകിയത്. ആറിന് തീരത്തുനിന്ന് നൂറുമീറ്റർ പരിധിയിലുള്ളവർ മാറി താമസിക്കണമെന്നാണ് ജില്ലാ കളക്ടർമാർ നൽകിയ ജാഗ്രതാനിർദ്ദേശം. ഇത്തരത്തിൽ വലിയ വീഴ്ച വരുത്തിയ സർക്കാർ അധികാരികൾക്കെതിരെ അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

സർക്കാാർ സംവിധാനങ്ങളുടെ കുറ്റകരമായ അനാസ്ഥ കേന്ദ്ര ജലകമ്മീഷനോ ജുഡീഷ്യൽ കമ്മീഷനോ അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ദുരന്തത്തിൽ കഷ്ടമനുഭവിക്കുന്നവർക്ക് വിവേചനമില്ലാതെ നഷ്ടപരിഹാരം ലഭിക്കാനായി ട്രിബൂണൽ രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. ഹർജി് അടുത്ത മാസം 12ന് പരിഗണിക്കും

അതേസമയം ഡാമുകൾ തുറന്ന് വിട്ടതാണ് പ്രളയത്തിന് കാരണമായതെന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന വിശദീകരണവുമായി കെഎസ്ഇബി രംഗതതെത്തി.

കെഎസ്ഇബിയുടെ വിശദീകരണം ഇങ്ങനെ:

മുന്നൊരുക്കമില്ലാതെയും മുന്നറിയിപ്പുകൾ കണക്കിലെടുക്കാതെയും കേരളത്തിലെ ഡാമുകൾ തുറന്നതാണ് സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന് കാരണമായതെന്ന പ്രചാരണം ദുരുദ്ദേശപരവും വസ്തുതകൾക്ക് നിരക്കാത്തതുമാണ്. മഴയുടെ സാധ്യത പ്രവചിക്കുന്ന ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപാർട്ട്‌മെന്റിന്റെ (IMD) കാലാവസ്ഥാ പ്രവചനങ്ങളെയും മുൻവർഷങ്ങളിൽ ലഭിച്ച നീരൊഴുക്കിന്റെ അളവിനെയും പ്രതിദിനം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന നീരൊഴുക്കിനെയും അടിസ്ഥാനമാക്കിയാണ് കെ.എസ്.ഇ.ബി.-യുടെ ഡാമുകളിൽ ജലം ശേഖരിക്കുന്നതും ജലത്തിന്റെ ഉപയോഗം ക്രമീകരിക്കുന്നതും.

IMD-യുടെ മുന്നറിയിപ്പ് എങ്ങനെയായിരുന്നു?

കാലവർഷത്തെ കുറിച്ച് സാധാരണ പോലെ ഈ വർഷവും ഏപ്രിൽ മാസം ജൂൺ - സെപ്റ്റംബർ മാസത്തേക്കുള്ള ആദ്യഘട്ട ദീർഘകാല കാലാവസ്ഥാ പ്രവചനം നൽകിയിരുന്നു. ശേഷം 2018 മെയ് 30ന് രണ്ടാം ഘട്ട പ്രവചനവും IMD നൽകി. ഈ രണ്ട് പ്രവചനത്തിലും തെക്ക് -പടിഞ്ഞാറൻ കാലവർഷം സാധാരണഗതിയിലാകും ലഭിക്കുക എന്നായിരുന്നു, അതായത് ദീർഘകാല ശരാശരിയുടെ 96 മുതൽ 104 ശതമാനം വരെ. തെക്കേ ഇന്ത്യയിലാകട്ടെ അത് 95 ശതമാനമാകുമെന്നും പ്രവചിച്ചിരുന്നു. IMD യുടെ രണ്ടാം പാദത്തിലേക്കുള്ള പ്രവചനം ഓഗസ്റ്റ് 3 ന് പുറത്തിറക്കിയിരുന്നതിലും ഓഗസ്റ്റ് - സെപ്റ്റംബർ മാസത്തിൽ ലഭിക്കാൻ സാധ്യതയുള്ളത് ശരാശരി മഴയെന്നായിരുന്നു.

ദീർഘകാല പ്രവചനത്തിന് പുറമേ, ആഴ്ചയടിസ്ഥാനത്തിലും ദിവസാടിസ്ഥാനത്തിലും IMD മുന്നറിയിപ്പ് പുറത്തിറക്കാറുണ്ട്. എന്നാൽ ഈ മുന്നറിയിപ്പുകൾ ജലവിഭവ ഉപയോഗക്രമത്തിൽ അവസാന ഘട്ടത്തിലെ ചെറിയ തോതിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മാത്രമേ സഹായകരമാകൂ.ജൂലൈ 26-ന്റെ പ്രതിവാര ബുള്ളറ്റിനിൽ ഓഗസ്റ്റ് 2 മുതൽ 8 വരെയുള്ള വാരത്തിൽ രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലും തേക്കേ അറ്റം ഉൾപ്പെടുന്ന ഉപദ്വീപിലും സാധാരണത്തേതിൽ നിന്നും കൂടിയ മഴ തുടരാൻ സാദ്ധ്യതയുണ്ടെന്നത് മാത്രമാണ് കേരളത്തെ സംബന്ധിച്ച് ഇതിലുള്ള പ്രസക്തമായ ഏക പരാമർശം. ഈ ബുള്ളറ്റിനിലും കനത്ത മഴ പ്രവചിച്ചിരുന്നില്ല.

ഓഗസ്റ്റ് 9-ന് IMD ഇറക്കിയ മുന്നറിയിപ്പിൽ, ഓഗസ്റ്റ് 9 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ അതിശക്തമായ മഴ (115.6 മുതൽ 204.4 മില്ലീമീറ്റർ വരെ) ലഭിക്കാൻ സാധ്യതയുള്ളത് ഓഗസ്റ്റ് 9 ന് മാത്രമാണെന്നും ബാക്കി ദിവസങ്ങളിൽ പരമാവധി 115.5 മില്ലീമീറ്റർ വരെ മാത്രമേ മഴ ലഭിക്കൂ എന്നുമായിരുന്നു. അതി തീവ്ര മഴ (204.40 മില്ലീമീറ്ററിൽ അധികം) കേരളത്തിൽ പ്രവചിച്ചിരുന്നുമില്ല.

IMD-യുടെ സാധാരണയായുള്ള പ്രവചനത്തിനപ്പുറം കൂടുതൽ ശ്രദ്ധിക്കേണ്ടതായ ഒരു മുന്നറിയിപ്പും ഈ ബുള്ളറ്റിനുകളിൽ ഇല്ലായിരുന്നു. ഈ മുന്നറിയിപ്പനുസരിച്ച് ഓഗസ്റ്റ് ആദ്യവാരത്തിൽപ്പോലും പ്രളയത്തിന് കാരണമാകാവുന്ന നിലയിൽ അതികഠിനമായ മഴയുടെ സൂചന പോലും കേരളത്തിൽ ഉണ്ടായിരുന്നില്ല.

ഡാമുകൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ

ഡാമുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കെ എസ്ഇബി യാതൊരു മുന്നൊരുക്കങ്ങളും നടത്തിയില്ല എന്നും യഥാസമയം മുന്നറിയിപ്പുകൾ നല്കിയില്ല എന്ന് പറയുന്നതും വസ്തുതകൾക്ക് നിരക്കാത്തതാണ്.

യഥാർത്ഥത്തിൽ ജൂലൈ മാസം മുതൽ തന്നെ കേരളത്തിൽ പൊതുവിലും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ പ്രത്യേകിച്ചും ലഭിച്ചത് IMD പ്രവചനത്തിൽ നിന്നും വ്യത്യസ്തമായി ശക്തമായ മഴയായിരുന്നു.ഇതിനെ തുടർന്ന് ജൂലൈ രണ്ടാം വാരമായപ്പോൾ തന്നെ ഡാമുകളിലേക്കുള്ള നീരൊഴുക്കും വർദ്ധിച്ചിരുന്നു. ഇത് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ ചെറുകിട ജലവൈദ്യുത നിലയങ്ങളും പൂർണ ശേഷിയിൽ പ്രവർത്തിപ്പിച്ചു. ചെറിയ ഡാമുകളായ കല്ലാർകുട്ടി, ലോവർ പെരിയാർ, കക്കയം, മൂഴിയാർ, പൊരിങ്ങൽ, ഷോളയാർ, ബാണാസുരസാഗർ തുടങ്ങിയവയെല്ലാം ജൂലൈയിൽ തന്നെ തുറന്ന് വിടുകയും ചെയ്തിരുന്നു.

ജൂലൈ മാസം 16 വരെയുള്ള ദിവസങ്ങളിൽ ഇടുക്കിയിൽ 153.40ഉം ഇടമലയാറിൽ 125ഉം പമ്പയിൽ 120 ഉം കക്കിയിൽ 188 ഉം ബാണാസുരസാഗറിൽ 263.60 ഉം മില്ലീമീറ്റർ പരമാവധി മഴ രേഖപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ മഴയിലും നീരൊഴുക്കിലും ഉണ്ടായ വർദ്ധനവിനെ തുടർന്ന്, സാധാരണ കാലവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം വലിയ ജലവൈദ്യുതി നിലയങ്ങളായ മൂലമറ്റം, ശബരിഗിരി, ഇടമലയാർ എന്നീ പദ്ധതികളിൽ നിന്നുള്ള ഉൽപാദനം വർദ്ധിപ്പിച്ച് വലിയ ഡാമുകളിലെ ജലം നിയന്ത്രിച്ച് നിർത്തുകയും ചെയ്തിരുന്നു.

മഴ ശക്തിപ്പെടുന്നതും വിവിധ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നതും കണക്കിലെടുത്ത് ജൂലൈ 25 ന് കെ.എസ്.ഇ.ബി സി.എം.ഡിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം കൂടുകയും സ്വീകരിക്കേണ്ട മുൻകരുതലുകളും നടപടികളും സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുകയും ഇടുക്കി, പമ്പ, കക്കി, ഇടമലയാർ എന്നീ ഡാമുകൾ തുറക്കുന്നതിനുള്ള മുന്നറിയിപ്പ് നൻകാനുള്ള ജലനിരപ്പുകൾ തീരുമാനിക്കുകയും ചെയ്തു. അതനുസരിച്ച് ജില്ലാ ഭരണാധികാരികളെയും ദുരന്ത നിവാരണ അഥോറിറ്റിയെയും യഥാസമയങ്ങളിൽ അറിയിച്ച് ആവശ്യമെങ്കിൽ ഡാമുകൾ തുറക്കാൻ ഡാം സേഫ്ടി ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.

ഇതനുസരിച്ച് സമയാസമയങ്ങളിൽ വിവിധ അലർട്ടുകൾ പുറപ്പെടുവിച്ചു. കക്കിയിൽ ജൂലൈ 24 ന് ബ്ലൂ അലർട്ടും ഓഗസ്റ്റ് 3 ന് ഓറഞ്ച് അലർട്ടും നൽകി. റെഡ് അലർട്ട് നൽകിയത് ഓഗസ്റ്റ് 8 നാണ്. പമ്പയിൽ ജൂലൈ 17ന് ബ്ലൂ അലർട്ടും 26-ന് ഓറഞ്ച് അലർട്ടും നൽകിയെങ്കിലും മഴ കുറഞ്ഞതിനാൽ ഓറഞ്ച് അലർട്ട് 30-ന് പിൻവലിച്ചു. എന്നാൽ മഴ ശക്തിപ്പെട്ടതോടെ ഓഗസ്റ്റ് 9 ന് വീണ്ടും ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. അന്നുതന്നെ റെഡ് അലർട്ടും വേണ്ടി വന്നു. ഇടുക്കിയിൽ ജൂലൈ 26-ന് ബ്ലൂ അലർട്ടും 30-ന് ഓറഞ്ച് അലർട്ടും ഓഗസ്റ്റ് 9 ന് റെഡ് അലർട്ടും നൽകിയിരുന്നു. ഇടമലയാറിലാകട്ടെ ജൂലൈ 25-ന് ബ്ലൂ, ഓഗസ്റ്റ് 1 ന് ഓറഞ്ച്, ഓഗസ്റ്റ് 8 ന് റെഡ് എന്നിങ്ങനെയാണ് അലർട്ടുകൾ പുറപ്പെടുവിച്ചിരുന്നത്. ഇത്തരത്തിൽ വിവിധ ഘട്ടങ്ങളിൽ അലർട്ടുകൾ നൽകിയതിനു ശേഷമാണ് ഡാമുകൾ വിവിധ ദിവസങ്ങളിലായി തുറന്നത്. ഒരു ഡാമും രാത്രികാലങ്ങളിൽ തുറന്നിട്ടില്ല.

എന്നാൽ ബാണാസുരസാഗർ ഡാമിനെ സംബന്ധിച്ച് ഇത്തരത്തിൽ അലർട്ടുകൾ കൊടുത്ത് കാത്തിരിക്കാൻ നിർവാഹമില്ല. കാരണം ബാണാസുരസാഗർ ഡാം മണ്ണ് കൊണ്ട് നിർമ്മിച്ചതാണ്. ഇതിന്റെ ഫുൾ റിസർവോയർ ലെവലും മാക്‌സിമം റിസർവോയർ ലെവലും ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ പരമാവധി ജലനിരപ്പിന് മുകളിലായി വെള്ളം ഡാമിൽ പിടിച്ച് നിർത്തുന്നത് ഡാമിന്റെ സുരക്ഷയെ തന്നെ ബാധിക്കും. ആയതിനാൽ പരമാവധി നിരപ്പിന് മുകളിൽ വെള്ളം എത്തിയാൽ പിന്നീട് ഒഴുകി വരുന്ന മുഴുവൻ ജലവും പുഴയിലേക്ക് ഒഴുക്കിക്കളയുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല.

ഇത്തരത്തിൽ ജലനിരപ്പ് പരമാവധി വരെ ഉയരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ജൂലൈ മാസം 14 മുതൽ ഓഗസ്റ്റ് 5 വരെ ബാണാസുരസാഗർ ഡാമിൽ നിന്നും വെള്ളം തുറന്ന് വിട്ട് പുറത്തേക്ക് ഒഴുക്കിയിരുന്നു. പ്രാദേശിക മാധ്യമങ്ങളിലും ജില്ലാ ഭരണാധികാരികൾക്കും കൃത്യമായ അറിയിപ്പ് നല്കിയതിന് ശേഷമാണ് ബാണാസുരസാഗർ ഡാമും തുറന്ന് വിട്ടത്. ഡാമിലേക്കുള്ള നീരൊഴുക്ക് ഇല്ലാതായ സാഹചര്യത്തിൽ ഓഗസ്റ്റ് 5-ന് ഡാമിൽ നിന്നും പുറത്തേക്ക് വെള്ളം ഒഴുക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തു. ഓഗസ്റ്റ് 6-ന് വൈകുന്നേരം മുതൽ വൃഷ്ടിപ്രദേശത്ത് വീണ്ടും അതി തീവ്രതയോടെയുള്ള മഴ ആരംഭിച്ചത് ഡാമിലേക്കുള്ള നീരൊഴുക്കിൽ വൻ വർദ്ധനയുണ്ടാക്കി. ഇത് മൂലം ഓഗസ്റ്റ് 7-ന് രാവിലെ വീണ്ടും ഡാം തുറക്കേണ്ടി വന്നു. ഇത് പല ഘട്ടങ്ങളിലായി 10 സെന്റീമീറ്റർ മുതൽ ചെറിയ അളവിൽ നിന്ന് ഏകദേശം 59 മണിക്കൂർകൊണ്ടാണ് പരമാവധി 290 സെന്റീമീറ്ററായി ഡാം ഷട്ടറിന്റെ വിടവ് വർദ്ധിപ്പിച്ചത്. ഇങ്ങനെ വളരെ അടിയന്തിരമായി ഡാം തുറക്കേണ്ടിവരുന്ന സാഹചര്യം ജില്ലാ ഭരണാധികാരികളെ ഇമെയിൽ അടക്കമുള്ള അടിയന്തിര സന്ദേശം വഴി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഡാമുകൾ തുറന്നതാണോ പ്രളയത്തിന് കാരണമായത്?

കെ.എസ്.ഇ.ബിക്ക് എതിരായി ഉയരുന്ന മറ്റൊരു ആരോപണം പ്രളയത്തിനു കാരണമായത് ഡാമുകൾ എല്ലാം ഒരുമിച്ച് തുറന്നതാണെന്നായിരുന്നു. വസ്തുതകൾ പരിശോധിച്ചാൽ ഈ ആരോപണവും ശരിയല്ല എന്ന് കാണാം.

കെ.എസ്.ഇ.ബി-യുടെ ചെറു ഡാമുകളെല്ലാം ജൂലൈ മാസം മുതൽ തന്നെ തുറന്ന് വിട്ട് വെള്ളം പുറത്തേക്ക് ഒഴുക്കിയ നിലയിലായിരുന്നു. ഓഗസ്റ്റ് മാസത്തിൽ മാത്രമാണ് വലിയ ഡാമുകൾ തുറക്കേണ്ട സാഹചര്യമുണ്ടായത്. ശ്രദ്ധിക്കേണ്ട ഒരു വസ്തുത, ഡാമുകൾ തുറക്കുമ്പോൾ സംഭരിച്ച് വെച്ച ജലമല്ല പുറത്തേക്ക് ഒഴുക്കുന്നത്. മറിച്ച് വൻ മഴയെ തുടർന്ന് വർദ്ധിച്ച തോതിൽ ലഭിക്കുന്ന അധിക നീരൊഴുക്കിന്റെ ഒരു ഭാഗം മാത്രമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഡാമുകൾ ഇല്ലാത്ത സാഹചര്യത്തിൽ ഈ അധിക നീരൊഴുക്ക് മുഴുവനും സമതലങ്ങളിലേക്ക് പ്രവഹിക്കും.

IMD-യുടെ ദീർഘകാല പ്രവചനങ്ങളെയും രണ്ടാംപാദ പ്രവചനങ്ങളെയും അസ്ഥാനത്താക്കി ഓഗസ്റ്റ് രണ്ടാം വാരത്തിൽ ലഭിച്ച മഴയാണ് ഡാമുകളിലേക്കും സമതലങ്ങളിലേക്കും അമിതമായ പ്രളയ ജലം എത്തിക്കാൻ ഇടയാക്കിയത്. ഓഗസ്റ്റ് 7 മുതൽ 20 വരെ പ്രധാനപ്പെട്ട ഡാമുകളിൽ ലഭിച്ച മഴയുടെ കണക്ക് പരിശോധിച്ചാൽ ഇത് വ്യക്തമാകും. ഇടുക്കിയിൽ 1645, ഇടമലയാറിൽ 1234, പമ്പയിൽ 1066, കക്കിയിൽ 1800, ബാണാസുരസാഗറിൽ 2598 മില്ലീമീറ്റർ എന്ന അളവിലാണ് മഴ ലഭിച്ചത്.

ഇത്ര രൂക്ഷമായി മഴ പെയ്തത് മൂലം ഡാമിലേക്കുള്ള നീരൊഴുക്കിൽ വലിയ തോതിലുള്ള വർദ്ധനവാണ് രേഖപ്പെടുത്തിയത്.എന്നാൽ ഇങ്ങനെ ഒഴുകിയെത്തിയ വെള്ളം പോലും പൂർണതോതിൽ ഡാമുകളിൽ നിന്നും പുറത്തേക്ക് ഒഴിക്കിവിട്ടിരുന്നില്ല. ഡാമിന് പുറത്തുള്ള സമതലങ്ങളിലും പുഴയോരങ്ങളിലും പെയ്ത മഴ മൂലമുണ്ടായ വെള്ളമാണ് പല പ്രദേശങ്ങളിലും പ്രളയം അതിരൂക്ഷമാക്കിയത് എന്ന് ചില കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും.

പെരിയാറിലെ വെള്ളപ്പൊക്കം

പ്രളയം ഏറ്റവും രൂക്ഷമായ ഓഗസ്റ്റ് 14 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ ഇടുക്കി ഡാമിൽ 1186 മില്ല്യൻ ക്യുബിക് മീറ്റർ (എംസിഎം) പ്രളയജലം ഒഴുകിയെത്തിയപ്പോൾ അവിടെ നിന്നും പെരിയാറിലേക്ക് തുറന്ന് വിട്ടത് 525 എംസിഎം വെള്ളം മാത്രമാണ്. അതായത് 661 എംസിഎം ജലം ഇടുക്കി ഡാമിൽ തടഞ്ഞു നിർത്തി. ഇത്തരത്തിൽ ഡാമിൽ കുറച്ച ജലം തടഞ്ഞു നിർത്തിയത് കാരണം പെരിയാറ്റിലെ ഒഴുക്ക് ഒരു പരിധി വരെ നിയന്ത്രിക്കാനും പ്രളയക്കെടുതി അത്ര കണ്ട് കുറയ്കാനും കഴിഞ്ഞിട്ടുണ്ട്.

ഇടുക്കി ഡാമിലേക്കുണ്ടായ ശക്തമായ നീരൊഴുക്കിന് പുറമേ, മുല്ലപ്പെരിയാറിൽ നിന്നും പരമാവധി 760 മില്ല്യൻ ക്യുബിക് മീറ്റർ പെർ സെക്കന്റ് (ക്യുമെക്‌സ്) വെള്ളം കൂടി ഇടുക്കി ഡാമിൽ എത്തിയിട്ടും ഇടുക്കി അണക്കെട്ടിൽ നിന്നും പെരിയാറിലേക്ക് തുറന്നു വിട്ടത് പരമാവധി 1600 ക്യുമെക്‌സ് എന്ന തോതിൽ മാത്രമായിരുന്നു. ഇടമലയാറിൽ നിന്ന് പെരിയാറിലേക്ക് തുറന്നു വിട്ട പരമാവധി വെള്ളമായ 1400 ക്യുമെക്‌സും കൂടി ചേർന്ന് ആകെ പരമാവധി 2900 ക്യുമെക്‌സ് എന്ന തോതിൽ വെള്ളം ഭൂതത്താൻകെട്ട് ബാരേജിലെത്തിയതിന് ശേഷമാണ് പെരിയാറിന്റെ താഴ്ഭാഗങ്ങളിലേക്ക് ഒഴുകുന്നത്. പ്രളയം രൂക്ഷമായ സമയത്ത് ഭൂതത്താൻകെട്ട് ബാരേജിൽ നിന്നും പെരിയാറിലേക്ക് ഒഴുകിയ വെള്ളത്തിന്റെ തോത് 7700 ക്യുമെക്‌സ് ആയിരുന്നു എന്നാണ് കാണുന്നത്. ഈ ചിത്രം വ്യക്തമാക്കുന്നത് ഭൂതത്താൻകെട്ടിൽ നിന്നും പെരിയാറിലേക്ക് ഒഴുകിയ വെള്ളത്തിന്റെ 37% മാത്രമായിരുന്നു ഇടുക്കി, ഇടമലയാർ ഡാമുകളിൽ നിന്നും വന്നത്. ഭൂതത്താൻകെട്ട് ബാരേജിന് താഴെയും നദിയിലേക്ക് വെള്ളം എത്തുന്നുണ്ട്. പെരിയാർ നദിയുടെ വൃഷ്ടി പ്രദേശത്തിന്റെ 56% മാത്രമേ ഭൂതത്താൻകെട്ടിന് മുകളിലുള്ളൂ. ബാക്കി 44% വും ബാരേജിന് താഴെയുള്ള പ്രദേശങ്ങളിലാണ്. ഈ പ്രദേശങ്ങളിൽ നിന്നും ഒഴുകിയെത്തിയ വെള്ളം കൂടി കണക്കിലെടുത്താൽ പെരിയാറിലെ വെള്ളപ്പൊക്കത്തിനു കാരണമായതിൽ ഇടുക്കി, ഇടമലയാർ ഡാമുകളിൽ നിന്നും പുറത്തേക്ക് ഒഴുക്കിയ വെള്ളത്തിന് ചെറിയ ഒരു പങ്ക് മാത്രമേ ഉണ്ടായിരുന്നു എന്ന് വ്യക്തമാകും.

ഇത് ഇടുക്കിയിലെ മാത്രം സ്ഥിതിയല്ല. മറ്റൂ പ്രദേശങ്ങളിലും പ്രളയക്കെടുതി രൂക്ഷമാക്കിയതിന് ഡാമുകളിൽ നിന്നുള്ള വെള്ളത്തിന് വലിയ പങ്കില്ല എന്നും കുറെയെങ്കിലും പ്രളയക്കെടുതി കുറയ്കാനാണ് ഡാമുകൾ സഹായകമായത് എന്നും കാണാം.

പമ്പയാറ്റിലെ പ്രളയം

പമ്പ, കക്കി ഡാമുകളിൽ നിന്നും തുറന്ന് വിടുന്ന വെള്ളത്തിന് പുറമേ ശബരിഗിരി, കക്കാട് എന്നീ ജല വൈദ്യുതി നിലയങ്ങളിൽ നിന്ന് ഉൽപാദനത്തിനു ശേഷം പുറത്തു വരുന്ന വെള്ളവും കൂടിയാണ് പമ്പാ നദിയിൽ എത്തുന്നത്. പ്രളയം രൂക്ഷമായ, ഓഗസ്റ്റ് 15, 16 തീയതികളിൽ പമ്പ ഡാമിൽ നിന്ന് 249 ക്യുമെക്‌സ് , കക്കിയിൽ നിന്ന് 844, ശബരിഗിരിയിൽ നിന്ന് 330, കക്കാട് നിന്ന് 50 എന്നീ തോതിലായിരുന്നു പമ്പയാറ്റിൽ എത്തിയ വെള്ളം - ആകെ 1473 ക്യുമെക്‌സ് എന്ന തോതിൽ.

പമ്പ, കക്കി ഡാമുകൾക്ക് താഴെ പമ്പാനദിയുടെ രണ്ടു കൈവഴികളിൽ റാന്നി - പെരുനാട്, പെരുന്തേനരുവി എന്നിവിടങ്ങളിൽ നദിയിലെ നീരൊഴുക്ക് അളക്കുന്നതിനുള്ള റിവർഗേജ് സംവിധാനങ്ങളുണ്ട്. റാന്നി-പെരുനാടിൽ 2600 ക്യുമെക്‌സും പെരുന്തേനരുവിയിൽ 2480 ക്യുമെക്‌സുമാണ് അളക്കാവുന്ന പരിധി. ഈ രണ്ടു റിവർഗേജുകളും ഓഗസ്റ്റ് 15, 16 തീയതികളിൽ കവിഞ്ഞ് ഒഴുകുകയായിരുന്നു. അതായത് പമ്പ നദിയിൽ ആകെ ഒഴുകിയ വെള്ളം 5080 ക്യുമെക്‌സിലും അധികമായിരുന്നു. ഇതിൽ പമ്പ, കക്കി ഡാമുകളിൽ നിന്നും വൈദ്യുതി നിലയങ്ങളിൽ നിന്നുമായി ആകെ പമ്പയാറ്റിലെത്തിയ 1473 ക്യുമെക്‌സ് എന്നത് പമ്പാനദിയിലൂടെ ഒഴുകിയ ആകെ വെള്ളത്തിന്റെ 29% ത്തിൽ താഴെ മാത്രമായിരുന്നു. ഇതും സൂചിപ്പിക്കുന്നത് ഡാമുകളിൽ നിന്നുള്ള വെള്ളമായിരുന്നില്ല പ്രളയം രൂക്ഷമാക്കിയത് മറിച്ച് പമ്പാനദിയിൽ സ്വാഭാവികമായി എത്തിയ മഴവെള്ളമായിരുന്നു എന്നതാണ്.

വയനാട്

വയനാട്ടിലുണ്ടായ പ്രളയം ബാണാസുരസാഗർ അണക്കെട്ട് തുറന്ന് വിട്ടുണ്ടായതാണെന്ന ആരോപണത്തിലും കഴമ്പില്ല എന്ന് ചില കണക്കുകൾ പരിശോധിച്ചാൽ കാണാം. വയനാട്ടിൽ ഏറ്റവും കൂടുതൽ മഴ 442.60 മില്ലിമീറ്റർ രേഖപ്പെടുത്തിയത് ഓഗസ്റ്റ് 9-നായിരുന്നു. വയനാട്ടിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം ശേഖരിക്കുന്നതിന് കബനീ നദിയിൽ കർണ്ണാടക നിർമ്മിച്ചിരിക്കുന്ന ബീച്ചനഹള്ളി ഡാമിലേക്ക് ബാണാസുരസാഗർ ഡാമിൽ നിന്ന് അന്ന് പോയത് 19.67 എംസിഎം വെള്ളമാണ്. എന്നാൽ അന്നേ ദിവസം കബനീനദി വഴി ബീച്ചനഹള്ളി ഡാമിലേക്ക് ആകെ ഒഴുകിയെത്തിയത് 170 എംസിഎമ്മുമായിരുന്നു. ഇത് വ്യക്തമാക്കുന്നത് കബനിയുടെ വയനാട് ഭാഗത്ത് ഒഴുകിയ വെള്ളത്തിന്റെ വെറും 12% മാത്രമായിരുന്നു ബാണാസുരസാഗറിൽ നിന്നും ഒഴുകിയത് എന്നാണ്.

ബാണാസുരസാഗർ അണക്കെട്ടിന്റെ താഴ്‌വാരത്തിൽ കേന്ദ്ര ജലക്കമ്മീഷന്റെ അധീനതയിലുള്ള മുത്തങ്കര റിവർഗേജ് സ്റ്റേഷനിലെ വിവരമനുസരിച്ച്, അത് വഴി ഓഗസ്റ്റ് 7,8,9 തീയതികളിൽ ജലം ഒഴുകിയത് 564, 1018, 2250 ക്യുമെക്‌സ് എന്ന തോതിലായിരുന്നു. അതോടൊപ്പം ജില്ലയിലെ തന്നെ മാനന്തവാടി റിവർഗേജ് സ്റ്റേഷനിൽ രേഖപ്പെടുത്തിയ വെള്ളത്തിന്റെ അളവ് 371, 1019, 1100 ക്യുമെക്‌സ് എന്ന തോതിലുമായിരുന്നു. എന്നാൽ ഈ ദിവസങ്ങളിൽ ബാണാസുരസാഗറിൽ നിന്നും പുറത്തേക്ക് വിട്ടത് പരമാവധി 246 ക്യുമെക്‌സ് ജലം എന്ന തോതിൽ മാത്രമായിരുന്നു എന്നും കാണേണ്ടതുണ്ട്.

ഡാമിൽ നിന്നുള്ള വെള്ളമെത്താത്ത കൽപ്പറ്റ അടക്കമുള്ള നഗര പ്രദേശങ്ങളിൽ പോലും പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായി എന്ന് മാത്രമല്ല, ഓഗസ്റ്റ് 8 ന് രാവിലെ മുതൽ തന്നെ ടൗണിലെ നാഷണൽ ഹൈവേയിലടക്കം വെള്ളം പൊങ്ങി മാർഗതടസ്സമുണ്ടായിയെന്നും കാണാം.ഇവയെല്ലാം സൂചിപ്പിക്കുന്നത് വയനാട്ടിൽ വെള്ളപ്പൊക്കം രൂക്ഷമാക്കിയതിൽ ബാണാസുരസാഗർ ഡാം പ്രത്യേകിച്ച് യാതൊരു പങ്കും വഹിച്ചിട്ടില്ല എന്ന് തന്നെയാണ്.

ഇടുക്കിയിലെ ട്രയൽ റൺ മാറ്റിയതെന്തിന് ?

ഇടുക്കിയിൽ 2397 അടി ജലനിരപ്പ് എത്തുമ്പോൾ ട്രയൽ റൺ നടത്താനായിരുന്നു തീരുമാനിച്ചത്. ഓഗസ്റ്റ് 8 രാത്രിയിൽ ഈ നിരപ്പ് എത്തുകയും ചെയ്തു. അന്നേ ദിവസം തന്നെ ഇടമലയാറിൽ പൂർണ ജലനിരപ്പായ 169 മീറ്ററിൽ നിന്നും ഉയർന്ന് 169.95 വരെ എത്തുകയും, അതിനാൽ തന്നെ റെഡ് അലർട്ട് നൽകി ഇടമലയാർ ഡാം തുറക്കേണ്ട അടിയന്തിര സാഹചര്യവും ഉണ്ടായി.

ഇടമലയാറിൽ നിന്നും ഇടുക്കിയിൽ നിന്നും വരുന്ന വെള്ളം പെരിയാറിലൂടെ ഒരുമിച്ചാണ് ഒഴുകേണ്ടി വരുന്നത് എന്നതിനാൽ, ഇടമലയാർ ഡാം തുറന്നതിന്റെ ആഘാതം മനസ്സിലാക്കിയതിന് ശേഷം മതിയാകും ഇടുക്കി ഡാം തുറക്കുന്നത് എന്ന പൊതു നിർദ്ദേശത്തിന്റെ ഭാഗമായാണ് ഇടുക്കിയിലെ ട്രയൽ റൺ ഏതാനും മണിക്കൂറുകൾ മാറ്റി വെച്ചത്. അങ്ങിനെയാണ് ഓഗസ്റ്റ് 9-ന് എല്ലാ മുന്നറിയിപ്പുകളോടും കൂടി ഉച്ചയ്ക്ക് 12.30-ന് 50 ക്യുമെക്‌സ് വെള്ളം തുറന്ന് വിട്ട് ട്രയൽ റൺ നടത്തിയത്. നാല് മണിക്കൂർ നേരത്തെ ട്രയൽ ആയിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും ജലനിരപ്പ് റെഡ് അലർട്ട് നിരപ്പായ 2399 ഉം കഴിഞ്ഞ് 2401.10 അടി ആയി ഉയർന്നതിനാൽ കൂടുതൽ ഷട്ടറുകൾ തുറന്ന് ഓഗസ്റ്റ് 10 ന് രാവിലെ എട്ട് മണി മുതൽ വെള്ളമൊഴുക്കൽ തുടരേണ്ടി വന്നു. ഇത്തരത്തിൽ ട്രയൽ റൺ ഏതാനും മണിക്കൂറുകൾ മാറ്റി വെച്ചുവെന്നത് ഏതെങ്കിലും തരത്തിലെ പ്രശ്‌നം ഉണ്ടാക്കിയില്ല എന്ന് മാത്രമല്ല പെരിയാറിലെ പ്രളയത്തിന്റെ തീവ്രത ആദ്യദിവസമെങ്കിലും ചെറുതായി കുറയ്ക്കാൻ സാധിച്ചുവെന്നാണ് കരുതുന്നത്.

ഷോളയാറിൽ നിന്നും ചാലക്കുടിപ്പുഴയിലേക്ക് പോകുന്ന വെള്ളം ഇടമലയാറിലേക്ക് തിരിച്ചു വിടുന്ന വാച്ച്മരം ഗേറ്റ് അടക്കാഞ്ഞതാണ് ഇടമലയാർ പെട്ടെന്ന് നിറയാൻ ഇടയാക്കിയത് എന്ന തരത്തിലും ആരോപണം ഉയർന്നിരുന്നു. എന്നാൽ വാച്ച്മരത്ത് ജലനിയന്ത്രണത്തിനായി ഗേറ്റ് സ്ഥാപിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. പൊരിങ്ങൽക്കുത്ത് ഡാം നിറഞ്ഞ് ചാലക്കുടി പുഴയിലേക്ക് ഒഴുകുമ്പോൾ വെള്ളം നഷ്ടമാകാതിരിക്കാൻ വെള്ളത്തിന്റെ ഒരു ഭാഗം ഇടമലയാറിലേക്ക് എത്തിക്കാൻ ഉണ്ടാക്കിയ ഒരു ഡൈവേർഷൻ സംവീധാനം ആണ് വാച്ച്മരത്ത് ഉള്ളത്. ഈ പൈപ്പുകളിലൂടെ കുറച്ചു വെള്ളം ഇടമലയാറിൽ എത്തുമെന്നത് വസ്തുതയാണ്. അല്ലെങ്കിൽ ചാലക്കുടിപ്പുഴയിൽ പോകുന്ന വെള്ളമാണിത്. ഈ സംവിധാനം അടക്കാനുള്ള യാതൊരു മാർഗ്ഗവും വാച്ച്മരത്തില്ല എന്നത് കൂടി അറിയിക്കുകയാണ്.

ഡാമുകൾ നേരത്തേ തുറക്കാത്തത് എന്തുകൊണ്ട് ?

വൻതോതിൽ മഴയുണ്ടാകുമെന്ന് പ്രതീക്ഷിച്ച് നേരത്തെ തന്നെ ഡാമുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടണമായിരുന്നു എന്നും അത് ചെയ്യാതിരുന്നതാണ് പ്രളയം രൂക്ഷമാക്കിയത് എന്നും ആരോപണം ഉയർന്നിട്ടുണ്ട്.

പ്രത്യേകിച്ചും ഇടുക്കി ഡാമിലെ ഷട്ടറുകൾ 2397 അടി വരെ എത്തുന്നതിന് മുമ്പായി തന്നെ തുറക്കാമായിരുന്നു എന്നാണ് പറയുന്നത്. ഇടുക്കി ഡാമിന്റെ ഷട്ടറിന്റെ ഏറ്റവും താഴെ ഭാഗം അതായത് ഷട്ടർ ആരംഭിക്കുന്നത് (ക്രെസ്റ്റ്) 2373അടി നിരപ്പിലാണ്. അതായത് ഡാമിലെ ജലനിരപ്പ് 2373 അടിക്ക് മുകളിൽ എത്തിയാൽ മാത്രമേ ഷട്ടർ തുറന്നാലും അത് വഴി വെള്ളം ഒഴുകിത്തുടങ്ങുകയുള്ളു. ഇടുക്കി ഡാമിൽ 2373 അടി ജലനിരപ്പ് എത്തിയത് ജൂലൈ 17-നാണ്. അതായത് ജൂലൈ 17-ന് ശേഷം എന്ന് വേണമെങ്കിലും വെള്ളം തുറന്ന് വിടാമായിരുന്നു എന്നാണ് വാദം. ചെറുതോണി പാലത്തിനടിയിലൂടെ പാലത്തിന് അപകടം വരുത്താത്ത തരത്തിൽ ചെറിയ ഒരളവ് ജലം 50 മുതൽ 100 ക്യുമെക്‌സ് വരെ വെള്ളം മാത്രമേ തുറന്ന് വിടാൻ കഴിയുമായിരുന്നുള്ളു. ഈ സാഹചര്യത്തിൽ മുൻകൂറായി തുറന്നിരുന്നാലും കുറേയേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടതും ആവശ്യമാകുമായിരുന്നു. ഓഗസ്റ്റ് മാസം വലിയ തോതിൽ മഴയുണ്ടാകുമെന്ന സങ്കൽപ്പത്തിൽ ജൂലൈ 17 മുതൽ തന്നെ ഏകദേശം 50 ക്യുമെക്‌സ് വെള്ളം തുറന്നു വിട്ടിരുന്നു എങ്കിൽ യഥാർത്ഥത്തിൽ ഡാം തുറക്കേണ്ടി വന്ന ഓഗസ്റ്റ് 9 വരെ ആകെ 95 എംസിഎം വെള്ളം മാത്രമാകും ഡാമിൽ നിന്നും ഒഴുക്കിക്കളയാൻ സാധ്യമാകുമായിരുന്നത്.

എന്നാൽ ഇത്തരത്തിൽ മുൻകൂട്ടി വെള്ളം ഒഴുക്കിക്കളയാതെ, യഥാർത്ഥത്തിൽ ഡാം തുറന്ന കണക്കനുസരിച്ച് ഓഗസ്റ്റ് 9 മുതൽ 28 വരെ മാത്രം ഇടുക്കി ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കേണ്ടി വന്ന വെള്ളത്തിന്റെ അളവ് 939 എം.സി.എം. ആണ്. അതായത് മുൻകൂട്ടി ഒഴുക്കിക്കളയാമായിരുന്ന പരമാവധി വെള്ളം ഇത് വരെ ആകെ തുറന്നു വിട്ട വെള്ളത്തിന്റെ കേവലം 10% മാത്രമായിരിക്കും.

അങ്ങനെ മുൻകൂട്ടി വെള്ളം ഒഴുക്കിക്കളയുകയും പ്രതീക്ഷിച്ചത് പോലെ വലിയ മഴ വരാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ അനാവശ്യമായി വെള്ളം തുറന്ന് വിട്ട് വൈദ്യുതി പ്രതിസന്ധി സൃഷ്ടിചു എന്ന ആരോപണവും കേൾക്കേണ്ടി വന്നേനെ.

വൈദ്യുതി ബോർഡ് നേരിട്ട പ്രതിസന്ധി

ഡാമുകളൊക്കെ നിറഞ്ഞു കവിഞ്ഞതിലൂടെ കോടിക്കണക്കിന് രൂപയുടെ ലാഭമാണ് വൈദ്യുതി ബോർഡിന് ഉണ്ടായതെന്ന ധാരണയും പൊതുവിൽ പറഞ്ഞ് കേൾക്കുന്നുണ്ട്. മെച്ചപ്പെട്ട മഴ ലഭിച്ചത് ജല വൈദ്യുതി ഉൽപാദനം കൂട്ടാന്നും ഡാമുകളിൽ പരമാവധി ജലം ശേഖരിക്കാനും സഹായകരമായിട്ടുണ്ട് എന്നത് വസ്തുതയാണ്.

എന്നാൽ സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകതയുടെ മുപ്പതു ശതമാനം വൈദ്യുതിയേ കേരളത്തിനുള്ളിലെ ജലവൈദ്യുതി പദ്ധതികളിൽ നിന്ന് ഉല്പാദിപ്പിക്കാൻ സാധ്യമാകുകയുള്ളു എന്നതാണ് യാഥാർത്ഥ്യം. അതേസമയം പേമാരിയിലും വെള്ളപ്പൊക്കത്തിലും കെ എസ് ഇ ബി ക്കുണ്ടായ നഷ്ടം വളരെ വലുതാണ്. 5 വലിയ ജലവൈദ്യുതി നിലയങ്ങൾ തകരാറിലായി. 50 സബ്‌സ്റ്റേഷനുകൾ പ്രളയജലം കയറി നിർത്തി വെച്ചു. നാല് ചെറുകിട വൈദ്യുതി നിലയങ്ങൾ പൂർണ്ണമായി വെള്ളത്തിനടിയിലായി. 16158 ട്രാൻസ്‌ഫോർമറുകൾ ഓഫ് ചെയ്തു. 30000 പോസ്ടുകൾ മറിഞ്ഞു. 4000 കിലോമീറ്റർ അനുബന്ധ ലൈനുകളും വെള്ളത്തിനടിയിലായി. ഉരുൾപൊട്ടലിലും മറ്റുമായി നിരവധി ഇടങ്ങളിൽ വൈദ്യുതി ലൈനുകൾ തന്നെ ഒലിച്ചു പോയി. 25 ലക്ഷത്തിലധികം വൈദ്യുതി കണക്ഷനുകൾ നഷ്ടമായി. പ്രതിഷ്ഠാപനങ്ങൾക്ക് ഉണ്ടായ പ്രാഥമിക നഷ്ടമായി കണക്കാക്കുന്നത് 350 കോടി രൂപയാണ്. ഇത് കൂടാതെ പദ്ധതികളിൽ ഉണ്ടായ ഉൽപാദന നഷ്ടം കൂടി കണക്കിലെടുത്താൽ പ്രളയം മൂലം കെ.എസ്.ഇ.ബി.ക്കുണ്ടായ ആകെ നഷ്ടം 820 കോടി രൂപയിലധികമാണ്.

ഇവയെല്ലാം പുനർനിർമ്മിക്കാൻ മിഷൻ-റികണക്ട് എന്ന പേരിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഏറ്റെടുത്ത് നടപ്പാക്കുകയാണ്. ഈ പ്രതിസന്ധി മറികടക്കാനുള്ള അതി തീവ്ര ശ്രമത്തിലാണ് കെ.എസ്.ഇ.ബി-യിലെ എല്ലാ തലങ്ങളിലുമുള്ള ജീവനക്കാർ. ഈ ഘട്ടത്തിൽ വസ്തുതാവിരുദ്ധ വാദങ്ങളുയർത്തി വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിച്ച് മുന്നോട്ട് പോകാനാണ് കെ.എസ്.ഇ.ബിയുടെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP