Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

ഇടുക്കി പിടിക്കാൻ കെ എം മാണി മലകയറ്റി വിട്ട പാലാക്കാരൻ മലയോരവാസികളുടെ പ്രിയങ്കരനായി; രണ്ട് പതിറ്റാണ്ടായി ഇടുക്കിയുടെ നാഥനായി തുടരുന്നത് വ്യക്തിബന്ധങ്ങളുടെ മികവിൽ; മാണിയുടെ വേർപാടിനു ജോസ് കെ മാണിക്ക് പിന്നിൽ അടിയുറച്ചു നിന്ന റോഷിക്ക് ലഭിച്ച മന്ത്രിസ്ഥാനം അർഹതക്കുള്ള അംഗീകാരം

ഇടുക്കി പിടിക്കാൻ കെ എം മാണി മലകയറ്റി വിട്ട പാലാക്കാരൻ മലയോരവാസികളുടെ പ്രിയങ്കരനായി; രണ്ട് പതിറ്റാണ്ടായി ഇടുക്കിയുടെ നാഥനായി തുടരുന്നത് വ്യക്തിബന്ധങ്ങളുടെ മികവിൽ; മാണിയുടെ വേർപാടിനു ജോസ് കെ മാണിക്ക് പിന്നിൽ അടിയുറച്ചു നിന്ന റോഷിക്ക് ലഭിച്ച മന്ത്രിസ്ഥാനം അർഹതക്കുള്ള അംഗീകാരം

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: നിറചിരിയുമായി മണ്ഡലത്തിലെ ആളുകളെ നേരിൽകണ്ട് പേര് എടുത്തു വിളിക്കാൻ കഴിയുന്ന നേതാവാണ് കേരളാ കോൺഗ്രസിൽ നിന്നുള്ള ഇടതു മന്ത്രി റോഷി അഗസ്റ്റിൻ. കെ എം മാണിയുടെ വാത്സല്യ പുത്രനാണ് അദ്ദേഹം. ഈ അടുപ്പമാണ് റോഷിക്ക് രാഷ്ട്രീയത്തിൽ വളർച്ചക്ക് തുണയായതും. ജനങ്ങളുടെ മനസ്സറിഞ്ഞ് അവരിൽ ഒരാളായി മാറാൻ കഴിഞ്ഞതാണ് ഇടതു സ്ഥാനാർത്ഥിയായി എത്തിയപ്പോഴും റോഷിയെ കോൺഗ്രസ് പാളയമായ ഇടുക്കി നെഞ്ചോടു ചേർക്കാനുള്ള കാരണം.

ജന്മംകൊണ്ടല്ലെങ്കിലും കർമ്മംകൊണ്ട് തനി ഇടുക്കിക്കാരനാണ് റോഷി അഗസ്റ്റിൻ. ഇടുക്കി ജില്ലയുടെ അതേപേരിലുള്ള മണ്ഡലത്തിൽ നിന്ന് ആദ്യമായി ഒരു മന്ത്രിയുണ്ടാവുന്നതും റോഷിയിലൂടെയാണ്. അഞ്ചാം തവണ ഇടുക്കിയിൽ മത്സരത്തിനിറങ്ങിയപ്പോൾ രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധങ്ങളാണ് കടുത്ത മത്സരത്തിലും മുന്നണി മാറിയിട്ടും റോഷി അഗസ്റ്റിന് തിളക്കമാർന്ന വിജയം സമ്മാനിച്ചത്. രാഷ്ട്രീയ എതിരാളികളെ ഞെട്ടിച്ച് യു ഡി എഫ് കോട്ടകളിൽ പോലും മികച്ച ഭൂരിപക്ഷം നേടാനായി.

രണ്ട് പതിറ്റാണ്ട് മുമ്പ് ഇടുക്കി പിടിക്കാൻ കെ.എം.മാണി റോഷി അഗസ്റ്റിനെന്ന മുപ്പതുകാരനെ കോട്ടയത്ത് നിന്ന് മലകയറ്റിവിടുമ്പോൾ ആരും വിചാരിച്ചുകാണില്ല ആ ചെറുപ്പക്കാരൻ ഇടുക്കിയിൽ മായ്ക്കാനാവാത്ത ഒരു ചരിത്രമെഴുതുമെന്ന്. വരത്തനെന്ന, സ്വന്തം പാർട്ടിക്കാർ ഉൾപ്പടെയുള്ളവരുടെ ആക്ഷേപങ്ങളെല്ലാം മറികടന്ന് 2001ൽ ആദ്യമായി റോഷി നിയമസഭയിൽ എത്തി. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മുന്നണിസമവാക്യങ്ങൾ മാറിയ ഈ തെരഞ്ഞെടുപ്പിലും റോഷിയെ ഇടുക്കിക്കാർ ചേർത്തുപിടിച്ചത് അദ്ദേഹത്തെ ജനപ്രീതി ഒന്നുകൊണ്ടുമാത്രമാണ്.

പാലാ ചക്കാമ്പുഴയിൽ ചെറുനിലത്തുചാലിൽ വീട്ടിൽ അഗസ്റ്റിൻ ലീലാമ്മ ദമ്പതികളുടെ മകനായി 1969 ജനുവരി 20നാണ് റോഷിയുടെ ജനനം. സ്‌കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ ഇടക്കോലി ഗവ. ഹൈസ്‌കൂൾ ലീഡറായി നേതൃത്വത്തിലേക്ക് തുടക്കം. പിന്നീട് കെ.എസ്.സി (എം) യൂണിറ്റ് പ്രസിഡന്റായും പാലാ സെന്റ് തോമസ് കോളേജ് യൂണിറ്റ് പ്രസിഡന്റായും യൂണിയൻ ഭാരവാഹിയായും വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ നേതൃനിരയിലേക്കെത്തി. കേരളാ കോൺഗ്രസ് (എം) ന്റെ ഭാരവാഹിയായിമാറി. കേരളാ ലീഗൽ എയ്ഡ് അഡൈ്വസറി ബോർഡ് മെമ്പറായും രാമപുരം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായി ആദ്യകാല പ്രവർത്തനം. കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്റായിരിക്കെ അഴിമതിക്കും ലഹരിവിപത്തുകൾക്കുമെതിരെ 1995 ൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 43 ദിവസം നീണ്ടുനിൽക്കുന്ന വിമോചന പദയാത്രയും 2001 ൽ വിമോചന യാത്രയും നടത്തി ശ്രദ്ധേയമായി.

ഇരുപത്തിയാറാം വയസിൽ പേരാമ്പ്രയിൽ നിന്നായിരുന്നു നിയമസഭയിലേക്കുള്ള കന്നിയങ്കം. അന്ന് പരാജയം സംഭവിച്ചെങ്കിലും കെ.എം മാണിയുടെ പ്രിയ ശിഷ്യൻ 2001 ൽ ഇടുക്കിയിൽ നിന്നും സിറ്റിങ് എംഎൽഎ യെ പരാജയപ്പെടുത്തി . തുടർന്നുള്ള അഞ്ച് തെരഞ്ഞെടുപ്പുകളിലും മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടാനായി. കേരളാ കോൺഗ്രസ് (എം) പാർട്ടി ഉന്നതാധികാര സമിതി അംഗവും സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. കെ എം മാണി പൊതുപ്രവർത്തകർക്ക് ഒരു മാതൃക എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് റോഷി.

ഇടുക്കി മെഡിക്കൽ കോളേജും പുതിയ താലൂക്കും നിരവധിയായ റോഡുകളും പാലങ്ങളും ഹൈടെക് സൗകര്യങ്ങളോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും റോഷിയുടെ ഇച്ഛാശക്തിയുടെ ഭാഗമായാണ് യാഥാർത്ഥ്യമായത്. കെ എം മാണി ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെയാണ് ഇടുക്കിയിൽ മെഡിക്കൽ കോളേജിന് അനുമതി നൽകി പ്രാരംഭ പ്രവർത്തനം ആരംഭിച്ചത്. 2018 ലെ മഹാപ്രളയത്തിൽ ജനങ്ങളോടൊപ്പം നിലകൊണ്ട് പുനർനിർമ്മാണം സാധ്യമാക്കാൻ കഴിഞ്ഞു. ദുരന്തഭൂമിയായി മാറിയ ഇടുക്കിയെ ചേർത്തുപിടിച്ച റോഷിയെ മറക്കാനാവില്ല. തകർന്നുപോയ ഒരു ജനതയെ കൈപിടിച്ചുകയറ്റിയതിൽ റോഷിക്കുള്ള പങ്ക് ചെറുതല്ല. അതുകൊണ്ടൊക്കെ തന്നെയാണ് റോഷിയെ അഞ്ചാം അങ്കത്തിലും അവർ ജയിപ്പിച്ചത്. ഇടുക്കി മെഡിക്കൽകോളേജും നല്ല റോഡുകളുമൊക്കെ കൊണ്ടുവന്ന എംഎൽഎ മന്ത്രിയാകുമ്പോൾ ഇടുക്കിക്കാർ ഇനിയും ഒത്തിരി പ്രതീക്ഷിക്കുന്നുണ്ട്.

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ നേഴ്‌സ് ആയ റാണിയാണ് റോഷി അ?ഗസ്റ്റിന്റെ ഭാര്യ. മൂത്തമകൾ ആന്മരിയ വാഴത്തോപ്പ് സെന്റ് ജോർജ്ജ് ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. രണ്ടാമത്തെ മകൾ എയ്ഞ്ചൽ മരിയ എട്ടാം ക്ലാസിലും ഇളയ മകൻ അഗസ്റ്റിൻ രണ്ടാം ക്ലാസിലും തിരുവനന്തപുരത്ത് പഠിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP